Image

ഇതെന്തൊരു ചിരി ബോംബ്

Published on 22 July, 2018
ഇതെന്തൊരു ചിരി ബോംബ്
സംവിധായകന്‍ ഷാഫി ചിത്രങ്ങള്‍ എന്നു പറയുമ്പോള്‍ ചിരിക്കാനുള്ള ഒരു മിനിമം ഗാരണ്ടി പടം എന്ന വിശ്വാസണ്ടായിരുന്നു പ്രേക്ഷകര്‍ക്ക്. സാമാന്യം നല്ല കെട്ടുറപ്പുള്ള കഥയും തിരക്കഥയും സാന്ദര്‍ഭികമായ തമാശകളും പ്രണയവുമൊക്കെ ചേരുംപടി ചേരുന്ന സിനിമയായിരുന്നു അതെല്ലാം. ടു കണ്‍ട്രീസ് എന്ന വിജയ ചിത്രത്തിനു ശേഷം ഷാഫി എന്ന സംവിധായകന്‍ ഒരുക്കിയ ചിത്രങ്ങള്‍ പക്ഷേ ആ നിലവാരത്തില്‍ എത്തുന്നില്ല എന്നതു സത്യമാണ്. ഇപ്പോള്‍ റിലീസായ 'ഒരു പഴയ ബോംബ് കഥ' എന്ന ചിത്രവും ഏതാണ്ട് ഈ പാതയിലാണ് സഞ്ചരിക്കുന്നത്. എങ്കിലും അത്യാവശ്യത്തിന് നര്‍മമുള്ളതു കൊണ്ട് കണ്ടിരിക്കാം എന്ന ആശ്വാസമുണ്ട്.

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് എന്നിവരുടെ തിരക്കഥാ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചവയാണ്. ആകാരഭംഗിയോ അംഗപരിമിതിയോ ഒന്നുമല്ല സ്വപ്നങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നതെന്നും ആത്മവിശ്വാസതതോടെ മുന്നേറിയാല്‍ ഏതു സ്വപ്നവും സ്വന്തമാക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഇവരുടെ ചിത്രങ്ങള്‍. വിഷ്ണു നായകനായി എത്തിയ കട്ടപ്പനയിലെ ഹൃത്വികി റോഷന്‍ എന്ന സിനിമ നേടിയ വിജയം ഇതിന്റെ ഉദാഹരണമാണ്. ഇപ്പോള്‍ ബിബിന്‍ ജോര്‍ജും ഈ ചിത്രത്തിലൂടെ നായകനാവുകയാണ്.

ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം അരങ്ങേറുന്നത്. കാലിന് സ്വാധീനക്കുറവുളള ബിബിന്‍ ജോര്‍ജ് അങ്ങനെ തന്നെയുള്ള നായകനായി എത്തുന്ന ചിത്രം എന്ന നിലയ്ക്ക് ഒരു പഴയ ബോംബ് കഥ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീക്കുട്ടന്‍ എന്ന കഥാപാത്രമായാണ് ബിബിന്‍ ജോര്‍ജ് എത്തുന്നത്. അവന് കുറേ നല്ല കൂട്ടുകാരുണ്ട്. അവരുമൊത്ത് ജീവിതം വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നു പോകുമ്പോഴാണ് അപ്രതീക്ഷിതമായി അവന്റെ ജീവിതത്തിലേക്ക് ഒരാള്‍ കടന്നു വരുന്നത്. അതോടെ അവന്റെ ജീവിതം മാറി മറിയുന്നു. തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളെ നേരിടാന്‍ തന്റേതായ രീതിയില്‍ അവന്‍ വഴികള്‍ കണ്ടെത്തുന്നതും ഒടുവില്‍ എല്ലാം കലങ്ങി തെളിഞ്ഞ് ശുഭകരമായി പര്യവസാനിക്കുന്നതുമാണ് ചിത്രം പറയുന്നത്.

മലയാള സിനിമയില്‍ അംഗപരിമിതനായ ഒരാള്‍ നായകനാകുന്നത് അപൂര്‍വമാണ്. തന്റെ ശാരീരിക പരിമിതിയില്‍ നിന്നുകൊണ്ട് ശ്രീക്കുട്ടന്‍ എന്ന കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ ബിബിന് കഴിഞ്ഞിട്ടുണ്ട്. മുഴുനീള നായകനാകുന്നതിന്റെ പരിഭ്രമമൊന്നും ഇല്ലാതെയാണ് ബിബിന്‍ ശ്രീക്കുട്ടന് ജീവന്‍ നല്‍കിയിട്ടുള്ളത്. കട്ടപ്പനയിലെ ഋതിക് റോഷനിലും ബിബിന്‍ അതിഥി താരമായി എത്തിയിരുന്നു. അതുപോലെ കൂട്ടുകാരായി ഹരീഷ് കണാരനും ഹരിശ്രീ അശോകനും കൂടി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വകയൊക്കുന്നുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ പോരായ്മായി മാറുന്നത് ഇതൊന്നുമല്ല. അംഗപരിമിതി ഒരു വ്യക്തിയുടെ സ്വപ്നങ്ങള്‍ക്ക് തടസമാകുന്നില്ല എന്നത് സമര്‍ത്ഥിക്കാനാണ് സംവിധായകന്‍ ഈ സിനിമയിലൂടെ ശ്രമിച്ചതെങ്കില്‍ അത് പലപ്പോഴും മറന്നു പോയ മട്ടാണ്. മാത്രവുമല്ല അങ്ങനെ മാതൃകാപരമായ ഒരു സന്ദേശം നല്‍കാനുള്ള ശ്രമവും ഒരിടത്തും കണ്ടില്ല. തന്റെ കുറവുകളെ കുറിച്ചു വേവലാതിപ്പെടാതെ ജീവിതത്തെ പ്രസാദാത്മകമായി കാണുന്ന ചെറുപ്പക്കാരനാണ് ശ്രീക്കുട്ടന്‍ എന്നു പറയാനാണ് സംവിധായകന്‍ ശ്രമിക്കുന്നതെങ്കിലും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളില്‍ പലപ്പോഴും അത് വ്യതിചലിച്ചു പോവുകയാണ്. പരസ്പര ബന്ധമില്ലാത്ത സംഭവങ്ങളാണ് ചിത്രത്തില്‍ കാണാനാകുക. മാവോയിസ്റ്റ് ആക്രമണവും ബോംബ് നിര്‍മ്മിക്കുന്ന സ്റ്റഡി ക്‌ളാസും വെടിയും പുകയുമൊക്കെയായി ആകെയൊരു കലപിലയാണ് ചിത്രം. ഉത്തരാഖണ്ഡിലെ മാവോയിസ്റ്റ് വേട്ടയോടെ ആരംഭിക്കുന്ന ചിത്രം അവസാനിക്കുമ്പോഴും അതെന്തിനായിരുന്നു എന്നു മാത്രം പ്രേക്ഷകന് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇതിനിടെ നായകന്റെ പ്രേമവും.

കലാഭവന്‍ ഷാജോണ്‍ പോലീസ് വേഷത്തില്‍ തനിക്കു നന്നായി തിളങ്ങാന്‍ സാധിക്കുമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. നായിക പ്രയാഗ മാര്‍ട്ടിന് നായകന്റെ കണ്ണില്‍ നോക്കി പ്രണയപൂര്‍വം ചിരിച്ചു കൊണ്ടു നടക്കുക കഥയില്‍ കാര്യമായ പ്രസക്തിയൊന്നുമില്ല. എങ്കിലും തന്റെ കഥാപാത്രത്തെ പ്രയാഗ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അമിത പ്രതീക്ഷകളില്ലാതെ, യുക്തിചിന്തകള്‍ മാറ്റി വച്ചു കാണാന്‍ പോയാല്‍ അത്യാവശ്യം ആസ്വദിക്കാന്‍ കഴിയുന്ന സിനിമയാണ് ഒരു പഴയ ബോംബ് കഥ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക