Image

ബിസിനസ്സ് രംഗത്തെ രാജപദവിയുമായി സാബു.എം.ജേക്കബ്

അനില്‍ പെണ്ണുക്കര Published on 20 July, 2018
ബിസിനസ്സ് രംഗത്തെ രാജപദവിയുമായി സാബു.എം.ജേക്കബ്
ഒരു ജീവിക്കും തന്റെ ജീവിതത്തെ നിയന്ത്രിക്കുക സാധ്യമല്ല. പലപ്പോഴും ജീവിതം നമ്മുടെ പ്രതീക്ഷകള്‍ മറികടന്നു അസാധാരണങ്ങളിലേക്ക് തേര് തെളിക്കും. ചിലര്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങളും അത് പോലെ തകര്‍ച്ചകളും നല്‍കും. മറ്റുചിലര്‍ക്ക് നിരന്തരം കഷ്ടപ്പാടും പ്രയാസങ്ങളും നല്‍കി ഒടുക്കം വിജയത്തിന്റെ പരമോന്നതങ്ങളില്‍ എത്താനുള്ള അവസരം കൊടുക്കും. അത്തരത്തില്‍ ഇല്ലായ്മയില്‍ നിന്നു തുടങ്ങി, വെല്ലുവിളികള്‍ നേരിട്ട്, പല പരീക്ഷണങ്ങളിലൂടെയും സഞ്ചരിച്ചു, ഒടുവില്‍ നേട്ടങ്ങളുടെ പടി കയറിയ വ്യക്തിയാണ് സാബു.എം.ജേക്കബ്. കിറ്റക്‌സ് എന്ന ബിസിനസ് സംരംഭത്തിന്റെ അതികായന്‍ .ലോകത്തെ തന്നെ ബിസിനസ്സ് രംഗത്തെ രാജപദവിക്ക് അര്‍ഹനായതിനു പിന്നില്‍ കഷ്ടപ്പാടിന്റെ, വിയര്‍പ്പിന്റെ കറപുരണ്ട ഒരു കഥയുണ്ട്, ഒന്നുമല്ലാത്തവനെ എല്ലാമാക്കി തീര്‍ത്ത കഥ!

പുതുമയേറിയ വഴികളിലൂടെ ബിസ്സിനസ്സ് രംഗത്തേക്ക് പ്രവേശിക്കുമ്പോള്‍ അറിവും കുറെ ആശയങ്ങളും മാത്രമേ കൂട്ടായി ഉണ്ടായിരുന്നുള്ളു.പിതാവും അന്ന ഗ്രൂപ്പ് സ്ഥാപകനായ എം സി ജേക്കബ് 1968ല്‍ എട്ട് തൊഴിലാളികളുമായി ബിസിനസിനു തുടക്കമിട്ടത്.സാധാരണക്കാരുടെ നിത്യ ജീവിതത്തില്‍ ആവശ്യമുള്ള വസ്ത്രം, കറി മസാലകള്‍,അലുമിനിയം പാത്രങ്ങള്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങളിലൂടെയാണ് അന്ന ഗ്രൂപ്പ് എറണാകുളത്തിനടുത്തുള്ള കിഴക്കമ്പലം എന്ന ഗ്രാമത്തെ ലോക വ്യവസായ ഭൂപടത്തില്‍ തന്റേതായ രീതിയില്‍ അടയാളപ്പെടുത്തിയപ്പോള്‍ പുതിയ പദ്ധതികളുമായി അദ്ദേഹത്തിന്റെ ആണ്‍ മക്കളും ലോക ശ്രദ്ധ നേടുകയായിരുന്നു

1978ല്‍ കിറ്റെക്‌സ് ഗാര്‍മെന്‍റ്‌സ് എന്ന പേരില്‍ ഒരു ടെക്‌സ്‌റ്റൈല്‍സ് ബിസിനസ്തു ടങ്ങി .പ്രധാനമായും കുട്ടികളുടെ വസ്ത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടായിരുന്നു തുടങ്ങിയത്. ഇന്ന് അദ്ദേഹത്തിന്റെ ഫാക്ടറി ഉല്‍പ്പന്നങ്ങളില്‍ 95% വും യു. എസ് മാര്‍ക്കറ്റുകളിലും ബാക്കി 5% യൂറോപ്പ്യന്‍ മാര്‍ക്കറ്റുകളിലുമാണ് വിറ്റഴിക്കുന്നത്.കുട്ടികളുടെ വസ്ത്ര നിര്‍മാണത്തില്‍ ലോകോത്തര കമ്പനികളില്‍ മൂന്നാം സ്ഥാനമാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനുള്ളത്. ഇവിടെ കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ മാത്രമാണ് നിര്‍മിക്കുന്നത്. ജനിച്ചു വീഴുന്ന കുട്ടികള്‍ മുതല്‍ രണ്ടു വയസുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയിട്ടുള്ളതാണ് ഇവ.

കുട്ടികളുടെ വസ്ത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണിപ്പോള്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും സുരക്ഷാ വിഭാഗത്തില്‍ ഇസഡ് കാറ്റഗറിയിലാണുള്ളത്. സുരക്ഷയുടെ കാര്യത്തില്‍ അവിടുത്തെ ഉയര്‍ന്ന കാറ്റഗറി. ചെറിയ കുട്ടികള്‍ വസ്ത്രങ്ങളും അതിലുള്ള ബട്ടന്‍സ് തുടങ്ങിയവയും വായില്‍ വയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതെങ്കിലും രീതിയിലുള്ള കെമിക്കല്‍ റിയാക്ഷന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പിറന്നു വീഴുന്ന കുട്ടികള്‍ക്ക് പ്രതിരോധശേഷി കുറവായതിനാല്‍ പല രോഗങ്ങളുണ്ടാകാനും. ചിലപ്പോള്‍ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

വസ്ത്രത്തില്‍ നിറം ചേര്‍ക്കുന്ന കെമിക്കല്‍ വിഷമയമാണ്. ഇന്ത്യയില്‍ ചായം മുക്കി വസ്ത്രം നിര്‍മിക്കുന്നതില്‍ പ്രത്യേകിച്ച് നിയന്ത്രണങ്ങളോ നിയമങ്ങളോ ഒന്നും തന്നെയില്ല. അമേരിക്കയിലും യൂറോപ്പിലും ഇസഡ് കാറ്റഗറി വേണമെന്ന നിയമം കര്‍ശനമാണ്. വസ്ത്രം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ എല്ലാം മികച്ച നിലവാരം പുലര്‍ത്താന്‍ വേണ്ടി അമേരിക്കന്‍, യൂറോപ്യന്‍ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചിട്ടുള്ളവയാണ്. പ്രകൃതി ദത്ത വസ്തുക്കളായതിനാല്‍ ഇവ കുട്ടികളുടെ ഉള്ളില്‍ പോയാലും പ്രശ്‌നമുണ്ടാകുന്നില്ല. ഭാവിയില്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ള അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് കുട്ടികളുടെ വസ്ത്രങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കിറ്റക്‌സിന് പദ്ധതിയുണ്ട്

തന്റെ കമ്പനിയുടെ വിജയത്തിന് പിന്നില്‍ കമ്പനിയിലെ ഓരോ തൊഴിലാളിക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറയും . ഏകദേശം 9000 തൊഴിലാളികളാണ് അദ്ദേഹത്തിന്റെ ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്. ഓരോ തൊഴിലാളിയുടെയും ക്ഷേമമാണ് ഒരു ഹൃഹനാഥനെപ്പോലെ അദ്ദേഹം ആഗ്രഹിക്കുന്നത്, അതുകൊണ്ടുതന്നെ ഓരോരുത്തരും തങ്ങളുടെ ആത്മാര്‍ത്ഥ സേവനം കമ്പനിക്കായി നല്‍കുന്നുമുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ കമ്പനി ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമ്പനികളില്‍ ഒന്നാണ്.

ആയിരം കോടി രൂപ വിറ്റുവരവ് ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന 15000ഓളം വരുന്ന ജീവനക്കാരെ സ്ഥാപനത്തിന്റെ ശക്തിയായി കാണുന്ന ഗ്രൂപ്പ് വിറ്റുവരവ് 1000 കോടിയിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണ്. ഇതിന്റെ ഭാഗമായി വസ്ത്രങ്ങള്‍ നിര്‍മിക്കാനാവശ്യമായ നൂലുണ്ടാക്കുക, ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങളിലും ഗ്രൂപ്പ് ശ്രദ്ധ പതിപ്പിക്കുന്നു. പുതുമയുള്ള വഴികളും അത്യാധുനിക സംവിധാനങ്ങളും കൈവെള്ളയില്‍ കരുതിയ സാബു, തന്റെ കിറ്റെക്‌സ് ഗാര്‍മെന്‍റ്‌സ് 2020 ലെ ഒന്നാമനാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ബിസ്‌നെസ്സ് രംഗത്ത് പലരോടും മത്സരിച്ചു കിട്ടുന്ന ജയത്തേക്കാള്‍ സമൂഹത്തെ പരിഗണിച്ചു കൊണ്ടുള്ള വിജയമാണ് ഉത്തമമെന്നാണ് അദ്ദേഹത്തിന്റെ തിയറി.

മെച്ചപ്പെട്ട ഗുണനിലവാരമാണ് കിറ്റെക്‌സ് പ്രൊഡക്ടുകളുടെ സവിശേഷത. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ട കിറ്റെക്‌സ് ഇന്ന് രൂപഭംഗിയുടെയും ആഡംബരസമൃദ്ധിയുടെയും ക്ഷേമത്തിന്റെയും ജീവന്‍ തുടിക്കുന്നവയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസ്സിന്റെ പല മേഖലകളിലും കിറ്റെക്‌സ് കടന്നുചെന്നിട്ടുണ്ട്. കിറ്റെക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ എന്ന പദവിക്ക് കോട്ടം തട്ടാതെ തന്റെ എണ്ണമറ്റ പ്രവര്‍ത്തനങ്ങളും കടമകളും തുല്യപ്രാധാന്യത്തോടെ ചെയ്തു തീര്‍ക്കേണ്ട തിരക്കിലാണ് ഇന്ന് സാബു, ഇനിയും ഒരുപാട് വാക്കുകള്‍ പാലിക്കാനുണ്ടെന്നും വിദൂരങ്ങളിലേക്ക് സഞ്ചരിക്കാനുണ്ടെന്നുമുള്ള വിശ്വാസത്തോടെ !
ബിസിനസ്സ് രംഗത്തെ രാജപദവിയുമായി സാബു.എം.ജേക്കബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക