Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; തിങ്കളാഴ്ച മാത്രം 10 മരണം

Published on 16 July, 2018
 സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; തിങ്കളാഴ്ച മാത്രം 10 മരണം

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 23 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 22 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയ പിറവത്താണ് ഏറ്റവുമധികം മഴ ലഭിച്ചത്.

മഴക്കെടുതിയില്‍ തിങ്കളാഴ്ച മാത്രം പത്ത് പേര്‍ മരിച്ചു. കോട്ടയത്ത് മാത്രം മൂന്ന് പേരാണ് മരിച്ചത്. ചെറുവള്ളി സ്വദേശി ശിവന്‍, ഭരണങ്ങാനം സ്വദേശി തോമസ് എന്നിവര്‍ക്ക് പുറമെ ഒരു ഇതര സംസ്ഥാന തൊഴിലാളി കൂടി മരിച്ചു. നാഗമ്പടം ക്ഷേത്രത്തിന് സമീപത്തെ വെള്ളക്കെട്ടിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വയനാട്ടില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തി. മലപ്പുറം ജില്ലയില്‍ ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു. കിഴിഞ്ഞാലില്‍ അബ്ദുറഹിമാന്റെ മകന്‍ അദ്‌നന്‍ ആണ് മരിച്ചത്.


മഴക്കെടുതിയെ തുടര്‍ന്ന് ഏറണാകുളത്ത് ചികിത്സ ലഭിക്കാതെ ഒരാള്‍ മരിച്ചു. മണികണ്ഠചാല്‍ സ്വദേശി ടോമി (55) ആണ് മരിച്ചത്. കണ്ണൂര്‍ കരിയാട് പാര്‍ത്തുലയത്ത് നാണി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പത്തനംതിട്ട ജില്ലയില്‍ വരട്ടാറില്‍ ഓതറ ആനയാര്‍ ചപ്പാത്തില്‍ വീണ് പടിഞ്ഞാറ്റോതറ കല്ലുവെട്ടാംകുഴി മനോഹരന്റെ മകന്‍ മനോജ് കുമാര്‍ (43) മരിച്ചു. കൊല്ലം ജില്ലയില്‍ വെള്ളക്കെട്ടില്‍ കളിക്കവെ ഷോക്കേറ്റ് വൈഷ്ണവത്തില്‍ രാധാകൃഷ്ണപിള്ളലേഖ ദമ്പതികളുടെ മകന്‍ അനൂപ് (12), വീടിന് മുകളിലേക്ക് വീണ മരക്കൊമ്പ് മുറിച്ചുമാറ്റവെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബെനഡിക്ടും (40) മരിച്ചു. 

കഴിഞ്ഞ ദിവസം കാണാതായ രാജാക്കാട് എന്‍ആര്‍ സിറ്റി വിഷ്ണുവിന്റെ മൃതദേഹം വീടിന് സമീപത്തെ പടുതാക്കുളത്തില്‍ നിന്ന് കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പാലം മുഹമ്മദ് റബീഹ്, നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് ആഷിഖ്, പത്തനംതിട്ട തടത്തുകാലായില്‍ ബൈജു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു. പമ്പാ നദിയില്‍ ഒരു തീര്‍ത്ഥാടകന്‍ ഒഴുക്കില്‍പ്പെട്ടു. ഇയാള്‍ ആലപ്പുഴ സ്വദേശിയാണെന്നാണ് സംശയം. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു. 

സംസ്ഥാനത്തെ തീരദേശങ്ങളില്‍ കടലാക്രമണവും ശക്തമാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഉയരത്തില്‍ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. നാളത്തെ അവധിക്ക് പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ ചില താലൂക്കുകളിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക