Image

അയല്‍പക്കത്ത് ഒരു അധികാര കൈമാറ്റം (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 30 July, 2018
അയല്‍പക്കത്ത് ഒരു അധികാര കൈമാറ്റം (ഡല്‍ഹികത്ത്: പി.വി.തോമസ്)
പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസവും പാക്കിസ്ഥാന്‍ റ്റെഹറീക്ക്-ഇ- ഇന്‍സാഫിന്റെ(പി.റ്റി.ഐ.) നേതാവും  ആയ ഇമ്രാന്‍ഖാന്‍ 'മാന്‍ ഓഫ് ദ മാച്ച്' ആയി മാറിയിരിക്കുകയാണ്. എന്തായിരിക്കും പുതിയ പ്രധാനമന്ത്രിയുടെ ദേശീയ-അയല്‍പക്ക-അന്താരാഷ്ട്രീയ നയങ്ങള്‍? ഇന്‍ഡ്യ ഉറ്റു നോക്കുകയാണ്; സ്വാഭാവികമായും.
ഇമ്രാന്‍ഖാന്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെയും പാക്ക് ചാരസംഘടനയായ ഐ.എസ്സ്.ഐ.യുടെയും ചില തീവ്രവാദ സംഘടനകളുടെയും പിന്തുണയോടെയാണ് അധികാരത്തില്‍ വരുന്നതെന്ന് ആരോപണം ഉണ്ട് ആരംഭം മുതല്‍. ആരോപണങ്ങള്‍ പട്ടാളവും ഐ.എസ്.ഐ.യും നിഷേധിച്ചിട്ടുണ്ടെങ്കിലും അതില്‍ കഴമ്പ് ഇല്ലാതില്ല. കാരണം പട്ടാളത്തിന്റെയും ഐ.എസ്.ഐ.യുടെയും പിന്തുണ ഇല്ലാതെ പാക്കിസ്ഥാനില്‍ ഒരു സിവില്‍ ഭരണകൂടത്തിനും അധികാരത്തില്‍ വരുവാനോ നിലനില്‍ക്കുവാനോ സാധിക്കുകയില്ല എന്ന ചരിത്രസത്യം തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ഖാന്‍ മത്സരിച്ച ഏഴ് സീറ്റുകളിലും തോല്‍പിക്കപ്പെട്ടതാണ്. പക്ഷേ, ഇപ്പോള്‍ അദ്ദേഹം വിജയശ്രീലാളിതന്‍ ആയിരിക്കുകയാണ്. ഇരുപത്തി രണ്ട് വര്‍ഷത്തെ സംഘര്‍ഘഭരിതമായ രാഷ്ട്രീയ ജീവിതത്തില്‍ ഇമ്രാന്‍ഖാന്‍ നാളിതുവരെ വലിയ വിജയങ്ങള്‍ ഒന്നും കൈവരിച്ചിട്ടില്ല.

പാക്കിസ്ഥാന്‍ പട്ടാളത്തിന്റെയും ഐ.എസ്.ഐ.യുടെയും ഭീകരവാദ സംഘടനകളുടെയും പിന്തുണയോടെയുള്ള ഇമ്രാന്‍ഖാന്റെ വിജയം ഇന്‍ഡ്യക്ക് തികച്ചും ഒരു വെല്ലുവിളിതന്നെയാണ്. ഇമ്രാന്‍ഖാന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗങ്ങളും അതിനുശേഷമുള്ള പ്രഖ്യാപനവും ഇന്‍ഡ്യക്ക് ഒട്ടും ശുഭാപ്തിവിശ്വാസകരം അല്ല. ഇമ്രാന്‍ഖാന്‍ പട്ടാളത്തിന്റെയും ഐ.എസ്.ഐ.യുടെയും ഇന്‍ഡ്യാ വിരുദ്ധ ഭീകരതയുടെയും ഒരു കളിപ്പാവ മാത്രം ആകുവാന്‍ ആണ് സാദ്ധ്യത. കാരണം പാക്കിസ്ഥാനില്‍ ജനാധിപത്യത്തിനും സിവിലിയന്‍ ഭരണകൂടത്തിനും പുല്ലുവിലയാണുള്ളത്.

ചരിത്രം പരിശോധിക്കാം. 1947 മുതല്‍ പാക്കിസ്ഥാനില്‍ അസ്ഥിരമായ ഭരണം ആണ് നിലവിലിരുന്നിട്ടുള്ളത്. ഭൂരിഭാഗവും പട്ടാളഭരണം തന്നെ. അതിന്റെ പ്രധാന മുദ്രാവാക്യം ഇന്‍ഡ്യ വിരുദ്ധതയും. അതുകൊണ്ട് ഒക്കെ തന്നെയാണ് അതിനെ പരാജയപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഭീകരവാദരാജ്യം ആയി അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിനെ ആ രീതിയില്‍ ആണ് ലോകം കാണുന്നത്. അന്താരാഷ്ട്രഭീകരവാദി ഒസാമബിന്‍ ലാഡന്‍ അഭയം നല്‍കിയയും പാക്കിസ്ഥാന്‍ തന്നെയാണ്. അവസാനം പാക്കിസ്ഥാന്റെ മിലിട്ടറി അക്കാഡമിയുടെ തൊട്ടടുത്തുള്ള ഒളിവ് കേന്ദ്രത്തില്‍ നിന്നും അമേരിക്കന്‍ സൈനികര്‍ ലാഡനെ പിടിച്ച് കൊന്നതും ജഡം കടലില്‍ എറിഞ്ഞതും ചരിത്രം ആണ്. പാക്കിസ്ഥാന്‍ ഒരു മതാധിഷ്ഠിത രാഷ്ട്രതത്വ സംഹിതയുടെ പരാജയത്തിന്റെ മകുടോദാഹരണം ആണ്. അതിന് വിരുദ്ധമായിട്ടാണ് ജനാധിപത്യത്തിന്റെ എല്ലാ സങ്കീര്‍ണ്ണതയോടെയും മതേതരത്വത്തിന്റെ സംഘര്‍ഷത്തോടെയും ഇന്‍ഡ്യ ഇന്നും ഒരു ലോക ഉദാഹരണമായി വളരുന്നത്.
പാക്കിസ്ഥാനും ഇന്‍ഡ്യയും 1965-ലും 1971-ലും പ്രഖ്യാപിത യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രണ്ടിലും പരാജയം ആയിരുന്നു പാക്കിസ്ഥാന് ഫലം. 1999-ല്‍ കാര്‍ഗിലില്‍ നുഴഞ്ഞുകയറ്റവും ഒരു അപ്രഖ്യാപിത സംഘട്ടനവും പാക്കിസ്ഥാന്‍ നടത്തി. അതിലും പരാജയം ആയിരുന്നുഫലം. കാശ്മീരില്‍ ഇപ്പോഴും അപ്രഖ്യാപിത യുദ്ധവും വെടിനിര്‍ത്തല്‍ ലംഘനവും നടക്കുന്നു. ഈവക ചരിത്ര പിന്‍ ഭാരത്തോടെയാണ് ഇമ്രാന്‍ഖാന്‍ പട്ടാളത്തിന്റെയും ഐ.എസ്.ഐ.യുടെയും ഭീകരപ്രസ്ഥാനങ്ങളുടോയും പിണയാളായി അധികാരം ഏല്‍ക്കുന്നത്.

പാക്കിസ്ഥാന്റെ ഭരണ ചരിത്രം രക്തപങ്കിലം ആണ്. 1951-ല്‍ പാക്കിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനെ റാവല്‍പിണ്ടിയില്‍ വച്ച് വധിച്ചതോടെ രാജ്യത്ത് വന്‍ അരാജകത്വം നടമാടി. അതിനുശേഷം ഇഷ്‌ക്കന്തര്‍ മിര്‍സയുടെയും യാഹ്യാഖാന്റെയും സുള്‍ഫിക്കര്‍ അലിഭൂട്ടോയുടെയും, സിയാ ഉള്‍ഹക്കിന്റെയും ബേനാസിര്‍ ഭൂട്ടോയുടെയും നവാസ് ഷരീഫിന്റെയും ഗുലാം ഇഷാക്ക് ഖാന്റെയും പര്‍വേസ് മുഷറഫിന്റെയും അസിഫ് അലി സര്‍ദാരിയുടെയും(ബനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവ്) എല്ലാം ഭരണകാലം കലുഷിതം ആയിരുന്നു. അഴിമതി, ജയില്‍വാസം, ഒളിച്ചോടല്‍ അല്ലെങ്കില്‍ സ്വയം നാടുകടത്തല്‍ എല്ലാം ഇതിന്റെ ഭാഗം ആയിരുന്നു. സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കികൊന്നു. സിയാ ഉള്‍ഹക്ക് ഒരു വിമാനസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ബേനസീര്‍ ഭൂട്ടോ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊല്ലപ്പെട്ടു. മുഷറഫ് സ്വയം  നാടുകടത്തലില്‍ ആണ്. ആസിഫ് അലി സര്‍ദാരി അഴിമതിക്കേസില്‍ ആരോപണവിധേയന്‍ ആയിരുന്നു.

2018-ലെ തെരഞ്ഞെടുപ്പിലെ പ്രധാന കഥാപാത്രങ്ങള്‍ നവാസ് ഷെരിഫും അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഷബാഷ് ഷെരീഫും(പാക്കിസ്ഥാന്‍ മുസ്ലീംലീഗ്-നവാസ്), ഇമ്രാന്‍ഖാനും(പി.റ്റി.ഐ.), ബിലവാല്‍ ഭൂട്ടോയും(പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി), ഹഫീസ് സെയ്ത്(അല്ലാഹു-ഓ-അക്ബര്‍ ടെഹരീക്ക്) ആയിരുന്നു. മൂന്നു പ്രാവശ്യം പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷരീഫ് അഴിമതി കുറ്റത്തിന് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ ആണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ അയോഗ്യനും ആണ്. അതിനാല്‍ ആണ് ഇളയസഹോദരന്‍ പാര്‍ട്ടിയെ നയിക്കുന്നത്. പക്ഷേ, തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് മാത്രം എത്തുവാനെ സാധിച്ചുള്ളൂ. പാര്‍ട്ടിയുടെ ശക്തിഭുര്‍ഗ്ഗമായ പഞ്ചാബില്‍ പോലും അടിയഴ് പറയേണ്ടിവന്നു. ഇമ്രാന്‍ഖാന്‍ 1992-ല്‍ പാക്കിസ്ഥാന് ക്രിക്കറ്റിന്റെ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ആണ്. പക്ഷേ, അതൊന്നും ഇതുവരെ രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ തുണച്ചിരുന്നില്ല. പക്ഷേ, ഇപ്പോള്‍ പട്ടാളത്തിന്റെയും ഐ.എസ്.ഐ.യുടെയും ഭീകരുടെയും പിന്തുണ ലഭിച്ചതോടെ അദ്ദേഹം അധികാരത്തിലേക്ക് അടുക്കുകയായിരുന്നു. നവാസ് ഷരീഫ്. പാക്ക് സിവിലിയന്‍ ഭരണത്തെ പട്ടാളത്തില്‍ നിന്നും ഐ.എസ്.ഐ.യില്‍ നിന്നും വിമുക്തമാക്കുവാന്‍ ശ്രമിച്ചത് അദ്ദേഹത്തെ അവരുടെ ബദ്ധ വിരോധി ആക്കി. അദ്ദേഹം പാക്കിസ്ഥാന്‍ ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കും എതിരായിരുന്നു. ഇന്‍ഡ്യയോട് നവാസ് ഷെരീഫിന് മൃദുസമീപനം ആണെന്ന് ഇമ്രാന്‍ഖാനും പട്ടാളവും ഐ.എസ്.ഐ.യും ആരോപിച്ചിരുന്നു. ഇമ്രാന്‍ ഖാന്‍ അദ്ദേഹത്തിന്റെ പ്രചരണ തന്ത്രത്തിന്റെ മുഖ്യ ആയുധം ആക്കി ഇതിനെ മാറ്റിയിരുന്നു. ഒപ്പം കടുത്ത ഇന്ത്യ വിരുദ്ധതയും. ഇത് ഫലിച്ചു. നവാസ് ഷരീഫിനെ ജയിലില്‍ അടച്ചതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ സുപ്രീം കോടതി അയോഗ്യന്‍ ആക്കിയതും ഒരു ജുഡീഷ്യല്‍ കൂവിന്റെ ഭാഗം ആയിരുന്നുവെന്ന് നവാസ് ഷെരീഫും പാര്‍ട്ടിക്കാരും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പും ഫലങ്ങളും കൂട്ടിവായിക്കുമ്പോള്‍ ഇതൊക്കെ ശരി തന്നെ എന്ന്് തോന്നിപോകും. എന്നിട്ടും ഇമ്രാന്‍ഖാന് കേവ ഭൂരിപക്ഷം കിട്ടിയില്ല എന്നതാണ് സത്യം.

മൂന്നാമത്തെ പ്രധാന കഥാപാത്രമായ ബിലവല്‍ ഭൂട്ടോക്ക്(29) വലിയ പാരമ്പര്യ മഹത്വം ഉണ്ട്. അദ്ദേഹവും ഇമ്രാന്‍ഖാനെപ്പോളെ ഓക്‌സ്‌ഫോര്‍ഡ് ബിരുദധാരിയാണ്. മുത്തച്ഛനും അമ്മയും പാക്കിസ്ഥാന്റെ പ്രധാനമന്ത്രിമാര്‍ ആയിരുന്നു(സുള്‍ഫിക്കര്‍ അലിഭൂട്ടോ, ബേനാസിര്‍ ഭൂട്ടോ). അച്ഛന്‍(സര്‍ദാരി) പ്രസിഡന്റും ആയിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പില്‍ ഇതൊന്നും വിലപ്പോയില്ല. മുബൈ ആക്രമണത്തിന്റെ സൂത്രധാരകനായിരുന്ന ഹഫീസ് സെയ്തിന്റെ പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ വളരെ പിന്നിലായി.

ഇമ്രാന്‍ഖാന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചരണ ആയുധം അഴിമതി വിരുദ്ധതയും ഇന്‍ഡ്യ വിരുദ്ധതയും ആയിരുന്നു. നവാസ് ഷെരീഫിനെ അഴിമതിയുടെ ആള്‍രൂപം ആയിട്ട് ആണ് അദ്ദേഹം ചിത്രീകരിച്ചത്. ഒപ്പം ഇന്‍ഡ്യയുടെയും മോഡി ഗവണ്‍മെന്റിന്റെയും ഉറ്റ സുഹൃത്ത് ആയിട്ടും. 2014-ല്‍ പട്ടാളത്തിന്റെ നിരോധനത്തെ കൂട്ടാക്കാതെ ഷെരീഫ് മോഡി ഗവണ്‍മെന്റിന്റെ സത്യപ്രതജ്ഞയില്‍ പങ്കെടുത്തത് പട്ടാളത്തെ നീരസപ്പെടുത്തിയിരുന്നു. ഇ്ര്രമാന്‍ അത് ശരിക്കും വിനിയോഗിച്ചു.

പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ഇന്‍ഡ്യവിരുദ്ധതയും ആയി എത്രകാലം മുമ്പോട്ട് പോകുവാന്‍ സാധിക്കും? ഏതറ്റം വരെ? കാശ്മീര്‍ പ്രശ്‌നം അദ്ദേഹം ആദ്യമെ തന്നെ വിജയപ്രസംഗത്തില്‍ ഊന്നിപറയുകയുണ്ടായി. ചൈനയാണ് അദ്ദേഹത്തിന്റെ സഖ്യ സുഹൃത്ത്. അമേരിക്കക്ക് എതിരെ അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചതാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ചില മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചപ്പോള്‍. ഇതെല്ലാം ഒരു ഭരണാധികാരി എന്ന നിലയില്‍ ഇമ്രാനെ എങ്ങനെ സഹായിക്കും? പാക്കിസ്ഥാന്‍ ഇന്ന് ഒരു വലിയ സാമ്പത്തീക പ്രതിസന്ധിയില്‍ ആണ്. ആര് അതിനെ ഇതില്‍ നിന്നും കരകയറ്റും? ആഭ്യന്തര സുരക്ഷയുടെ കാര്യത്തിലും അത് തകര്‍ച്ചയുടെ വക്കില്‍ ആണ്.

ഇമ്രാന്‍ഖാന്റെ വിജയം ഇന്‍ഡ്യക്ക് നല്ല ഒരു വാര്‍ത്ത അല്ല. പാക്കിസ്ഥാനിലെ സംഭവവികാസങ്ങള്‍ ഒരിക്കലും ഇന്‍ഡ്യക്ക് നല്ല വാര്‍ത്ത ആയിരുന്നില്ല. അതുകൊണ്ട് നിരന്തര ജാഗ്രതയാണ് ഇന്‍ഡ്യ പുലര്‍ത്തേണ്ടത്. ഇമ്രാന്‍ഖാന്‍ അഗ്രസീവ് ആയിട്ടുള്ള ഒരു ഓള്‍ റൗണ്ടര്‍ ആയിരുന്നു ക്രിക്കറ്റില്‍. പക്ഷേ, ഭരണത്തില്‍ അദ്ദേഹം പട്ടാളത്തിന്റെയും ഐ.എസ്.ഐ.യുടെയും ഭീകരരുടെയും പാവയും ആയിരിക്കാം. എന്തായിരിക്കാം അതുപോലുള്ള ഒരു ഭരണത്തിന്റെ അനന്തര ഫലം? പറയാറായിട്ടില്ല.




അയല്‍പക്കത്ത് ഒരു അധികാര കൈമാറ്റം (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക