Image

വിജയക്കൊടി പാറിച്ച് വിജയന്‍ ഐ. പി. എസ്; 'സ്റ്റുഡന്റ് പോലീസ് 'പദ്ധതി ഇന്ത്യ മുഴുവന്‍

അനില്‍ പെണ്ണുക്കര Published on 21 July, 2018
വിജയക്കൊടി പാറിച്ച് വിജയന്‍ ഐ. പി. എസ്; 'സ്റ്റുഡന്റ് പോലീസ് 'പദ്ധതി ഇന്ത്യ മുഴുവന്‍
ജനങ്ങളുടെ സംരക്ഷകരാണ് പോലീസ്. ഓരോ പോലീസുകാരന്റെയും ജീവിതം ജനങ്ങളുടെയും നാടിന്റെയും സുരക്ഷക്കുള്ള വലിയ വാഗ്ദാനമാണ്. സ്വന്തബന്ധങ്ങളെക്കാള്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്നവരാണവര്‍. ഒരുപക്ഷെ പരാജയപ്പെടേണ്ടി വന്നാല്‍ പോലും വിശ്രമമില്ലാതെ പരിശ്രമിക്കുന്നവര്‍. അര്ഹതയുള്ളവ അതിജീവിക്കുമെന്ന ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ഒരുതരത്തില്‍ പോലീസുകാരന്റെ ജീവിതത്തിനു അനുയോജ്യമായ നിര്‍വചനം തന്നെയാണ്.

ഓരോ പോലീസുകാരന്റെയും ആത്മാര്‍ത്ഥസേവനമാണ് അവരുടെ അര്‍ഹത. ആ അര്‍ഹത ഉപയോഗിച്ച് കഷ്ടപ്പാടുകളെ, വെല്ലുവിളികളെ അതിജീവിച്ച് വിജയം കൈവരിക്കാന്‍ ഓരോ പോലീസുകാരനും സാധിക്കും. അത്തരത്തില്‍ വിജയക്കൊടി നാട്ടിയ വ്യക്തിയാണ് വിജയന്‍ ഐ. പി. എസ്. 'സ്റ്റുഡന്റ് പോലീസ് ' എന്ന പദ്ധതിക്ക് ജീവന്‍ കൊടുത്തത് ഈ ഐ. പി. എസുകാരനാണ്. ഈ പദ്ധതി രാജ്യമൊട്ടുക്കും നടപ്പിലാക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തില്‍ അതിയായ സന്തോഷത്തിലാണ് ഇന്ന് വിജയന്‍.

സ്റ്റുഡന്റ് പോലീസ് എന്ന ഈ മഹത്വമേറിയ പദ്ധതിക്ക് ഹരിയാനയിലെ ഗുര്‍ഗാവില്‍ വെച്ച് ഇന്ന് തുടക്കം കുറിച്ചു . കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉത്ഘാടനം ചെയ്ത ഈ പദ്ധതി പിന്നീട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനമൊരുക്കിക്കൊണ്ട് പൂര്‍ത്തീകരിക്കും. 2010 ലാണ് ഈ പദ്ധതി കേരളത്തില്‍ രൂപം കൊള്ളുന്നത്. വിജയന്‍ ഐ. പി. എസിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്. ഓരോ വിദ്യാലയങ്ങളിലെയും കുട്ടികള്‍ക്ക് വ്യക്തിത്വത്തെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചുമുള്ള ബോധവല്‍ക്കരണമായിരുന്നു ഈ പദ്ധതിയുടെ പ്രഥമലക്ഷ്യം.

കേരളത്തില്‍ ഈ പദ്ധതി വിജയിക്കുകയും പിന്നീട് ഇത് ഗുജറാത്ത്, ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളം സന്ദര്‍ശിച്ച സമയത്ത് ഈ പദ്ധതിയെക്കുറിച്ചു അറിയുകയും ഇത് ദേശീയ തലത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

കേരളത്തില്‍ ഈ പദ്ധതിക്ക് ലഭിച്ച കയ്യടിയും പ്രോത്സാഹനവും രാജ്യമൊട്ടുക്കുമുള്ള ജനങ്ങളെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രേരിപ്പിച്ചു. കുട്ടികള്‍ക്കായുള്ള ഈ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയും ശക്തിയും പകര്‍ന്നു കേരളത്തിലെ വീട്ടമ്മമാര്‍ രംഗത്തെത്തിയിരുന്നു.

പദ്ധതിയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും കായിക പരിശീലനവും, പരേഡ്, റോഡ് സുരക്ഷ ക്യാമ്പയിനുകളും മറ്റും നടത്താറുണ്ട്. ആഗസ്റ്റ് 2 സ്റ്റുഡന്റ് പോലീസ് ദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കേരളത്തിലെ കുട്ടികള്‍ക്കായി മുന്നോട്ടുവെച്ച ഈ പദ്ധതി ദേശീയ നിലവാരത്തിലേക്ക് വളര്‍ന്നതിന്റെ സന്തോഷത്തിലാണ് പി വിജയന്‍ ഐ പി എസ് .ഒരുപക്ഷെ രക്ഷിതാക്കളുടെ അളവറ്റ പ്രോത്സാഹനം കൊണ്ടായിരിക്കും ഈ പദ്ധതി ഇത്രത്തോളം ഉയരത്തില്‍ എത്തിയതെന്നാണ് വിജയന്‍ വിശ്വസിക്കുന്നത്.

സ്റ്റുഡന്റ് പോലീസ് എന്ന പദ്ധതിക്ക് പുറമെ ശബരിമല മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ പുണ്യ പൂങ്കാവനവും വിജയന്റെ ആശയമാണ്. ചുരുങ്ങിയ കാലയളവില്‍ തന്നെ തന്റെ ആത്മാര്‍ത്ഥസേവനം കൊണ്ട് ജനങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വിജയനു കഴിഞ്ഞു. ഈ ഐ. പി. എസുകാരന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ഈ ലോകത്തിനു മാതൃകയായി തന്നെ നിലനില്‍ക്കുമെന്നത് തീര്‍ച്ച.
വിജയക്കൊടി പാറിച്ച് വിജയന്‍ ഐ. പി. എസ്; 'സ്റ്റുഡന്റ് പോലീസ് 'പദ്ധതി ഇന്ത്യ മുഴുവന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക