Image

നിസംഗതയുടെ മൂടുപടമിട്ട മൗനത്തിനെതിരെ 'ഒറ്റപ്പയറ്റ്'(സില്‍ജി ജെ. ടോം)

Published on 02 August, 2018
നിസംഗതയുടെ മൂടുപടമിട്ട മൗനത്തിനെതിരെ  'ഒറ്റപ്പയറ്റ്'(സില്‍ജി ജെ. ടോം)
നിസംഗതയുടെ മൂടുപടമിട്ട മൗനത്തിനെതിരെ 'ഒറ്റപ്പയറ്റ്'

മനസിനെ മഥിക്കുന്ന വ്യഥിത യാഥാര്‍ത്ഥ്യങ്ങളിലൂടെയുള്ള ഒരു വ്യഥിത ഹൃദയത്തിന്റെ നൊമ്പരങ്ങളാണ് 'ലാന' (ലിറ്റററി അസോസിയേഷന്‍സ് ഓഫ് നോര്‍ത് അമേരിക്ക) മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടത്തിന്റെ 'ഒറ്റപ്പയറ്റ്'എന്ന ഗ്രന്ഥത്തിലെ ലേഖനങ്ങളില്‍ തെളിയുന്നത്. ഉത്തരവാദപ്പെട്ടവര്‍ പുലര്‍ത്തുന്ന മൗനത്തിലും നിസംഗതയിലും തകര്‍ന്നടിയേണ്ടിവരുന്ന പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ്, പേരിന്റെ വ്യത്യസ്തതകൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട 'ഒറ്റപ്പയറ്റി'ല്‍ ഷാജന്റെ തൂലിക ചലിയ്ക്കുന്നത്. 

കഴിഞ്ഞ മെയ് 26 ന് കോട്ടയം അര്‍ക്കേഡിയ ഹോട്ടലില്‍ മലയാള മനോരമ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയാണ് ഷാജന്റെ മൂന്നാമത്തെ പുസ്തകമായ 'ഒറ്റപ്പയറ്റ്' പ്രകാശനം ചെയ്തത്. പുതിയ തലമുറയിലെ ശ്രദ്ധേയ എഴുത്തുകാരിലൊരാളും തിരക്കഥാകൃത്തുമായ ഉണ്ണി.ആര്‍.ആദ്യകോപ്പി ഏറ്റുവാങ്ങി. കേരള സാഹിത്യ അക്കാദമി മുന്‍ അദ്ധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്നു. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, പ്രൊഫ. മാത്യു പ്രാല്‍, പ്രൊഫ.ആലീസ് വര്‍ക്കി, പ്രൊഫ.കെ.എം.ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്ത് ഷാജന് ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്നു.

സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ ഒറ്റപ്പെടലിന്റെയും വേദനയുടെയും തുരുത്തില്‍ കഴിയുന്നവരെ അവഗണിച്ച് കടന്നു പോകുന്ന സാദാ മലയാളിയുടെ പ്രതിനിധിയായല്ല, വിദേശത്തായിരിക്കുമ്പോഴും പിറന്ന നാട്ടിലെ ഹതഭാഗ്യരെ മറക്കാത്ത, ലോകത്തെവിടെയും വേദനയുടെയും നിസഹായതയുടെയും തുരുത്തിലലയുന്ന നിസഹായനായ മനുഷ്യന്റെ ദുഖങ്ങളെ തന്റേതായി ഒപ്പിയെടുക്കുന്ന, അവര്‍ക്കു വേണ്ടി സംസാരിക്കുന്ന, വ്യവസ്ഥിതിയോട് കലഹിക്കുന്ന കരുണയുടെ മനുഷ്യനായാണ് ഷാജന്‍ എഴുതുന്നത്.

അവഗണിക്കപ്പെട്ടവന്റെ പക്ഷം ചേര്‍ന്നു നിന്ന് ഷാജന്‍ സംസാരിക്കുമ്പോള്‍ ആ വാക്കുകളുടെ മൂര്‍ച്ച പലരെയും അലോസരപ്പെടുത്തിയേക്കാം.
ആഗോള തലത്തില്‍തന്നെ മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന പലായനങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ദുരന്തങ്ങളുടെയും നെടുവീര്‍പ്പുകളില്‍ ആധുനിക മനുഷ്യന്‍, അവനായിരിക്കുന്ന ഇന്നിന്റെ വര്‍ത്തമാനകാലം പുകയുമ്പോള്‍ നഷ്ടപ്പെടലുകളും വേദനകളുമാണ് എവിടെയും കാണാനാവുന്നത്. 

അമേരിക്കയിലായിരിക്കുമ്പോഴും നാട്ടിലെ ഓരോ സംഭവങ്ങളെയും ഷാജന്‍ സസൂക്ഷ്മം വിലയിരുത്തുന്നു. പിറന്ന നാടിന്റെ നേട്ടങ്ങളും വളര്‍ച്ചയും കോറിയിടുന്ന ചിത്രങ്ങള്‍ക്കൊപ്പം താന്‍ ജീവിക്കുന്ന നാടിനെയും അദ്ദേഹം എഴുത്തില്‍ നിറയ്ക്കുന്നു. 

'സലോമിയെ കൊല്ലാം, തോല്‍പിയ്ക്കാം, ആരുണ്ടിവിടെ ചോദിക്കാന്‍' എന്ന ആദ്യ അധ്യായം മുതല്‍ 'ആത്മാവില്‍ ഒരു ചിരി' എന്ന അവസാന അധ്യായം വരെ 26 ഉപന്യാസങ്ങളാണ് 'ഒറ്റപ്പയറ്റി'ലുള്ളത്. നാല് വര്‍ഷങ്ങളിലായി വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയില്‍ നിന്നും തിരഞ്ഞെടുത്ത ലേഖനങ്ങളാണിവ.
കൈവെട്ട് കേസില്‍ വേദനയുടെ മുറിപ്പാടുകളിലൂടെ, ചോരയിറ്റുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന ജോസഫ് മാഷിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യയിലൂടെ കടന്നു പോകുമ്പോള്‍, ആ വേദനയുടെ നൊമ്പരങ്ങളെ ഇഴകീറിയെടുക്കുമ്പോള്‍, ക്ഷമിക്കുന്ന സ്‌നേഹത്തിന്റെയും ശത്രുസ്‌നേഹത്തിന്റെയും പ്രഘോഷകരായ പുരോഹിതശ്രേഷ്ഠര്‍ അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കാന്‍ തയാറാകാതെ വന്നതിനെ നിശിതമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. പ്രൊഫസറുടെ മാസശമ്പളത്തിന്റെ തണലില്‍ ജീവിച്ചുവന്ന കുടുംബം തകര്‍ന്നു പോയത്, മാഷ് ചെയ്ത തെറ്റിനെ ന്യായീകരിക്കാതെ തന്നെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സങ്കടങ്ങളുടെ ആഴങ്ങളില്‍ മനമിടറി വീണു സലോമി മരണത്തിന് കീഴടങ്ങിയത് ഷാജന്‍ എഴുതുമ്പോള്‍ വീണ്ടും സലോമിയുടെ നിഷ്‌കളങ്കമായ മുഖം നമ്മെ വേട്ടയാടുന്നു, സങ്കടപ്പെടുത്തുന്നു. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ, ഇത്തരമൊരു ദാരുണ സംഭവം കണ്ടെന്ന് പോലും നടിക്കാത്ത അച്ചടി ദൃശ്യ മാധ്യമങ്ങളുടെ ദാസ്യ മനോഭാവത്തിനെതിരെ ഷാജന്റെ തൂലിക മൂര്‍ച്ചയോടെ തന്നെ ലക്ഷ്യമിടുന്നു.

സോളാര്‍ നായികയ്ക്കും ചുംബന, ആലിംഗന സമരങ്ങള്‍ക്കും വേണ്ടി വാര്‍ത്താചാനലുകള്‍ പ്രൈം ടൈം നീക്കിവെക്കുമ്പോള്‍ അതിജീവനത്തിനുവേണ്ടി പൊരുതുന്ന 'ആദിവാസി'യെന്ന മണ്ണിന്റെ മക്കളുടെ സമരങ്ങളോട് സര്‍ക്കാരുകള്‍ കാട്ടുന്ന അവഗണനയും വിമര്‍ശിക്കപ്പെടുന്നു. 

''ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം ഒലിച്ചു പോയിരിക്കുന്നു... ജീവിതങ്ങള്‍ക്ക് അര്‍ഥമില്ലാതായിരിക്കുന്നു.'' പലായനത്തിന്റെ വഴികളില്‍ ഏജിയന്‍ കടലിടുക്കില്‍ മുങ്ങിത്താണ മൂന്നു വയസുകാരന്‍ ഐലാന്‍ കുര്‍ദിയുടെ പിതാവ് അബ്ദുള്ള കുര്‍ദിയുടെ വാക്കുകളിലൂടെ ഷാജന്‍ പങ്കുവയ്ക്കുന്നത് ലോകമനസാക്ഷിയുടെ നൊമ്പരമാകുന്ന അഭയാര്‍ഥികളുടെ ദൈന്യതയാണ്. സിറിയയിലെയും മറ്റും സംഘര്‍ഷ ഭൂമിയില്‍ നിന്ന് പുതിയ ആകാശവും പുതിയ ഭൂമിയും തേടിയുള്ള പലായനത്തിനിടെ മധ്യധരണ്യാഴിയുടെ ആഴങ്ങളില്‍ മുങ്ങി മരിക്കുന്ന ആയിരങ്ങളുടെ ചിത്രം മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്നു. സിറിയയില്‍ നിന്നും വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ലോകത്തിന്റെ മൊത്തം പ്രശ്‌നമാകേണ്ടതിന്റെ ആവശ്യകത, യു.എന്‍ ഇടപെടല്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയൊക്കെ ഷാജന്‍ ചൂണ്ടിക്കാട്ടുന്നു. 

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും മേല്‍ നിലവിലെ ഇന്ത്യന്‍ ഭരണകൂടം പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയെയും 'ആരാച്ചാരും അവാര്‍ഡ് വാപ്പസിയും' എന്ന അധ്യായത്തില്‍ പരാമര്‍ശിക്കുന്നു.

വെടിയൊച്ചകളുടെയും ചോരപ്പുഴകളുടെയും നാടായി ചിത്രീകരിക്കപ്പെടുന്ന കാഷ്മീരിന്റെ മണ്ണില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏഴ് പതിറ്റാണ്ടുകള്‍ ശ്രമിച്ചിട്ടും സമാധാനമാവാത്ത സ്ഥിതിക്ക് ഐക്യരാഷ്ട്രസഭയോ അമേരിക്കയോ മധ്യസ്ഥം വഹിച്ചുള്ള ചര്‍ച്ചയുടെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അക്ഷരക്കൂട്ടുകളില്‍ അഗ്നിയും പരിശുദ്ധിയും നിറച്ച സി. രാധാകൃഷ്ണനെ കുറിച്ച,് നോട്ട് നിരോധനമുയര്‍ത്തിയ നേട്ടങ്ങളെയും പോരായ്മകളെയും കുറിച്ച്, ബേപ്പൂര്‍ സുല്‍ത്താനെകുറിച്ച്, എഴുത്തിന്റെ കുലപതി എം.ടിയെ കുറിച്ച്, ഇന്ത്യന്‍ ജുഡീഷ്യറിയിലെ ജീര്‍ണതയുടെ പുറന്തോട് പൊട്ടിത്തുടങ്ങിയെന്ന് തിരിച്ചറിയുന്ന ആകുലതയെകുറിച്ചൊക്കെ ......ഷാജന്റെ തൂലിക പരാമര്‍ശിക്കുന്നു. സാഹചര്യങ്ങളോടുള്ള നിരന്തര സംഘര്‍ഷം അദ്ദേഹത്തിന്റെ എഴുത്തില്‍ നിറയുന്നു.
ലോകമനസാക്ഷിയുടെ നൊമ്പരമായ രോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ ദൈന്യതയില്‍ ഐക്യരാഷ്ട്രസഭ പുലര്‍ത്തുന്ന അപലപനീയമായ നിസംഗത 'രോഹിങ്ക്യന്‍ അഭയാര്‍ഥികളും ലോകമനസാക്ഷിയും' എന്ന അധ്യായം വരച്ചു കാട്ടുന്നു.

മലബാറിന്റെയും കേരളത്തിന്റെയും അഭിമാനമായ കാലിക്കട്ട് വാഴ്‌സിറ്റിയെകുറിച്ച്, അതിന്റെ സാരഥി ഡോ. അബ്ദുള്‍ സലാം പങ്കുവയ്ക്കുന്ന വിജയ മാതൃകയെകുറിച്ച്, മലയാളിയുടെ, ഇന്ത്യയുടെ അഭിമാനമായ ഡോ. ടി.പി ശ്രീനിവാസന്‍ നാട്ടില്‍ കൈയേറ്റം ചെയ്യപ്പെട്ടതിനെ കുറിച്ചൊക്കെ അദ്ദേഹം എഴുതുമ്പോള്‍ വിഷയവൈവിധ്യം ഷാജന്റെ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയവും നാട്ടിലെ വിവിധ വിഷയങ്ങളെക്കുറിച്ച വിലയിരുത്തലുകളും നല്ലൊരു വായനാനുഭവമാണ് പകരുന്നത്. 

ലളിതമെങ്കിലും നിശിത വിമര്‍ശനം ആവശ്യമുള്ളിടത്ത് കുറിക്ക് കൊള്ളുന്ന, തിരുത്തല്‍ ശക്തിയാകുന്ന ശൈലിയാണ് ഷാജന്റേത്. പ്രതികരണശേഷി നശിച്ച് സ്വാര്‍ത്ഥതയുടെ തുരുത്തുകളില്‍ നിസംഗതയുടെ മൂടുപടമിട്ട ഉത്തരവാദിത്വപ്പെട്ടവരുടെ മൗനത്തിന് മുന്നില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഷാജനെ പോലെയുള്ളവരുടെ എഴുത്തുകള്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്. സമൂഹത്തിന്റെ ദൃഷ്ടിയില്‍ ഒറ്റപ്പെടലിന്റെയും പരാജയങ്ങളുടെയും സങ്കടക്കടലുകള്‍ താണ്ടിയവര്‍ക്കു വേണ്ടിയുള്ള തൂലികയുടെ ഇത്തരം പോരാട്ടങ്ങള്‍ വായിക്കപ്പെടേണ്ടവയാണ്..ഡോണ്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ വിതരണം നാഷണല്‍ ബുക്ക് സ്റ്റാളാണ് നിര്‍വഹിക്കുന്നത്.

വാക്കും എഴുത്തും പോലെ തന്നെ ആര്‍ദ്രതയോടെയാണ് പ്രവര്‍ത്തികളുമെന്ന് ഷാജനെ അടുത്തറിയുന്നവര്‍ക്കറിയാം. 'ഒറ്റപ്പയറ്റി'ന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ഞാന്‍ ആദ്യമായി ഷാജന്‍ ആനിത്തോട്ടത്തിനെ പരിചയപ്പെടുന്നത്. പുസ്തകവുമായി ബന്ധപ്പെട്ട് മൂന്നുതവണയേ സംസാരിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളില്‍ തെളിയുന്ന ആര്‍ദ്രതയുടെയും അലിവിന്റെയും സ്പര്‍ശം മനസിലാക്കാന്‍ അത് ധാരാളം മതിയായിരുന്നു.
മോനിപ്പള്ളിയില്‍ ജനിച്ച് ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം 1998ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഷാജന്‍ ഇല്ലിനോയി സ്റ്റേറ്റ് ഗവണ്‍മെന്റ് സര്‍വീസില്‍ മാനേജരാണ്. നാട്ടിലും അമേരിക്കയിലുമായി നിരവധി സാമൂഹ്യസാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച പരിചയവും ഷാജനുണ്ട്. ഏഴു വര്‍ഷത്തിലധികമായി സ്‌കോക്കി വില്ലേജിന്റെ ഫാമിലി സര്‍വീസ് കമ്മിഷണര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. 'ഹിച്ച് ഹൈക്കര്‍' എന്ന പേരില്‍ ആദ്യകഥാസമാഹാരം 2014ല്‍ പ്രസിദ്ധീകരിച്ചു. കവിതാസമാഹാരമായ 'പൊലിക്കറ്റ' 2015ലും. ബിനുവാണ് ഭാര്യ. മെഡിക്കല്‍ വിദ്യാര്‍ഥികളായ അന്‍ഷിലും ആല്‍വിനും മക്കള്‍.
shajananithottam@gmail.com
നിസംഗതയുടെ മൂടുപടമിട്ട മൗനത്തിനെതിരെ  'ഒറ്റപ്പയറ്റ്'(സില്‍ജി ജെ. ടോം)നിസംഗതയുടെ മൂടുപടമിട്ട മൗനത്തിനെതിരെ  'ഒറ്റപ്പയറ്റ്'(സില്‍ജി ജെ. ടോം)നിസംഗതയുടെ മൂടുപടമിട്ട മൗനത്തിനെതിരെ  'ഒറ്റപ്പയറ്റ്'(സില്‍ജി ജെ. ടോം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക