Image

അദ്ധ്യാപികയെ മൃഗീയമായി കൊല ചെയ്‌ത ദമ്പതികള്‍ പിടിയില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 29 March, 2012
അദ്ധ്യാപികയെ മൃഗീയമായി കൊല ചെയ്‌ത ദമ്പതികള്‍ പിടിയില്‍
ആല്‍ബനി (ന്യൂയോര്‍ക്ക്‌): വെര്‍മോണ്ടിലെ സെന്റ്‌ ജോണ്‍സ്‌ബറിയില്‍ നാട്ടുകാര്‍ക്ക്‌ ഏറെ പ്രിയങ്കരിയായിരുന്ന അദ്ധ്യാപികയെ ക്രൂരമായി പീഡിപ്പിക്കുകയും മൃതശരീരം പൂര്‍ണ്ണ നഗ്നമാക്കി ബ്ലീച്ച്‌ ഒഴിച്ച്‌ ടാര്‍പോളിനില്‍ കോണ്‍ക്രീറ്റ്‌ കട്ടകളോടൊപ്പം പൊതിഞ്ഞ്‌ നദിയില്‍ തള്ളുകയും ചെയ്‌ത അല്ലന്‍ പ്രൂ (30) ഭാര്യ പട്രീഷ്യ പ്രൂ (33) എന്നിവരെ വെര്‍മോണ്ട്‌ സ്റ്റേറ്റ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തു.

മാര്‍ച്ച്‌ 25-നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്‌. അല്ലന്‍ പ്രൂ ഭാര്യ പട്രീഷയോടൊത്ത്‌ അവരുടെ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തോന്നിയ കുബുദ്ധിയാണ്‌ ഈ കൊലപാതകത്തില്‍ കലാശിച്ചതെന്ന്‌ പോലീസ്‌ വ്യക്തമാക്കി. സ്‌ത്രീകളോടുള്ള അല്ലന്റെ ആസക്തി അറിയാവുന്ന പട്രീഷ്യയാണ്‌ അവര്‍ക്ക്‌ അടുത്തറിയാവുന്ന മെലീസ ജെന്‍കിന്‍സ്‌ (33) എന്ന അദ്ധ്യാപികയെ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ തങ്ങളുടെ വാഹനം വഴിയില്‍ കേടായെന്നും പെട്ടെന്ന്‌ വന്ന്‌ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചത്‌.

അല്ലനേയും പട്രീഷ്യയേയും അറിയാവുന്ന മെലീസ സംശയലേശമന്യേ തന്റെ രണ്ടു വയസ്സുള്ള മകനേയും കൊണ്ട്‌ സ്ഥലത്തെത്തിയ ഉടനെ അല്ലന്‍ അവരെ കടന്നുപിടിച്ച്‌ വാഹനത്തിലേക്ക്‌ കയറ്റുകയും ബലാത്സംഗ ശ്രമത്തിനിടയില്‍ എതിര്‍ത്ത മെലീസയെ കഴുത്തു ഞെരിച്ച്‌ ശ്വാസം മുട്ടിക്കുകയും ചെയ്‌തു. അനക്കമറ്റപ്പോള്‍ വാഹനത്തിന്റെ പുറകിലെ സീറ്റില്‍ കിടത്തി സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുപോകുകയും, വീട്ടിലെത്തിയ ഉടനെ അബോധാവസ്ഥയിലായിരുന്ന മെലീസയെ വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയും മരിച്ചെന്നു ഉറപ്പുവരുത്തിയ ശേഷം വസ്‌ത്രങ്ങള്‍ ഊരിയെടുത്ത്‌ മൃതശരീരത്തില്‍ ബ്ലീച്ച്‌ ഒഴിച്ച്‌ ടാര്‍പോളിനില്‍ പൊതിഞ്ഞ്‌ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി വെര്‍മോണ്ടിനേയും
ന്യൂഹാംഷയറിനേയും വേര്‍തിരിക്കുന്ന കണക്ടിക്കട്ട്‌ നദിയില്‍ തള്ളുകയുമായിരുന്നു എന്ന്‌ പ്രതികള്‍ കോടതിയില്‍ മൊഴി നല്‍കി.

ബോയ്‌ ഫ്രണ്ടുമായി പിണങ്ങിക്കഴിയുന്ന മെലീസ തന്റെ രണ്ടു വയസ്സുള്ള മകനുമൊത്ത്‌ വേറെയാണ്‌ താമസം. അല്ലന്‍ പ്രൂ പലപ്രാവശ്യം മെലീസയോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു എന്നും, അത്‌ നിരസിച്ചതായിരിക്കാം അല്ലനെ പ്രകോപിപ്പിച്ചതും ഈ ഹീനകൃത്യത്തിലേക്ക്‌ നയിച്ചതെന്നും പോലീസ്‌ സംശയിക്കുന്നു.

വാഹനം കേടായ വിവരം പട്രീഷ്യ പറഞ്ഞപ്പോള്‍ മെലീസ തന്റെ ബോയ്‌ഫ്രണ്ടിനെ വിളിച്ച്‌ കാര്യം പറയുകയും താന്‍ അവരെ സഹായിക്കാന്‍ പോകുകയാണെന്നും പറഞ്ഞിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ്‌ അയാള്‍ മെലീസയെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നും കിട്ടാതായപ്പോള്‍ അന്വേഷിച്ചിറങ്ങുകയും, മെലീസയുടെ കാര്‍ കണ്ടെത്തുകയും ചെയ്‌തു. കാറില്‍ രണ്ടു വയസ്സുകാരന്‍ മകന്‍ ഉറങ്ങുന്നതും കണ്ടെന്ന്‌ അയാള്‍ പോലീസില്‍ മൊഴി നല്‍കി. തന്നെയുമല്ല മെലീസ ധരിച്ചിരുന്ന ഒരു ഷൂ കാറിനടുത്തു കാണുകയും ചെയ്‌തു. പ്രതികളെ പിടികൂടാന്‍ സഹായിച്ചതും അയാളുടെ മൊഴിയായിരുന്നു എന്ന്‌ വെര്‍മോണ്ട്‌ പോലീസ്‌ മേജര്‍ എഡ്‌ ലിഡോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെലീസയുടെ ദാരുണമായ അന്ത്യം അവര്‍ പഠിപ്പിച്ചിരുന്ന സെന്റ്‌ ജോണ്‍സ്‌ബറി അക്കാദമിയിലെ മറ്റു അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ദു:ഖത്തിലാഴ്‌ത്തിയിരിക്കുകയാണെന്ന്‌ അക്കാദമി വക്താവ്‌ ജോ ഹീലി പറഞ്ഞു. തങ്ങളുടെ സയന്‍സ്‌ അദ്ധ്യാപികയുടെ കൊലപാതകം വിദ്യാര്‍ത്ഥികളിലും മാനസിക സംഘര്‍ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അദ്ധ്യാപികയെ മൃഗീയമായി കൊല ചെയ്‌ത ദമ്പതികള്‍ പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക