Image

ആര്‍ഷ രണ്ടാഴ്ച മുന്‍പ് കോളജിലെ കുട്ടികളുടെയും അധ്യാപകരുടെയും വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരാളെ കഴുത്തറത്തുകൊല്ലുന്ന പോസ്റ്റ് ചെയ്തതായി അധ്യാപകര്‍

Published on 02 August, 2018
 ആര്‍ഷ രണ്ടാഴ്ച മുന്‍പ് കോളജിലെ കുട്ടികളുടെയും അധ്യാപകരുടെയും വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരാളെ കഴുത്തറത്തുകൊല്ലുന്ന  പോസ്റ്റ് ചെയ്തതായി അധ്യാപകര്‍

വണ്ണപ്പുറത്ത് കൊല ചെയ്യപ്പെട്ട കുടുംബത്തിലെ അംഗമായ ആര്‍ഷ രണ്ടാഴ്ച മുന്‍പ് കോളജിലെ കുട്ടികളുടെയും അധ്യാപകരുടെയും വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരാളെ കഴുത്തറത്തുകൊല്ലുന്ന ഭീകരദൃശ്യം പോസ്റ്റ് ചെയ്തതായി അധ്യാപകര്‍. ഇതാവര്‍ത്തിക്കരുതെന്നു മുന്നറിയിപ്പു നല്‍കിയതായും തൊടുപുഴ ഗവ. ബിഎഡ് കോളജിലെ അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ മാറിയിരുന്നു കരയുന്നതും കൂട്ടുകാര്‍ കണ്ടിരുന്നു.

കൊലപാതകം നടന്നത് ഞായറാഴ്ച രാത്രി 10.53നു ശേഷമാണെന്ന സൂചനയാണ് ലഭിക്കുന്നത്. കൊല്ലപ്പെട്ട ആര്‍ഷ കൃഷ്ണന്‍ ഈ സമയം വരെ വാട്‌സ്‌ആപ് ഉപയോഗിച്ചിരുന്നു. രാത്രി സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. തൊടുപുഴ ബിഎഡ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആര്‍ഷ.ഇതിനു ശേഷം അധികം വൈകാതെ കൊല നടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയിലെ ഫോണ്‍കോളുകളുടെ വിവരശേഖരണം പൊലീസ് ആരംഭിച്ചു.

അതേസമയം, കമ്ബകക്കാനത്തെ അയല്‍വാസികളോടും ബന്ധുക്കളോടും കാര്യമായ സൗഹൃദം പുലര്‍ത്തിയിരുന്നില്ലെങ്കിലും കൃഷ്ണന്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും താല്‍പര്യം കാണിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പു വരെ വണ്ണപ്പുറം പഞ്ചായത്തിലെ ബിജെപിയുടെ ബൂത്ത് പ്രസിഡന്റായിരുന്നു കൃഷ്ണനെന്നു വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.സജീവന്‍ പറഞ്ഞു. പൊതുപരിപാടികള്‍ക്കെല്ലാം കൃത്യമായി പങ്കെടുത്തിരുന്നു. നന്നായി സംസാരിക്കുമായിരുന്ന കൃഷ്ണന്റെ വാക്കുകളില്‍ ആരും വീണുപോകുമെന്നു വണ്ണപ്പുറം നിവാസികള്‍ പറയുന്നു. വീടിന്റെ പരിസരം വിട്ടുള്ളവരോട് നല്ല അടുപ്പമാണു കൃഷ്ണന് ഉണ്ടായിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

അതേസമയം, തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറം കമ്ബകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് വീടിനുസമീപം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹത അകലുന്നില്ല. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് വീടിനുപിന്നില്‍ ഒറ്റക്കുഴിയില്‍ നാലുമൃതദേഹങ്ങളും മൂടിയിട്ടിരിക്കുന്ന മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു.

മൃതദേഹങ്ങള്‍ വലിച്ചിഴച്ചല്ല കുഴിയിലേക്കെത്തിച്ചതെന്നതിനാല്‍ മൂന്നിലേറെപ്പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാത്രമല്ല, കൊല്ലപ്പെട്ട ഗൃഹനാഥന്‍ കൃഷ്ണന് നൂറിലധികം കിലോ തൂക്കമുണ്ട്.

ഞായറാഴ്ച വൈകിട്ടുവരെ ഇവരെ വീട്ടില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. രണ്ടു ദിവസമായി ഇവരുടെ യാതൊരു വിവരവും ഇല്ലാത്തതിനാലാണ് വീട്ടിലേക്ക് അന്വേഷിച്ചെത്തിയത്. നാലംഗകുടുംബത്തിനു പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നു. കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദവും പൂജയും നടത്തിയിരുന്നു.

നെല്‍ മണികള്‍ ഉപയോഗിച്ചു കണക്കുകൂട്ടിയാണു കൃഷ്ണന്‍ പൂജകള്‍ നടത്തിയിരുന്നതെന്നും കോഴിക്കുരുതി ഉള്‍പ്പെടെ നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഒറ്റപ്പെട്ട വീട്ടിലേക്ക് ഒട്ടേറെ വാഹനങ്ങള്‍ സ്ഥിരമായി വന്നുപോയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയാണു വന്നിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു.

ഇന്നലെ രാവിലെ നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍ വീടിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു. അകത്തു കടക്കാന്‍ ബലം പ്രയോഗിച്ചതായി സൂചനയില്ല. വീട്ടില്‍ സ്ഥിരമായി വന്നിരുന്നവര്‍ ആരെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക