Image

മാര്‍ ജോര്‍ജ് ആലഞ്ചേരിയും കന്യാസ്ത്രീയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം

Published on 19 July, 2018
മാര്‍ ജോര്‍ജ് ആലഞ്ചേരിയും കന്യാസ്ത്രീയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം
(From Mathrubhumi)

മാര്‍ ജോര്‍ജ് ആലഞ്ചേരിയും കന്യാസ്ത്രീയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം

കര്‍ദിനാള്‍: എന്നാ ഒണ്ട് കാര്യങ്ങള്?
കന്യാസ്ത്രീ: കാര്യങ്ങളെല്ലാം വഷളായിക്കൊണ്ടിരിക്കുകയാ പിതാവെ. പോലീസ് കേസില്‍ വരെ ചെന്നെത്തിയിട്ടുണ്ടിത്. ഓള്‍റെഡി. എന്നെ ജലന്ധറില്‍നിന്ന് വ്യാഴാഴ്ച ഒരു പോലീസ് വിളിച്ചിരുന്നു. പോലീസ് വിളിച്ചിട്ടു പറഞ്ഞു, സിസ്റ്റര്‍ ........നെതിരേ ഇവിടെ പരാതി കിട്ടിയിട്ടുണ്ട്, പീറ്റര്‍ എന്നൊരച്ചനെ ഞാന്‍ ബ്ലാക്ക്മെയില്‍ ചെയ്തെന്നും പറഞ്ഞ്.
കര്‍ദിനാള്‍: ഏതച്ചനാ?
കന്യാസ്ത്രീ: പീറ്റര്‍. പീറ്റര്‍ എന്നു പറയുന്ന ഒരച്ചന്‍ വന്ന് കേസ് തന്നിട്ടുണ്ട്, ഞാന്‍ ബ്ലാക്ക്മെയില്‍ ചെയ്തെന്ന്. എത്രനാളായിട്ടെന്ന്. ഞാന്‍ പറഞ്ഞു ഞാനോ എന്ന് ചോദിച്ചു. അപ്പോ എന്റെ പേര് ചോദിച്ചു. ജനറാളമ്മയുടെ പേരെടുത്തു. സിസ്റ്റര്‍ അനുപമേടെ പേരെടുത്തു. ഞങ്ങള്‍ മൂന്നുപേര്‍ക്കെടേം പേര് പോലീസെടുത്തു. എന്നിട്ടുപറഞ്ഞു ഞങ്ങള് ബ്ലാക്ക്മെയില്‍ ചെയ്തിരിക്കുകയാണ്. അപ്പോ ഞാന്‍ പറഞ്ഞു. ഞാന്‍ കേരളത്തിലാ താമസിക്കുന്നതെന്ന്. എത്രവര്‍ഷമായിട്ടാണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അഞ്ച് വര്‍ഷമായിട്ടാണെന്ന്. ഈയിടെയ്ക്കെങ്ങാനും പഞ്ചാബില്‍ വന്നിരുന്നോ എന്ന് ചോദിച്ചു. ഞാന്‍ വന്നിട്ടില്ലെന്ന് പറഞ്ഞു. ഈ പീറ്റര്‍ എന്നു പറയുന്ന അച്ചനുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഫോണ്‍ പോലും വിളിച്ചിട്ടില്ല. ഞങ്ങള് വര്‍ഷങ്ങളായിട്ട് കാണുകയോ മിണ്ടുകയോ ചെയ്യാത്ത വ്യക്തിയാണ്. അതുകഴിഞ്ഞ് ഇന്നിപ്പോള്‍ ജനറാളമ്മയുടെ ഒരു ലെറ്റര്‍ വന്നിട്ടുണ്ട്. എനിക്ക്. പിന്നെ കമ്യൂണിറ്റിയിലെ വേറൊരു സിസ്റ്ററിനും ലെറ്റര്‍ വന്നിട്ടുണ്ട്. പഞ്ചാബിന് വരണം. കമ്യൂണിറ്റി മദറിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഞങ്ങള് ഡിസൊബീഡിയന്‍സാണ് (അനുസരണക്കേട്), ഡിസിപ്ലിന്‍ (അച്ചടക്കം) ഇല്ല, അബ്യൂസ് ഓഫ് വേര്‍ഡ്സ് (അസഭ്യവാക്കുകള്‍) ഉപയോഗിച്ചു, അതൊക്കെ ചോദിക്കാനായിട്ട് 18ാം തീയതി ജലന്ധറില്‍ മീറ്റിങ് വെച്ചിട്ടൊണ്ട്, ആ മീറ്റിങ്ങിന് വരണംന്ന് പറഞ്ഞോണ്ട് ജനറാളമ്മയുടെ രജിസ്റ്റേഡ് പോസ്റ്റ് ഇന്ന് കിട്ടിയിട്ടുണ്ട്. അപ്പോ കാര്യങ്ങളെല്ലാം വഷളായിക്കൊണ്ടിരിക്കുകയാ..ഇതിങ്ങനെ പോയാല്‍
കര്‍ദിനാള്‍: ഞാന്‍ പറഞ്ഞില്ലേ നേരേ നുണ്‍ഷ്യോച്ചറില്‍ ചെന്ന് പറയാനായിട്ട്
കന്യാസ്ത്രീ: പറയാനായിട്ട് അപ്പോയിന്റ്മെന്റ് കിട്ടുന്നില്ല പിതാവെ. എന്റെ ആങ്ങള..
കര്‍ദിനാള്‍: നേരേ അങ്ങു ചെല്ലണം.
കന്യാസ്ത്രീ: അവിടെ അപ്പോയിന്റ്മെന്റില്ലെന്ന് പറഞ്ഞു. പിതാവ് എട്ടാം തീയതി പോകുവാന്ന്. ഇറ്റലിക്ക് പോകുവാന്ന്. അവിടെ അപ്പോയിന്റ്മെന്റ് കിട്ടാതെ നമുക്ക് പോയി കാണാന്‍ പറ്റില്ല.
കര്‍ദിനാള്‍: അങ്ങനാണെങ്കില് സി.ബി.സി.ഐ. പ്രസിഡന്റുണ്ട്. ഓസ്വാള്‍ഡ് ഗ്രേഷ്യസിനോട് ചെന്ന് പറ. ബോംബേലെ കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.
കന്യാസ്ത്രീ: ഒ.കെ. പിതാവിന് ഒരപ്പോയിന്റ്മെന്റ് എടുത്തുതരാന്‍ പറ്റുമോ?
കര്‍ദിനാള്‍: ആരുടെ അപ്പോയിന്റ്മെന്റ്?
കന്യാസ്ത്രീ: ഒന്നുകില്‍ നുണ്‍ഷ്യോയുടെ അല്ലെങ്കി ഈപ്പറഞ്ഞ..
കര്‍ദിനാള്‍: അതിപ്പോ...അതങ്ങോട്ടങ്ങ് ചെന്നാ മതി. ബോംബേല്. ചെന്നങ്ങു പറയണം.
കന്യാസ്ത്രീ: അങ്ങനെയാണേലും എനിക്കിവിടെനിന്ന് ഒന്നും പറയാതെ ഇറങ്ങാന്‍ പറ്റില്ലല്ലോ.
കര്‍ദിനാള്‍: ഞാന്‍ പറഞ്ഞാല്‍ ഞാനിതെല്ലാം അറിഞ്ഞെന്നു വരില്ലേ? അതല്ലേ പറഞ്ഞത്.
കന്യാസ്ത്രീ: അതുവന്നോട്ടെ. അറിഞ്ഞെന്നുള്ളത് വന്നോട്ടെ.
കര്‍ദിനാള്‍: അവിടെക്കൊറെ അച്ചന്‍മാരുണ്ടന്നല്ലേ പറഞ്ഞത്? ബ്രദറച്ചനില്ലേ?
കന്യാസ്ത്രീ: ഒണ്ട്. ബ്രദര്‍ എന്റെ കൂടെ വരാന്‍ റെഡിയാ.
കര്‍ദിനാള്‍: അവരേം കൊണ്ടങ്ങ് പോയാല്‍ മതി.
കന്യാസ്ത്രീ: പക്ഷേ നമുക്ക് അപ്പോയിന്റ്മെന്റ് കിട്ടുന്നില്ലല്ലോ.
കര്‍ദിനാള്‍: ബോംബെ ആര്‍ച്ച്ബിഷപ്പ്സ് ഹൗസിലേക്ക് രണ്ടുപേരും കൂടി പോകാനാ ഞാനീപ്പറഞ്ഞത്.
കന്യാസ്ത്രീ: പക്ഷേ ചെല്ലുമ്പോള്‍ അദ്ദേഹമവിടെ കാണണമെന്ന് നിര്‍ബന്ധമില്ലല്ലോ പിതാവെ. എനിക്ക് തോന്നുമ്പം തോന്നുമ്പം മഠത്തീന്ന് പോകത്തില്ലല്ലോ. ബോംബെയ്ക്കൊക്കെ പോകാന്ന് വെച്ചാല്‍..
കര്‍ദിനാള്‍: (ഇടപെട്ട്) പോകത്തില്ലെങ്കില്‍ ഇങ്ങനൊക്കെ വരൂ. അപ്പോ ഞാനെന്നാ എടുക്കാനാ?
കന്യാസ്ത്രീ: അങ്ങനാണെങ്കില്‍ ഇതിനൊന്നും പോകണ്ട കാര്യമില്ല. വല്ല പത്രസമ്മേളനോം വിളിച്ചുകൂട്ടാം. ഞാനെന്തിനാ ഈ ടെന്‍ഷന്‍ അടിക്കുന്നെ? നമ്മുടെ സഭേടെ കാര്യമായതു കൊണ്ടാ.
കര്‍ദിനാള്‍: അങ്ങോട്ട് പോകണ്ടാന്ന് വെക്കണം.
കന്യാസ്ത്രീ: എങ്ങും പോകുന്നില്ല, ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടാനാ വീട്ടുകാരും പറയുന്നത്. എന്തിനാ ഈ ടെന്‍ഷന്‍ അടിച്ച്..വര്‍ഷം മൂന്നാലായില്ലേ ജീവിക്കുന്നു? എങ്ങും പോകണ്ട
കര്‍ദിനാള്‍: അതുകൊണ്ടേ
കന്യാസ്ത്രീ: (ഇടപെട്ട്) ഒരു സിവില്‍ കേസ് കൊടുക്കാന്‍..
കര്‍ദിനാള്‍: എന്നാ കേസ്
കന്യാസ്ത്രീ: വല്ല സിവില്‍ കേസു കൊടുക്കാനാ എന്റെ വീട്ടുകാരും അനുപമയുടെ വീട്ടുകാരും എല്ലാ വീട്ടുകാരും പ്രഷര്‍ (സമ്മര്‍ദം) ചെലുത്തിക്കൊണ്ടിരിക്കുന്നത് ഞങ്ങളെ.
കര്‍ദിനാള്‍: കേസ് നിങ്ങക്ക് കൊടുക്കാം.
കന്യാസ്ത്രീ: അതാ ഇതിനൊക്കെ നല്ലത്. നമ്മള്‍ എല്ലാര്‍ക്കടേം പൊറകെ നമ്മളീ പോകുന്നതിനെക്കാളും നല്ലത്. എങ്ങൂന്നും നീതി കിട്ടുന്നില്ല. നമ്മള്‍ അപ്രോച്ച് (സമീപിക്കുന്നവര്‍) ചെയ്യുന്നവരെല്ലാം ഇങ്ങനാ. അപ്പപ്പിന്നെ കേസു കൊടുക്കുന്നതാ നല്ലത്.
കര്‍ദിനാള്‍: അല്ല ഞാനിപ്പം എന്തോ ചെയ്യാനാ? എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവുമില്ലല്ലോ.
കന്യാസ്ത്രീ: ഒന്നുമല്ലെങ്കിലും ഞങ്ങളെല്ലാം സിറോ മലബാറല്ലേ പിതാവേ.
കര്‍ദിനാള്‍: നിങ്ങള്‍ സിറോ മലബാറായിട്ട് ഇങ്ങോട്ട് തിരിച്ചുപോരുന്നില്ലല്ലോ.
കന്യാസ്ത്രീ: ഞങ്ങള് റെഡിയാ. ഞങ്ങള് തിരിച്ചുവരാലോ. അതിന് ഞങ്ങള് വടക്കന്‍ പിതാവിനോട് സംസാരിച്ച് ഞങ്ങള് തിരിച്ചുവരാന്‍ റെഡിയാലോ.
കര്‍ദിനാള്‍: എങ്കില്‍ നിങ്ങള് കുറച്ചുപേരിങ്ങ് തിരിച്ചുവാ.
കന്യാസ്ത്രീ: ഞങ്ങള് റെഡി. പിതാവ് എടുക്കുവോ? ഞങ്ങള് താമസിച്ചോളാം..
കര്‍ദിനാള്‍: ഞാന്‍ എടുക്കത്തുവൊന്നുമില്ല. ഇവിടെ വന്നിട്ട് എവിടെയെങ്കിലും താമസിക്കാനുള്ള സൗകര്യം നിങ്ങളുതന്നെ ഉണ്ടാക്ക്. എന്നിട്ട് നമുക്കതെക്കുറിച്ച് ചിന്തിക്കാം.
കന്യാസ്ത്രീ: ഞങ്ങളു റെഡിയാ തിരിച്ചുവരാനായിട്ട്.
കര്‍ദിനാള്‍: നിങ്ങള് തല്‍ക്കാലം നിങ്ങളുടെ വീടുകളിലേക്ക് തിരിച്ചുവരിക. എന്നിട്ടുപിന്നെ നിങ്ങള് ഒന്നിച്ച് സംഘടിച്ച് എന്റടുത്തോട്ട് വാ. നിങ്ങള് തല്‍ക്കാലം അവിടെ വിഷമമുള്ളവരെല്ലാം ഒന്നിച്ച് സംഘടിച്ച് നിങ്ങളുടെ വീടുകളിലേക്ക് വരിക.
കന്യാസ്ത്രീ: ഉടുപ്പിട്ടോണ്ടു തന്നെ?
കര്‍ദിനാള്‍: വീടുകളിലേക്ക് വരിക. എന്നിട്ട് പരാതിയുമായി എന്റടുത്ത് വരിക. അപ്പോ ഞാനത് ഡീല്‍ ചെയ്യാം. കേട്ടോ.
കന്യാസ്ത്രീ: അപ്പോ പിതാവ് ഞങ്ങളെ കൈവിടില്ലല്ലോ.
കര്‍ദിനാള്‍: കൈവിടില്ലെന്നുള്ളത് ഇവിടുത്തെ ആലോചനയനുസരിച്ചിരിക്കും.
കന്യാസ്ത്രീ: കൈവിടില്ലല്ലോ?
കര്‍ദിനാള്‍: കൈവിടില്ലല്ലോന്ന് പറഞ്ഞാല്‍ എങ്ങനെയാ ഒക്കുന്നെ? നിങ്ങളുതന്നെ ഉണ്ടാക്കിയ പ്രശ്നത്തിന് ഞാന്‍ ഒടനെ പരിഹാരം പറയണമെന്ന് പറഞ്ഞാല്‍?
കന്യാസ്ത്രീ: പിതാവ് പരിഹാരം തരണമെന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത്. പിതാവെങ്കിലും ഞങ്ങളെയൊന്ന് മനസ്സിലാക്കണം.
കര്‍ദിനാള്‍: അങ്ങനെ മനസ്സിലാക്കാനായിട്ട് ഞാനിവിടെ ഒരു സമിതിയെ വെച്ചിട്ടുണ്ട്. ഇങ്ങനൊരു പ്രശ്മുണ്ടായിരിക്കുന്നു. അവരെല്ലാംകൂടി ഇവിടെ വന്നിരിക്കുന്നു. ഇതെല്ലാം സമിതി പഠിക്കും.
കന്യാസ്ത്രീ: ഒ.കെ.
കര്‍ദിനാള്‍: സമിതി പഠിച്ചിട്ട് പറയുകാണ് നിങ്ങളെല്ലാരും ഉടുപ്പൂരിയിട്ട് പുതുതായിട്ട് വേറൊരു കോണ്‍ഗ്രിഗേഷനാകാനായിട്ട്, സാരിയുടുത്ത,് തുടങ്ങാനൊക്കെ പറഞ്ഞെന്നിരിക്കും. അതിന് കുഴപ്പമില്ല. നിങ്ങള് ഉടുപ്പിട്ടുതന്നെ നിങ്ങളുടെ വീടുകളിലേക്ക് വരിക. എന്നിട്ട് സംഘടിച്ച് എന്റടുത്ത് വരുമ്പോഴേക്ക് എന്താ ചെയ്യേണ്ടതെന്ന് പറയാം. കേട്ടോ.
കന്യാസ്ത്രീ: ഉവ്വ.
കര്‍ദിനാള്‍: ആങ്ങളയോടും പറ. ഇതു ഞാന്‍ പറഞ്ഞിട്ടാ ചെയ്യുന്നതെന്ന് പറയണ്ട. ഞങ്ങക്കിങ്ങനെ തോന്നിയതാണെന്ന് പറഞ്ഞേച്ചാ മതി. ഞാന്‍ പറഞ്ഞിട്ടാ എല്ലാരും കൂടെ പോകുന്നതെന്ന് എല്ലാരുടെയടുത്തും പറയാന്‍ പാടില്ല.
കന്യാസ്ത്രീ: ഒ.കെ.
കര്‍ദിനാള്‍: നിങ്ങള്‍ പീഡനത്തിന് ഇരയായെങ്കില്‍ അത് ശരിയല്ലല്ലോ. അതുകൊണ്ട് നിങ്ങളിങ്ങു പോന്നേക്കുക. നിങ്ങക്കവിടെ നില്‍ക്കാന്‍ പറ്റത്തില്ലല്ലോ. നിങ്ങള് സ്വയം തീരുമാനിച്ച് വരുന്നതുപോലെ വരിക. പിന്നീടുള്ള കാര്യം ഞാന്‍ നോക്കാം.
കന്യാസ്ത്രീ: അല്ലാതെ ഇക്കാര്യത്തില്‍ വേറൊന്നും ചെയ്യാന്‍ പറ്റില്ലേ ഇപ്പോ?
കര്‍ദിനാള്‍: അല്ലാതെന്നാ ചെയ്യാനാ? ഒന്നും ചെയ്യാനില്ല. നുണ്‍ഷ്യോ അപ്പോയിന്റ്മെന്റ് തന്നില്ലെങ്കില്‍ പിന്നെ ഞാനെന്നാ പറയുന്നെ? അങ്ങേരു പോകുവാന്നല്ലേ പറഞ്ഞത്.
കന്യാസ്ത്രീ: ഒ.കെ.
കര്‍ദിനാള്‍: നിങ്ങളെല്ലാം കൂടി സംഘടിച്ച് വന്നിട്ട് അവരവരുടെ വീടുകളില്‍ നില്‍ക്കുക. എന്നിട്ട് തുടരാഗ്രഹിക്കുന്നവര്‍ എല്ലാരും കൂടെ ഇവിടെ വരിക. എത്ര പേരുണ്ടാകും അങ്ങനെ?
കന്യാസ്ത്രീ: ഞങ്ങള് പത്തിരുപത്തഞ്ച് പേര് കാണും.
കര്‍ദിനാള്‍: 25 പേരും ഇറങ്ങിപ്പോരുകേലാരിക്കും. ഇറങ്ങിപ്പോരുന്നവര്‍ അവരവരുടെ വീടുകളില്‍ നിന്നിട്ട് ഒന്നിച്ച് ഇങ്ങോട്ടുവരിക.
കന്യാസ്ത്രീ: ഇതിന്റാത്ത് പഞ്ചാബി സിസ്റ്റേഴ്സുമുണ്ട്. വിഷമമുള്ളവര്.
കര്‍ദിനാള്‍: എന്നാ ഒള്ളവരാ?
കന്യാസ്ത്രീ: പഞ്ചാബി സിസ്റ്റേഴ്സേ..
കര്‍ദിനാള്‍: അവരെ കൊണ്ടുവരണ്ട. അവരെ കൊണ്ടുവന്നാ സംഗതി ഇഷ്യു വേറെയാകും.
കന്യാസ്ത്രീ: ഇഷ്യു വേറെയാകും.
കര്‍ദിനാള്‍: മലയാളികള്‍ മാത്രമെ വരാവു. പഞ്ചാബികളെ കൊണ്ടുവരരുത് കേട്ടോ. പഞ്ചാബികളെ കൊണ്ടുവരാന്‍ നമുക്ക് പറ്റത്തില്ല. അതോര്‍ത്തോണം.
കന്യാസ്ത്രീ: പക്ഷേ ഇതൊക്കെ കൈവിട്ടുപോകും പിതാവേ..
കര്‍ദിനാള്‍: ആരുടെ കൈവിട്ട്?
കന്യാസ്ത്രീ: ഇതൊന്നും ഇങ്ങനെ നിക്കുമെന്ന് തോന്നുന്നില്ല. വീട്ടുകാരുതന്നെ സിവിലില്‍ പോകും.
കര്‍ദിനാള്‍: വീട്ടുകാര് സിവിലില്‍ പോകുന്നേ പൊക്കൊട്ടെ. അപ്പം അങ്ങേര് പഠിക്കട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പഠിക്കട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെളിയിക്കാന്‍ മാര്‍ഗമൊന്നുമില്ലല്ലോ.
കന്യാസ്ത്രീ: ഒണ്ട്. തെളിയിക്കാന്‍ മാര്‍ഗം എന്റെ കൈയിലുണ്ട്.
കര്‍ദിനാള്‍: ഒണ്ടെങ്കി അങ്ങോട്ടുപറഞ്ഞാ മതി.
കന്യാസ്ത്രീ: ഉവ്വ.
കര്‍ദിനാള്‍: ഇതെവിടെയാ കേസു കൊടുക്കുന്നെ?
കന്യാസ്ത്രീ: ഇവിടെ നാട്ടില്. നാട്ടിലെ പോലീസ് സ്റ്റേഷനി കൊടുക്കും.
കര്‍ദിനാള്‍: അഡ്വക്കേറ്റ്സിനോടൊക്കെ ആലോചിച്ചിട്ടുമതി.
കന്യാസ്ത്രീ: ആരോടാലോചിച്ചിട്ടാ?
കര്‍ദിനാള്‍: അഡ്വക്കേറ്റ്സ്.
കന്യാസ്ത്രീ: ഒ.കെ. ഉവ്വ ഉവ്വ.
കര്‍ദിനാള്‍: നിങ്ങള് സ്വന്തം ആങ്ങളയോടൊക്കെ ആലോചിച്ചിട്ടുമതി.
കന്യാസ്ത്രീ: ഉവ്വ ഉവ്വ. ആയിക്കോട്ടെ.
കര്‍ദിനാള്‍: ഇപ്പം നിങ്ങള് കുറച്ച് സിസ്റ്റേഴ്സ് പീഡനം സഹിക്കാന്‍ പറ്റാഞ്ഞിട്ട് സ്വമേധയാ ഇറങ്ങിപ്പോന്നെന്ന് പറഞ്ഞാ മതി. അവരെല്ലാവരും കൂടി സംഘടിച്ച് എന്റടുത്ത് വന്ന് ഞാനവരെ വീടുകളില്‍ നില്‍ക്കാന്‍ തല്‍ക്കാലം പറയുന്നു. എന്നിട്ട് ഞാന്‍ നുണ്‍ഷ്യോയ്ക്ക് എഴുതാം.(ഇവിടെ പറയുന്ന ഒരു വാചകം വ്യക്തമല്ല). അല്ലെങ്കില്‍ ഇതൊന്നും വേണ്ട. നിങ്ങള് തീരുമാനിക്കുകയാണെങ്കില്‍ കേസുകൊടുക്കാം. പോരുകൊന്നും വേണ്ട.
കന്യാസ്ത്രീ: ഉടുപ്പിട്ടിട്ടുതന്നെ കേസു കൊടുത്തൂടെ? സഭേല്‍ത്തന്നെ നിന്നോണ്ട് കേസ് കൊടുക്കാലോ?
കര്‍ദിനാള്‍: അതുവേണേല്‍ ചെയ്യാമാരിക്കും. എനിക്കറിഞ്ഞൂടാ. അഡ്വക്കേറ്റ്സിനോട് ചോദിക്ക്. ഒന്നും ഞാന്‍ പറഞ്ഞിട്ട് ചെയ്തെന്ന് പറയരുത്. അതുപിന്നെ കുഴപ്പമാകും. എന്നോട് പോലീസ് ചോദിച്ചാല്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നേ പറയൂ. നിങ്ങള് സ്വമേധയാ ചെയ്തതാണെന്ന് പറയും.
കന്യാസ്ത്രീ: പിതാവിന് ഞാന്‍ ജൂലായിലൊരു കത്ത് തന്നിരുന്നു പിതാവെ.
കര്‍ദിനാള്‍: ലെറ്ററൊക്കെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഞാനൊന്നും പറഞ്ഞതായിട്ട് പോലീസിനോട് പറഞ്ഞേക്കരുത്. അത് തീര്‍ത്തുപറയാം. നിങ്ങള് സ്വമേധയാ ചെയ്യുന്നതായിട്ട് വരണം. എന്തായാലും. കേസായാലും പോരുന്നതായാലും.
കന്യാസ്ത്രീ: ഒ.കെ.
കര്‍ദിനാള്‍: ഒ.കെ.
Join WhatsApp News
Anthi kristhavan 2018-07-19 16:23:17
സഭാ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രുഭുമി പത്രം ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്. അല്ല, ഹിന്ദു സന്യാസിമാര്‍ കുടുങ്ങുമ്പോള്‍ മനോരമയും ഒട്ടും മോശമല്ലല്ലൊ.
ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ അറിയാത്തവര്‍ ഉള്ളപ്പോള്‍ പത്രത്തെ എന്തിനു കുറ്റം പറയുന്നു?
ഈ സംഭാഷണം കന്യാസ്ത്രി റിക്കോര്‍ഡ് ചെയ്തതാണോ? എങ്കില്‍ ആളൊരു കേമത്തി ആണല്ലോ. എല്ലാം വളരെ വെല്‍ പ്ലാന്‍ഡ്...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക