Image

ദുരിതാശ്വാസത്തിന്റെ രീതികള്‍ (മുരളി തുമ്മാരുകുടി)

Published on 22 July, 2018
ദുരിതാശ്വാസത്തിന്റെ രീതികള്‍ (മുരളി തുമ്മാരുകുടി)
കേരളത്തില്‍ കഴിഞ്ഞ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ഒരു കൂട്ടം ആളുകള്‍ മുറ്റത്ത് മീന്‍ പിടിച്ചും റോഡില്‍ വള്ളം കളിച്ചും ആഘോഷിച്ചപ്പോള്‍ ഏറെപ്പേര്‍ക്ക്ആ ദുരിതമാണ് സമ്മാനിച്ചത്. വീട്ടില്‍ വെള്ളം കയറിയവര്‍, പണിക്ക് പോകാന്‍ വയ്യാത്തവര്‍, ദുരിതാശ്വാസ ക്യാംപില്‍ പോകേണ്ടി വന്നവര്‍ എന്നിങ്ങനെ ദുരിതം അനുഭവിക്കുന്നവര്‍ ഏറെ ഉണ്ട്. സര്‍ക്കാരും സന്നദ്ധ സംഘടനകളും അവര്‍ക്ക് സഹായവുമായി രംഗത്ത് ഉണ്ട്. നല്ല കാര്യം.

രണ്ടു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊള്ളാമായിരുന്നു. ഒന്നാമത് ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് അരിയോ പുതപ്പോ ഒക്കെ കൊടുക്കുന്നതിന്റെ ഫോട്ടോ ഒക്കെ എടുത്ത് ഫേസ്ബുക്കിലും പത്രത്തിലും ഒക്കെ കൊടുക്കുന്നത് ശരിയല്ല. ദുരിതത്തില്‍ അകപ്പെട്ടവര്‍ കാഴ്ച വസ്തുക്കള്‍ അല്ല. അവരുടെ ദുരിതത്തെ നമുക്ക് പബ്ലിസിറ്റിക്കുള്ള അവസരമാക്കരുത്. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് എന്ത് സഹായം കൊടുക്കുമ്പോഴും ഒന്നോര്‍ക്കുക, നാളെ ഒരു പക്ഷെ നമ്മളായിരിക്കാം ഈ സഹായം സ്വീകരിക്കുന്ന അവസ്ഥയില്‍ ഉണ്ടാവുക. ഇന്ന് സഹായം കൊടുക്കാനുള്ള സാഹചര്യം ആയതില്‍ ആശ്വസിക്കുക, അത് മതി.

ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് അരിയും തുണിയും തൊട്ട് മരുന്നുകളും സാനിറ്ററി നാപ്കിനും ഒക്കെ കളക്ട് ചെയ്ത് കൊടുക്കാനുള്ള ശ്രമങ്ങള്‍ കണ്ടു. ദുരിതാശ്വാസത്തിലെ പുതിയ ചിന്തകള്‍ അനുസരിച്ച് ഇത് ശരിയായ കാര്യമല്ല. ഒരു ദുരന്തം ഉണ്ടായി ഒരു നാട്ടില്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതാകുന്ന ആദ്യത്തെ ഒന്നോ രണ്ടോ ദിവസം ഇവ കൊടുക്കാം. പക്ഷെ അത് കഴിഞ്ഞാല്‍ ദുരിതബാധിതര്‍ക്ക് പരമാവധി സഹായം പണമായി കൊടുക്കണം. അപ്പോള്‍ അവര്‍ അവര്‍ക്ക് ഏറ്റവും വേണ്ട വസ്തുക്കള്‍ വാങ്ങും എന്ന് മാത്രമല്ല, ആ പണം അവരുടെ ചുറ്റും കിടന്നു കറങ്ങുകയും ചെയ്യും. (അടുത്തുള്ള കടകളില്‍ ചിലവുണ്ടാകും, അവര്‍ കൂടുതല്‍ പേരെ ജോലിക്ക് വക്കും എന്നിങ്ങനെ). കേരളത്തിലെ എല്ലാ ദുരിതാശ്വാസ കാംപിനും ഒരു കിലോമീറ്റര്‍ ഉള്ളില്‍ തന്നെ അവര്‍ക്ക് വേണ്ടതെല്ലാം കിട്ടുമല്ലോ അത് വാങ്ങാനുള്ള പണം കൊടുത്താല്‍ മതി, പ്രത്യേകിച്ചും ഗൃഹനാഥയുടെ കയ്യില്‍. കേരളത്തിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിക്കേണ്ടത് പണമാണ്, അല്ലാതെ പുതപ്പും അരിയും ഒന്നുമല്ല. ദൂരെ പ്രദേശത്തു നിന്നും ദുരിതബാധിതര്‍ക്ക് അരിയും വെള്ളവും ഒക്കെ സംഭരിച്ചു കൊടുക്കുന്ന തരത്തില്‍ ഉള്ള ഒരു "വിസിബിലിറ്റി" കുറച്ചു പണം സംഘടിപ്പിച്ചു കൊടുക്കുമ്പോള്‍ ഉണ്ടാവില്ല. പക്ഷെ ഒരു കാര്യം ഓര്‍ക്കുക, ദുരന്തം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനം ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ താല്പര്യങ്ങള്‍ ആണ്, ദുരിത നിവാരണത്തില്‍ ഏര്‍പ്പെടുന്നവരുടെ അല്ല.

ദുരന്ത നിവാരണത്തിന്റെയും ദുരിതാശ്വാസത്തിന്റെയും കാര്യത്തില്‍ നമ്മുടെ പുതിയ തലമുറയെ കൂടുതല്‍ പരിശീലിപ്പിക്കണം, ഇടപെടുന്നത് ഒരു ശീലമാക്കി എടുക്കുകയും വേണം. സംസ്ഥാന യുവജന കമ്മീഷനും ദുരന്തനിവാരണ അതോറിറ്റിയും ഒക്കെ ഇക്കാര്യത്തില്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക