Image

ഒരു കര്‍ക്കിടകം കൂടി (ഉഷ.എസ് )

ഉഷ.എസ് Published on 17 July, 2018
ഒരു കര്‍ക്കിടകം കൂടി  (ഉഷ.എസ് )
എന്തെല്ലാം ഓര്‍മ്മകളാണ് മഴയോടൊപ്പം മനസ്സില്‍ അലച്ചു പെയ്യുന്നത്. 
ചന്നം പിന്നം മഴ പെയ്യുന്ന പ്രഭാതങ്ങള്‍, 
കാറ്റില്‍ കുട പറന്ന്, മഴയില്‍ കുളിച്ച്
കെട്ടിക്കിടക്കുന്ന വെള്ളം തട്ടിത്തെറിപ്പിച്ചുളള സ്‌ക്കൂള്‍ യാത്രകള്‍. 
വല്ലാതെ കറുത്തിരുണ്ട സന്ധ്യകള്‍, 
രാമായണ ശീലുകള്‍ മുഴങ്ങുന്ന രാത്രികള്‍, 
മണ്‍മറഞ്ഞു പോയവരുടെ ഓര്‍മ്മയു
മായ് വന്നണയുന്ന കറുത്ത വാവ്. 
മഴയുടെ വരവറിയിച്ച് തവളകളുടെ 
പോക്‌റോം കരച്ചിലുകള്‍. 
പിന്നെ മുടിപ്പുതച്ചു കിടക്കുന്ന പനി
യോര്‍മ്മകള്‍. അങ്ങനെ അങ്ങനെ..

കര്‍ക്കിടകം 'രാമായണ മാസ' മെന്നൊന്നും അന്ന് പേരിട്ടിട്ടില്ലെങ്ഗിലും 
രാമായണ വായന തന്നെയാണ് ആദ്യം ഓര്‍മ്മയില്‍ ഓടിയെത്തുന്നത്. വായന തുടങ്ങുന്നതിന് ചില ഒരുക്കങ്ങളൊക്കെയുണ്ട്. മിഥുന സംക്‌റാന്തി ദിവസം വീടും പരിസരവുമെല്ലാം തൂത്ത് വൃത്തിയാക്കി ചേട്ടയെ കളഞ്ഞ് ലക്ഷ്മിദേവിയെ കുടിയിരുത്തുന്നതോടെ വീട് ഒരുങ്ങുകയായി രാമായണത്തെ വരവേല്‍ക്കാന്‍. അവല്‍, മലര്, പഴം, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരി ഇവയെല്ലാം വിളക്കത്തു വയ്ക്കാനായി കരുതണം. വിളക്കും കിണ്ടിയും സ്വര്‍ണ്ണം പോലെ തെളങ്ങണം.

അടുത്തത് ദശപുഷ്പങ്ങള്‍ക്കായുളള വാനരപ്പടയുടെ അന്വേഷണമാണ്. മുക്കുറ്റി, പൂവ്വാംകുറുന്നില, വിഷ്ണുക്‌റാന്തി, കറുക, വളളി ഉഴിഞ്ഞ, ഒരു ചെവിയന്‍, തിരുതാളി, ചെറുപൂള, കൈയുണ്ണി, നിലപ്പന, എന്നിവയാണ് ദശപുഷ്പങ്ങള്‍. ഇത് മിക്കതും അടുത്ത വീടുകളിലായി കിട്ടുമെങ്ഗിലും വിഷ്ണുക്‌റാന്തിയും നിലപ്പനയും മിക്കവാറും ഒളിച്ചു കളി നടത്തും. ഞങ്ങള്‍ കുട്ടികള്‍ക്കാണെങ്ഗില്‍ പത്തും കിട്ടിയേ പറ്റൂ. അങ്ങനെ അന്വേഷിച്ച് പത്തും തികയ്ക്കും. ഇനി ഇതിലെ തമാശയെന്തെന്നു വച്ചാല്‍ ഈ കണ്ടുപിടിച്ചതെല്ലാം ഓരോ ചുവടു കൊണ്ടു വച്ചാല്‍ കര്‍ക്കിടകം മൊത്തം ദശപുഷ്പമാകും. പക്ഷേ ഞങ്ങള്‍ കര്‍ക്കിടകം മുഴുവന്‍ എല്ലാ സന്ധ്യയിലും ദശപുഷ്പം ശേഖരിച്ചു നടക്കും.

എട്ടുമണിയോടെയാണ് രാമായണം വായിക്കുക. സന്ധ്യാവന്ദനം കഴിഞ്ഞേ ഹനുമാനെത്തൂ. രാമായണം വായന നടക്കുന്നിടത്ത് ഹനുമാന്റെ സാന്നിധ്യം ഉണ്ടെന്നു വിശ്വാസം. കുട്ടിക്കാലത്ത് വായനയ്ക്കിടയില്‍ ഹനുമാന്‍ വന്നോന്ന് പല വട്ടം നോക്കും. അമ്മയാണ് പ്രധാന വായനക്കാരി. നാലാം ക്‌ളാസ്സൊക്കെ ആയപ്പോള്‍ ഞാനും രാമായണം വായിക്കാന്‍ തുടങ്ങി. അമ്മയുടെ പോലെ രാഗമൊന്നുമില്ലെങ്ഗിലും അക്ഷരത്തെറ്റു വരരുതെന്ന് നിര്‍ബന്ധമായിരുന്നു. ആ രാമായണം വായനയാണ് എന്നെ ഭാഷയോട് അടുപ്പിച്ചത്.

കര്‍ക്കിടകത്തിലെ കറുത്ത വാവ് പരേതാന്മാക്കളുടെ ദിനമാണ്. ഞങ്ങളുടെ വീട്ടില്‍ ദാഹം വയ്ക്കാന്‍ പ്രധാനമായും അടയും വറപൊടിയുമാണ്. അന്ന് ഓരോ കാര്യത്തിനും വളരെ നേരത്തെ ഒരുക്കുപിടിയാണ്. ഇനിയെല്ലാം അറയില്‍ വച്ചു കഴിഞ്ഞാലുളള കാത്തിരുപ്പ്.......... 
രാമായണപാരായണം കഴിഞ്ഞേ ദാഹം വച്ചത് പുറത്തേയ്‌ക്കെടുക്കൂ. അതിനിടയില്‍ വാതില്‍പ്പഴുതിലൂടെ ഒളിഞ്ഞു നോട്ടം. പിന്നെ കരിക്കെടുത്ത് അടച്ചു വച്ച തുളസിയിലയില്ലെന്നും വെളളം പകുതിയേ ഉളളെ ന്നും കഥകളിറക്കുകയായി.

കര്‍ക്കിടകം മുഴുവന്‍ മരുന്നുകഞ്ഞി അമ്മൂമ്മയ്ക്ക് നിര്‍ബന്ധമാണ്. തവിടു കളയാത്ത നല്ല ചുവന്ന അരി ആശാളിയുംജീരകവും ഉലുവയും ചേര്‍ത്ത് വേവിച്ച് തേങ്ങാപാല്‍ ഒഴിച്ചെടുക്കുന്ന കഞ്ഞി. ഇതില്‍ ഓരോ ദിവസവും ചെറൂള, ഓരില, കുറുന്തോട്ടി, ചെത്തി വേര്, നിലംപാല, പൂവരശിന്‍ തൊലി അങ്ങനെ ഏതെങ്കിലമൊക്കെ ചേര്‍ത്തിരിക്കും. പിന്നെ പത്തിലകൂട്ടാന്‍. താള്, തകര, ചീര, പയറ്, മത്തന്‍, തഴുതാമ, കുമ്പളം, അങ്ങനെ പത്തുഇല വര്‍ഗ്ഗം കര്‍ക്കിടകത്തില്‍ കഴിക്കണം. അന്നത്തെ ദരിദ്രാവസ്ഥയില്‍ മനുഷ്യന്‍ കണ്ടുപിടിച്ച പോംവഴികളാകാം ഇതൊക്കെ.

കര്‍ക്കിടകത്തിന് മരണത്തിന്റെ മണവുമുണ്ട്. അസുഖമായ് കിടക്കുന്ന പലരും യാത്രയാവുന്നത് ഈ മാസമാവും. ഫോണൊന്നുമില്ലാതിരുന്ന അക്കാലത്ത് രാത്രികളില്‍ മരണമറിയിച്ചു വരുന്നവരുടെ ടോര്‍ച്ചിന്‍ വെളിച്ചവും വാതില്‍ തട്ടലും അമ്മൂമ്മയുടെ 'ആരാ പോയത്' എന്ന ചോദ്യവും..........

ഇതിനിടയില്‍ എപ്പോഴൊക്കെയോ വീണ മഴ പനിക്കുട്ടിയായ എന്നെ കിടത്തിയിട്ടുണ്ടാവും. മൂടിപ്പുതച്ചുളള പനിയോര്‍മ്മയില്‍ നെറ്റിയും തലയും തഴുകുന്ന തണുത്ത അമ്മ വിരലുകള്‍., മേലുഴിയുന്ന അമ്മൂമ്മ കൈകള്‍. പിന്നെ കഞ്ഞിയും ചുട്ട തേങ്ങയും മുളകും ഇഞ്ചിയും കുടമ്പുളിയും കറിവേപ്പിലയും വച്ചരച്ച ചമ്മന്തി, വടുകപുളി നാരങ്ങാ കീറിയിട്ട് നിറയെ കാന്താരിയിട്ട വെളള നാരങ്ങ, ചുട്ട പപ്പടം. അന്ന് അത് കാണുമ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങും.

ഇന്ന് പനിച്ചു കിടക്കുമ്പോള്‍ ആ നഷ്ടപ്പെട്ട കൈവിരലുകള്‍ ഓര്‍ക്കാറുണ്ട്.. ഇത്തിരി അമ്മച്ചമ്മന്തിയും കൂട്ടി കഞ്ഞി കിട്ടിയിരുന്നെങ്ഗില്‍...... 
അല്ലെങ്കിലും ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം അല്ലേ?



ഒരു കര്‍ക്കിടകം കൂടി  (ഉഷ.എസ് )
Join WhatsApp News
P R Girish Nair 2018-07-17 13:22:45
പണ്ട് എല്ലാ ഹൈന്ദവ വീടുകളിലും കാർക്കിടമസത്തിൽ
ദശപുഷ്പം വൈക്കലും രമായണപാരായാണവും പതിവായിരുന്നു...... ഇന്ന് എല്ലാം ഓർമ്മകളിൽ മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക