Image

ഫോര്‍മാലിന്‍; വടകരയില്‍ 6000 കിലോ മത്സ്യം പിടിച്ചെടുത്തു

Published on 20 July, 2018
   ഫോര്‍മാലിന്‍; വടകരയില്‍ 6000 കിലോ മത്സ്യം പിടിച്ചെടുത്തു

കോഴിക്കോട്‌ നിന്നും കണ്ണൂരിലേക്ക്‌ കൊണ്ടുപോകുകയായിരുന്ന ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടിച്ചെടുത്തു. 6000 കിലോ മത്സ്യമാണ്‌ വടകരയില്‍ വച്ച്‌ പിടികൂടിയത്‌. തമിഴ്‌നാട്‌ നാഗപട്ടണത്തുനിന്ന്‌ കൊണ്ടുവന്ന മത്സ്യമാണ്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ പിടികൂടിയത്‌.

മത്സ്യം പഴകിയതിനാല്‍ കോഴിക്കോട്‌ മാര്‍ക്കറ്റില്‍ നിന്നും തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന്‌ മത്സ്യവുമായി കണ്ണൂരിലേക്ക്‌ പോകും വഴി വടകര കോട്ടക്കടവില്‍ വാഹനം തകരാറിലായി. വണ്ടിയില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം പുറത്തു വന്നതിനെതുടര്‍ന്ന്‌ നാട്ടുകാര്‍ മോട്ടര്‍ വാഹന വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പ്‌ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്നാണ്‌ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം കണ്ടെത്തിയത്‌.

തുടര്‍ പരിശോധനകള്‍ക്ക്‌ ശേഷമേ മത്സ്യത്തില്‍ ചേര്‍ത്തിട്ടുള്ള മറ്റുരാസവസ്‌തുക്കള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്ന്‌ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ `സാഗര്‍ റാണി' യുടെ ഭാഗമായി സംസ്ഥാനത്ത്‌ പരിശോധനകള്‍ തുടര്‍ന്നു വരികയാണ്‌. ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ടണ്‍ കണക്കിന്‌ മത്സ്യമാണ്‌ രാസവസ്‌തുക്കള്‍ ചേര്‍ത്തതിന്‌ പിടിച്ചെടുത്തത്‌.

മൃതദേഹങ്ങള്‍ അഴുകാതെ സൂക്ഷിക്കാനാണ്‌ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്‌. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കാനുളള മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഫോര്‍മലിന്‍ ലായനിയില്‍ സൂക്ഷിക്കും. ശരീരത്തിനകത്തെത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക