Image

കിംഗ്‌ സെന്ററില്‍ അംബാസിഡര്‍ നിരുപമ റാവുവിന്‌ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 28 March, 2012
കിംഗ്‌ സെന്ററില്‍ അംബാസിഡര്‍ നിരുപമ റാവുവിന്‌ സ്വീകരണം
അറ്റ്‌ലാന്റാ: ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റാവുവിന്‌ അറ്റ്‌ലാന്റയിലെ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ സെന്ററില്‍ വന്‍ സ്വീകരണമാണ്‌ നല്‍കി. ഗാന്ധി ഫൗണ്ടേഷന്‍ ഓഫ്‌ യു.എസ്‌.എയും ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്ന്‌ മാര്‍ച്ച്‌ മൂന്നിന്‌ സംഘടിപ്പിച്ച ചടങ്ങില്‍ വിശിഷ്‌ടാതിഥികള്‍ പങ്കെടുത്തു.

1998-ല്‍ സ്ഥാപിതമായ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ ഹാരമണിയിച്ചുകൊണ്ട്‌ അംബാസിഡര്‍ നിരുപമ റാവു, ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിത രീതികളും ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ എത്രത്തോളം ആകര്‍ഷിച്ചുവെന്നും പ്രജ്യോതിപ്പിച്ചുവെന്നും അതില്‍ നിന്ന്‌ ഈ രാജ്യത്തിനുണ്ടായ മാറ്റങ്ങള്‍ എത്ര വലുതായിരുന്നുവെന്നും അനുസ്‌മരിച്ചു. നമ്മള്‍ ഓരോരുത്തരും ഗാന്ധിജിയുടെ സമാധാന സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും ഉത്‌ബോധിപ്പിച്ചു.

ഗാന്ധി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ആന്റണി തളിയത്ത്‌ അംബാസിഡറേയും വിശിഷ്‌ടാതിഥികളേയും സ്വാഗതം ചെയ്‌തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുബാഷ്‌ റസ്‌ദാന്‍ പ്രസംഗിച്ചു. യു.എസ്‌ ഫെഡറല്‍ പ്രോപ്പര്‍ട്ടിയാല്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിജിയുടെ ഏക പ്രതിമയാണിത്‌. യു.എസ്‌ കോണ്‍ഗ്രസിന്റെ പ്രത്യേക അനുമതിയോടെയാണ്‌ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്‌.

തുടര്‍ന്ന്‌ അംബാസിഡര്‍ റാവു മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ വിസിറ്റര്‍ സെന്റര്‍ സന്ദര്‍ശിച്ചു. സിവില്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റിന്റെ ദൃശ്യങ്ങളാണ്‌ ഇവിടെ ഏറെ. കിംഗ്‌ സെന്ററിലുള്ള ഡോ. കിംഗിന്റേയും കോറേട്ട കിംഗിന്റേയും ശവകുടീരങ്ങള്‍ സന്ദര്‍ശിച്ച്‌ പുഷ്‌പചക്രങ്ങള്‍ അര്‍പ്പിച്ചു. വളരെ പ്രധാനപ്പെട്ട അതിഥികള്‍ക്കുമാത്രം സന്ദര്‍ശനാനുമതി ലഭിക്കുന്ന ഭൂഗര്‍ഭ അറയാണിത്‌. തുടര്‍ന്ന്‌ അംബാസിഡര്‍ കിംഗ്‌ സെന്ററിലെ ഗാന്ധി റൂം, കിംഗ്‌ റൂം, റോസാ പാര്‍ക്ക്‌ റൂം എന്നിവ സന്ദര്‍ശിച്ചു. റോസാ പാര്‍ക്കില്‍ വെച്ചാണ്‌ അമേരിക്കയിലെ സിവില്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റിലെ പ്രധാന വനിത അലബാമയിലെ ബസ്‌ യാത്രയില്‍ ഒരു വെള്ളക്കാരന്‌ തന്റെ സീറ്റ്‌ ഒഴിഞ്ഞുകൊടുത്തായിരുന്നു സമരത്തിന്‌ മാറ്റൂകൂട്ടിയത്‌.

കിംഗ്‌ സെന്ററിലെ സന്ദര്‍ശനം ഏറ്റവും അര്‍ത്ഥവത്തായിരുന്നു. എനിക്ക്‌ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്‌ ഇവിടെ സന്ദര്‍ശിക്കാന്‍ സാധിച്ചത്‌. കിംഗ്‌ സെന്ററുമായി നമുക്കുള്ള നല്ല ബന്ധത്തില്‍ അഭിമാനം കൊള്ളുന്നതായും അംബാസിഡര്‍ പറഞ്ഞു. ഗാന്ധി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ അനുമോദിച്ചു.

അറ്റ്‌ലാന്റയില്‍ ഒരു ഗാന്ധി സെന്റര്‍ നിര്‍മ്മിക്കുകയാണ്‌ ഫൗണ്ടേഷന്റെ അടുത്ത പദ്ധതി. കിംഗ്‌ സെന്ററും ഗാന്ധി സെന്ററും, കാര്‍ട്ടര്‍ സെന്ററും ചേര്‍ന്ന ഒരു പീസ്‌ ട്രയാങ്കിള്‍ ആണ്‌ ഗാന്ധി ഫൗണ്ടേഷന്‍ വിഭാവനം ചെയ്യുന്നത്‌. എല്ലാവരുടേയും സഹകരണത്തോടെ ഈ പദ്ധതിയും സഫലമാകും എന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന്‌ റാസ്‌ ദാത്താ തളിയത്ത്‌ പറഞ്ഞു.

അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ സംഘങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ മനോജ്‌ തോമസും മറ്റ്‌ അംഗങ്ങളും കിംഗ്‌ സെന്ററില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു.

വൈകിട്ട്‌ നടന്ന ബാങ്ക്വറ്റില്‍ എണ്‍പതിലേറെയുള്ള ഇന്ത്യന്‍ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സിറ്റി മേയര്‍മാര്‍ ഉള്‍പ്പടെ ഒട്ടേറെ അമേരിക്കക്കാരും വിരുന്നില്‍ പങ്കെടുത്തു. `ഇന്ത്യയും അമേരിക്കയും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്നും ഇത്‌ വളരെ സ്വാഭാവികമായ ബന്ധമാണെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.
കിംഗ്‌ സെന്ററില്‍ അംബാസിഡര്‍ നിരുപമ റാവുവിന്‌ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക