Image

സഭാ പീഡനം: ആഗസ്റ്റ് ആറുവരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി

Published on 26 July, 2018
സഭാ പീഡനം: ആഗസ്റ്റ് ആറുവരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി
കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. മുന്‍കൂര്‍ ജാമ്യത്തിനും ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസും നാലാം പ്രതി ഫാദര്‍ ജയ്‌സ്.കെ.ജോര്‍ജും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹര്‍ജി പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന് ശേഷം മാത്രമേ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി കേസ് വിധി പറയാനായി ആഗസ്റ്റ് ആറിലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ ജഡ്ജിമാര്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടി കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവച്ചിരുന്നു. 

വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന ഹൈക്കോടതിയുടെ പരാമര്‍ശം നീക്കണമെന്നും തങ്ങള്‍ക്ക് ജാമ്യം നല്‍കണമെന്നുമാണ് പ്രതികളുടെ ആവശ്യം. യുവതിയെ പീഡിപ്പിച്ചിട്ടില്ല. പരസ്പര സമ്മതത്തോടെയുള്ള സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ തങ്ങളെ അനാവശ്യമായി വേട്ടയാടുകയാണ്. അന്വേഷണവുമായി സഹകരിക്കാമെന്നും വൈദികര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക