Image

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്‌

Published on 27 July, 2018
നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്‌
 നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയപൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്‌ ദൃശ്യമാകും. 103 മിനിറ്റ്‌ ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ്‌ ഇന്നുണ്ടാകുന്നതെന്ന്‌ ശാസ്‌ത്രലോകം പറയുന്നു. ഗ്രഹണത്തിന്റെ പ്രാഥമിക ഘട്ടം രാത്രി 11.44ന്‌ ആരംഭിക്കും. തൊട്ടുപിന്നാലെ ഭാഗികമായ ഗ്രഹണവും ആരംഭിക്കും. ഇത്‌ കൃത്യം 11.54 തുടങ്ങും. പൂര്‍ണചന്ദ്ര ഗ്രഹണം രാത്രി ഒരുമണിക്കാണ്‌ ആരംഭിക്കുക.

ഈ സമയത്ത്‌ ചന്ദ്രന്‍ ഭൂമിയുടെ നിഴലിന്റെ മധ്യത്തിലായിരിക്കും. ഏഷ്യയിലും ആഫ്രിക്കയിലുമാണ്‌ പൂര്‍ണഗ്രഹണം ഏറ്റവും നന്നായി ദൃശ്യമാവുക. യൂറോപ്പിലും തെക്കേ അമേരിക്കയിലും ആസ്‌ട്രേലിയിയല്‍ ഗ്രഹണം ഭാഗികമായിരിക്കും. വടക്കേഅമേരിക്കയിലും അന്റാര്‍ട്ടിക്കയിലും ഗ്രഹണം ദൃശ്യമാകില്ല.


ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ തട്ടി ചുവപ്പുനിറമാകുന്ന ബ്ലഡ്‌മൂണ്‍ പ്രതിഭാസവും ഇന്ന്‌ ദൃശ്യമാകും. ഭൂമിയുടെ നിഴലില്‍ നിന്ന്‌ മാറുന്നതോടെയാണ്‌ ചന്ദ്രന്‌ ചുവപ്പും ഓറഞ്ചും നിറം ലഭിക്കുന്നത്‌. ഇത്ര ദൈര്‍ഘ്യമേറിയൊരു ബ്ലഡ്‌ മൂണിനെ കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ്‌ ശാസ്‌ത്രലോകം.


സൂര്യഗ്രഹണം പോലെ അപകടം പിടിച്ചതല്ല ബ്ലഡ്‌ മൂണെന്ന്‌ നാസ പറയുന്നു. നഗ്‌ന നേത്രങ്ങള്‍ കൊണ്ട്‌ നേരിട്ട്‌ കാണാന്‍ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു. ഈ വര്‍ഷം 11 ചാന്ദ്ര പ്രതിഭാസങ്ങളാണ്‌ ഉള്ളതെന്ന്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നു. ജനുവരി 31ന്‌ കണ്ടത്‌ വൂള്‍ഫ്‌ മൂണാണ്‌. മാര്‍ച്ച്‌ 31ന്‌ വോം മൂണാണ്‌ കണ്ടത്‌. പിങ്ക്‌ മൂണ്‍, ഫ്‌ളവര്‍ മൂണ്‍, സ്‌ട്രോബറി മൂണ്‍, ബക്ക്‌ മൂണ്‍, സ്റ്റുര്‍ഗണ്‍ മൂണ്‍, ഫുള്‍ കോണ്‍ മൂണ്‍, ഹണ്ടേഴ്‌സ്‌ മൂണ്‍, ബീവേഴ്‌സ്‌ മൂണ്‍, കോള്‍ഡ്‌ മൂണ്‍ എന്നിവയാണ്‌ ഈ വര്‍ഷത്തെ പ്രധാന ചാന്ദ്ര പ്രതിഭാസങ്ങള്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക