Image

ഉരുട്ടിക്കൊല കേസിന്റെ ഗതി മാറ്റിയത് ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാറിന്റെ കണ്ടെത്തല്‍

Published on 25 July, 2018
ഉരുട്ടിക്കൊല കേസിന്റെ ഗതി മാറ്റിയത് ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാറിന്റെ കണ്ടെത്തല്‍
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊല കേസിന്റെ ഗതി മാറ്റിയത് ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാറിന്റെ കണ്ടെത്തലാണ്. പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടിക്കൊല്ലുമ്‌ബോള്‍ തിരുവനന്തപുരം ആര്‍.ഡി.ഒ ആയിരുന്നു മോഹന്‍കുമാര്‍. ഉദയകുമാറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതും മോഹന്‍ കുമാറായിരുന്നു.

നെഞ്ച് വേദനയെ തുടര്‍ന്ന് സ്‌റ്റേഷനില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോഷണക്കേസ് പ്രതി അവിടെ വച്ച് മരിച്ചെന്നാണ് ആര്‍.ഡി.ഒയ്ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. പിന്നാലെ മൃതദേഹ പരിശോധനയ്ക്കായി മോഹന്‍ കുമാര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തി. മുണ്ടുടുത്ത് കിടക്കുന്ന നിലയിലായിരുന്നു ഉദയകുമാറിന്റെ മൃതദേഹം. ഒറ്റനോട്ടത്തില്‍ ശരീരത്തില്‍ പ്രകടമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും യുവാവിന്റെ മുണ്ട് അഴിച്ചുമാറ്റി പരിശോധിച്ചു. തുടയില്‍ ചുവന്ന നിറത്തില്‍ വലിയ പാടുകള്‍ കണ്ടു. ഉടന്‍ തന്നെ സീനിയര്‍ പൊലീസ് ഓഫീസറുടെ മറുപടിയെത്തി, ''അത് ത്വക്ക് രോഗമാണ് സോറിയാസിസ്''. 

വിശ്വാസം വരാതെ മോഹന്‍കുമാര്‍, കരുവാളിച്ചു കിടക്കുന്ന ആ പാടുകളില്‍ തൊട്ടുനോക്കി. പഴുത്ത ചക്കയില്‍ തൊടുംപോലെ വിരലുകള്‍ ആഴ്ന്നുപോയി. ഇത് സോറിയാസിസ് അല്ലെന്ന് അദ്ദേഹത്തിന് മനസിലായി. തുടര്‍ന്ന് ഉദയകുമാറിന്റെ മൃതദേഹം സൂക്ഷ്മമായി അദ്ദേഹം പരിശോധിച്ചു. ഉപ്പൂറ്റിയില്‍ ലാത്തി കൊണ്ട് അടിയേറ്റ പാടുകള്‍. ശരീരത്തില്‍ പലയിടത്തും ഉരഞ്ഞപാടുകളും ചെറിയ പരിക്കുകളും കണ്ടെത്തി. ഇതോടെ കസ്റ്റഡിമരണം സംശയിക്കുന്നുവെന്നും വിദഗ്ദ ഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ആര്‍.ഡി.ഒ റിപ്പോര്‍ട്ടെഴുതി. ഇതോടെയാണ് സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള പൊലീസിന്റെ വഴികള്‍ അടഞ്ഞു. മൃതദേഹത്തിന്റെ തുടയില്‍ കത്തി തൊട്ടപ്പോള്‍ കറുത്ത ചോര ചീറ്റിത്തെറിക്കുന്നതുകണ്ട് പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയി. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. കടുപ്പമേറിയ എന്തോ ഉപകരണം കൊണ്ട് തുടയില്‍ ശക്തിയായി ഉരുട്ടിയതാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പിന്നീട്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ആര്‍.ഡി.ഒ, ഉദയകുമാറിന്റേത് ഉരുട്ടിക്കൊലയാണെന്ന് സ്ഥിരീകരിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക