Image

ശബരിമല പൊതുക്ഷേത്രമെങ്കില്‍ സ്ത്രീവിവേചനം പാടില്ലെന്ന് സുപ്രീംകോടതി

Published on 18 July, 2018
ശബരിമല പൊതുക്ഷേത്രമെങ്കില്‍ സ്ത്രീവിവേചനം പാടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല പൊതുക്ഷേത്രമെങ്കില്‍ സ്ത്രീവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. പൊതുക്ഷേത്രമാണെങ്കില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ ആരാധന നടത്താന്‍ കഴിയണമെന്നും സ്ത്രീകളെ മാത്രം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. 

സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് എന്തിനാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മയായി കണക്കാക്കണമെന്ന് ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ പറഞ്ഞു. 10 നും 50 ഇടയ്ക്കുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് ആര്‍ത്തവം ഉണ്ടാകുകയെന്ന് എങ്ങനെ പറയാനാകുമെന്നും ജസ്റ്റിസ് നരിമാന്‍ ചോദിച്ചു. സ്ത്രീയ്ക്കും പുരുഷനും ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ ഭരണഘടന തുല്യമായ അവകാശം നല്‍കുന്നുണ്ടെന്നായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ നിരീക്ഷണം.  ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ അറിയിച്ചു.  എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. അതിനിടെ, സംസ്ഥാന സര്‍ക്കാര്‍ ഇടയ്ക്കിടെ നിലപാട് മാറ്റുന്നത് എന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു. ഇത് നാലാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റുന്നതെന്നും കോടതി വിമര്‍ശിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക