കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേന കോട്ടയത്തെത്തി. 40 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. പൂവത്തുംമൂട്, ഇറഞ്ഞാല്‍ എന്നീ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനാണ് സംഘം ആദ്യം ശ്രമിക്കുന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ദുരനന്തനിവാരണ സേന പ്രവര്‍ത്തിക്കുന്നത്.
കനത്ത മഴയില്‍ വെള്ളം പൊങ്ങിയതോടെ തിരുവാര്‍പ്പ്, അയ്മനം, മണര്‍കാട്, പേരൂര്‍, കോട്ടയം വില്ലേജുകളില്‍ നൂറുകണക്കിന് വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ടുനില വീടുകളിലെ താഴത്തെ നിലയില്‍ വെള്ളം നിറഞ്ഞതിനാല്‍ മുകളിലത്തെ നിലയില്‍ അഭയം പ്രാപിച്ചവരുമുണ്ട്. വെള്ളത്താല്‍ ചുറ്റപ്പെട്ട വീടുകളില്‍ വളര്‍ത്തു മൃഗങ്ങളുമായി കഴിയുന്നവരും പ്രദേശങ്ങളിലുണ്ട്.