Image

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ ഹിന്ദു സംഘടനകളുടെ ഹര്‍ത്താലിനെതിരെ ഹൈക്കോടതി

Published on 27 July, 2018
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ ഹിന്ദു സംഘടനകളുടെ ഹര്‍ത്താലിനെതിരെ ഹൈക്കോടതി
സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. 
വാഹനങ്ങള്‍ ബലം പ്രയോഗിച്ച് തടയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേ നോ ടു ഹര്‍ത്താല്‍ പ്രതിനിധികളാണ് ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അയ്യപ്പധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സംഘടന പ്രതിഷേധ ഹര്‍ത്താലുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ശബരി മല സ്ത്രി പ്രവേശന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരവേ ദേവസ്വം ബോര്‍ഡും മുന്‍ നിലപാട് ആവര്‍ത്തിച്ചാണ് നിലപാട് വ്യക്തമാക്കിയിരുന്നത്. മുന്‍പ് സത്യവാങ്മൂലത്തില്‍ നല്‍കിയപോലെ നൈഷ്ഠിക ബ്രഹ്മചാരിയാണ് ശബരിമലയിലെ പ്രതിഷ്ഠയെന്നും ഇവിടെ സ്ത്രി പ്രവേശനത്തെ നിഷേധിക്കുന്നത് ആചാരങ്ങളുടെ ഭാഗമായിട്ടാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അതേ നിലപാട് തന്നെയായിരുന്നു എന്‍,.എസ്.എസും സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചിരുന്നത്.
60 വര്‍ഷമായി തുടരുന്ന ആചാര്യ പാരമ്പര്യത്തെ തകര്‍ക്കുന്നത് വിശ്വാസമില്ലാത്തവരാണെന്നും ഹിന്ദു സ്ത്രികള്‍ വിശ്വാസത്തെ മാനിക്കുന്നെന്നും എന്‍.എസ്.എസ് നിലപാട് ആവര്‍ത്തിച്ചു. യാതൊരു വിശ്വാസത്തിലില്ലാത്തവരും ശബരിമലയുടെ വിശ്വാസത്തെ മാനിക്കാത്തവരുമാണ് ഇതിനു പിന്നിലെന്ന് പന്തളം രാജകുടുംബം സുപ്രിംകോടതിയില്‍ നിലപാട് ആവര്‍ത്തിച്ചത്. അതേ സമയം സുപ്രീം കോടതി നിലപാടിനെതിരെ 'കാത്തിരിക്കാന്‍ തയ്യാറാണ്' എന്ന രീതിയില്‍ നവമാധ്യമങ്ങളിലൂടെ ക്യാമ്പയിനും പുരോഗമിക്കുകയാണ്.

രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവരും അയ്യപ്പ സേവാ സംഘവും മുന്‍പ് സുപ്രീംകോടതി നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക