Image

ഇതൊക്കെ എന്നേ ചെയ്യാമായിരുന്നു (മുരളി തുമ്മാരുകുടി)

Published on 27 July, 2018
ഇതൊക്കെ എന്നേ ചെയ്യാമായിരുന്നു (മുരളി തുമ്മാരുകുടി)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ചെറുതോണിയിലെ സ്പില്‍ വേ തുറക്കേണ്ടി വരാം. അതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു, അതിനെ പറ്റിയുള്ള റിപ്പോര്‍ട്ട് ആണ്.

"വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്താന്‍ യോഗം തീരുമാനിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുളള വിവരം അടിയന്തരമായി ശേഖരിക്കും"

ഈ വിവരം ഒന്നും ഇപ്പോള്‍ ആരുടേയും അടുത്തില്ല എന്നത് എന്നെ കുറച്ചൊന്നുമല്ല അതിശയിപ്പിക്കുന്നത്. ഇതൊക്കെ മഴയില്ലാത്ത കാലത്തേ ശേഖരിച്ചു വക്കണം. പുഴയുടെ ഇരു കരയിലും ഒരു ഒരുകിലോമീറ്ററില്‍ താമസിക്കുന്നവര്‍ക്ക് മാത്രം എത്താന്‍ പാകത്തിന് മെസ്സേജ് കൊടുക്കാന്‍ ഉള്ള സംവിധാനം വിവിധ മൊബൈല്‍ കമ്പനികളും ആയി ഇപ്പോഴേ ഉണ്ടാക്കി വക്കണം. ഇതൊന്നും മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെ മാത്രമോ, ചെറുതോണി തുറന്നാല്‍ അതിനു താഴെയോ മാത്രമല്ല, വൈദ്യുതിക്കും ജലസേചനത്തിനും ആയി നിര്‍മ്മിച്ചിട്ടുള്ള ചെറുതും വലുതുമായ എല്ലാ അണക്കെട്ടുകളുടേയും താഴെ താമസിക്കുന്നവരുടെ വിവരം ശേഖരിക്കണം. അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് യുദ്ധകാലാടിസ്ഥാനത്തില്‍ ഇതൊക്കെ ചെയ്യേണ്ടി വരുന്നത് പ്ലാനിങ്ങിന്റെ പരാജയം ആണ് കാണിക്കുന്നത്.

ഇതൊന്നും ഇനി ഈ മഴക്കാലത്ത് നടക്കില്ല. അടുത്ത വര്‍ഷത്തെ മഴയ്ക്ക് മുന്‍പെങ്കിലും ഇതൊക്കെ ഒന്ന് ചെയ്തു വക്കണം, പ്ലീസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക