Image

ഫൊക്കാനയുടെ തിടമ്പേറിയതു പിണറായി വിജയന്‍ (കേഴ്‌വിക്കാരന്‍ കണ്ടതും കേട്ടതും)

Published on 18 July, 2018
ഫൊക്കാനയുടെ തിടമ്പേറിയതു പിണറായി വിജയന്‍ (കേഴ്‌വിക്കാരന്‍ കണ്ടതും കേട്ടതും)
ജീവിതത്തില്‍ ആദ്യമായി ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത കേഴ്‌വിക്കാരന്‍ കണ്ടതും കേട്ടതുമായ ചില കാര്യങ്ങള്‍ ഒളിച്ചും തെളിച്ചും പറയാമെന്നു കരുതിയാണ് ഈ കുറിമാനം. എന്റമ്മോ കുഞ്ഞാപ്പി കണ്ട കാഴ്ച്ചയൊന്നുമല്ല ഈ കേഴ്‌വിക്കാരന്‍കണ്ടത്. ലോകമലയാളികളുടെ മേല്‍ത്തട്ട് അഥവാ ക്രീമി ലേയര്‍വിഭാഗമായ അമേരിക്കന്‍ മലയാളികളുടെ സംസ്കാരം കണ്ട് പുറത്തേക്കുതള്ളിപ്പോയ കേഴിവിക്കാരന്റെ കണ്ണ്തിരികെ കയറിയത് കഴിഞ്ഞ ദിവസംമാത്രമാണ്. ആദ്യത്തെ അനുഭവമായതിനാല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടന്ന എല്ലാ പരിപാടികളിലും പരിപാടിക്കിടയിലുള്ള 'പരിപാടികളിലും' ഒരു തവണയെങ്കിലും എത്തിനോക്കിയും ചിലതില്‍ പൂര്‍ണമായും പങ്കെടുത്തും കേള്‍വിക്കാരന്റെ മൂന്ന് വിലപ്പെട്ട ദിവസങ്ങള്‍ പോയതറിഞ്ഞില്ല.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി സഖാവിനെ മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ്‌കേഴ്‌വിക്കാരന്‍ കാണുന്നത്. എന്താ ഒരു തലയെടുപ്പ്! ഫൊക്കാനയുടെ പൂരത്തിന് ആനയെ എഴുന്നള്ളിക്കുന്നപോലെയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ നിറഞ്ഞ സദസില്‍ ഇമ്മടെ പിണറായി സഖാവ് എത്തിയത്. ഫൊക്കാനനേതാവ് തൊണ്ട പൊട്ടുന്ന ശബ്ദത്തില്‍ പിണറായി വിജയന്റെ വരവറിയിച്ചുകൊണ്ടു അദ്ദേഹത്തെ സ്വാഗതമോതി മൈക്കിലൂടെകണ്ഠഘടോരം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണികള്‍ ഒന്നടങ്കം ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. ചില പൂര്‍വകാല പാര്‍ട്ടി പ്രവര്‍ത്തകരും കമ്മ്യൂണിസ്റ്റുകാരുടെ ബദ്ധ ശത്രുക്കളായ അമേരിക്കയില്‍ ജീവിച്ചുകൊണ്ട് കമ്യൂണിസ്റ്റ്കാരെന്നു അഹങ്കരിക്കുന്ന ചില എക്‌സ് സഖാക്കള്‍ പിണറായിക്കു ഉറക്കെ മുദ്രാവാക്യം വിളിച്ചും ലാല്‍ സലാം അഭിവാദ്യമര്‍പ്പിച്ചും സുഖിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കമ്യൂണിസ്റ്റുകാരനായ പിണറായി പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രിയായി തന്നെ നിലകൊണ്ടു. തനിക്കു വേണ്ടി മുദ്രാവാക്യം വിളിച്ചവരെ ഒന്നു നോക്കുക പോലും ചെയ്യാതെ നേരെ വേദിയിലേക്ക് കടന്നു വരുകയാണ് ചെയ്തത് . അതാണ് പിണറായി വിജയന്‍! കാള വാല് പൊക്കുന്നതെന്തിനാണെന്നു എത്ര വട്ടം കണ്ടയാളാ!

ആ പരിപാടി തീര്‍ത്തും നാണക്കേടായെന്നു പറഞ്ഞാല്‍ മതിയല്ലൊ. മുദ്രാവാക്യം വിളിക്കാന്‍ ഇതെന്താ പുത്തരിക്കണ്ടം മൈതാനമോ?

പിണറായി വേദിയിലേക്ക് കടന്നു വന്നപ്പോള്‍ വേദിയിലുരുന്നവര്‍ ഒന്നടങ്കം സാഷ്ടാംഗം പ്രണമിക്കാന്‍ താഴേക്കിറങ്ങിപ്പോയി. എന്നാല്‍ ചില വിദ്വാന്മാര്‍ മസില്‍ പിടിച്ചപോലെ സ്‌റ്റേജില്‍ നിന്ന് അനങ്ങാതെ ഇരിക്കുന്നു.ഗുട്ടന്‍സ് പിണറായി സ്‌റ്റേജില്‍ ഇരിപ്പിടത്തില്‍ ഇരുന്നപ്പോഴാണ് പിടികിട്ടിയത്. പിണറായിയെ സ്വീകരിക്കാന്‍ താഴേക്ക് ഇറങ്ങി മടങ്ങി വന്ന ചിലരുടെ മുന്‍നിരയിലുള്ള ഇരിപ്പിടം സ്‌റ്റേജില്‍ നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നവര്‍ സ്വയം പ്രമോട്ട് ചെയ്തു കൈയടക്കിയപ്പോള്‍ ചിലര്‍ക്ക് കസേര തന്നെ നഷ്ടപ്പെട്ടു നെട്ടോട്ടമോടി. ഭദ്രദീപം കൊളുത്താന്‍ മുഖ്യമന്ത്രി എഴുന്നേറ്റപ്പോള്‍ ഫോട്ടോക്ക് പോസ് ചെയ്യാന്‍ പോലും മുന്‍ നിരകസേര സ്വന്തമാക്കിയ ചിലര്‍ സീറ്റില്‍ നിന്ന് അനങ്ങിയതേ ഇല്ല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വന്നപ്പോഴും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. അദ്ദേഹത്തിനു സ്വാഗതമരുളിക്കൊണ്ട് മുന്‍കാല കോണ്‍ഗ്രസ് നേതാവായിരുന്ന മറ്റൊരു ഫൊക്കാന നേതാവാണുമൈക്കിലൂടെ അലറിയത്.പിണറായി വന്നപ്പോള്‍ ലാല്‍ സലാം മുദ്രാവാക്യമാണ്മുഴക്കിയതെങ്കില്‍ ചെന്നിത്തലക്കായി 'വീര ധീര നേതാവേ'എന്നായിരുന്നു അലറിവിളി. ആളെണ്ണം കൂടുതലുണ്ടായിരുന്നെങ്കിലും മുദ്രവാക്യം വിളി വസന്ത വന്ന കോഴി കൂവിയ പോലെയായി.

അതും നാണക്കേടായി. ഇതെന്താ മുതലക്കുളം മൈതാനമോ?

ഉദ്ഘാടന സമ്മേളനം മുതല്‍ എംസിമാര്‍ മുതല്‍ മുതിര്‍ന്ന ഫൊക്കാന നേതാക്കന്മാര്‍ വരെ കേരളത്തില്‍ നിന്ന് വന്ന മന്ത്രിമാര്‍, എം. എല്‍. എ മാര്‍ മറ്റു വിശിഷ്ട അതിഥികള്‍ എന്നിവരുടെ പേരുകള്‍നേരെ ചൊവ്വേ പോലും പറയാന്‍ കഴയാതെ വന്നത്‌കേഴ്‌വിക്കാരന് ഭയങ്കര സങ്കടമായി. എന്തിന് സാഹിത്യകാരന്‍ കെ.പി. രാമനുണ്ണിയെ വരെ സാഹിത്യ സമ്മേളനത്തില്‍ വച്ച് ചില നേതാക്കന്മാര്‍ അഭിസംബോധന ചെയ്തപ്പോള്‍ പലരുടെയും നാവുകള്‍ പട്ടാപകല്‍ ആയിരിന്നിട്ടുകൂടികുഴഞ്ഞു...

ചെണ്ടകൊട്ടും തിരുവാതിരയും താലപ്പൊലിയും മുത്തുക്കുടയുമൊക്കെയായി വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര കണ്ടപ്പോഴേ കേഴ്‌വിക്കാരന് മധുരിക്കും ഓര്‍മ്മകള്‍ തികട്ടി വന്നു. ഓര്‍മ്മകള്‍ തൃശൂര്‍ പുരപറമ്പിലേക്ക് പോയെങ്കിലും ഘോഷയാത്ര എന്ന പേരില്‍ നടത്തിയ യാത്ര ഒരു ചെറിയ ഹാളിനുള്ളില്‍ ചുറ്റിത്തിരിഞ്ഞു ഒരു അടുക്കും ചിട്ടയുമില്ലാതെ കറങ്ങുന്നതുകണ്ടു കടുത്ത നിരാശ തോന്നി.

കണ്‍വെന്‍ഷന്‍ സെന്ററിലെ ഹോട്ടല്‍ മുറികളില്‍ നിന്ന് കണ്‍വെന്‍ഷന്‍ ഹാളിലേക്ക് പോകണമെങ്കില്‍ അതിനകത്തുകൂടെ തന്നെ ഓട്ടോ വിളിച്ചു പോകാനുള്ള ദൂരമുണ്ട്. അത്രയും വിശാലമായ കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുറത്തുനിന്നു ഘോഷയാത്ര ആരംഭിച്ചിരുന്നുവെങ്കില്‍ എത്ര മനോഹരമാകുമായിരുന്നു എന്ന് ആലോചിച്ചു പോയി. നാട്ടുകാര്‍ക്കും അതൊരു ദൃശ്യവിരുന്നു നല്‍കുമായിരുന്നു.

ആരോട് പറയാന്‍ എന്ത് പറയാന്‍? കണ്‍വെന്‍ഷനെക്കുറിച്ചു പരാതികള്‍, സംശയങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ചോദിക്കാനും പറയാനും ആരും തന്നെ ഇല്ലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. വിരലില്‍ എണ്ണാവുന്ന വളണ്ടിയര്‍മാര്‍ മാത്രമായിരുന്നു ആതിഥേയ നഗരത്തില്‍ നിന്നുണ്ടായിരുന്നത്. അവരാകട്ടെ വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നവരും. നടി ഷീലയെപ്പോലും എതിരേല്‍ക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പരിപാടിയില്‍ പങ്കെടുക്കാന്‍ ഷീല എത്തിയപ്പോള്‍ അവരെ പലരും തിരിച്ചറിഞ്ഞു പോലുമില്ലെന്നതാണ് മറ്റൊരു തമാശ. ബാഡ്ജ് ധരിച്ച ചിലരോട്തന്റെ റൂമെവിടെ എന്ന് ചോദിച്ചപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നായിരുന്നു മറുചോദ്യം!

അമേരിക്കക്കാര്‍ക്ക് ഷീലയൊന്നും അത്ര വലിയ നടിയാണെന്ന ധാരണ ഇല്ലെന്നു ഷീലാമ്മക്ക് ശരിക്കും മനസിലായിക്കാണും. എല്ലാ ദിവസവും ലോബിയുടെ മുമ്പില്‍ രെജിസ്‌ട്രേഷനും റൂമിനും വേണ്ടി അലഞ്ഞു നടക്കുന്ന അതിഥികളെ അല്‍പ്പമെങ്കിലും സഹായിച്ചത് അവര്‍ക്കു മുന്‍പേ എത്തിയ അന്യ സംസ്ഥാങ്ങളില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു. കാരണം അവര്‍ വന്നപ്പോഴും സ്ഥിതി അത് തന്നെ ആയിരുന്നതിനാല്‍ അവര്‍ കടന്ന് പോയ വഴികള്‍ വൈകി വന്നവരെ അറിയിച്ചതു കൊണ്ടു അല്‍പ്പമെങ്കിലും പരിഹാരമായി.

കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ ഇനി വരികയാണെങ്കില്‍ ഒരു കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുമെന്നുറപ്പാണ്. അവാര്‍ഡ് ദാനം നടത്തണമെന്ന് പറഞ്ഞാല്‍ എണ്ണം പറഞ്ഞു ജാമ്യമെടുക്കും. കാരണം ഒരു ലോഡ് ഫലകങ്ങളാണ് രണ്ടു ചടങ്ങുകളായി നടത്തിയ അവാര്‍ഡ് ദാനത്തില്‍ വിതരണം ചെയ്തത്. ഫലകങ്ങള്‍, വാര്‍ക്കപ്പണിക്കാര്‍ ഇഷ്ടിക കൈമാറുന്നതുപോലെയാണ് മന്ത്രിമാരും എം എല്‍ എമാരും വിതരണംചെയ്തു തളര്‍ന്നുപോയത്. എന്നാല്‍ ഇവരെ സഹായിക്കാന്‍ ചില ഫൊക്കാന നേതാക്കന്മാര്‍ മുന്‍കൈ എടുത്തതും ഈകേഴ്‌വിക്കാരന്‍ കണ്ടിരുന്നു. ഇത്രയൊക്കെ അവാര്‍ഡുകളും ആദരിക്കലുകളും വേണോ എന്ന് ഉത്തരവാദിത്തപ്പെട്ട ഒരു നേതാവിനോട് ചോദിച്ചപ്പോള്‍ ആദരിക്കപ്പെടാത്തതിന്റെ പേരില്‍ പിണങ്ങിയും പരിഭവപ്പെട്ടതും എന്തിനേറെ തെറി വിളി നടത്തിയതുമായവരുടെ നീണ്ട പട്ടിക തന്നെ കാട്ടിയപ്പോള്‍ അദ്ദേഹത്തോട് വലിയ അനുകമ്പയാണ്‌കേഴ്‌വിക്കാരനുണ്ടായത്.

ഫൊക്കാനയുടെ ചില ഭാരവാഹികളും മുന്‍ ഭാരവാഹികളും ടൊറന്റോ കണ്‍വെന്‍ഷന് ശേഷം ഇപ്പോള്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത് തന്നെ.രണ്ടു വര്‍ഷത്തിനു ശേഷം അടുത്ത കണ്‍വെന്‍ഷനെത്തിയ ചിലരുടെ മട്ടും ഭാവവും കണ്ട്‌കേഴ്‌വിക്കാരന്‍ വാ പൊളിച്ചു പോയി.

ഉദ്ഘാടന സമയത്ത് തിരി കത്തിക്കാന്‍ തിരി ശരിയാക്കാനെന്ന പേരില്‍ പിന്നില്‍ നിന്ന് നുഴഞ്ഞു കയറി മുന്നോട്ടുവന്ന് തിരി ശരിയാക്കിയ ശേഷം മന്ത്രിയോട് ചേര്‍ന്ന് നല്ല ഗമയ്ക്കു നിന്ന് മുതിര്‍ന്ന നേതാക്കന്മാരെ അരികിലേക്ക് ഒതുക്കിയ കേമന്മാരെ സമ്മതിച്ചുകൊടുക്കണം. ഇത്തരം കാഴ്ചകള്‍ കണ്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്കാരുടെ സമ്മേളനങ്ങളിലെ കസേരകളികളാണ് ഓര്‍മ്മ വരിക.

കണ്‍വെന്‍ഷന്റെ മൂന്നു ദിവസങ്ങളിലും പലരുടെയും മുറികളില്‍ ലൈറ്റ് അണഞ്ഞത് പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ്! തെറ്റിദ്ധരിക്കേണ്ട കാസിനോയില്‍ ചൂതുകളിക്കുകയായിരുന്നില്ല മുറികളില്‍ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകളും തന്ത്രങ്ങള്‍ മെനയുകയും മറ്റുമായിരുന്നു. എന്താല്ലേ കേരള നിയമ സഭയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ പോലും ഇത്ര ഭയങ്കര ചൂട് പിടിച്ച ചര്‍ച്ചകള്‍കേഴ്‌വിക്കാരന്‍ കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല.

ചര്‍ച്ചകളുടെ ശബ്ദം ഉച്ചസ്ഥായിലായപ്പോള്‍ സമീപമുറികളില്‍ താമസിച്ചിരുന്നവര്‍ ഹോട്ടലുകാര്‍ക്ക് പരാതി നല്‍കിയതായും കേഴ്‌വിക്കാരന്‍ കേട്ടു. ചര്‍ച്ച മൂത്തു ഗ്രൂപ്പ് തിരിഞ്ഞു ഇടനാഴികകളിലും ഇടംപിടിച്ചപ്പോള്‍ അയല്‍വാസികളായ അമേരിക്കക്കാര്‍ക്ക് ശല്യമായി മാറി.ഫൊക്കാനയെക്കുറിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചുംഅവര്‍ക്കെന്തറിയാം ? രാഷ്ട്രീയ ചര്‍ച്ചകള്‍ പലപ്പോഴും പര്യവസാനിച്ചത് കൈയാങ്കളിയിലും പൂരപ്പാട്ടിലുമായിരുന്നു. കണ്‍വെന്‍ഷന്‍ അമേരിക്കയിലായിപ്പോയി അല്ലെങ്കില്‍ കൊടുങ്ങല്ലൂര്‍ 'അമ്മ നേരിട്ടിറങ്ങി വന്ന് പ്രസാദിക്കുമായിരുന്നു ഇവരെ.230 ഡെലിഗേറ്റുമാര്‍ മാത്രമുള്ള ഒരു തെരെഞ്ഞെടുപ്പില്‍ നടന്ന രാഷ്ട്രീയ പൊറാട്ടുനാടകങ്ങളെക്കുറിച്ചു അടുത്ത ഭാഗത്തില്‍ വായിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക