Image

ഇന്ത്യാഡേ പരേഡുകള്‍ ആവശ്യമോ? (സുരേഷ് തോമസ്)

Published on 27 July, 2018
ഇന്ത്യാഡേ പരേഡുകള്‍ ആവശ്യമോ? (സുരേഷ് തോമസ്)
ഗൃഹാതുരത്വം പേറുന്ന എല്ലാ പ്രവാസ സമൂഹങ്ങളും അവരുടെ ജന്മനാടിന്റെ ഓര്‍മകള്‍ ഉത്തേജിപ്പിക്കുന്ന ആഘോഷങ്ങളും ആചാരങ്ങളും കുടിയേറുന്ന രാജ്യത്തും കൊണ്ടാടാറുണ്ട്. അമേരിക്കയിലെ കുടിയേറ്റ ജനത മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിഷു ആഘോഷങ്ങളും ഓണാഘോഷങ്ങളും കൊണ്ടാടുന്നത് ഈ ഒരു ഗൃഹാതുരത്വത്തിന്റെ ഒരു സാഫല്യമാണ്.

പ്രവാസി സമൂഹത്തിന്റെ സാംസ്‌ക്കാരിക വളര്‍ച്ചയ്ക്ക് ഉതകുന്ന കൂട്ടായ്മകളും അനിവാര്യതയാണ്. ഈ അടുത്തവര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ യോഗയും പൈതൃകഭാഷകളും വളരെ വ്യാപകമായി വിദേശരാജ്യങ്ങളില്‍ പ്രമോട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനു വേണ്ടി സര്‍ക്കാര്‍ എംബസികളും കോണ്‍സുലേറ്റുകളും മുഖേന അതിന്റെ വിപണനത്തിനായി വളരയേറെ പണം ചെലവാക്കുന്നു. അതിന്റെ ഗുണദോഷവശങ്ങള്‍ പ്രവാസി സമൂഹം തന്നെ വിലയിരുത്തട്ടെ.

അതുപോലെ ഈ കുറച്ചുവര്‍ഷങ്ങളായി അമേരിക്കയിലും മറ്റ് വിദേശരാഷ്ട്രങ്ങളിലും ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷവും സ്വാതന്ത്യദിനാഘോഷവും ഓരോ മുക്കിലും മൂലയിലും നടത്തപ്പെടുവാന്‍ തുടങ്ങിയിട്ടുണ്ട്. ഈ ആഘോഷങ്ങള്‍ നടത്തുവാന്‍ വേണ്ടിമാത്രം പലസംഘടനകളും ഈ അടുത്തകാലത്തായി രൂപം കൊണ്ടിട്ടുണ്ട്. അതുകൊണ്ടുണ്ടാകുന്ന സാമ്പത്തിക നേട്ടം ഇതിന്റെ സംഘാടകര്‍ക്കല്ലാതെ സമൂഹത്തിന് ഉണ്ടെന്നുതോന്നുന്നില്ല.

ഇതൊക്കെ ഒരു അജണ്ടയുടെ ഭാഗമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉന്നത ജീവിത നിലവാരം തേടി ഒരു രാജ്യത്തേക്ക് കുടിയേറിയ ഒരു ജനതയെ അവരുടെ സാംസ്‌കാരിക ആഘോഷങ്ങളില്‍നിന്നുമാറി തീവ്രദേശീയതയെ വളര്‍ത്തിയെടുക്കുന്ന ഈ ആഘോഷങ്ങളുടെ പിറകില്‍ അണിനിരത്തുന്നത് ആരാണ്. സാമ്പത്തിക താല്‍പ്പര്യക്കാരും പബ്ലിസിറ്റിതാല്‍പ്പര്യക്കാരുമാണ് ഇതിനു പിന്നിലെന്നതിനു സംശയമില്ല. ജന്മനാടിന്റെ പേരില്‍ അതിതീവ്ര ദേശീയവാദം പറഞ്ഞ് പതിനായിരക്കണക്കിന് ഡോളറാണ് ആളുകളില്‍നിന്ന് പിരിക്കുന്നത്. ഇതിനൊരു കണക്കുമില്ല.

ആദ്യകാലത്ത് കുറച്ച് സംഘടനകള്‍ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ ഇന്ത്യാഡേ പരേഡ് നടത്തിയിരുന്നെങ്കില്‍ ഇന്നിപ്പോള്‍ മുട്ടിനുമുട്ടിനു ആഘോഷങ്ങളാണ്. അതിനായി മാത്രം നിരവധി സംഘടനകളാണ് രൂപം കൊണ്ടിട്ടുളളതും. ആദ്യകാലത്ത് ബിജെപി അനുഭാവികളുടെ നേതൃത്വത്തില്‍ പ്രത്യേകിച്ച് ഗുജറാത്തികളാണ് ഇന്ത്യാഡേ പരേഡിന് നേതൃത്വം നല്‍കിയിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ മലയാളികളും ഈ രംഗത്തിറങ്ങിയിട്ടുണ്ട്. പള്ളികളും പാസ്റ്റര്‍മാരും വരെ ഇതിന് നേതൃത്വം നല്‍കുകയും ഇതില്‍ ഭാഗമാകുകയും ചെയ്യുന്നു.

പതിനായിരക്കണക്കിന് ഡോളര്‍ പിരിച്ച് ഇന്ത്യന്‍വംശജരെ ഇന്ത്യന്‍ദേശീയപതാകയും ദേശീയ പ്രതീകങ്ങളുടെ രൂപങ്ങളുമായി അമേരിക്കന്‍ തെരുവീഥികളില്‍ അണിനിരത്തുന്നു. ഇവിടെ മറ്റൊരു ചോദ്യം കൂടി ഉയരുന്നു. ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ രാജ്യത്തിന്റെ പൈതൃകത്തെയല്ലേ ഉയര്‍ത്തിപ്പിടിക്കേണ്ടത്. അതിന്റെ ദേശീയതയെ അല്ലേ ഉയര്‍ത്തിപിടിക്കേണ്ടത്. മലയാളികളുടെ തന്നെ കാര്യമെടുക്കാം. ഇവിടത്തെ കുടിയേറ്റ മലയാളികളില്‍ നല്ലൊരുശതമനം ആളുകളും അമേരിക്കന്‍ പൗരന്‍മാരാണ്. പൗരന്‍മാര്‍ക്ക് ആദ്യത്തെ ഉത്തരവാദിത്വം അതതു രാജ്യങ്ങളോടുതന്നെയാണെന്നതില്‍ സംശയമില്ല. ജന്മനാട് ഇന്ത്യയാണെങ്കിലും ഇവിടത്തെ പൗരത്വം സ്വീകരിച്ച് ഇവിടത്തെ എല്ലാ ആനൂകൂല്യങ്ങള്‍ അനുഭവിക്കുകയും ചെയ്ത ശേഷം ഇന്ത്യന്‍ ദേശീയവാദം പറഞ്ഞ് തെരുവില്‍ ഇറങ്ങുന്നത് എത്രകണ്ട് ആശാസ്യകരമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ പൗരന്‍ ആ രാജ്യത്തിന്റെ ദേശീയതയെയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപ്പിട്ടുക്കുന്നവര്‍ എന്തിന് പൗരത്വം സ്വീകരിച്ച് അമേരിക്കന്‍ പൗരനായി. ഈ ചോദ്യങ്ങള്‍ക്കൊന്നും ഇതിന്റെ സംഘാടകര്‍ക്ക് മറുപടിയില്ല. അപ്പോള്‍ അതിനുപിന്നില്‍ സ്വാര്‍ഥ താല്‍പ്പര്യങ്ങളാണെന്നു പറയുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലല്ലോ.

ഓരോ കുടിയേറ്റക്കാരന്റെ ഓര്‍മകളിലും നാടും നാടിന്റെ ആഘോഷങ്ങളും എന്നും ഗൃഹാതുരമായി നില്‍ക്കുന്നുണ്ടാകും. അത് അവനവന്റെ ചുറ്റുപാടില്‍ ആഘോഷിക്കാം. മലയാളികളുടെ കാര്യത്തില്‍ ഓണം ഉള്‍പ്പെടെയുള്ളവ. എന്നാല്‍ അവ നാം ആഘോഷിക്കുന്നത് ഒരു ചെറിയഗ്രൂപ്പില്‍മാത്രമാണ്. അത്തരത്തില്‍ ആഘോഷിക്കുന്നതിനെ തെറ്റുപറയാന്‍ കഴിയുകയുമില്ല. ഇതില്‍ നമ്മുക്ക് ആരെവേണമെങ്കിലും പങ്കെടുക്കാന്‍ വിളിക്കാം. സൗഹാര്‍ദം പങ്കുവയ്ക്കാം. എന്നാല്‍ മറ്റൊരുരാജ്യത്തിന്റെ ദേശീയത ആഘോഷിക്കുമ്പോള്‍ അത് എങ്ങനെ മറ്റുള്ളവര്‍ക്ക് സൗഹാര്‍ദപരമായി തോന്നും. അതുകൊണ്ടുതന്നെ അമേരിക്കയില്‍ ജീവിക്കുമ്പോള്‍ ഇന്ത്യന്‍ദേശീയതയുടെ പേരില്‍ തെരുവില്‍ ഇറങ്ങുന്നത് ശരിയായ കാര്യമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഇപ്പോഴത്തെ രാഷ്ടീയ സാഹചര്യത്തില്‍. ഒപ്പം, ഇന്ത്യന്‍ദേശീയതയുടെ പേരില്‍ പണം പിരിച്ച് പരിപാടി നടത്തുന്നവര്‍ക്ക് നോട്ടം രാജ്യസ്നേഹമല്ലെന്നും പണത്തോടുളള സ്നേഹമാണെന്നും ഇനിയെങ്കിലും തിരിച്ചറിയണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക