Image

അവിശ്വാസ പ്രമേയം തള്ളി ആലിംഗനവും കണ്ണിറുക്കലും ഗുണം ചെയ്യുമോ? (പി.വി.തോമസ് : ദല്‍ഹികത്ത് )

ദല്‍ഹികത്ത് Published on 23 July, 2018
അവിശ്വാസ പ്രമേയം തള്ളി ആലിംഗനവും കണ്ണിറുക്കലും ഗുണം ചെയ്യുമോ? (പി.വി.തോമസ് : ദല്‍ഹികത്ത് )
അങ്ങനെ ഒരു അവിശ്വാസ പ്രമേയത്തിന്റെ കൊട്ടും കുരവയും ഒടുങ്ങി. പ്രതീക്ഷിച്ചിരുന്നതു പോലെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ലോകസഭ വോട്ടിനിട്ട് തള്ളി. വന്‍ഭൂരിപക്ഷത്തോടെ മോഡി ഗവണ്‍മെന്റ് വിജയിച്ചു(325-126). പക്ഷേ, ഇത് ഇവിടെ തീരുന്നില്ല. വന്‍വിജയവും ദയനീയ പരാജയവും അല്ല ഇവിടെ പ്രധാന വിഷയം. വന്‍ വിജയം രാഷ്ട്രീയമായി അത്ര വലിയ വിജയം അല്ല. ദയനീയ പരാജയം രാഷ്ട്രീയമായി അത്ര ദയനീയമ പരാജയവും അല്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആയിട്ടുള്ള ഏകപക്ഷീയമായ ഗാഢാലിംഗനവും പിന്നീടുള്ള രാഹുലിന്റെ കണ്ണിറുക്കലും ചര്‍ച്ചാവിഷയം ആണ്. എന്തായാലും ജൂലൈ ഇരുപതാം തീയതി ലോകസഭയില്‍ നടന്നത് 2019 ആരംഭത്തിലെ ലോകസഭ തെരഞ്ഞെടുപ്പിന്റെ യവനിക ഉയര്‍ത്തല്‍ ആയിരുന്നു. അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇതില്‍ പ്രതിപക്ഷം എന്ത് നേടി? ഒപ്പം ഭരണപക്ഷവും. ഇതും പരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്.

അവിശ്വാസപ്രമേയ വാഗ്വാദം രാഹുല്‍ഗാന്ധിയും മോഡിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരായിട്ടാണ് പ്രതീക്ഷിച്ചിരുന്നതും കലാശിച്ചതും. ഇതില്‍ രാഷ്ട്രീയപരമായി ആരാണ് വിജയച്ചത് എന്നത് പരാമര്‍ശന വിധേയം ആണ്. അത് വഴിയെ. അതിനപ്പുറം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പരസ്പരം ആക്രമിക്കുവാനുള്ള ഒരു അവസരം ആയിരുന്നു അത്. അത് അവര്‍ ശരിക്കും വിനിയോഗിച്ചു. മറ്റൊന്ന്, ഒന്നുകില്‍ ഇത് പ്രതിപക്ഷത്തിന്റെ ഐക്യത്തെ തുറന്നുകാണിക്കും, അല്ലെങ്കില്‍ വിള്ളലും. അതുപോലെ തന്നെ ഭരണസഖ്യത്തിന്റെയും. അതും ഏതാണ്ട്  വ്യക്തമായി. പ്രതിപക്ഷത്തിന് ഗവണ്‍ മെന്റിന്റെ ഭരണ വൈകല്യത്തെയും നയത്തെയും അഴിമതിയെയും തുറന്നു കാട്ടാനായാല്‍ അത് വലിയ ഒരു വിജയം ആയിരിക്കും. ഒപ്പം അവിശ്വാസ പ്രമേയം അവതരിപ്പിച്ച തെലുഗുദേശം പാര്‍ട്ടിയുടെ ആരോപണമായ ആന്ധ്രയോടുള്ള വഞ്ചനയും ഫെഡറല്‍ സംവിധാനത്തോടുള്ള അനീതിയും അവഗണനയും. അതില്‍ അവര്‍ വിജയിച്ചോ എന്തായിരുന്നു മോഡിയുടെയും ഭരണസഖ്യത്തിന്റെയും പ്രതിരോധവും പ്രത്യാക്രമണവും? മോഡി അദ്ദേഹത്തിന്റെ സ്വതസിദ്ധമായ വാഗ്ചാതുര്യത്തില്‍ ദിവസം കവര്‍ന്നോ> അതും പരിശോധിക്കണം.

നാലര വര്‍ഷത്തെ ഭരണത്തിനുള്ളില്‍ മോഡി സര്‍ക്കാര്‍ നേരിട്ട ആദ്യത്തെ അവിശ്വാസപ്രമേയം ആണ് ഇത്. ഒരു പക്ഷേ, അവസാനത്തേതും. വിശ്വാസ-അവിശ്വാസപ്രമേയങ്ങള്‍ ഇന്‍ഡ്യന്‍ പാര്‍ലിമെന്റിന്റെ ചരിത്രത്തില്‍ അത്ര പുതുമയല്ല. ഇരുപത്തി ഏഴാമത്തെ പ്രമേയം ആണ് ഇത്. ഇതിന് മുമ്പുള്ള വിശ്വാസ-അവിശ്വാസ പ്രമേയങ്ങളില്‍ ചില ഗവണ്‍മെന്റുകള്‍ നിലം പതിച്ചു. ചിലത് അവയെ അതിജീവിച്ചു. ആദ്യത്തെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആദ്യത്തെ ഗവണ്‍മെന്റ് ആയ ജവഹര്‍ലാല്‍ ഗവണ്‍മെന്റിന് എതിരായിട്ടായിരുന്നു, 1963-ല്‍. അത് പരാജയപ്പെട്ടു. ആചാര്യ ജെ.ബി.കൃപലാനി ആയിരുന്നു ആ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ഇന്ദിരഗാന്ധിയാണ് ഏറ്റവും കൂടുതല്‍ അവിശ്വാസപ്രമേയം അഭിമുഖീകരിച്ച ഇന്‍ഡ്യന്‍ പ്രധാനമന്ത്രി,15. 1993- ലെ വിശ്വാസപ്രമേയം പി.സി. നരസിംഹറാവു ഗവണ്‍മെന്റ് തരണം ചെയ്തു. ഇത് ബാബറി മസ്ജിദ് ഭേദനത്തിന് ശേഷം ആയിരുന്നു. 1999-ല്‍ വാജ്‌പേയ് ഗവണ്‍മെന്റ് അവിശ്വാസ പ്രമേയം ഒരു വോട്ടിന് തോറ്റു. എങ്കിലും തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ തിരിച്ചു വന്നു. 2008-ല്‍ സി.പി.എം. ഇന്‍ഡോ-യു.എസ്. ആണവ കരാറിനെ തുടര്‍ന്ന് മന്‍മോഹന്‍സിംങ്ങ് ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും വിശ്വാസവോട്ട് നേടി.

ഇതേ വിഷയത്തില്‍ - ആന്ധ്രപ്രദേശിന് പ്രത്യേക പദവി- ബജറ്റ് സെഷനില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഒരു അവിശ്വാസയ പ്രമേയം മോഡി ഗവണ്‍മെന്റിന് എതിരായി അവതരിപ്പിച്ചെങ്കിലും ഗവണ്‍മെന്റ് അതിനെ ചെറുത്തു. പ്രമേയത്തെ അവതരിപ്പിക്കുവാന്‍ ലോകസഭ സ്പീക്കര്‍ അനുവദിച്ചില്ല സഭാ തടസം കാരണം കാണിച്ച്. പക്ഷേ വര്‍ഷകാല സമ്മേളനത്തില്‍ ഗവണ്‍മെന്റ് ഇതിനെ അനുകൂലിച്ചത് പ്രതിപക്ഷത്തെപോലും അമ്പരിപ്പിച്ചു. ഇതിന് രണ്ട് പ്രധാനകാരണങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഒന്ന് സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തെ നേരിടുന്നതില്‍ വൈമുഖ്യം കാണിക്കുന്നുവെന്ന ആരോപണത്തെ പൊളിക്കുക. രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രതിപക്ഷ ഐക്യത്തെ അളക്കുക. മൂന്ന് പ്രതിപക്ഷത്തെ അതിന്റെ ആരോപണങ്ങള്‍ കൊണ്ട് തന്നെ തിരിച്ചടിക്കുക. പ്രതിപക്ഷം വടി കൊടുത്ത്് അടി വാങ്ങുന്ന ഒരു അവസ്ഥ സൃഷ്ടിക്കുക. പോരെങ്കില്‍ മോഡിയും ഉണ്ട് പ്രമേയത്തിന് മറുപടി പറയുവാന്‍. ഭൂരിപക്ഷം ഗവണ്‍മെന്റിന് ഒരു പ്രശ്‌നവും ആയിരുന്നില്ല. ഇതിലെല്ലാം ഗവണ്‍മെന്റ് വിജയിച്ചോ? തീര്‍ച്ചയായും അംഗബലത്തില്‍ ഗവണ്‍മെന്റ് വിജയിച്ചു. പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. പ്രതിപക്ഷം വടികൊടുത്ത് അടിവാങ്ങിച്ചോ? ഇല്ല തന്നെ. വടികൊണ്ട്  അടികൊടുക്കുക തന്നെ ചെയ്തു തോറ്റെങ്കിലും. പക്ഷെ, പ്രതിപക്ഷത്തിനും തോല്‍വി ഉണ്ടായി. ബിജു ജനതദളും, തെലുങ്കാന രാഷ്ട്രസമിതിയും പ്രതിപക്ഷത്തില്‍ നിന്നും വിട്ടു നിന്ന് സഭയില്‍ ഹാജരാകാതിരുന്നത് പ്രതിപക്ഷത്തിലെ വിള്ളല്‍ വെളിപ്പെടുത്തി. ഇവര്‍ രണ്ടുപേരും കയ്യാലപ്പുറത്തെ തേങ്ങ ആയിരുന്നു അടുത്ത കാലത്തായി. ഭരണസഖ്യത്തിന് വന്‍ തിരിച്ചടി ആയത് ഘടക കക്ഷിയായ ശിവസേന പിന്തുണക്കാതെ വോട്ടെടുപ്പില്‍ നിന്നും ഒഴിഞ്ഞു നിന്നതാണ്. പക്ഷേ, അണ്ണദ്രാവിഡ മുന്നേറ്റ കഴഗത്തിന്റെ പിന്തുണ ഭരണസഖ്യത്തിന് വലിയ ആശ്വാസം ആയി. ശിവസേനക്കുള്ള വലിയ ആശ്വാസം ആയി. ശിവസേനക്കുള്ള 18 ലോകസഭ സീറ്റ് നഷ്ടം എന്‍.ഡി.എ. അണ്ണഡി.എം.കെ.യുടെ 37 സീറ്റ് കൊണ്ട് വിദഗ്ദധമായി പരിഹരിച്ചു. ബിജു ജനത ദളിന്റെയും(20) തെലങ്കാന രാഷ്ട്ര സമിതിയുടെയും (11) വിട്ടുനില്‍ക്കലും ഭരണസഖ്യത്തെ സഹായിച്ചു. പ്രതിപക്ഷ ഭിന്നതയെ തുറന്നുകാണിച്ചു.
അവിശ്വാസ പ്രമേയത്തില്‍ പ്രധാനവിഷയം ആയ ആന്ധ്രപ്രദേശിനോടുള്ള അവഗണ മാത്രം അല്ല ചര്‍ച്ചാവിഷയം ആയത്. സാമ്പത്തീക-വിദേശ-ദേശീയ സുരക്ഷ- രംഗങ്ങള്‍ തലനാരിഴകീറി പരിശോധിക്കപ്പെടുകയുണ്ടായി. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് വിധേയം ആയ ആള്‍ക്കൂട്ട  കൊലയെ പരാമര്‍ശിച്ച് ഗൃഹമന്ത്രി രാജ്‌നാഥ് സിംങ്ങ് നടത്തിയ പരാമര്‍ശനം ശ്രദ്ധേയം ആയി. അദ്ദേഹം പറഞ്ഞു ആള്‍ക്കൂട്ട കൊല ആരംഭിച്ചത് ഗോസംരക്ഷകര്‍ അല്ല. 1984-ലെ സിക്ക് വിരുദ്ധകലാപകാരികള്‍(കോണ്‍ഗ്രസ്)ആണ്. മന്ത്രിയുടെ ആരോപണം ശരിയായിരിക്കാം. പക്ഷേ, ഒരു ഗൃഹമന്ത്രിയാണ് സുപ്രീംകോടതിയുടെ പോലും വിമര്‍ശന വിധേയമായ ഈ ആള്‍ക്കൂട്ടകൊലയെ മറ്റൊരു കൂട്ടക്കൊലയിലൂടെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നതെന്ന് മനസിലാക്കണം. അദ്ദേഹം 2002- ലെ മോഡി ഭരണകാലത്തെ ഗുജറാത്ത് വംശഹത്യയെ സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്തു. അതിനപ്പുറം എന്ത് ആള്‍ക്കൂട്ട കൊലയാണ് ഇന്‍ഡ്യയില്‍ ഉണ്ടായിട്ടുള്ളത്? ശരിതരൂരിന്റെ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശനത്തിനും യുക്തമായ ഒരു മറുപടി നല്‍കുവാന്‍ ഭരണസഖ്യത്തിനും ഗൃഹമന്ത്രിക്കും സാധിച്ചില്ല.
രാഹുല്‍ഗാന്ധിയുടെ പ്രസംഗം അതിശക്തവും രൂക്ഷമായ ആക്രമണപരവും ആയിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയും വ്യത്യസ്തം ആയിരുന്നു. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെതുറന്ന് കാട്ടുന്നതും ആയിരുന്നു. ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളും സ്ത്രീസുരക്ഷയും തൊഴില്‍ ഇല്ലായ്മയും, ധോക്കലാം പ്രിതസന്ധിയും, ജി.എസ്.റ്റിയും എല്ലാം അദ്ദേഹം വെട്ടിത്തുറന്ന് വിമര്‍ശിച്ചു. റാഫേല്‍ ഇടപാടില്‍ അദ്ദേഹം ഗവണ്‍മെന്റിനെയും മോഡിയെയും നിശിതമായി വിമര്‍ശിച്ചെങ്കില്‍ രക്ഷാമന്ത്രി നിര്‍മ്മല സീതാരാമനും മോഡിയും ഫ്രഞ്ച് ഗവണ്‍മെന്റും അദ്ദേഹത്തെ ഖണ്ഡിച്ചു. പക്ഷേ, വസ്തുതകള്‍ ഇനിയും ബാക്കി നില്‍ക്കുന്നു. മോഡി ഒരു കാവല്‍ക്കാരന്‍ അല്ല(ചൗക്കിദാര്‍) ഒരു പിണയാള്‍(ബാഗിദാര്‍) ആണ് ഇതുപോലുള്ള ഇടുപാടുകളില്‍ എന്ന് രാഹുല്‍ വ്യക്തമാക്കി. മോഡി ചങ്ങാത്ത മുതലാളിമാരുടെ കയ്യിലെ ഒരു കളിപ്പാവ മാത്രം ആണെന്നും അദ്ദേഹം വിവക്ഷിച്ചു. പ്രസംഗം ഗംഭീരമായിരുന്നു. ഈ വക രൂക്ഷവിമര്‍ശനത്തിന് ശേഷം ആണ് രാഹുല്‍ മോഡിയുടെ സീറ്റിലേക്ക് നടന്നുചെന്ന് ഇരിക്കുകയായിരുന്ന അദ്ദേഹത്തെ ആശ്ലേഷിച്ചത്. നയപരമായി ഇത് ഒരു വിജയം ആയിരുന്നോ അത് തിരിച്ചടി ആകുമോ എന്ന് പറയാറായിട്ടില്ല.

ഏതായാലും മോഡി പതിവുപോലെ തന്റെ വാക്ക് കരുത്ത് പുറത്തെടുത്തു കൊണ്ടായിരുന്നു അവിശ്വാസപ്രമേയ വാഗ്ദ്വാനം അവസാനിപ്പിച്ചത്. 90 മിനിറ്റിലെ അദ്ദേഹത്തിന്റെ പ്രസംഗം 50 മിനിറ്റിലെ രാഹുലിന്റെ പ്രസംഗത്തെ ബന്ധിക്കുവാന്‍ ആണ് മുഖ്യമായും ഉപയോഗിച്ചത്. അതില്‍ നല്ല ഒരു അളവ് വരെ മോഡി വിജയിക്കുകയും ചെയ്തു. പക്ഷേ, രാഹുലിന്റെ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു. മോഡിയുടെ ഉത്തരങ്ങള്‍ തെളിയിക്കേണ്ടിയിരിക്കുന്നു. പക്ഷേ, ഗവണ്‍മെന്റും മോഡിയും അവിശ്വാസ പ്രമേയത്തെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിഞ്ഞു. ഇനി എന്ത്? മോഡി ഒരു വെല്ലുവിളിയോടെ പ്രതിപക്ഷത്തോട് പറഞ്ഞത് 2014-ലും അവര്‍ക്ക് ഒരു അവിശ്വാസപ്രമേയം അവതരിപ്പിക്കാം എന്നാണ്. അതായത് 2019-ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ ജയിച്ച് പ്രധാനമന്ത്രിയായി ഗവണ്‍മെന്റ് രൂപീകരിക്കുമെന്ന്. ഇതാണ് പ്രതിപക്ഷത്തിന്റെ മുമ്പിലുള്ള വെല്ലുവിളി.




അവിശ്വാസ പ്രമേയം തള്ളി ആലിംഗനവും കണ്ണിറുക്കലും ഗുണം ചെയ്യുമോ? (പി.വി.തോമസ് : ദല്‍ഹികത്ത് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക