Image

കൈയെഴുത്തു നോട്ടീസും ബാനറുമായി ഒരു വേനല്‍ശിബിരം

Published on 21 July, 2018
കൈയെഴുത്തു നോട്ടീസും ബാനറുമായി ഒരു വേനല്‍ശിബിരം
ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അവധിക്കാലത്തു നടത്തിവരുന്ന വേനല്‍ശിബിരത്തിന്റെ പ്രചാരണം പതിവു കാഴ്ചകളില്‍ നിന്നും വ്യത്യസ്ത പുലര്‍ത്തി. 

കൗതുകം ഉണര്‍ത്തുന്ന തുണിയില്‍ എഴുതിയ ബാനറും കൈയെഴുത്ത് നോട്ടീസും കേരള തനിമയും മനുഷ്യന്‍ പ്രകൃതിയോടിണങ്ങി ചേര്‍ന്നു ജീവിച്ച കഴിഞ്ഞകാലവും അനുസ്മരിപ്പിക്കുന്നു. 

യുഎഇ സര്‍ക്കാരിന്റെ ആഹ്വാന പ്രകാരം രാജ്യത്തു നടക്കുന്ന പരിസ്ഥിതി സംരക്ഷണ ബോധം ഉണര്‍ത്തുന്ന വിവിധ പരിപാടികളുടെ ചുവടുപിടിച്ചാണ് ഇത്തവണത്തെ വേനല്‍ശിബിരം ഹരിതാഭമായി തുടക്കം കുറിക്കാന്‍ സംഘാടകര്‍ ആലോചിച്ചത്. സാധാരണ കോട്ടണ്‍ തുണിയില്‍ ജലഛായവും പശയും ചേര്‍ത്തു യുവജനപ്രസ്ഥാന പ്രവര്‍ത്തകര്‍ ചുരുങ്ങിയ സമയം കൊണ്ട് തീര്‍ത്തതാണ് വേനല്‍ ശിബിരത്തിന്റെ ബാനര്‍. നോട്ടീസാകട്ടെ തികച്ചും പെന്‍സിലും സ്‌കെച്ചിപെനും ഉപയോഗിച്ച് കൈപ്പടയില്‍ രചിച്ചതും. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇല്ലാതെയും പ്ലാസ്റ്റിക്കിന്റെയും കടലാസിന്റേയും ഉപയോഗം കുറച്ചു കൊണ്ടുമുള്ള യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം സമൂഹത്തിനു മാതൃകയാവുകയാണ്. 

ഗള്‍ഫില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറകളിലേക്ക് പ്രവേശിച്ച മലയാളികള്‍ക്ക് സ്വന്തം നാടിന്റെ ഓര്‍മ്മയും ഗൃഹാതുരതയും പകരുന്നതാണ് ഓരോ വര്‍ഷത്തേയും വേനല്‍ശിബിര കാഴ്ചകള്‍. ജനിച്ചു വളര്‍ന്ന നാടിനേയും മലയാള ഭാഷയേയും അതിന്റെ പൈതൃകത്തേയും പുതുതലമുറക്ക് പകര്‍ന്നു നല്‍കുവാനുള്ള ഇടമായി വേനല്‍ ശിബിരം ഇതിനോടകം മാറിക്കഴിഞ്ഞു. പതിവു വിദ്യാലയ ശൈലികളില്‍ നിന്നും വ്യത്യസ്തമായി കേരളീയ കലകളിലൂടെയും നാടന്‍പാട്ടുകളിലൂടെയും കളികളിലൂടെയുമാണ് യുവാക്കള്‍ കുട്ടികളുമായി സംവേദിക്കുന്നത്. 2004 മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന വേനല്‍ ശിബിരം പതിനാലാം വര്‍ഷത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്.

യുഎഇ യുടെ സായിദ് വര്‍ഷവും ഇടവകയുടെ അന്‍പതാം വര്‍ഷവും പരിഗണിച്ച് സഹിഷ്ണതയും മാനവീകതയുമാണ് ഇത്തവണത്തേ വേനല്‍ശിബിരത്തിന്റെ പഠനവിഷയങ്ങള്‍. അസമത്വവും വര്‍ഗീയതയും നടമാടുന്ന സാമൂഹ്യ ചുറ്റുപാടില്‍ ജാതിമത അതിര്‍ വരന്പുകള്‍ക്ക് അതീതമായി മനുഷ്യന്റെ ചുമതലകളെ ഓര്‍മിപ്പിക്കുകയാണ് വേനല്‍ശിബിരം.

ജൂലൈ 20 ന് (വെള്ളി) രാവിലെ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം 10 മുതല്‍ 5 വരെയാണ് വേനല്‍ശിബിരം ക്രമീകരിച്ചിട്ടുള്ളത്. വിവിധ പ്രായത്തിലുള്ള കുട്ടികളേ തരംതിരിച്ച് അഞ്ചു മൂലകളിലായിട്ടാണ് വേനല്‍ശിബിരം നടക്കുക. കഥകളും കവിതകളും പഠന ക്ലാസുകളും ശാസ്ത്ര പരീക്ഷണങ്ങളും ഗണിതസൂത്രകടംകഥകളും അഭിനയവും തുടങ്ങി വൈവിധ്യമാര്‍ന്ന പഠനമുറകളാണ് സംഘാടകര്‍ വേനല്‍ശിബിരത്തിനായി ഒരുക്കിയിരിക്കുന്നത്. സമാന്തരമായി മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാറും ക്രമീകരിച്ചിട്ടുണ്ട്. സെമിനാറില്‍ യു.എ.ഇയിലേ നിയമങ്ങളും ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കുന്ന നിയമപരിരക്ഷയേയും പറ്റി അഡ്വ.ബിന്ദു എസ്.ചേറ്റൂരും കുട്ടികളുടെ മനഃശാസ്ത്ര സംബന്ധമായ വിഷയത്തില്‍ ഡോ. ഷാജു ജോര്‍ജും ക്ലാസുകള്‍ നയിക്കും. 

വിവരങ്ങള്‍ക്ക് : 050 6856531 

റിപ്പോര്‍ട്ട് : അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക