Image

ഗായിക മഞ്ജുഷയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നടനും നൃത്താദ്ധ്യാപകനുമായ ആര്‍.എല്‍.വി രാമകൃഷ്‌ണന്‍

Published on 02 August, 2018
ഗായിക മഞ്ജുഷയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നടനും നൃത്താദ്ധ്യാപകനുമായ ആര്‍.എല്‍.വി രാമകൃഷ്‌ണന്‍
ഗായിക മഞ്ജുഷയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നടനും നൃത്താദ്ധ്യാപകനുമായ ആര്‍.എല്‍.വി രാമകൃഷ്‌ണന്‍. നൃത്തത്തിലും സംഗീതത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു മഞ്ജുഷയെന്നും അപകടം നടക്കുന്നതിന്റെ തലേദിവസം തന്നോട് ഒരാഗ്രഹം പറഞ്ഞിരുന്നെന്നും രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 
പ്രിയശിഷ്യ മഞ്ജുഷയ്‌ക്ക് ആദരാഞ്ജലികള്‍; ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ഒരു ഗായികയായ കലാകാരിയെയാണ് നമ്മള്‍ കണ്ടത്. എന്നാല്‍ ഞാന്‍ ഈ വര്‍ഷം കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് ലക്ചററായി ജോലി കിട്ടിയപ്പോള്‍ മഞ്ജുഷ മോഹിനിയാട്ടം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായി എന്റെ ക്ലാസില്‍ ഉണ്ടായിരുന്നു. ഗായികയാണോ, നര്‍ത്തകിയാണോ മുമ്ബില്‍ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ വയ്യ. 
അത്രമാത്രം പാട്ടിലും, നൃത്തത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു ഈ കുട്ടി. കഴിഞ്ഞാഴ്ച കാലടിക്കടുത്ത് ഉണ്ടായ വാഹനാപകsത്തില്‍ മഞ്ജുഷയ്ക്കും, അഞ്ജനയ്‌ക്കും പരിക്ക് പറ്റിയിരുന്നു. മഞ്ജുഷയുടെ പരിക്ക് ഗുരുതരമായിരുന്നു. അന്നു മുതല്‍ കലാലോകം മുഴുവനും പ്രാര്‍ത്ഥനയിലായിരുന്നു മഞ്ജുഷയ്‌ക്ക് വേണ്ടി. ദൈവനിശ്ചയം അത് നടന്നു കഴിഞ്ഞു. വിധിയെ തടുക്കാന്‍ ആവില്ലലോ..
അപകടം പറ്റുന്നതിന്റെ തലേ ദിവസം ഞാന്‍ പഠിപ്പിച്ച ഒരു നൃത്തം പരിപാടിക്ക് കളിച്ചോട്ടെ എന്ന് ഒരു പാട് ഇഷ്ട്ടത്തോടെ എന്നോട് വന്ന് ചോദിച്ചിരുന്നു. അതിനായി റിഹേഴ്സലിനായി ആഗ്രഹവും പറഞ്ഞിട്ടാണ് പ്രിയശിഷ്യ വീട്ടിലേക്ക് പോയത്. ഗുരുക്കന്മാരുടെ കണ്ണിലുണ്ണിയായിരുന്ന മഞ്ജുഷ പഠനത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. ദൈവം ഇത്രയധികം കഴിവുകള്‍ നല്‍കി നമ്മളുടെയെല്ലാം കലാഹൃദയത്തില്‍ വലിയ സ്ഥാനം നേടിക്കൊണ്ട് ആ ഗായിക, നര്‍ത്തകി എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക