Image

പുറം ജോലി കരാര്‍: റോംനിയ്‌ക്കെതിരെ വിമര്‍ശനവുമായി ബൈഡന്‍; മാര്‍ക്കോ റൂബിയോയുടെ പിന്തുണ റോംനിയക്ക്

Published on 29 March, 2012
പുറം ജോലി കരാര്‍: റോംനിയ്‌ക്കെതിരെ വിമര്‍ശനവുമായി ബൈഡന്‍; മാര്‍ക്കോ റൂബിയോയുടെ പിന്തുണ റോംനിയക്ക്
വാഷിംഗ്ടണ്‍: പുറംജോലി കരാര്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന മിറ്റ് റോംനിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പുറം ജോലി കരാര്‍ നല്‍കിയ വ്യക്തിയായിരുന്നു റോംനിയെന്ന് ബൈഡന്‍ പറഞ്ഞു. മാസാച്യുസെറ്റ്‌സ് ഗവര്‍ണറായിരിക്കെ സംസ്ഥാനത്തുനിന്നുള്ള പുറം ജോലി കരാര്‍ നിരോധിക്കാനായി അസംബ്ലി കൊണ്ടുവന്ന ബില്ലിനെതിരെ റോംനി വോട്ടു ചെയ്തിരുന്നു. ഇതിലൂടെ ലക്ഷക്കണക്കിന് ഡോളറാണ് ഇന്ത്യന്‍ കോള്‍ സെന്ററുകളിലേക്ക് ഒഴുകിയതെന്ന് ബൈഡന്‍ വിമര്‍ശിച്ചു. പുറംജോലി കരാര്‍ നല്‍കുന്ന കമ്പനികള്‍ക്കാണ് റോംനി കൂടുതല്‍ നികുതിയിളവുകള്‍ നല്‍കിയിരുന്നതെന്നും ബൈഡന്‍ പറഞ്ഞു. ബൈഡന്റെ പ്രസ്താവന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുറംജോലി കരാര്‍ വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാവുന്നതിന് ഇടയാക്കുമെന്നാണ് കരുതുന്നത്. യുഎസില്‍ നിന്ന് ഏറ്റവുമധികം പുറംജോലി കരാര്‍ നേടുന്ന ഇന്ത്യയെയായിരിക്കും ഇത് പ്രത്യക്ഷത്തില്‍ ബാധിക്കുക.

മാര്‍ക്കോ റൂബിയോയുടെ പിന്തുണ റോംനിയക്ക്

ഫ്‌ളോറിഡ: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മുന്‍നിരയിലുള്ള മിറ്റ് റോംനിയ്ക്ക് ഫ്‌ളോറിഡ സെനറ്റര്‍ മാര്‍കോ റൂബിയോയുടെ പിന്തുണ. ബറാക് ഒബാമ സര്‍ക്കാരിന്റെ ദുര്‍ഭരണമവസനാപ്പിക്കാന്‍ റോംനിയ്ക്ക് കഴിയുമെന്ന് റൂബിയോ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യാഥാസ്ഥിതിക വോട്ടര്‍മാര്‍ക്കിടയിലും ടീ പാര്‍ട്ടി വോട്ടര്‍മാര്‍ക്കിടയിലും ഏറെ ജനപ്രിയനായ റൂബിയോയുടെ പിന്തുണ റോംനിയ്ക്ക് ഗുണകരമാവുമെന്നാണ് കരുതുന്നത്. അതേസമയം, മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷും റോംനിയക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഫ്‌ളോറിഡയില്‍ നിന്നുള്ള മറ്റൊരു പ്രമുഖനായ ജെബ് ബുഷും റോംനിയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള പ്രൈമറി തെരഞ്ഞെടുപ്പുകള്‍ അന്ത്യഘട്ടത്തിലേക്ക് നീങ്ങവെ റോംനിയ്ക്ക് ഇപ്പോള്‍ 568 ഡെലിഗേറ്റുകളുടെ പിന്തുണയാണ് ഉള്ളത്. മുഖ്യ എതിരാളി റിക് സാന്റോറത്തിന് 273 ഡെലിഗേറ്റുകളുടെ പിന്തുണ മാത്രമെ ഉറപ്പാക്കാനായിട്ടുള്ളൂ. സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനായി 1,144 ഡെലിഗേറ്റുകളുടെ പിന്തുണയാണ് വേണ്ടത്.

യുഎസ് ഹെല്‍ത്ത് കെയര്‍ നിയമത്തില്‍ വാദം പൂര്‍ത്തിയായി

വാഷിംഗ്ടണ്‍: യുഎസ് ഹെല്‍ത്ത് കെയര്‍ നിയമത്തിനെതിരെ 26 സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. മൂന്നു ദിവസമാണ് ഹര്‍ജികളില്‍ വാദം കേട്ടത്. ഹര്‍ജികളില്‍ സുപ്രീംകോടതി ജൂണില്‍ വിധി പ്രസ്താവിക്കും. എല്ലാ യുഎസ് പൗരന്‍മാരും നിര്‍ബന്ധമായും ഹെല്‍ത്ത് കെയര്‍ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണമെന്നും അല്ലാത്ത പക്ഷം പിഴയൊടുക്കണമെന്നുമുള്ള നിയമത്തിനെതിരെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ഭരണത്തിലിരിക്കുന്ന ഇരുപത്തിയാറു സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വരുന്ന വിധി പ്രസിഡന്റ് ബറാക് ഒബാമയെ സംബന്ധിച്ചിടത്തോളവും നിര്‍ണായകമാണ്. വ്യക്തികള്‍ നിര്‍ബന്ധമായും ഹെല്‍ത്ത് കെയര്‍ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണമെന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് നിയമത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. 2010ലാണ് അരനൂറ്റാണ്ട് പഴക്കമുള്ള നിയമത്തിന് പകരം പുതിയ ഹെല്‍ത്ത് കെയര്‍ നിയമം യുഎസ് ജനപ്രതിനിതിസഭ അംഗീകരിച്ചത്. നിയമം പ്രാബല്യത്തിലാവുന്നതോടെ 30 മില്യണ്‍ യുഎസ് പൗരന്‍മാര്‍ കൂടി ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ വരുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.

ഹംഗര്‍ ഗെയിംസിന് യുഎസ് ബോസ്‌കോഫീസ് റെക്കോര്‍ഡ്

ലോസ്ഏയ്ഞ്ചല്‍സ്: ആക്ഷന്‍ ചിത്രം ഹംഗര്‍ ഗെയിംസിന് യുഎസ് ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍. റിലീസ് ചെയ്ത ആദ്യവാരം തന്നെ 155 മില്യണ്‍ ഡോളര്‍ നേടിയാണ് സീക്വല്‍ അല്ലാത്ത ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനെന്ന റെക്കോര്‍ഡ് ഹംഗര്‍ ഗെയിംസ് സ്വന്തമാക്കിയത്. യുഎസ് ബോക്‌സോഫീസില്‍ ഏതെങ്കിലും ഒരു ചിത്രത്തിന് ആദ്യവാരം ലഭിക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ കളക്ഷനെന്ന റെക്കോര്‍ഡും ഹംഗര്‍ ഗെയിംസ് നേടി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹാരി പോര്‍ട്ടര്‍ ഫിനാലെ((169.2 മില്യണ്‍ ഡോളര്‍), 2008ല്‍ പുറത്തിറങ്ങിയ ദ് ഡാര്‍ക് നൈറ്റ്(158.4 മില്യണ്‍ ഡോളര്‍) എന്നിവയാണ് ആദ്യവാരം ഹംഗര്‍ ഗെയിംസിനേക്കാള്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍. സൂസൈന്‍ കോളിന്‍സിന്റെ നോവലിനെ അടിസ്ഥാനമാക്കി ജീവന്‍മരണപ്പോരാട്ടത്തിലേര്‍പ്പിട്ടിരിക്കുന്ന ഒരു കൗമാരക്കാരിയുടെ കഥയാണ് ചിത്രം പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക