Image

കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ അതൃപ്‌തനെന്ന്‌ മുഖ്യമന്ത്രി കുമാരസ്വാമി

Published on 15 July, 2018
കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ അതൃപ്‌തനെന്ന്‌  മുഖ്യമന്ത്രി കുമാരസ്വാമി


ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ അതൃപ്‌തനാണെന്നു തുറന്നുപറഞ്ഞ്‌ മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി. ബംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ്‌ കുമാരസ്വാമി പ്രവര്‍ത്തകര്‍ക്കു മുന്നില്‍ നിറകണ്ണുകളുമായി അസന്തുഷ്ടി രേഖപ്പെടുത്തിയത്‌.

നിങ്ങള്‍ (പ്രവര്‍ത്തകര്‍) നിങ്ങളുടെ ഒരു സഹോദരന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷിക്കുന്നു. എന്നാല്‍ ഞാന്‍ സന്തോഷവാനല്ലെന്നും, എന്താണ്‌ സംഭവിക്കുന്നതെന്ന്‌ എനിക്കു മാത്രമേ അറിയൂവെന്നും, സഖ്യസര്‍ക്കാരിന്റെ വേദന ഞാനിപ്പോള്‍ അറിയുന്നെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാരിന്റെ വിഷം ഞാന്‍ വിഴുങ്ങി. ഇപ്പോള്‍ ഞാന്‍ വിഷം വിഴുങ്ങിയ നീലകണ്‌ഠന്റെ (ശിവന്‍) അവസ്ഥയിലാണെന്നും കണ്‌ഠമിടറി, നിറകണ്ണുകളുമായി കുമാരസ്വാമി പാര്‍ട്ടി പ്രവര്‍ത്തകരോടു പറഞ്ഞു. അധികാരത്തിനു വേണ്ടിയല്ല താന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും മറിച്ച്‌, സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ ദയയിലാണ്‌ താന്‍ സര്‍ക്കാര്‍ രൂപീകരിച്ചതെന്നും മുഖ്യമന്ത്രിയായതെന്നും കുമാരസ്വാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്‌ പിന്തുണയില്‍ ജെഡിഎസ്‌ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 37 സീറ്റുകള്‍ മാത്രമാണ്‌ നിയമസഭയില്‍ ജെഡിഎസിനുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക