Image

സ്വപ്‌ന സഞ്ചാരി( ഫൈസല്‍ മാറാഞ്ചേരി)

ഫൈസല്‍ മാറാഞ്ചേരി Published on 27 July, 2018
സ്വപ്‌ന സഞ്ചാരി( ഫൈസല്‍ മാറാഞ്ചേരി)
എത്തിപിടിക്കാനാവാത്തത് 
പൊട്ടിച്ചെടുക്കാം 
കെട്ടിപിടിക്കാനാവാത്തവയെ 
ഒട്ടിച്ചേര്‍ത്തു  നിര്‍ത്താം 
അപ്രാപ്യമായതിനെ പ്രാപ്യമാക്കാം 
ദൂരങ്ങളെ അരികിലാക്കി 
അകലങ്ങളെ കൊഞ്ഞനം കുത്താം 

വരക്കാനാവാത്ത ചിത്രങ്ങളില്‍ ആസ്വാദകനാവാം 
കാണാത്ത നഗരങ്ങളിലൂടെ സവാരി പോകാം  
വാനത്തിലൂടെ വിഹായസിലൂടെ പറന്നു നടക്കാം 
സാഗരത്തിലും ഓളപ്പരപ്പിലും നീന്തിത്തുടിക്കാം 

ഭൂതത്തിലൂടെ വര്‍ത്തമാനത്തിലെത്തി 
ഭാവിയിലേക്ക് ഊളിയിട്ട് പ്രതീക്ഷയുടെ ചിറകിലേറാം 
കാണാത്ത ലോകങ്ങളെ കൈവെള്ളയിലിട്ട് അമ്മാനമാടാം 

കരച്ചിലിനിടയില്‍ ചിരിയുടെ മലപ്പടക്കത്തിന് തിരി കൊടുക്കാം 
ആകാശ നീലിമയില്‍ മേഘ പഞ്ഞിക്കെട്ടുകള്‍ക്കിടയില്‍ തൂങ്ങി കിടക്കാം 
ആരോരുമറിയാതെ ആശാമലരുകള്‍ അന്യോന്യം കൈമാറാം 

വിളക്കുമരങ്ങള്‍ക്ക് താഴെ ഇരുട്ടിനെ കാല്‍ക്കീഴിലിട്ട് ചവുട്ടി കുഴക്കാം 
കിരീടവും ചെങ്കോലുമില്ലാത്ത രാജാവായി വാഴാം 
നീതിക്കായി കേഴുന്നവര്‍ക്ക് നന്മയുടെ ന്യായാധിപനാവാം 
ഇടക്കൊന്നു കണ്ണു തുറന്നാല്‍ 
വെറുമൊരു പ്രജയായ് കണ്ണീരൊഴുക്കാം

സ്വപ്‌ന സഞ്ചാരി( ഫൈസല്‍ മാറാഞ്ചേരി)
Join WhatsApp News
വിദ്യാധരൻ 2018-07-27 12:01:42
യാഥാർഥ്യങ്ങളിലേക്ക് 
തള്ളിയിട്ട് എന്നെ ഉണർത്താതെ 
ഞാൻ എന്റെ സ്വപ്ന ലോകത്തിരുന്ന് 
കവിതകൾ രചിക്കട്ടെ 
ഫൈസൽ 2018-07-29 04:25:46
വിദ്യാധരൻ ജി, 
സ്വപ്ന നഗരിയിലൂടെ ചലിച്ചാലും 
ഒരിക്കലും ഉണരരുത് 
വായനക്കും അഭിപ്രായത്തിനും നന്ദി...
ഡോ .ശശിധരൻ 2018-07-29 13:49:55

രാഷ്ട്രീയ ,സാമൂഹിക,സാംസ്‌കാരിക മേഖലകളിൽ ചിന്തിക്കാൻ പോലും പറ്റാത്തത്ര  ഹീനങ്ങളായ അകൃത്യങ്ങൾ അരങ്ങേറുന്ന   സമൂഹത്തിൽ  മനുഷ്യന്റെ   ധിഷണയെയും സാമൂഹ്യബോധത്തെയും ഉണർത്താൻ വിധത്തിൽ ഊക്കും ,ഉറപ്പും പ്രകാശിപ്പിക്കാൻ കഴിയുന്ന  കവിതകൾ എഴുതാൻ വേണ്ടത്ര സമയ മുണ്ടായിട്ടും  യുക്തിശൂന്യവും ,വിവേകശൂന്യവുമായ ഉള്ള് പൊള്ളയായ  അയാഥാർഥ്യത്തിന്റെ  സ്വപ്‍ന ലോകത്തേക്ക് വായനക്കാരെ  തള്ളിവിടുന്നതെന്തിനെന്ന്  എത്ര ശ്രമിച്ചിട്ടും മനസ്സിലാകുന്നില്ല.നഷ്ട്ടവർണ്ണങ്ങൾ   എന്ന മുൻ കവിതയും തികച്ചും നിഷേധാത്മകമായ കവിതയാണ്സ്വപ്‍നലോകത്തിൽ നിന്നും ഉണർന്ന് ജാഗ്രത്തിലെ  പരമമായ സങ്കൽപ്പങ്ങളും പ്രതീക്ഷകളും പ്രധാനം ചെയ്ത് ജീവിതത്തെ വിവേകപൂർവം ലക്ഷ്യ സാക്ഷാൽക്കാരത്തോടുകൂടി മുന്നോട്ടു നയിക്കുന്നു സുന്ദരമായ സന്ദേശങ്ങൾ നൽകി ജീവിതം പ്രകാശപൂർണ്ണമാക്കുന്ന മനോഹരമായ കവനമാണ് കവിയുടെ കവിത.

(ഡോ .ശശിധരൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക