Image

നിയമസഭാ കന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവം: പി.സി. ജോര്‍ജിനെതിരെ പൊലീസ്‌ കുറ്റപത്രം

Published on 18 July, 2018
നിയമസഭാ കന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവം: പി.സി. ജോര്‍ജിനെതിരെ പൊലീസ്‌ കുറ്റപത്രം


ഉച്ച ഊണ്‌ വൈകിയതിനെ തുടര്‍ന്ന്‌ നിയമസഭാ കന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ പി.സി. ജോര്‍ജ്‌ എംഎല്‍എയ്‌ക്കെതിരെ പൊലീസ്‌ കുറ്റപത്രം. ജീവനക്കാരനെ എംഎല്‍എ ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണു കുറ്റപത്രം. തിരുവനന്തപുരം മജിസ്‌ട്രേറ്റ്‌ കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്‌ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്‌.

ഭക്ഷണം നല്‍കാന്‍ വൈകിയതിന്‌ പിസി ജോര്‍ജ്ജും സഹായി സണ്ണിയെന്ന്‌ വിളിക്കുന്ന തോമസ്‌ ജോര്‍ജ്ജും ചേര്‍ന്ന്‌ എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കഫേയിലെ ജീവനക്കാരന്‍ മനുവിനെ മര്‍ദ്ദിച്ചുവെന്നാണ്‌ കേസ്‌.

കന്റീനില്‍നിന്നു മുറിയില്‍ ഊണ്‌ എത്തിക്കാന്‍ ഒന്നര മണിയോടെ ജോര്‍ജ്‌ ആവശ്യപ്പെട്ടു. ചോറെത്തിക്കാന്‍ 20 മിനിറ്റ്‌ താമസമുണ്ടായി. താന്‍ മുറിയിലെത്തുമ്പോള്‍ ജോര്‍ജ്‌ കന്റീനില്‍ ഫോണ്‍ ചെയ്‌തു ചീത്ത പറയുകയായിരുന്നു. തന്നെയും ചീത്ത വിളിച്ചു. മുഖത്ത്‌ അടിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ പിഎയും മര്‍ദിച്ചു. തന്റെ ചുണ്ടിലും കണ്ണിലും പരുക്കേറ്റു. തുടര്‍ന്നു വൈകിട്ടു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കന്റീന്‍ ജീവനക്കാരോട്‌ ഈ എംഎല്‍എ മോശമായി പെരുമാറുന്നതു പതിവാണെന്നും മനു പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ 40 മിനിറ്റ്‌ വൈകിയാണു തനിക്ക്‌ ഊണ്‌ എത്തിച്ചതെന്നാണു ജോര്‍ജിന്റെ ഭാഷ്യം. ഇത്രയും വൈകിയതിനെ അല്‍പം കടുപ്പിച്ചു ചോദ്യം ചെയ്‌തു എന്നല്ലാതെ ആരെയും തല്ലിയിട്ടില്ല. മനുവിന്റെ ചുണ്ടില്‍ പരുക്കേറ്റതിനെപ്പറ്റി അന്വേഷിക്കണമെന്നും എംഎല്‍എ അന്നു പറഞ്ഞിരുന്നു.

തുടര്‍ന്ന്‌ മനുവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ്‌ പിസി ജോര്‍ജ്‌ എംഎല്‍എയെ ചോദ്യം ചെയ്‌തിരുന്നു. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വച്ച്‌ പരാതിക്കാരന്റെ സാന്നിധ്യത്തില്‍ മ്യൂസിയം പൊലീസ്‌ മഹ്‌സറും തയ്യാറാക്കിയത്‌. കേസില്‍ എംഎല്‍എയെ ചോദ്യം ചെയ്യാനും സംഭവസ്ഥലത്ത്‌ എത്തി തെളിവെടുക്കാനും നിയമസഭ സെക്രട്ടറി അനുമതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍ ചോദ്യം ചെയ്യാന്‍ എത്തിയ മ്യൂസിയം പോലീസിനോട്‌ ആദ്യം പിസി ജോര്‍ജ്ജ്‌ സഹകരിച്ചില്ല. പിന്നീട്‌ നിയമസഭ സെക്രട്ടറിയുടെ ഉത്തരവ്‌ അടക്കം കാണിച്ച ശേഷമാണ്‌ ചോദ്യം ചെയ്യലിന്‌ തയാറായത്‌. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്‌ എംഎല്‍എയ്‌ക്കും സഹായിക്കും എതിരെ ചുമത്തിയിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക