Image

ഹനാന്‍: സോഷ്യല്‍ മീഡിയാ കലിപ്പിനിരയായ നിരാലംബ (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 30 July, 2018
ഹനാന്‍: സോഷ്യല്‍ മീഡിയാ കലിപ്പിനിരയായ നിരാലംബ  (എ.എസ് ശ്രീകുമാര്‍)
*ബ്രേക്കിങ് ന്യൂസ്: (2018 ജൂലൈ 30)
കൊച്ചി: പഠനത്തിനും ഉപജീവനത്തിനുമായി മീന്‍ വിറ്റ തൊടുപുഴ കോളേജിലെ വിദ്യാര്‍ത്ഥിനി ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി സിയാദിനെയാണ് പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ്, ഗുരുവായൂര്‍ പുന്നയൂര്‍ക്കുളം ചെറായി പൈനാട്ടായില്‍ വിശ്വനാഥന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 

ഹനാനെതിരെ ഫേസ്ബുക്കില്‍ അശഌലമായി പോസ്റ്റിട്ടതിനാണ് വിശ്വനാഥനെ ഇന്നലെ തൃശൂര്‍ പൊലീസ് പിടികൂടിയത്. ഇയാളെ പിന്നീട് പാലാരിവട്ടം പോലീസിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. താനറിയാതെ മറ്റാരോ മൊബൈല്‍ ഫോണിലൂടെ ഹനാനെതിരെ പോസ്റ്റിട്ടതെന്നാണ് വിശ്വനാഥന്റെ മൊഴി. വിശ്വനാഥനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും
***
നൂറുദ്ദീന്‍ ഷെയ്ക്കായിരുന്നു ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രധാനമായും ഹനാനെതിരെ ആരോപണം ഉയര്‍ത്തിയത്. ഹനാന്റെ മീന്‍ക്കച്ചവടം തട്ടിപ്പാണ്, ആളുകള്‍ വഞ്ചിക്കപ്പെടരുരുത് എന്ന് വ്യക്തമാക്കുന്ന നൂറുദ്ദീന്റെ ലൈവ് ആയിരക്കണക്കിന് ആളുകളായിരുന്നു ഷെയര്‍ ചെയത്. പെണ്‍കുട്ടിക്കെതിരെ വ്യാജ ആരോപണം നടത്തിയവര്‍ക്കെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് പോസ്റ്റുകള്‍ മുക്കിയിരിക്കുകയാണ് നൂറുദ്ദീന്‍.

തൊടുപുഴ അല്‍ അസര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ മൂന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയായ ഹനാന്റെ പത്രവാര്‍ത്ത കണ്ട് സംവിധായകന്‍ അരുണ്‍ഗോപി തന്റെ പുതിയചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അഭിനയിക്കാന്‍ ഹനാന് അവരസരമൊരുക്കിയിരുന്നു. ഇതോടെയാണ് ഹനാന്റെ മീന്‍വില്‍പ്പന സിനിമാ പ്രമോഷന്‍ ആണെന്ന് ആരോപണം ഉയര്‍ന്നത്. ഹാനാന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്ന സിനിമാ താരങ്ങളോടൊത്തുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു ഇവരുടെ ആരോപണം. മൂന്ന് ദിവസം മാത്രമാണ് ഹനാന്‍ തമ്മനത്ത് മീന്‍വില്‍പ്പന നടത്തിയത് എന്നായിരുന്നു വിമര്‍ശകരുടെ പ്രധാനം ആരോപണം. 

എന്നാല്‍ കളമശ്ശേരി തോഷിബ ജങ്ഷനിലെ പൈപ്പ്‌ലൈന്‍ റോഡില്‍ ഹനാന്‍ ഒരു മാസത്തോളം കച്ചവടം നടത്തിയിരുന്നെന്ന് അവിടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ മുന്നു ദിവസം മാത്രം കച്ചവടം നടത്തിയാണ് ഹനാന്‍ വാര്‍ത്തയില്‍ ഇടംപിടിച്ചതെന്ന കുപ്രചാരണങ്ങള്‍ക്ക് മറുപടിയായി. നേരത്തെ തന്നെ, കളമശ്ശേരിയില്‍ മറ്റു രണ്ടു പേരോടൊപ്പം പങ്കു കച്ചവടം നടത്തിയിരുന്നുവെന്നും അതിലൊരാളുടെ പെരുമാറ്റം ശരിയല്ലെന്ന് തോന്നിയതിനാല്‍ ഒഴിവാക്കുകയായിരുന്നെന്നും ഹനാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, തമ്മനത്ത് കച്ചവടമാരംഭിച്ചിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളു എന്ന അര്‍ധസത്യം മാത്രം പറഞ്ഞ് ചിലര്‍ പ്രചാരണം നടത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഹനാനെതിരെ വ്യാപക ആക്രമണമുണ്ടാവുകയായിരുന്നു.

നിത്യവും വെളുപ്പിന് മൂന്നുമണിക്ക് ഉണര്‍ന്ന് പ്രഭാത കര്‍മ്മങ്ങളും കഴിഞ്ഞ് മാര്‍ക്കറ്റിലെത്തി മീന്‍ വിറ്റ ശേഷം കോളേജില്‍ പോകുകയും വൈകിട്ട് മടങ്ങിയെത്തി വീണ്ടും മത്സ്യവില്‍പ്പന നടത്തുകയും ചെയ്താണ് ഹനാന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. കോളേജ് യൂണിഫോമിട്ട് മീന്‍ വില്‍ക്കുന്ന ഹനാന്റെ വേഷം പലര്‍ക്കും പിടിച്ചില്ല. അവള്‍ ഇടയ്ക്ക് ഇംഗ്ലീഷ് പറഞ്ഞത് ചിലരില്‍ മുറുമുറുപ്പുണ്ടാക്കി. മുസ്ലീമായതിനാല്‍ തട്ടമിടാഞ്ഞതും മതവാദികളെ വല്ലാതെ പ്രകോപിപ്പിച്ചു. അങ്ങനെ സോഷ്യല്‍ മീഡിയാ ഭ്രാന്തന്‍മാരുടെ കലിപ്പിന് ഇരയായി, തെറി വിളിയും പുലഭ്യം പറയലും വേണ്ടുവോളം അവള്‍ കേട്ടു. 

ഇളം പ്രായത്തിലേറ്റ വലിയ തിരിച്ചടികള്‍ക്ക് മുന്നില്‍ ജീവിതം വഴിമുട്ടി നിന്നിട്ടും പതറാതെ പോരാട്ട വീര്യത്തോടെ എല്ലാറ്റിനെയും നേരിട്ട ഹനാന്‍ അങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ താരമായത്. പക്ഷേ ഹനാനെ അറിഞ്ഞ സുമനസുകള്‍ അവളെ നെഞ്ചിലേറ്റുകയായിരുന്നു. തമ്മനം മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കാന്‍ ഇറങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ച് സോഷ്യല്‍ മീഡിയയുടെ അപമാനത്തിന് പാത്രമായ ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണമായിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ് ഹനാന്‍. കടുത്ത മദ്യപാനിയായിരുന്ന ഹനാന്റെ ബാപ്പ. ഹനാന്റെ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ ബന്ധം വേര്‍പെടുത്തിയപ്പോള്‍ മുതല്‍ കുടുംബം പട്ടിണിയിലായി. അതോടെ ഉമ്മ മാനസികമായി തളര്‍ന്ന് രോഗാവസ്ഥയിലായി.
കുടുംബം നോക്കേണ്ട ഉത്തരവാദിത്തം ഹനാന്റെ ചുമലിലുമായി. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ഒരു കരപറ്റാനായിരുന്നു ഹനാന്റെ ആഗ്രഹം. അതിനു വേണ്ടി പല ജോലികള്‍ ചെയ്തു. സിനിമയില്‍ താല്‍പ്പര്യമുള്ളതിനാല്‍ അവസരങ്ങള്‍ കിട്ടാന്‍ വേണ്ടിയും പരിശ്രമിച്ചു. എല്ലാം ഉമ്മയെയും പ്ലസ് ടുവിന് പഠിക്കുന്ന അനുജനെയും പോറ്റാന്‍ വേണ്ടിയും തനിക്കൊരു ഭാവിയും മുന്നില്‍ കണ്ടായിരുന്നു. പ്ലസ്ടു വരെ മുത്തുമാലകള്‍ ഉണ്ടാക്കി വിറ്റും കുട്ടികള്‍ക്ക് ട്യൂഷനെടുത്തുമാണ് ഹനാന്‍ വീടുപോറ്റിയത്. ഇതിനിടെ തുടര്‍ പഠനത്തിനും മറ്റുമായി കുടുംബം തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. ജീവിക്കാനുള്ള പരിശ്രമത്തിനിടെ ഹനാന് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഇത് മറികടക്കാന്‍ അവളെ സഹായിച്ചത് മലയാളികളുടെ പ്രിയങ്കരനായ കലാഭവന്‍ മണിയായിരുന്നു. വില്‍പ്പനക്കുള്ള മീന്‍ എടുത്ത ശേഷമാണ് ഹനാന്‍ 60 കിലോമീറ്റര്‍ അകലെയുള്ള കോളേജിലേക്ക് ബസില്‍ പോയിരുന്നത്. 

എന്നാല്‍ കലാഭവന്‍ മണിയുടെ മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍ കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്. ''എനിക്ക് സംവിധായകരെയൊന്നും പരിചയമില്ല. ഒരു സംവിധായകനും എന്നെ വിളിക്കുകയോ അവസരം തരുകയോ ചെയ്തിട്ടി. ജീവിക്കാന്‍ വേണ്ടിയാണ് മാന്യമായ ജോലി ചെയ്യുന്നത്. ഇത്രയും കാലം ജീവിച്ചത് വളരെ കഷ്ടപ്പെട്ടിട്ടാണ്. ഒരുപാട് ബുദ്ധിമുട്ടിയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അവസരങ്ങല്‍ വാങ്ങിയിരിക്കുന്നത്. ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ്. എനിക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകണ്ട, എന്റെ ജീവിതം ഇല്ലാതാക്കരുത്...'' ഹനാന്‍ പറഞ്ഞു. എറണാകുളം നഗരത്തില്‍ നിന്നും ഏതാനും കിലോ മീറ്റര്‍ അകലെയുള്ള മാടവനയിലെ വാടക ലോഡ്ജിലായിരുന്നു ഹനാന്‍ താമസിച്ചിരുന്നത്. തീര്‍ത്തും ദുരിതപൂര്‍ണമായ ജീവിത സാഹചര്യമാണ് ലോഡ്ജിലേത്.

ഹനാന്‍ പോരാടി ജീവിക്കുന്ന കുട്ടിയാണ്. സിനിമ മോഹിയാണ്. മുത്തുമാല വില്‍പന, പാട്ട് പാടല്‍, ഭക്ഷണം ഉണ്ടാക്കി വില്‍ക്കല്‍, ആങ്കറിങ്ങ് ഒക്കെ ചെയ്തിട്ടുണ്ട്. ഇത്തിരി കൂടുതല്‍ പണം ഉണ്ടാക്കാന്‍ വേണ്ടി മീനും വില്‍ക്കുന്നു. ഒരാള്‍ പഠിക്കുന്നതിനൊപ്പം തൊഴില്‍ ചെയ്യുന്നു. അതിജീവനമെന്ന് വാഴ്ത്തുന്നു. അതേ നിമിഷം അത് തിരിഞ്ഞ് തെറിവിളി ആകുകയും ചെയ്യുന്നു. അവളും ഉമ്മയും അരക്ഷിതാവസ്ഥയിലാണ്. ഭക്ഷണം കഴിക്കാന്‍ മാത്രമല്ല, നല്ല നിലക്ക് ജീവിക്കാന്‍ കൂടിയാണ് അവള്‍ ജോലി ചെയ്യുന്നത്. അതിനകത്ത് പലതരം ആനന്ദങ്ങളുണ്ടാകും. സിനിമ കിട്ടിയാല്‍ അഭിനയിക്കാന്‍ പോകുമായിരിക്കും. മീന്‍ വില്‍ക്കുകയോ വില്‍ക്കാതോരിക്കുകയോ സഹായം സ്വീകരിക്കുകയോ ചെയ്യുമായിരിക്കും. ആര്‍ക്കാണ് ചേദം എന്ന ചോദ്യത്തിന് ഹനാനെ വളഞ്ഞിട്ടാക്രമിക്കുന്ന സൈബര്‍ ക്രിമിനലുകള്‍ക്ക് മറുപടിയുണ്ടാവില്ല.

ഭക്ഷണം മോഷ്ടിച്ചെന്ന് പറഞ്ഞ് ആദിവായി മധുവിനെ, കോഴിയെ കട്ടെന്നാരോപിച്ച് അന്യ സംസ്ഥാനക്കാരന്‍ മണിക് റോയിയെ ഒക്കെ അടിച്ചു കൊന്ന ആള്‍ക്കൂട്ടക്കൊലപാതകികളേക്കാള്‍ ഭീകരരാണ് ഈ സൈബര്‍ ക്രിമിനലുകള്‍. നമ്മള്‍ കരുതും പോലെ ഒരാള്‍ പെരുമാറിയില്ലെങ്കില്‍ അത് വരെ കൊടുത്ത പിന്തുണ പിന്‍വലിക്കുമെന്ന് മാത്രമല്ല അവഹേളിക്കുക കൂടി ചെയ്യുന്ന ഇരുതല വാളാണ് സോഷ്യല്‍ മീഡിയ എന്ന് ഈ സംഭവത്തിലൂടെ തിരിച്ചറിയുന്നു. 

''ഇത്രയും നാള്‍ ഞാനീ ലോകത്ത് തന്നെയുണ്ടായിരുന്നു, എന്റെ ദുരിതങ്ങളും കഷ്ടപ്പാടുകളുമായി. കുറച്ച് ദിവസം മാത്രമെ ആയിട്ടുള്ളൂ മാധ്യമങ്ങളില്‍ ഞാന്‍ വാര്‍ത്തയായിട്ടും, കുറെപ്പേരെങ്കിലും എന്നെ തിരിച്ചറിഞ്ഞിട്ടും. അതിനു മുമ്പുള്ള കാലങ്ങളിലൊന്നും ആരും എന്നെ അറിഞ്ഞിരുന്നില്ല, എന്റെ വേദനകളും. പക്ഷേ, ഇപ്പോള്‍ ഞാന്‍ കള്ളം പറയുകയാണെന്നു പരിഹസിച്ചും വിമര്‍ശിച്ചും ആളുകള്‍ വരികയാണ്. ഞാനെന്താണ് ഇവരോടൊക്കെ മറുപടി പറയേണ്ടതെന്ന് അറിയില്ല. ഇന്നും ഇന്നലെയും അനുഭവിക്കാന്‍ തുടങ്ങിയതല്ല, എന്റെ കുട്ടിക്കാലം മുതല്‍ അനുഭവിക്കുന്നതാണ് കുടുംബത്തിലെ പ്രശ്‌നങ്ങളും കാര്യങ്ങളുമൊക്കെ. പല ആരോഗ്യപ്രശ്‌നങ്ങളും എനിക്കുണ്ട്, അതെല്ലാം മറികടന്ന് ജീവിക്കാന്‍ മോഹിക്കുകയാണ്…എന്നെ ഇങ്ങനെ ക്രൂശിക്കരുത്...'' നിസ്സഹായയായ, നിരാലംബയായ ഹനാന്റെ ഹൃദയഭേദകമായ വാക്കുകളാണിത്. ഹനാന്‍ എന്ന അറബി വാക്കിന് 'കരുണ'യെന്നാണ് അര്‍ത്ഥം. സോഷ്യല്‍ മീഡിയയില്‍ തോന്ന്യാസം പടയ്ക്കുന്ന പകല്‍ മാന്യന്‍മാര്‍ ഇനിയെങ്കിലും ഹനാനോട് അല്‍പം കരുണ കാട്ടുക. ഇല്ലെങ്കില്‍ നാളെ നിങ്ങള്‍ നിയമപ്പൂട്ടിലാവും...ജാഗ്രതൈ...


ഹനാന്‍: സോഷ്യല്‍ മീഡിയാ കലിപ്പിനിരയായ നിരാലംബ  (എ.എസ് ശ്രീകുമാര്‍)ഹനാന്‍: സോഷ്യല്‍ മീഡിയാ കലിപ്പിനിരയായ നിരാലംബ  (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക