Image

മോഡി നടത്തിയത്‌ 42 വിദേശ ട്രിപ്പുകള്‍ ; സന്ദര്‍ശിച്ചത്‌ 84 രാജ്യങ്ങള്‍

Published on 20 July, 2018
 മോഡി നടത്തിയത്‌ 42 വിദേശ ട്രിപ്പുകള്‍ ; സന്ദര്‍ശിച്ചത്‌ 84 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: അവിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചാലും പരാജയപ്പെട്ടാലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ ചുറ്റിയടിച്ച പ്രധാനമന്ത്രി എന്ന നരേന്ദ്രമോഡിയുടെ റെക്കോഡ്‌ ഇനിയാര്‍ക്കും മറികടക്കാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. 2014 ല്‍ അധികാരത്തില്‍ എത്തിയതിന്‌ പിന്നാലെ അദ്ദേഹം സഞ്ചരിച്ചത്‌ 84 രാജ്യങ്ങള്‍. യാത്രകള്‍ക്കായി ചാര്‍ട്ടേഡ്‌ ഫ്‌ളൈറ്റ്‌ ഉള്‍പ്പെടെ ചെലവാക്കിയത്‌ 1,484 കോടി രൂപയാണെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കി.

വിദേശകാര്യ സഹമന്ത്രി വി കെ സിംഗാണ്‌ രാജ്യസഭയ്‌ക്ക്‌ മുന്നില്‍ പ്രധാനമന്ത്രിയുടെ യാത്രാ ചെലവുകള്‍ പുറത്തുവിട്ടത്‌. 2014 ജൂണ്‍ 15 നും 2018 ജൂണ്‍ 10 നും ഇടയില്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ 1,088.42 കോടി ചെലവിട്ടു.

 ചാര്‍ട്ടേ്‌ഡ ഫ്‌ളൈറ്റിനായി 387.26 കോടിയും. ഹോട്ട്‌ ലൈനായി 9.12 കോടിയും ചെലവിട്ടു. 2014 മെയ്‌ യില്‍ അധികാരമേറ്റ ശേഷം 42 വിദേശ ട്രിപ്പുകളിലായി 84 രാജ്യങ്ങളാണ്‌ സന്ദര്‍ശിച്ചത്‌. വിദേശ സന്ദര്‍ശനത്തിലെ ഹോട്ട്‌ലൈന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ള ചെലവുകളാണ്‌ വികെ സിംഗ്‌ പുറത്തുവിട്ടത്‌.

2015 - 16 ല്‍ 24 രാജ്യം സന്ദര്‍ശിച്ച പ്രധാനമന്ത്രി 2017-18 ല്‍ 19 രാജ്യങ്ങളും 2016-17 ല്‍ 18 രാജ്യങ്ങളും സന്ദര്‍ശിച്ചു. 2014-15 ല്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ആദ്യം പോയത്‌ 2014 ജൂണില്‍ ഭൂട്ടാനിലേക്കായിരുന്നു. 2018 ല്‍ 10 രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം കഴിഞ്ഞ മാസം ചൈനയിലാണ്‌ ഒടുവില്‍ പോയത്‌.

 വിദേശത്തേക്കുള്ള 2014-15 യാത്രയില്‍ ചാര്‍ട്ടേഡ്‌ ഫ്‌ളൈറ്റുകള്‍ക്കായി 93.76 കോടിയും 2015-16 ല്‍ 17 കോടിയും ചെലവിട്ടു. 2016-17 ല്‍ 76.27 കോടിയും 2017-18 ല്‍ ചാര്‍ട്ടേഡ്‌ ഫ്‌ളൈറ്റുകള്‍ക്കായി 99.32 കോടിയും ചെലവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക