Image

ശംഖുപുഷ്പം ചായ കുടിക്കാം (ലൗഡ് സ്പീക്കര്‍ 40: ജോര്‍ജ് തുമ്പയില്‍)

Published on 24 July, 2018
ശംഖുപുഷ്പം ചായ കുടിക്കാം (ലൗഡ് സ്പീക്കര്‍ 40: ജോര്‍ജ് തുമ്പയില്‍)
ചായകുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ? എന്നും കുടിക്കുന്നതില്‍ നിന്നും അല്‍പ്പം വ്യത്യസ്മായ ചായയാണെങ്കിലോ? പറയാനുമില്ല, ആ ദിവസം തന്നെ നിങ്ങളെ മാറ്റിമറിച്ചേക്കാം. അത്തരത്തില്‍ വളരെ വ്യത്യസ്തമായ ചില ചായകളുമായി ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നു. ലോകത്തിലെ നൂറില്‍ പരം രാജ്യങ്ങളിലേക്ക് വ്യത്യസ്തമായ രുചികളുള്ള ചായ നല്‍കാന്‍ തയ്യാറാണന്ന് അറിയിച്ചിരിക്കുന്ന അവരുടെ പുതിയ ചായക്കൂട്ടാണ് ഏറ്റവുമധികം ശ്രദ്ധ നേടുന്നത്. നീലനിറത്തിലുള്ളതാണ് ഈ ചായ. കൊതിപ്പിക്കുന്ന സുഗന്ധമാണ് ഇതിന്റെ പ്രത്യേകതയെന്നും കമ്പനി പറയുന്നു. കെമിക്കലുകള്‍ ഒന്നും ഉപയോഗിക്കുന്നില്ലെന്നും തികച്ചും ജൈവമായ വിധത്തിലാണ് ഈ നിലചായയെ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. ടീ ബോക്‌സ് ഡോട്ട് കോം ആണ് നീലചായയെ രംഗത്ത് എത്തിച്ചിരിക്കുന്നത്.  ശംഖുപുഷ്പം ഉപയോഗിച്ചാണത്രേ ഇതു നിര്‍മിക്കുന്നത്. ഇത്തരത്തില്‍ ലോകത്ത് ലഭിക്കുന്ന ആദ്യത്തെ ചായയും ഇതു തന്നെ. നീലച്ചായ പോഷകഗുണങ്ങളാല്‍ സമ്പന്നമാണത്രേ. കൗശല്‍ ദുഗര്‍ എന്ന ഇന്ത്യക്കാരനാണ് ഇതിനു പിന്നില്‍. ശരീരത്തിനു ദോഷകരമായ യാതൊന്നുമില്ലാത്ത നീലചായ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. എന്തായാലും പുറത്തിറങ്ങി ദിവസത്തിനുള്ളില്‍ തന്നെ സംഭവം സൂപ്പര്‍ഹിറ്റ്. ഓണ്‍ലൈന്‍ സ്റ്റോറില്‍ ഇത് ഔട്ട് ഓഫ് സ്റ്റോക്ക് എന്നാണ് കാണിക്കുന്നത്. ബ്ലൂ അമോര്‍ എന്നാണ് ഇതിനു നല്‍കിയിരിക്കുന്ന പേര്. നൂറു ഗ്രാം ഉപയോഗിച്ച് 20 കപ്പ് ചായ ഉണ്ടാക്കാമെന്നും വില 599 രൂപയാണെന്നും വെബ്‌സൈറ്റില്‍ കാണാം. എന്തായാലും ഇനി സംഭവം വന്നാലുടന്‍ ഒന്നു പരീക്ഷിച്ചു നോക്കണം. ചായപ്രേമികളെ ഹരം കൊള്ളിക്കുന്നു വ്യത്യസ്തമായ നിരവധി ചായക്കൂട്ടുകള്‍ ഇതിലുണ്ട്. ഒന്നു കയറി നോക്കാവുന്നതാണ്.

*** ***** *****
ലോകത്തെ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന സ്ഥലം ഏതെന്ന ചോദ്യത്തിന് അമേരിക്കയോ ചൈനയോ എന്നു മാത്രമേ സംശയമുള്ളു. എന്നാല്‍ കൂടുതല്‍ സംശയിച്ച് തല പുണ്ണാക്കേണ്ടതില്ല. അത് എവിടെയായിരുന്നാലും സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ പിന്തുണക്കുന്നത് ചൈനയിലാണെന്നു നിസ്സംശയം പറയാം. റോഡിലൂടെ നടക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ നോക്കി കൊണ്ടു പോകാനായി മാത്രം അവിടെയൊരു നടപ്പാത ഉണ്ടാക്കിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണില്‍ കണ്ണുനട്ട് നടക്കുന്നവര്‍ക്കുവേണ്ടിയുള്ളതാണ് ഈ പാത. നൂറു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള പാതയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇക്കൂട്ടര്‍ക്കു മാത്രമേ നടക്കാന്‍ അനുമതിയുള്ളൂ. പാതയില്‍ സ്മാര്‍ട്ട്‌ഫോണ്‍ അടിമകള്‍ക്കു മാത്രം എന്ന അറിയിപ്പും എഴുതിയിട്ടുണ്ട്. മറ്റു പാതകളില്‍നിന്നു തിരിച്ചറിയുന്നതിനായി പച്ച നിറമുള്ള ബോര്‍ഡുകളാണ് ഈ നടപ്പാതയ്ക്ക് നല്‍കിയത്. ഇവിടുത്തെ തിരക്കേറിയ ഷോപ്പിംഗ് മാളിന്റെ മുന്നിലുള്ള പാതയില്‍ സ്ഥിരമായഅപകടങ്ങള്‍ നടക്കുന്നതാണ് ഇത്തരമൊരു സംഭവത്തിലേക്ക് അധികൃതരെ എത്തിച്ചതത്രേ. എന്നാല്‍ ഇത് വാഷിങ്ടണ്‍ ഡിസിയിലെ എയ്റ്റീന്‍ത് സ്ട്രീറ്റിനു നല്‍കിയിരിക്കുന്നതു സമാനമായ റോഡ് ചിഹ്നങ്ങളാണെന്നു ലോകമാധ്യമങ്ങള്‍ കണ്ടു പിടിച്ചിട്ടുണ്ട്. അതു കൊണ്ട് ഇതിനു വലിയ പുതുമയൊന്നുമില്ലെന്നും അസൂയക്കാര്‍ പറഞ്ഞുപരത്തുന്നു. 2012-ല്‍ ഫിലഡല്‍ഫിയയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി ഒരു ഇ-ലെയ്ന്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പിന്നീട് അതൊരു ഏപ്രില്‍ ഫൂള്‍ മാത്രമായിരുന്നുവെന്ന് കാണിച്ച് അധികൃതരും രംഗത്തു വന്നിരുന്നു. എന്തായാലും അമേരിക്ക കാണിച്ചു കൊടുത്തു ചൈന നടപ്പാക്കിയെന്നതു പോലെയായി കാര്യങ്ങള്‍. ചൈനയിലെ ചോങ്ക്വിങ് പ്രവിശ്യയിലാണ് ലോകതത്തിലെ തന്നെ ആദ്യത്തേതെന്നു വിശേഷിപ്പിക്കാവുന്ന ഇത്തരമൊരു പാത തുറന്നിരിക്കുന്നത്.

*** ***** *****
ഒരു നിധിശേഖരത്തിന്റെ വാര്‍ത്തയ്ക്കു പിന്നാലെയാണ് ഇപ്പോള്‍ അമേരിക്ക. സംഭവം ഇങ്ങനെ- പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തോമസ് ജെ ബെയ്‌ലിയാണ് കഥയിലെ നായകന്‍. അദ്ദേഹത്തിനു ന്യൂമെക്‌സിക്കോ കൊളറാഡോ അതിര്‍ത്തിയില്‍നിന്നും വലിയൊരു നിധി കിട്ടുന്നു. തന്റെ ജന്മ സ്ഥലമായ വെര്‍ജീനിയിലേക്ക് ഈ നിധി ശേഖരം അദ്ദേഹം കടത്തി. ഇതാരെയും അറിയിക്കാതെ മരണം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചു. എന്നാല്‍ വില്‍പ്പത്രം എഴുതിയതാടെ സംഗതി അങ്ങാടിപ്പാട്ടായി. ഈ നിധി പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അതു കണ്ടെത്താന്‍ കഴിയുന്ന ആര്‍ക്കും നിധി സ്വന്തമാക്കാമെന്നുമാണ് വില്‍പ്പത്രത്തില്‍. അപ്പോള്‍ പിന്നെ ആരെങ്കിലും വെറുതേയിരിക്കുമോ? സംഗതിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചു സൂചന നല്‍കുന്ന രഹസ്യ കോഡും അദ്ദേഹത്തിന്റെ വില്‍പ്പത്രത്തിലുണ്ട്. ഡാന്‍ ബ്രൗണ്‍ എഴുതിയ ഡാവിഞ്ചി കോഡു പോലെ നിരവധി ഗണിത അക്കങ്ങളാണ് മൂന്നു കുറിപ്പുകളിലായി ഉള്ളത്. ഒരോ അക്കങ്ങളും ഏതോ അക്ഷരത്തെ സൂചിപ്പിക്കുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അക്കങ്ങളില്‍നിന്ന് അക്ഷരം കണ്ടെത്താനുള്ള സൂചിക(താക്കോല്‍) നല്‍കിയിരുന്നില്ല. കുറിപ്പിലെ രഹസ്യഭാഷ കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പലരും ആളൊഴിഞ്ഞ ഇടങ്ങള്‍ മാന്തുന്നു, കുഴിക്കുന്നു. സെമിത്തേരിയിലെ ശവക്കല്ലറകള്‍ പോലും തുറന്നു നോക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണത്രേ. ഇപ്പോഴത്തെ വാര്‍ത്ത എന്താണെന്നു വച്ചാല്‍ അജ്ഞാതനായ ഒരു ലിപി വിദഗ്ധന്‍ ഇതിലൊരു കോഡ് വായിച്ചിരിക്കുന്നു. അതുപ്രകാരം നിധി സൂക്ഷിച്ചിരിക്കുന്നത് വെര്‍ജീനിയയില്‍ തന്നെയാണെന്നും അതിലേക്കുള്ള വഴി വൈകാതെ തുറന്നു കിട്ടുമെന്നും പറഞ്ഞിരിക്കുന്നു. എന്നാല്‍ അതിന് എത്ര സമയമെടുക്കുമെന്ന ചോദ്യത്തിന് മറുപടി മാത്രമില്ല. കാരണം നിധിയിലേക്കുള്ള ദൂരത്തെക്കുറിച്ചുള്ള കുറിപ്പ് ഇപ്പോഴും വലിയൊരു സമസ്യയായി തുടരുകയാണത്രേ. ഈ നിധിയുടെ ഒരു കാര്യം എന്തായാലും വീക്കെന്‍ഡില്‍ വെര്‍ജിനയക്കാര്‍ക്ക് ഇതിനു വേണ്ടി ഒന്നു ശ്രമിക്കാവുന്നതാണ്. കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടിയെന്നല്ലേ പഴഞ്ചൊല്ല്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക