Image

കേരള ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി: വീണ്ടും എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Published on 29 March, 2012
കേരള ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി: വീണ്ടും എഫ്‌ഐആര്‍ സമര്‍പ്പിച്ചു
തൃശൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിലെ ടിക്കറ്റ് വില്‍പനയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി നടത്തിയെന്ന കേസില്‍ അന്വേഷണസംഘം വീണ്ടും എഫ്‌ഐആര്‍ സമര്‍പ്പിച്ചു. എഫ്‌ഐആറില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കെസിഎ സെക്രട്ടറി ടി.സി. മാത്യുവാണ് ഒന്നാം പ്രതി. ആകെ 85 പ്രതികളാണുള്ളത്. 

തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് അന്വേഷണ സംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. 2007 ല്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലെ ടിക്കറ്റ് വില്‍പനയില്‍ അഴിമതി നടന്നെന്നാണ് കേസ്. രണ്ട് വര്‍ഷം മുന്‍പാണ് ഇത് സംബന്ധിച്ച അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് അന്വേഷണം നടത്തി എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വകാര്യ സ്ഥാപനമാണെന്നും വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരില്ലെന്നും ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് വിജിലന്‍സ് കോടതി എഫ്‌ഐആര്‍ മരവിപ്പിക്കുകയായിരുന്നു. 

എന്നാല്‍ ഇതിനെതിരേ പരാതിക്കാരനായ ബാലാജി അയ്യങ്കാര്‍ സമര്‍പ്പിച്ച പരാതിയില്‍ ഹൈക്കോടതിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരാന്‍ വിജിലന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് അന്വേഷണ സംഘം എഫ്‌ഐആര്‍ വീണ്ടും സമര്‍പ്പിച്ചത്. രണ്ട് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. 85000 ടിക്കറ്റുകള്‍ വിറ്റഴിച്ചുവെങ്കിലും 29000 ടിക്കറ്റുകള്‍ മാത്രമാണ് വില്‍പന നടന്നതെന്നാണ്ക്രിക്കറ്റ് അസോസിയേഷന്റെ കണക്കുകളെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു. 

മത്സരം കാണാനെത്തിയ പലര്‍ക്കും ടിഎയും ഡിഎയും നല്‍കിയെന്നും മുന്തിയ ഹോട്ടലുകളില്‍ മുറികളെടുത്ത് നല്‍കിയതായും പരാതിയില്‍ ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക