Image

കോടികള്‍ കൊയ്യുന്ന റിയാലിറ്റി ഷോ (മൊയ്‌തീന്‍ പുത്തന്‍ചിറ)

Published on 01 July, 2011
കോടികള്‍ കൊയ്യുന്ന റിയാലിറ്റി ഷോ (മൊയ്‌തീന്‍ പുത്തന്‍ചിറ)
റിയാലിറ്റി ഷോകളുടെ അതിപ്രസരമാണ്‌ ഇന്ന്‌ എല്ലാ ചാനലുകളിലും. അവയില്‍ ഭൂരിഭാഗവും സംഗീതവുമായി ബന്ധമുള്ളവയാണുതാനും. ഒരു സാംക്രമികരോഗം പോലെ ചാനലുകാര്‍ മത്സരിച്ച്‌ പല പേരുകളില്‍ ഓരോ റിയാലിറ്റി ഷോകളും സംഘടിപ്പിക്കുമ്പോള്‍ അതില്‍ പതിയിരിക്കുന്ന നിഗൂഢതകളെക്കുറിച്ച്‌ അധികമാരും ശ്രദ്ധിക്കാറില്ല. അല്ലെങ്കില്‍ ശ്രദ്ധിക്കാതിരിക്കാന്‍ സംഘാടകര്‍ പല തന്ത്രങ്ങളും പ്രയോഗിക്കുന്നു. നല്ല പ്രകടനം കാഴ്‌ചവെക്കുന്നവരെ എസ്‌.എം.എസ്സ്‌. പോരായ്‌മയുടെ പേരുപറഞ്ഞ്‌ ഔട്ടാക്കുകയും കൂടുതല്‍ എസ്‌.എം.എസ്സ്‌ കിട്ടിയ മോശം പ്രകടനക്കാരെ നിലനിര്‍ത്തുകയും ചെയ്യുന്നത്‌ പലപ്പോഴും കാണാം. ഓരോ എലിമിനേഷന്‍ റൗണ്ട്‌ കഴിയുന്തോറും ചില പൊടിക്കൈകളിലൂടെ മത്സരാര്‍ത്ഥികള്‍ക്ക്‌ കൂടുതല്‍ വോട്ടുകള്‍ ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കുകയും അടുത്തപ്രാവശ്യം പൂര്‍വ്വാധികം ശക്തി പ്രാപിച്ച്‌ അതേ മത്സരാര്‍ത്ഥി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്യുന്ന പ്രവണതയും ഒരു പതിവായിത്തീര്‍ന്നിരിക്കുന്നു.  മോശമായ പ്രകടനം കാഴ്‌ച വെയ്‌ക്കുന്ന മത്സരാര്‍ഥികളെയാണ്‌ കൂടുതല്‍ എസ്‌.എം.എസ്സുകള്‍ക്കു വേണ്ടി ബലിയാടുകളാക്കുന്നത്‌. പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നായിരിക്കും മത്സരാര്‍ത്ഥി `ബ്ലാക്കൗട്ട്‌' ആകുന്നത്‌. എന്താണ്‌ സംഭവിച്ചതെന്ന്‌ മത്സരാര്‍ത്ഥിക്കുമറിയില്ല ജഡ്‌ജസ്സിനുമറിയില്ല...! പിന്നീട്‌ ഒരു മരണവീടിന്റെ പ്രതീതിയുണര്‍ത്തുന്ന ശോകസംഗീതവും, മത്സരാര്‍ത്ഥിയുടെ കണ്ണീരും അവതാരകയുടെ കരച്ചിലും മെഴുക്കസ്യാ എന്ന മട്ടിലിരിക്കുന്ന ജഡ്‌ജസ്സും കണ്ണീരൊപ്പുന്ന കാഴ്‌ചക്കാരും എല്ലാം ശരിക്കും ഒരു മരണവീടിന്റെ ശോകാന്തരീക്ഷം തന്നെ. പക്ഷേ അടുത്ത സ്റ്റേജിലതാ അതേ മത്സരാര്‍ത്ഥി ഒരു ലക്ഷം എസ്‌.എം.എസ്സിന്റെ ഭൂരിപക്ഷത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്നു...!!

ഇന്ത്യയില്‍ നിന്നുള്ളതിനേക്കാള്‍ ചാര്‍ജ്ജ്‌ കൂടുതലാണ്‌ വിദേശങ്ങളില്‍നിന്നുള്ള എസ്‌.എം.എസ്സുകള്‍ക്ക്‌. ഗള്‍ഫ്‌ നാടുകളില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ എസ്‌.എം.എസ്സുകള്‍ വരുന്നത്‌. പാട്ട്‌ എത്ര മോശമായാലും എസ്‌.എം.എസ്സിന്റെ ബലത്തില്‍ എലിമിനേഷനില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ വീണ്ടും പഴയ പല്ലവി ആവര്‍ത്തിക്കുന്ന മത്സരാര്‍ത്ഥികളെയും പല എപ്പിസോഡുകളിലും കാണാം. എസ്‌.എം.എസ്സുകള്‍ അയക്കുന്നവര്‍ ഭൂരിഭാഗവും മത്സരാര്‍ത്ഥികളെ നേരിട്ടറിയുന്നവരോ പരിചയക്കാരോ ആയിരിക്കണമെന്നില്ല. ഇവരാകട്ടേ സംഗീതത്തിന്റെ ബാലപാഠമറിയാത്തവരും സംഗീതവുമായി പുലബന്ധം പോലുമില്ലാത്തവരുമായിരിക്കും. അവരോടാണ്‌ ശുദ്ധസംഗീതത്തിന്‌ മാര്‍ക്കിടാന്‍ ആവശ്യപ്പെടുന്നത്‌ !

ഏകദേശം ഒരു കൊല്ലത്തോളം നീണ്ടു നില്‍ക്കുന്ന ഈ റിയാലിറ്റി ഷോകള്‍ക്ക്‌ ദിനംപ്രതി ഒരു ലക്ഷം എസ്‌.എം.എസ്സുകളെങ്കിലും ലഭിക്കുന്നുണ്ടത്രേ ! ഒരു കൊല്ലം കൊണ്ട്‌ നേടുന്നത്‌ ഏകദേശം പതിനൊന്നു കോടി രൂപ ! ആഴ്‌ചയില്‍ അഞ്ചു ദിവസം ഈ പ്രോഗ്രാം നടത്തുമ്പോള്‍ കിട്ടുന്ന മറ്റു വരുമാനങ്ങള്‍ ഏകദേശം രണ്ടര കോടിയോളം വരും. സ്‌പോണ്‍സര്‍ഷിപ്പ്‌ ഇനത്തില്‍ ചാനലുകള്‍ക്ക്‌ കിട്ടുന്ന കോടികള്‍ വേറെ. അതുകൊണ്ടൂം തീര്‍ന്നില്ല. ഗ്രാന്റ്‌ ഫിനാലെ ദിവസമാണ്‌ ഏറ്റവും കൂടുതല്‍ എസ്‌.എം.എസ്സുകള്‍ ഒഴുകിയെത്തുന്നത്‌. ഒറ്റ ദിവസം കൊണ്ട്‌ ഏകദേശം 20 ലക്ഷം എസ്‌.എം.എസ്സുകളാണത്രേ അന്നേ ദിവസം കിട്ടുന്നത്‌. അതായത്‌ മറ്റൊരു 60 ലക്ഷം രൂപ...!ഒന്നാം സമ്മാനമായ 50 ലക്ഷത്തിന്റെയോ ഒരു കോടിയുടേയോ ഫ്‌ളാറ്റ്‌ കൊടുത്താലും പിന്നെയും കോടികള്‍ ബാക്കി. മൂന്നു ജഡ്‌ജസ്സിന്‌ 30 ലക്ഷം വീതം ഒരു വര്‍ഷത്തേക്ക്‌ കൊടുക്കുന്നത്‌ 90 ലക്ഷം, അവതാരകര്‍ക്ക്‌ 20 ലക്ഷവും. പിന്നേയും കിടക്കുന്നു കോടികള്‍ ബാക്കി. രണ്ടാം സമ്മാനമായി കാറും, മൂന്നാം സമ്മാനമായി സ്വര്‍ണ്ണവും കൊടുക്കുന്നത്‌ മറ്റു സ്‌പോണ്‍സര്‍മാരാണെന്നും ഓര്‍ക്കണം. മറ്റു ചിലവുകള്‍ക്കായി ഒന്നോ രണ്ടോ കോടിയായാലും പിന്നെയും കോടികള്‍ ബാക്കിയാണ്‌. എല്ലാ ചിലവും കഴിഞ്ഞ്‌ ചാനലും റിയാലിറ്റി ഷോയുടെ പ്രധാന സ്‌പോണ്‍സറും നേടുന്നത്‌ 6 മുതല്‍ 7 കോടി രൂപ വരെയാണത്രേ...!

ശുദ്ധ സംഗീതത്തിനേ വോട്ടു ചെയ്യാവൂ എന്ന ജഡ്‌ജസ്സിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന ശുദ്ധ അസംബന്ധമാണെന്നതിന്‌ തെളിവുകള്‍ പല എപ്പിസോഡുകളിലൂടെയും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കാം. പത്തും പന്ത്രണ്ടും എപ്പിസോഡുകളില്‍ പാടി അവസാനം എലിമിനേഷന്‍ എന്ന ജാലവിദ്യയിലൂടെ, എസ്‌.എം.എസ്സിന്റെ പോരായ്‌മയില്‍ പുറത്തായ മത്സരാര്‍ത്ഥികള്‍ക്ക്‌ അതുവരെ അവര്‍ക്ക്‌ ചിലവായ പണത്തെക്കുറിച്ചോ പാടി ജയിക്കാന്‍ അവരനുഭവിച്ച യാതനകളെക്കുറിച്ചോ, പാതി വഴിയില്‍ അവര്‍ ഉപേക്ഷിച്ച പഠനത്തെക്കുറിച്ചോ, കൈവശമുണ്ടായിരുന്ന നല്ല ജോലി രാജിവെച്ചതിന്റെ പേരില്‍ നേരിട്ട നഷ്ടത്തെക്കുറിച്ചോ ഒന്നും തന്നെ സംഘാടകര്‍ക്ക്‌ ഒരു പ്രശ്‌നമേ അല്ല. കഴിവുള്ള പാട്ടുകാരെ കണ്ടൂപിടിക്കാനാണെന്ന വ്യാജേന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌, അവരെ ചൂഷണം ചെയ്‌ത്‌ കോടികള്‍ സമാഹരിച്ച്‌, റിയാലിറ്റി ഷോയുടെ പേരില്‍ കോടികള്‍ സമ്മാനമായി വാരിക്കോരി കൊടുക്കുന്നത്‌ യഥാര്‍ത്ഥ സംഗീതത്തേയും, സംഗീതലോകത്തേയും, സംഗീത പ്രേമികളേയും അവഹേളിക്കുന്നതിനു തുല്ല്യമാണ്‌. ഒരു ഷോ പാക്കപ്പ്‌ ചെയ്യുന്നതിന്‌ ആറു മാസം മുന്‍പുമുതല്‍ അടുത്തതിനുള്ള സന്നാഹമൊരുക്കുന്നതിന്റെ തിരക്ക്‌ കാണുമ്പോള്‍ മനസ്സിലാക്കാം ഈ ചെപ്പടി വിദ്യയില്‍ നിന്ന്‌ എത്ര ലാഭം അവര്‍ കൊയ്യുന്നുണ്ടെന്ന്‌. കഴിവുള്ള കലാകാരന്മാരെ കണ്ടുപിടിക്കുന്നത്‌ നല്ലതു തന്നെ. സംഗീതലോകത്ത്‌ അനശ്വരവും അനുഗ്രഹീതരുമായ ഒട്ടേറെ കലാകാരന്മാരും കലാകാരികളും കലാകേരളത്തിന്‌ സ്വന്തമായിട്ടുണ്ട്‌. അവരാരും ഇങ്ങനെയുള്ള റിയാലിറ്റി ഷോകളിലൂടെയല്ല വളര്‍ന്നുവന്നത്‌. കോടീശ്വരരായ കുത്തക കമ്പനികളെ വീണ്ടും കോടിപതികളാക്കാനുള്ള ഒരു തന്ത്രമായി മാത്രമേ റിയാലിറ്റി ഷോകളെ കാണാന്‍ കഴിയൂ.

സിനിമയില്‍ പാടാനാഗ്രഹിച്ച്‌ മദ്രാസിലേക്ക്‌ വണ്ടി കയറി, പട്ടിണി കിടന്നും പൈപ്പുവെള്ളം കുടിച്ചും മദ്രാസിലെ തെരുവുകളില്‍ അലഞ്ഞു നടന്ന യേശുദാസിനേയാണ്‌ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടത്‌. കഷ്ടനഷ്ടങ്ങള്‍ ഏറെ സഹിച്ചാണ്‌ അദ്ദേഹം ഇന്നീ നിലയിലെത്തിയത്‌. ഏതാനും പാട്ടുകള്‍ പാടി അദ്ദേഹം കോടികള്‍ നേടിയോ എന്നു സംശയമാണ്‌. കപട-വ്യാജ സ്വാമിമാരേയും, ആള്‍ ദൈവങ്ങളേയും ഒറ്റ നമ്പര്‍ ലോട്ടറിക്കാരേയും, അന്യസംസ്ഥാന ലോട്ടറിക്കാരേയും മണിച്ചെയിന്‍ തട്ടിപ്പ്‌, ഫ്‌ളാറ്റ്‌ തട്ടിപ്പ്‌, പണമിരട്ടിപ്പിക്കല്‍, ബ്ലേഡ്‌ മാഫിയ എന്നിവയ്‌ക്ക്‌ കുപ്രസിദ്ധി നേടിയ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇവരെയൊക്കെ നിയമം വേട്ടയാടിക്കൊണ്ടിരിക്കുമ്പോള്‍ മറുവശത്ത്‌ വളരെ മാന്യമായി, തന്മയത്വത്തോടെ ചാനലുകാരും, സിനിമാക്കാരും,കുത്തക മുതലാളിമാരും കൈകോര്‍ത്ത്‌ റിയാലിറ്റി ഷോകളിലൂടെ പൊതുജനങ്ങളായ സാധാരണക്കാരെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ആരും മനസ്സിലാക്കുന്നില്ല.
കോടികള്‍ കൊയ്യുന്ന റിയാലിറ്റി ഷോ (മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക