Image

യേശുക്രിസ്തു നമ്മോടു കൂടിയുള്ളതിനാല്‍ കഷ്ടതയും സഹനത്തിലും നമ്മെ കൈപിടിച്ചു മുന്നോട്ടു നയിക്കും

രാജന്‍ വാഴപ്പള്ളില്‍ Published on 20 July, 2018
യേശുക്രിസ്തു നമ്മോടു കൂടിയുള്ളതിനാല്‍ കഷ്ടതയും സഹനത്തിലും നമ്മെ കൈപിടിച്ചു മുന്നോട്ടു നയിക്കും
കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍: വിശ്വാസ പ്രഭയില്‍ തിളങ്ങിനിന്ന കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം ആത്മീയധന്യതയില്‍ കൂടുതല്‍ തിളങ്ങി. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ ആത്മീയനേതൃത്വത്തില്‍ വിജയകരമായി നടന്നു കൊണ്ടിരിക്കുന്ന പ്രസംഗപരമ്പരയുടെ ശേഷിക്കുന്ന ഭാഗങ്ങള്‍ റവ.ഡോ. ജേക്കബ് കുര്യന്‍ നിര്‍വ്വഹിക്കുന്നതിനു മുന്നോടിയായി ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ ഇന്നു നടന്ന പരിപാടികളെക്കുറിച്ച് വിശ്വാസികളെ അറിയിക്കുകയുണ്ടായി. തുടര്‍ന്നു, ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു എന്ന വാക്യത്തെ ആസ്പദമാക്കി റവ.ഡോ. ജേക്കബ് കുര്യന്‍ പ്രസംഗിച്ചു.
തലേന്നു പരിചയപ്പെടുത്തിയ പഴയ നിയമത്തിലെ നാലു വ്യക്തിത്വങ്ങളായ ഹാഗാര്‍, യാക്കോബ്, ജോസഫ്, ഇയ്യോബ് എന്നിവരെ വീണ്ടും എടുത്തു പറഞ്ഞു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ഇവര്‍ പഴയനിയമത്തിലെ കഷ്ടതയുടെയും സഹനത്തിന്റെയും പ്രതിനിധികളാണ്. ഹാഗാര്‍ ഈ കാലഘട്ടത്തിലെ സ്ത്രീകളെയും യാക്കോബ് യുവജനങ്ങളെയും ജോസഫ് ജോലി സ്ഥലത്തെ നിസ്സഹായ അവസ്ഥയേയും കുടുംബാന്തരീക്ഷത്തില്‍ സഹോദരി സഹോദരങ്ങളില്‍ നിന്നും നേരിടുന്ന കഷ്ടതകളെയും സഹനത്തെയും ഓര്‍മ്മിപ്പിക്കുന്നു. ഇയ്യോബ് നിരപരാധിത്വത്തിന്റെ പ്രതിനിധിയായി കഷ്ടതയേയും സഹനത്തെയും നേരിടുന്നു.
ഇന്നു ചിന്തിക്കുമ്പോള്‍, പുതിയ നിയമത്തിന് ബൈബിളിനെ ആധാരമാക്കി കഷ്ടതക്കും സഹനത്തിനും അടിസ്ഥാനങ്ങള്‍ കാണാനാവും. കഷ്ടത, കഷ്ടതയുടെ കാരണം, കഷ്ടതയുടെ അവസാനം, കഷ്ടത അവസാനിപ്പിക്കുന്ന വഴി. ഇതു നാലും കഷ്ടതയ്ക്കു കാരണങ്ങളായ മഹത്തായ സത്യങ്ങളാണെന്ന് ഓര്‍മ്മിപ്പിച്ചു.
ഭഗവദ് ഗീതയിലെ നിഷ്‌ക്കാമകര്‍മ്മത്തെക്കുറിച്ചും ശ്രീബുദ്ധന്‍ ദുഃഖത്തിന്റെ കാരണമായി കണ്ടെത്തിയ നിര്‍വ്വാണത്തെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. പുതിയ നിയമത്തില്‍ കഷ്ടതയുടെയും സഹനത്തിന്റെയും പ്രതിനിധികളായി യേശു ക്രിസ്തു, പൗലോസ് ശ്ലീഹ, പത്രോസ് ശ്ലീഹ എന്നിവരാണ്. 
നമ്മുടെ നിത്യജീവിതത്തില്‍ ചില വേദനകള്‍ നമുക്കു അനുഭവിക്കേണ്ടി വരുന്നതും ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വെളിപ്പെടുത്തലിനായിട്ടാണ്. ഈ ലോകത്തില്‍ എവിടെയെല്ലാം കഷ്ടതയുടെയും സഹനത്തിന്റെയും അനുഭവമുണ്ടോ അവിടെയെല്ലാം പുനരുദ്ധാരണത്തിന്റെയും അനുഭവം ഉണ്ട്. നിങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോള്‍ നിങ്ങളുടെയുള്ളില്‍ അതിനെ അതിജീവിക്കുവാനുള്ള ഒരു പുനരുദ്ധാനം ജനിക്കുകയാണെന്ന് നാം മറന്നു പോവരുത്. ദുഃഖങ്ങളും പരീക്ഷണങ്ങളും ഒരു തുടര്‍ക്കഥയാണ്. ലോകത്തിലെ എല്ലാ മഹാത്മാക്കളും കഷ്ടതയില്‍ കൂടി വളര്‍ന്നു വന്നവരാണ്. നമ്മുടെ ജീവിതത്തില്‍ കഷ്ടതകള്‍, സഹനങ്ങള്‍ വ്യക്തിപരമായിട്ടും കുടുംബപരമായിട്ടും സമൂഹമായിട്ടും കടന്നു പോകുന്ന അവസരങ്ങള്‍ ഉണ്ടാകാം. യേശുക്രിസ്തു നമ്മോടു കൂടെയുള്ളതിനാല്‍ നമ്മുടെ കൈ പിടിച്ചു മുന്നോട്ടു കൊണ്ടു പോകാന്‍ ശക്തനാണെന്നും റവ.ഡോ. ജേക്കബ് കുര്യന്‍ ഓര്‍മ്മിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക