Image

പണിക്കന്‍പാട്ട് പാടുന്ന ഭരണപക്ഷ പണ്ടാരങ്ങള്‍ (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)

Published on 25 July, 2018
പണിക്കന്‍പാട്ട് പാടുന്ന ഭരണപക്ഷ പണ്ടാരങ്ങള്‍ (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)
കേരളത്തില്‍ ജന്മി അടിയാന്‍ സന്പ്രദായം നില നിന്നിരുന്ന കാലത്ത് ചില പ്രദേശങ്ങളിലെങ്കിലും നടപ്പിലിരുന്ന ഒരാചാരമാണ് ' പണിക്കര്‍ പാട്ട് ' നൂറു കണക്കായ തന്റെ അടിയാളന്മാരുടെ ഇടയില്‍ ( ചാനല്‍ ഭാഷയില്‍ ) ജന്മി അടിച്ചു പൊളിക്കുന്ന കാലം. നൂറു കണക്കിന് ഏക്കറുകളില്‍ പരന്നു കിടക്കുന്ന തമ്പ്രാന്റെ മണ്ണില്‍ തലമുറകളായി പണിയെടുത്ത് അന്നന്നപ്പം നേടിയിരുന്ന അടിയാളന്മാര്‍ക്ക് തന്പ്രാന്‍ കാണപ്പെട്ട ദൈവം തന്നെ ആയിരുന്നു. ചങ്ങന്പുഴയുടെ നൊന്പരങ്ങളില്‍, മാതേവന്റെ സ്വപ്നങ്ങളെ ചവിട്ടി മെതിച്ചു കൊണ്ടും, മാടത്തിന്റെ മുറ്റത്ത് കുലച്ചു വിളഞ്ഞ ഞാലിപ്പൂവന്റെ കുലയറുക്കാന്‍ മാത്രമല്ലാ, മാടത്തിനുള്ളില്‍ വളര്‍ന്നു മുറ്റുന്ന നിറ യൗവനങ്ങളുടെ മധുരം നുകരാനും തന്പ്രാന്‍ മടിച്ചിരുന്നില്ലായെങ്കിലും " എല്ലാം തന്പ്രാന്റെ ഇട്ടം " എന്ന ആത്മഗതത്തില്‍ പരാതികളും, പരിഭവങ്ങളുമില്ലാതെ അടിയാളന്മാര്‍ ജീവിച്ചു പോന്നു.

തമ്പ്രാനു വേണ്ട പണിയായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനും, കാലാ കാലങ്ങളില്‍ മൂര്‍ച്ച വരുത്തുന്നതിനുമായി തന്പ്രാന്റെ സ്ഥലത്ത് കുടില് കെട്ടി പാര്‍ക്കുന്ന പണിക്കന്‍ ( ഇരുമ്പ് പണിക്കാരന്‍ ) ആണ് ഇവിടെ കഥാപാത്രം. മറ്റുള്ള അടിയാളന്മാരെക്കാള്‍ അല്‍പ്പം ഉയര്‍ന്ന സ്ഥാനവും, അവകാശങ്ങളും ഇവര്‍ക്ക് തന്പ്രാന്‍ അനുവദിച്ചിരുന്നു. ആയുധങ്ങള്‍ കാച്ചുന്നതിനുള്ള ( മൂര്‍ച്ച വരുത്തുന്നതിനുള്ള ) കൂലി കൊയ്ത്തു കാലത്ത് നെല്ലായിട്ടാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഓണം, വിഷു മുതലായ വിശേഷ അവസരങ്ങളില്‍ ഒരുടുപ്പ് മുണ്ടും ( ഒരൊറ്റ മുണ്ടും തോര്‍ത്തും ) തന്പ്രാന്‍ ഇവര്‍ക്ക് അനുവദിച്ചിരുന്നു.

ഇതിനിടയില്‍ ഒരു ദിവസം എല്ലാവരെയും പോലെ തമ്പ്രാാനും മരിക്കുന്നു. പടിക്കലെ ( തന്പ്രാന്റെ ഭവനം.) മുറ്റത്ത് ഉയരുന്ന താല്‍ക്കാലിക പന്തലില്‍ തന്പ്രാന്റെ ശവം കുളിപ്പിച്ച് കിടത്തുന്നത് മുതല്‍ ശവ സംസ്കാരം കഴിയുന്നത് വരെയുള്ള സമയത്ത് പണിക്കനും, പണിക്കത്തിയും ( പണിക്കന്റെ ഭാര്യ ) കൂടി നടത്തിയിരുന്ന പതം പറഞ്ഞുള്ള കരച്ചിലിനെയാണ് ' പണിക്കര്‍ പാട്ട് ' എന്ന് വിളിച്ചിരുന്നത്.

പണിക്കനും, പണിക്കത്തിയും കൂടി ദുഃഖ ഭാരത്തോടെ പന്തലിലെത്തുന്നതോടെ പരിപാടി തുടങ്ങുന്നു. പിന്നെ നെഞ്ചത്തടിച്ചു വലിയ വായിലേയുള്ള കരച്ചിലാണ്. പൊട്ടിപ്പൊട്ടിയുള്ള ഈ കരച്ചിലിനിടയില്‍ തന്പ്രാന്റെ ധീര വീര കൃത്യങ്ങളും, തങ്ങള്‍ക്ക് തന്പ്രാന്‍ ചെയ്തു തന്നിട്ടുള്ള ഉപകാരങ്ങളും എണ്ണിയെണ്ണി പതങ്ങളായി പറഞ്ഞു കൊണ്ടിരിക്കും. തന്പ്രാന്റെ മക്കളും, ബന്ധക്കാരും നാട്ടുകാര്യങ്ങള്‍ പറഞ്ഞു മാറി നില്‍ക്കുന്‌പോളും, പണിക്കനും, പണിക്കത്തിയും നിര്‍ത്താതെയുള്ള ഈ കരച്ചിലും, പതം പറച്ചിലും തുടര്‍ന്നു കൊണ്ടേയിരിക്കും. അതില്‍ ഒരു ഭാഗം ഏതാണ്ട് ഇങ്ങനെയായിരിക്കും :

അടിയോന്റെ വല്യമ്പ്രാന്‍ ഒണ്ടാരുന്നപ്പം,
പയങ്കോണാന്‍ അടിയത്തിന് തരുവാരുന്നല്ലോ !
ങാ, ങ്ങീ ,....ങാ, ങ്ങീ, ങാ, ങ്ങീ.....

വല്യമ്പ്രാന്‍ കെട്ടിപ്പഴകിയ പഴങ്കോണാന്‍ അഥവാ, കൗപീനം സൗജന്യമായി പണിക്കന് കിട്ടിയിരുന്നത് പണിക്കന്‍ പതം പറഞ്ഞു കരയുകയാണ്. ഇത് പോലെയുള്ള ഓരോ പതങ്ങളിലൂടെയും വല്യമ്പ്രാന്റെ വീര കൃത്യങ്ങള്‍ ഒന്നൊന്നായി പണിക്കര്‍ പാട്ടിലൂടെ വന്നു കൊണ്ടേയിരിക്കും.

ശവസംസ്കാരം നടക്കുന്ന സ്ഥലം വരെയും ഈ പതം പറച്ചിലും നെഞ്ചത്തടിയും തുടരുന്ന പണിക്കനും, പണിക്കത്തിയും ശവമടക്കും കഴിഞു നേരേ പടിക്കലോട്ട് ചെല്ലും. അവിടെ പതം പറയുന്നവര്‍ക്കുള്ള ഒരവകാശമുണ്ട്. രണ്ടു പറ നെല്ല് വീതം ഓരോ പതം പറച്ചിലുകാര്‍ക്കും കിട്ടും. രണ്ടാം മുണ്ടു കോട്ടിക്കെട്ടി അതില്‍ രണ്ടു പറ നെല്ലിട്ടു ഭാണ്ഡമാക്കി, അതും പേറി പടിയിറങ്ങുന്നതോടെ പണിക്കര്‍ പാട്ടിനു തിരശീല വീഴുന്നു. നാല് പറ നെല്ലില്‍ നാലാഴ്ച കുടിലില്‍ തീ പുകയുന്നതോര്‍ത്തു പണിക്കനും, പണിക്കത്തിയും ആശ്വസിക്കുന്നു. അടുത്ത തന്പ്രാന്‍ തട്ടിപ്പോകാനും, അടുത്ത പാട്ടില്‍ കരഗതമാകുന്ന നാല് പറ നെല്ലിനുമായി മനസ്സില്‍ പ്രാര്‍ത്ഥിക്കുന്നു?

ഈ കഥ ഇപ്പോള്‍ ഇവിടെ പറയാന്‍ കാരണം, കേന്ദ്രത്തിലെ ബി. ജെ . പി. സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചകളിലും, മറുപടിയിലും മുഴങ്ങിക്കേട്ട പണിക്കന്‍പാട്ടുകളിലെ കണ്ണീരില്ലാ കരച്ചിലുകള്‍ കേട്ടിട്ടാണ്. പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിനും, മറുപടി പറഞ്ഞ ഭരണ പക്ഷത്തിനും വേണ്ടിയുള്ള പതം പറച്ചിലുകള്‍ക്കിടയില്‍ സ്വാഭാവികമായും പ്രമേയം പരാജയപ്പെടുകയും, സര്‍ക്കാര്‍ കരുത്തു തെളിയിക്കുകയും ചെയ്തുവെങ്കിലും, അതിനിടയില്‍ ഉയര്‍ന്നു കേട്ട ആരോപണ പ്രത്യാരോപണങ്ങള്‍ ലോകത്തിലെ ഒന്നാം നന്പര്‍ ഡമോക്രസിയുടെ കൊടിക്കൂറ പേറുന്ന ഇന്ത്യക്ക് അഭിമാനം ഉളവാക്കുന്നതായിരുന്നില്ല എന്ന് നിക്ഷ്പക്ഷ മതികള്‍ക്കു വേദനയോടെ സമ്മതിക്കേണ്ടി വരുന്നു എന്നതാണ് ഇന്ത്യന്‍ ജനത ഏറ്റു വാങ്ങുന്ന സമകാലീന ദുരന്തം.

ആധുനിക കാലഘട്ടത്തിലെ അഭിനവ തന്പ്രാക്കന്മാരാണ് ഭരണ കര്‍ത്താക്കള്‍. രാഷ്ട്രീയത്തിലും, മതത്തിലും, സാംസ്കാരികത്തിലും ഇവരുണ്ട്. ഇവരുടെ ആസനം താങ്ങിയും, ചെരുപ്പ് നക്കിയും ആനുകൂല്യങ്ങളുടെ അടുത്തൂണുകള്‍ നേടിയെടുക്കുക എന്നതാണ് പുതിയ കാലത്തിന്റെ പണിക്കര്‍ പാട്ടുകാര്‍ സമര്‍ത്ഥമായി നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ തന്ത്രം. ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ജന പ്രതിനിധികളായി എത്തിച്ചേര്‍ന്നവരില്‍ ഒരു വലിയ ശതമാനത്തിനും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് എന്ന സത്യം ഗവര്‍മെന്റ് ഏജന്‍സികള്‍ തന്നെ പുറത്തു വിടുന്‌പോളും അവരെ അവിടെ എത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ചോദന സംവിധാനം കാലുനക്കല്‍ എന്ന് ഇന്ന് പരിഭാഷപ്പെടുത്താവുന്ന പഴയ പണിക്കന്‍ പാട്ട് തന്നെ ആയിരുന്നു എന്ന് അന്വേഷിച്ചാല്‍ ആര്‍ക്കും കണ്ടെത്താവുന്നതാണ്. !

അവിശ്വാസ പ്രമേയ ചര്‍ച്ചയിലും, അതിനുള്ള മറുപടിയിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം നില നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ പാര്‍ലമെന്ററി അന്തസ്സിന് ചേരാത്ത പ്രകടനങ്ങളാണ് അരങ്ങേറിയത് എന്ന് മാത്രമല്ലാ, കാളച്ചന്തകളില്‍ പോലും കാണാനാവാത്ത കാപാലിക കസര്‍ത്തുകളാണ് ഇരു പക്ഷവും പുറത്തെടുത്തത്? ഒരു ഭരണ കക്ഷിക്കെതിരെ അവിശ്വാസം വരുന്നതും, അതിന്മേല്‍ ചര്‍ച്ചയും മറുപടിയും വരുന്നതും ജനാധിപത്യ സംവിധാനത്തിലെ ഒരു സാധാരണ പ്രിക്രിയ മാത്രമാണെന്നിരിക്കെ, എന്തായിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റിലെ അവസ്ഥ? ഓരോ പക്ഷത്തെയും പിന്തുണയ്ക്കുന്ന നമ്മുടെ എം.പി. മാര്‍ തങ്ങള്‍ പക്കാ ക്രിമിനലുകള്‍ തന്നെയാണെന്ന് തെളിയിച്ചു കൊണ്ട് കൂവലും. ബഹളവും. കാറലും ചീറ്റലും ഒക്കെയായി ഇന്‍ക്രിഡിബിള്‍ ഇന്ത്യയുടെ തിരു മുഖത്ത് കരി തേയ്ക്കുന്നതില്‍ മത്സരിക്കുകയായിരുന്നു ?

ലോകത്താകമാനം കറങ്ങി ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്താന്‍ നടക്കുന്ന പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി പോലും നില മറന്നു കൂവിപ്പോകുന്ന നീലക്കുറുക്കനെ അനുസ്മരിപ്പിച്ചു കൊണ്ട്, തന്റെ അടിയാളന്മാരായ പണിക്കര്‍ പാട്ടുകാരുടെ അലമുറകള്‍ക്കിടയില്‍ ആക്രോശത്തിന്റെ ഭാഷയിലാണ് സംസാരിച്ചത്. ഒരവസരത്തില്‍ തന്റെ എതിരാളികള്‍ക്കെതിരെ വികൃതമായ ഒരു ആംഗ്യം കാണിച്ചു കൊണ്ട് പോലും ഇന്ത്യയുടെ പ്രധാനമന്ത്രി തന്റെ തനിനിറം ലോകത്തെ കാണിക്കുകയുമുണ്ടായി.

ബ്രിട്ടീഷ് ആധിപത്യത്തിലമര്‍ന്നിരുന്ന ഇന്ത്യാ മഹാരാജ്യത്തെ അവരുടെ കാല്‍ക്കീഴില്‍ നിന്ന് വിടുവിക്കുന്നതിനു നേതൃത്വം വഹിച്ച പാര്‍ട്ടി എന്ന നിലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്നും ജന ഹൃദയങ്ങളിലുണ്ട്. മഹാത്മാ ഗാന്ധി നയിച്ച വിമോചന പ്രസ്ഥാനത്തിന്റെ ആത്മാവ് സത്യ ധര്‍മ്മങ്ങളില്‍ അധിഷ്ഠിതമായ ആദര്‍ശ ധീരതയായിരുന്നു. തങ്ങളുടെ സന്പത്തും, ആരോഗ്യവും, ആയുസ്സും അവര്‍ രാജ്യത്തിനു വേണ്ടി വലിച്ചെറിഞ്ഞു. ആ സഹനത്തിന്റെയും, സമര്‍പ്പണത്തിന്റെയും സദ് ഫലങ്ങളിലാണ് 947 ല്‍ ഉദിച്ചുയര്‍ന്ന സ്വതന്ത്ര ഭാരതം എന്ന യാഥാര്‍ഥ്യം.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അധികാരം കൈയ്യാളിയ ആദ്യ തലമുറ ഗാന്ധിയന്‍ കാലഘട്ടത്തിന്റെ ചൂരും, ചൂടും ഏറ്റു വാങ്ങിയിരുന്നതിനാലാവാം, കുറെയൊക്കെ ആദര്‍ശ വിശുദ്ധി അവരില്‍ നില നിന്നിരുന്നതായിക്കാണാം. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലവും, അന്ന് നിലവില്‍ വന്ന അടിയന്തിരാവസ്ഥയും ആദര്‍ശാധിഷ്ഠിത ഭരണ തലമുറയുടെ അവസാനം കുറിക്കലായിയുന്നു എന്ന് പറയാം. ഒരു പട്ടാള ഏകാധിപതിയുടെ പദവിയിലേക്ക് സ്വയം ഉയര്‍ന്നു നിന്ന അവര്‍ തിരുവായ്ക്ക് എതിര്‍ വായില്ലാത്ത ഒരു സാമൂഹ്യ ക്രമം രൂപപ്പെടുത്തുന്നതില്‍ വിജയിച്ചു എങ്കിലും, നിശബ്ദമായി ഇതെല്ലാം ഏറ്റു വാങ്ങിയ ജനമനസ്സ് അവരുടെ സുരക്ഷയ്ക്കു വേണ്ടി നിയോഗിക്കപ്പട്ട റൈഫിളുകള്‍ അവര്‍ക്കെതിരെ തിരിച്ചു പിടിക്കപ്പെട്ട രാഷ്ട്രീയ ദുരന്തവും നമ്മള്‍ കണ്ടു കഴിഞ്ഞു.

അധികാര രാഷ്ട്രീയത്തിന്റെ അവശിഷ്ടങ്ങള്‍ക്കു വേണ്ടി ഇറച്ചിക്കടകള്‍ക്കു മുന്‍പില്‍ കാവലിരിക്കുന്ന തെണ്ടിപ്പട്ടികളെപ്പോലെ നമ്മുടെ രാഷ്ട്രീയക്കാര്‍ അധഃപതിച്ചതിന്റെ ദയനീയ ചിത്രങ്ങള്‍ അന്ന് മുതല്‍ നാം കണ്ടു തുടങ്ങി. കാക്ക പിടിച്ചും, കാലു നക്കിയും നടന്നവര്‍ക്ക്
അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ വീണു കിട്ടുന്നത് മറ്റുള്ളവര്‍ കണ്ടു. അധികാരക്കസേരകള്‍ ഉപയോഗപ്പെടുത്തി അനര്‍ഹമായി അടിച്ചെടുത്ത പൊതു മുതലിന്റെ ധാരാളിത്വത്തില്‍, അഞ്ചാം ക്ലാസില്‍ വച്ച് പത്തു മുദ്രാവാക്യങ്ങള്‍ വിളിച്ചതിന്റെ ഒറ്റ ബലത്തിന്മേല്‍ അന്താരാഷ്ട്ര ബിസ്സിനസ്സ് ഗ്രൂപ്പുകളുടെ തലപ്പത്തു വരെയെത്തീ രാഷ്ട്രീയക്കാര്‍.! ജന സേവനത്തിന്റെ ആട്ടിന്‍ തോലണിഞ്ഞു കൊണ്ട്, പൊതുസ്വത്ത് കട്ട് കടത്തുന്ന കാട്ടു ചെന്നായ്ക്കളുടെ വിഹാര രംഗമായി രാഷ്ട്രീയവും, ഭരണവും ?

ഒരിക്കല്‍ ഇന്ദിര ഇന്ത്യയാണെന്ന് പറഞ്ഞു നടന്നവര്‍ ഇന്ന് മോദിയാണ് ഇന്ത്യ എന്ന് പറഞ്ഞു നടക്കുന്നു. ഇതിനിടയില്‍ കൊഴിഞ്ഞു വീണ ദശകങ്ങളില്‍ ധനവാന്‍ കൂടുതല്‍ ധനവാനാകുന്നതും, ദരിദ്രന്‍ കൂടുതല്‍ ദരിദ്രനാകുന്നതും ഒരു മാജിക് ഷോയിലേപ്പോലെ നാം കണ്ടു. സര്‍ക്കാര്‍ സ്ഥിതി വിവരകണക്കുകളില്‍ തന്നെ നാല്‍പ്പതു കോടിയോളം ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന ഒരു രാജ്യത്ത്, വികസനം എന്ന അദൃശ്യ വലകള്‍ വീശി വിരിച്ചു കാത്തിരിക്കുകയാണ് കക്ഷി രാഷ്ട്രീയത്തിന്റെ കാലന്‍ ചിലന്തികള്‍.?

വടക്കും, വടക്കുകിഴക്കും സംസ്ഥാനങ്ങളില്‍ ജമീന്ദാറി വല്യമ്പ്രാക്കളുടെ അടിയാളന്മാരായി, അളന്നുകിട്ടുന്ന അഞ്ചു സേര്‍ ഗോതന്പില്‍ അന്നന്നപ്പം പരത്തിയെടുത്തു ജീവിക്കുന്ന അടിമകളുടെ ഇന്ത്യ സ്വതന്ത്രമായത് യജമാനന്മാര്‍ക്കു വേണ്ടി മാത്രമാണ്. ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ ഇന്നും വൈദ്യുതി എന്തെന്നറിയാതെ, അക്ഷരാഭ്യാസം എന്തെന്നറിയാതെ, ആര്‍ക്കോ വേണ്ടി പണിയെടുത്തു ജീവിച്ചു മരിക്കുന്ന യഥാര്‍ത്ഥ ഭാരതീയന്റെ അടിസ്ഥാന അവകാശങ്ങള്‍ അനുവദിച്ചു കൊടുത്തിട്ടാവട്ടെ, അടുത്ത ദശകത്തില്‍ അമേരിക്കയെയും, ചൈനയെയും കടത്തി വെട്ടാനുള്ള കാത്തിരിപ്പ് ?

അളന്നു കിട്ടുന്ന അല്‍പ്പം നെല്ലിനായി ആത്മാര്‍ത്ഥതയില്ലാതെ കരയുന്ന പണിക്കനെയും, പണിക്കത്തിയെയും പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കാലുനക്കികള്‍ കരയുകയാണ്. അര്‍ഹതയുള്ള ആരെയും അവഗണിച്ചു കൊണ്ടും അധികാരമുള്ളവന്റെ അറപ്പുരകള്‍ക്കു കാവല്‍ കിടക്കുകയാണ്. അവന്‍ കനിഞ്ഞാല്‍ വീണു കിട്ടാവുന്ന ഒരു ചെറു നുറുക്കിനായി വായില്‍ വെള്ളമിറ്റിച്ചു വാലാട്ടുകയാണ്. ഇത്തരം വാലാട്ടികളുടെയും, കാലു നക്കികളുടെയും ഒരു വലിയ കൂട്ടമായി മാറുകയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാളെകളെ നയിക്കേണ്ടവര്‍ ; വെറും കോമാളികളെപ്പോലെ ?

ഏതോ ഗതകാലത്തില്‍ മണ്മറഞ്ഞു പോയ പണിക്കന്‍ പാട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതി ശക്തമായി പുനര്‍ജനിക്കുകയാണ്. വല്യമ്പ്രാന്‍ കെട്ടിപ്പഴകിയ കൗപീനം തനിക്കു സമ്മാനിച്ചതിനെക്കുറിച്ചു പതം പറയുകയാണ്. ആത്മാര്‍ഥത അശേഷമില്ലെങ്കിലും, ആ പതം പറച്ചിലിനൊടുവില്‍ മാറാപ്പില്‍ അളന്നു കിട്ടുന്ന പത്തായത്തിലെ പഴ നെല്ലില്‍ കണ്ണ് വച്ച് പാടട്ടെ പണിക്കന്മാര്‍. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പഴങ്കോണാന്‍ കിട്ടാനിടയുള്ള എല്ലായിടത്തും പാടട്ടെ ! പാടിപ്പാടി ഇന്ത്യന്‍ ഡെമോക്രസിയുടെ അകത്തളങ്ങള്‍ ഒരു കാളച്ചന്തയായി മാറ്റിത്തീര്‍ക്കട്ടെ ഈ ജന സേവകര്‍ :

അടിയോന്റെ വല്യമ്പ്രാന്‍ ഒണ്ടാരുന്നപ്പം,
പയങ്കോണാന്‍ അടിയത്തിന് തരുവാരുന്നല്ലോ ?
ങാ....ങാ...ങ്ങീ ....ങ്ങീ...
ങാ.....ങാ ...ങ്ങീ.....ങ്ങീ.......?
Join WhatsApp News
കിളവനും കിളവിയും 2018-07-25 22:03:28

ശ്രി ജയന്‍ വറുഗീസ് നിങ്ങള്‍ സുദീര്‍ പണിക്കവീട്ടില്‍, ജോസഫ്‌ പടനമാക്കാന്‍ എന്നിവരെ പോലെ gifted writers ആണ്. നാട്ടില്‍ കട്ടില്‍ ഒടിഞ്ഞാലും ചാകാത്ത കിളവനും കിളവിയും മുഴുവന്‍ അമേരിക്കയില്‍ വന്നു ചാവുന്നു. ഒരു റിസര്‍ച്ച് article എഴുതുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക