Image

പുലയന്‍(കവിത : റോജന്‍)

റോജന്‍ Published on 30 July, 2018
പുലയന്‍(കവിത : റോജന്‍)
അയ്യപ്പേട്ടന്‍ പുലയനായിരുന്നു.
ഓളംതല്ലി പാറയില്‍
അയ്യപ്പേട്ടന്
പെട്ടികടയുണ്ടായിരുന്നു.
അയ്യപ്പേട്ടന്‍ 
അയപ്പസ്വാമിയുടെ
ബല്യ ഭക്തനായിരുന്നു.

ഒരു നാള്‍
പെട്ടികടക്കപ്പുറത്തെ
അരയാല്‍ ചുവട്ടില്‍
കുളിച്ച് ശുദ്ധിയോടെ
കറുപ്പെടുത്ത്
ഭസ്മമണിഞ്ഞ്
വന്ന അയ്യപ്പേട്ടന്‍
ഒരു കരിങ്കല്ല്
പ്രതിഷ്ഠിച്ച്
' എന്റെ മുത്തപ്പാ...'
എന്നുറക്കെ വിളിച്ച്
തൊഴുത് നിന്നു.

കരിങ്കലിന് പിറകിലായി
പുലിപ്പുറത്തിരിക്കുന്ന
അയ്യപ്പസ്വാമിയുടെ
കുഞ്ഞുചിത്രവുമുണ്ടായിരുന്നു.

പിന്നീട് അയ്യപ്പേട്ടന്റെ
ശരണം വിളികള്‍ക്ക് 
ശേഷം മാത്രം
പുത്തന്‍ കോളിന്റെ
അറ്റത്തൂടെ 
ചെമന്ന സൂര്യന്‍
അറബികടലിലിറങ്ങി

കാലം ഒഴുകിക്കൊണ്ടിരുന്നു
മുത്തപ്പനെയും
അയ്യപ്പ സ്വാമിയെയും
അനാഥമാക്കി
അയ്യപ്പേട്ടന്‍
ഒരു ശരണം വിളി 
പോലെ മരിച്ചു.

അരയാലും
ചുറ്റുമുളള ഇടവും
അയ്യപ്പേട്ടന്‍
മുത്തപ്പനായി
എഴുതി വെച്ചിരുന്നു.

പകലിരവുകള്‍ക്ക് ശേഷം
അവിടെ 
മേല്‍ ജാതിക്കാരുടെ
ഗുരു പ്രതിഷ്ഠ വന്നു.
പുലയനായ അയ്യപ്പേട്ടന്റെ
മുത്തപ്പനെ
ആരോ എവിടേക്കോ
വലിച്ചെറിഞ്ഞു.

ഇന്നലെ അയ്യപ്പേട്ടന്‍
സ്വപ്നത്തില്‍ വന്നു.
അയാള്‍ അരയാല്‍ 
ചുവട്ടില്‍ കറുപ്പെടുത്ത്
കരഞ്ഞ് തൊഴുതു നിന്നു.

'ഞാന്‍ അയ്യപ്പന്‍ പുലയനാ...
നിങ്ങളെന്റെ മുത്തപ്പനെ
കണ്ടോ...? '

പുലയന്‍(കവിത : റോജന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക