Image

മെഴുതിരി അത്താഴങ്ങള്‍: മധുരിക്കും പ്രണയം പോലെ....

Published on 29 July, 2018
 മെഴുതിരി അത്താഴങ്ങള്‍: മധുരിക്കും പ്രണയം പോലെ....
സമീപ കാലത്ത്‌ ചെറിയ ബജറ്റില്‍ ഇറങ്ങുന്ന തല്ലിക്കൂട്ട്‌ സിനിമകളുടെ ഒരു പ്രളയമായിരുന്നല്ലേ. അതില്‍ നിന്നും ഒരു മോചനമായി വന്നതാണ്‌ അനൂപ്‌ മേനോനും മിയയും നായികാനായകന്‍മാരായി എത്തുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമ. സിനിമയില്‍ ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പമുള്ള പ്രമേയമായ പ്രണയത്തെ മുമ്പൊരിക്കലും ഒരു സനിമയിലും അവതരിപ്പിക്കാത്ത തരത്തില്‍ തികച്ചും വ്യത്യസ്‌തമായി ഇതില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. വേറിട്ട ട്രീറ്റ്‌മെന്റ്‌. അതാണ്‌ കഥയുടെ പുതുമയും.

സഞ്‌ജയ്‌(അനൂപ്‌ മേനോന്‍) കൊച്ചിയില്‍ സ്വന്തമായി ഒരു ഹോട്ടല്‍ നടത്തുന്നു. അയാള്‍ വളരെ പ്രശസ്‌തനായ ഒരു ഷെഫ്‌ കൂടിയാണ്‌. എവിടെ ചെന്നാലും അവിടെ രുചിക്കൂട്ടൊരുക്കി ആളുകളുടെ മനം കവരാന്‍ അയാല്‍ക്ക്‌ മാത്രമറിയാവുന്ന ചില രഹസ്യ റെസിപ്പികള്‍.

അതയാള്‍ ആരുമായും പങ്കു വയ്‌ക്കില്ല. അത്രമേല്‍ പ്രിയപ്പെട്ട ആ റെസിപ്പികള്‍ അയാള്‍ക്കു ലഭിക്കുന്നത്‌ തന്റെ പ്രണയത്തിലൂടെയാണ്‌. തനിക്ക്‌ നഷ്‌ടപ്പെട്ടു പോയ പ്രണയത്തിലൂടെ. ആ കഥയാണ്‌ എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമ പറയുന്നത്‌.

സഞ്‌ജയ്‌ന്റെ കാമുകിയാണ്‌ അഞ്‌ജലി(മിയ). ഇരുവര്‍ക്കുമിടയില്‍ പൂത്തുലഞ്ഞ പ്രണയം. തീവ്രമായ പ്രണയം.തന്നെ. ഭക്ഷണത്തിന്റെ രുചിക്കൂട്ടുകള്‍ തേടി ലോകമെങ്ങും അലയുന്ന സഞ്‌ജയ്‌ യാദൃശ്ചികമായാണ്‌ അഞ്‌ജലിയെ കണ്ടെത്തുന്നത്‌. അവളാകട്ടെ നിറവും സുഗന്ധവുമുള്ള മെഴുതിരികള്‍ നിര്‍മിക്കുന്നവളും. ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നു.

അതിന്റെ വര്‍ണപ്പൊലിമകളിലൂടെയാണ്‌ പിന്നീടുള്ള യാത്ര. അതിനിടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളും വേര്‍പാടുമൊക്കെയാണ്‌ ചിത്രം പറയുന്നത്‌. അനൂപ്‌ മേനോന്‍ തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം പ്രണയത്തെ ഏറ്റവും പുതുമയോടെ ഹൃദയസ്‌പര്‍ശിയായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌.

കൃത്യമായ അനുപാതത്തില്‍ ചേരുവകകള്‍ ചേര്‍ന്ന ഒരു മധുര പലഹാരം പോലെ പ്രണയത്തെ ഇതില്‍ അവതരിപ്പിക്കുന്നത്‌. മനോഹരമായ ദൃശ്യങ്ങളുടെ അകമ്പടിയും പ്രണയരംഗങ്ങള്‍ക്കുണ്ട്‌.

ചിലയിടങ്ങളില്‍ നിന്നെങ്കിലും സ്‌ത്രീകളെയും ഭിന്നലൈംഗികതയുള്ളവരെയും മോശമായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപം ഈ സിനിമയ്‌ക്ക്‌ നേരിടണ്ടി വരുന്നുണ്ടെങ്കിലും മൊത്തത്തിലുള്ള കാഴ്‌ചാനുഭവത്തിന്റെ രസത്തില്‍ അത്‌ പ്രേക്ഷകര്‍ മറന്നു പോകാനാണ്‌ സാധ്യത. അനൂപ്‌ മേനോനും മിയയും തങ്ങളുടെ കഥാപാത്രങ്ങളെ പരമാവധി മികവുറ്റതാക്കി തീര്‍ത്തിട്ടുണ്ട്‌.

സംഗീതത്തിന്റെ അടമ്പടിയോടെയാണ്‌ ചിത്രത്തിന്റെ യാത്ര. കൂട്ടിന്‌ ദൃശ്യഭംഗിയും. സംഭാഷണങ്ങളും വളരെ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്‌ മിതത്വത്തിന്റെ കാര്യത്തില്‍. ലളിതമായ അവതരണശൈലിയാണ്‌ ചിത്രത്തിന്റേത്‌ എന്നത്‌ പ്രധാനമാണ്‌.

അഞ്‌ജലിയായി എത്തിയ മിയ നന്നായി തിളങ്ങിയിട്ടുണ്ട്‌. അടുത്ത കാലത്ത്‌ മിയക്ക്‌ ലഭിച്ച ഏറ്റവും നല്ല വേഷങ്ങളില്‍ ഒന്നാണിത്‌. കൂടാതെ അലന്‍സിയര്‍, നിര്‍മ്മല്‍ പാലാഴി, ഹന്ന റെജി കോശി, മഞ്‌ജു, ബൈജു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട്‌ നീതി പുലര്‍ത്തി. ഇവരെ കൂടാതെ ദിലീഷ്‌ പോത്തന്‍, ലാല്‍ ജോസ്‌, വി,കെ പ്രകാശ്‌, ശ്രീകാന്ത്‌ മുരളി എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
എം.ജയചന്ദ്രന്റേതാണ്‌ ഗാനങ്ങള്‍.

രാഹുല്‍രാജ്‌ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നില്‍ക്കുന്നു. ജീത്തു ദാമോദറാണ്‌ ഛായാഗ്രഹണം. വളരെ മികച്ച കാഴ്‌ചാനുഭവമാണ്‌ ചിത്രത്തിലുടനീളം സമ്മാനിക്കുന്നത്‌. പ്രത്യേകിച്ച്‌ പ്രണയരംഗങ്ങളിലെ ഫ്രെയിമുകള്‍. എല്ലാവര്‍ക്കും ഇഷ്‌ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന്‌ സംശയമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക