Image

ഷോണ്‍ ജോര്‍ജിന് പത്തനംതിട്ട സീറ്റ് നല്‍കി പിസി ജോര്‍ജിനെ എന്‍ഡിഎയിലെത്തിക്കാന്‍ നീക്കം

Published on 02 August, 2018
ഷോണ്‍ ജോര്‍ജിന് പത്തനംതിട്ട സീറ്റ് നല്‍കി പിസി ജോര്‍ജിനെ എന്‍ഡിഎയിലെത്തിക്കാന്‍ നീക്കം
എന്‍ഡിഎ മുന്നണി വിപുലീകരിക്കുന്നതിന് ഭാഗമായി പിസി ജോര്‍ജിന്റെ ജനപക്ഷത്തെ എന്‍ഡിഎയിലേക്ക് കൊണ്ടുവരാന്‍ നീക്കം ആരംഭിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരിയാണ് ചര്‍ച്ചയുടെ ദൂതന്‍. എന്‍ ഹരി ഇക്കാര്യം സ്ഥിരീകരിച്ചു.

'പിസി ജോര്‍ജുമായി ഒരു മാസം മുമ്പ് തന്നെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. സീറ്റിന്റെ കാര്യവും ചര്‍ച്ചയില്‍ വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന് തുറന്ന മനസ്സാണുള്ളത്. സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ വിപുലീകരിക്കുന്ന കാര്യത്തില്‍ പ്രഥമ പരിഗണന നല്‍കുന്നുവെന്ന് പറഞ്ഞതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഹരി പറഞ്ഞു.

പിസി ജോര്‍ജ്ജിന് ശക്തമായ സ്വാധീനമുള്ള പത്തനംതിട്ട സീറ്റ് നല്‍കിയാണ് ജോര്‍ജിനെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത ജോര്‍ജ് ഒരു മുന്നണി സംവിധാനത്തിന്റെ ഭാഗമായി രാഷ്ട്രീയമായി കരുത്ത് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമായിട്ടാണ് ഇതിനെ കാണുന്നത്. പത്തനംതിട്ടയില്‍ സീറ്റ് ലഭിച്ചാല്‍ ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ തന്നെ മത്സരിപ്പിക്കാനാണ് നീക്കം. യുവജന കമ്മീഷന്‍ അംഗവും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷോണിന് മണ്ഡലത്തിലുടനീളം ഉള്ള വ്യക്തി ബന്ധങ്ങളും യുവത്വത്തിന്റെ പ്രസരിപ്പും പി സി ജോര്‍ജിന്റെ സ്വാധീനവും സമുദായങ്ങള്‍ക്കിടയിലെ സ്വീകാര്യതയും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. ഈരാറ്റുപേട്ട, എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ജോര്‍ജിന്റെ വോട്ടുബാങ്ക് ആണ്. ബിജെപി മുന്നണിയുടെ ഭാഗമാകുമ്പോള്‍ വോട്ടുബാങ്കില്‍ വിള്ളല്‍ ഉണ്ടാകാതിരിക്കാന്‍ ജോര്‍ജിന്റെ തന്നെ വിശ്വസ്തനായ മുസ്ലിം സമുദായത്തിലുള്ള ജനപക്ഷ നേതാക്കളും ജോര്‍ജിന്റെ വ്യക്തിബന്ധങ്ങളും സഹായകരമാകും. മുന്നണിയുടെ ഭാഗമാകുന്നതോടെ ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസ് എസ്എന്‍ഡിപിയും കൈവിടില്ലെന്നാണ് വിശ്വാസം. ഇവരുടെ നേതാക്കളുമായി ബിജെപി ഉന്നത നേതാക്കള്‍ തന്നെ ചര്‍ച്ച നടത്തി അടുത്തിടെ ഉണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി വോട്ടുകള്‍ പൂഞ്ഞാറില്‍ ജോര്‍ജിന് അനുകൂല ഘടകം ആയിരുന്നു.

എ ഗ്രൂപ്പ് പ്രതിനിധിയായ ആന്റോ ആന്റണി ആണ് പത്തനംതിട്ടയിലെ നിലവിലെ എംപി. ആന്റോ ആന്റണിയോട് ഐ ഗ്രൂപ്പ് അത്ര രസത്തിലല്ല. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കളുടെ സഹായവും ജോര്‍ജിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് ജോര്‍ജിന്റെ പക്ഷത്തായിരുന്നു. ഇതോടൊപ്പം പൂഞ്ഞാര്‍ മോഡല്‍ ശൈലിയില്‍ ഇടതുപക്ഷ വോട്ടുകളും ജോര്‍ജ്ജ് വ്യക്തിപരമായി ക്യാന്‍വാസ് ചെയ്ത് ഷോണിനെ വിജയിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബിജെപിക്ക് തന്നെ പത്തനംതിട്ടയില്‍ ശക്തമായ വോട്ടു ബാങ്കുകള്‍ ഉണ്ട്. മത്സരം ത്രികോണ മത്സരത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നാല്‍ സീറ്റ് പിടിക്കാന്‍ കഴിയുമെന്നാണ് ജനപക്ഷ ത്തിന്റെ സീനിയര്‍ നേതാക്കള്‍ ഡിജിറ്റല്‍ മലയാളിയോടു പറഞ്ഞത്.

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ സജീവസാന്നിധ്യമായാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ഉറപ്പിക്കാന്‍ കഴിയും. ബിജെപി ക്രിസ്ത്യന്‍ സമുദായത്തിന് എതിരല്ലെന്ന സന്ദേശമാണ് അല്‍ഫോന്‍സിന്റെ മന്ത്രി സ്ഥാനത്തോടെ ബിജെപി നല്‍കിയിരിക്കുന്നത്. വികസനത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന പത്തനംതിട്ട ജില്ലയ്ക്കായി പ്രത്യേകത വികസന അജണ്ട തന്നെ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം. മുണ്ടക്കയം, എരുമേലി, കോരുത്തോട്, ഏന്തയാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ദളിത്പട്ടികജാതി വോട്ടുകള്‍ പരമ്പരാഗതമായിത്തന്നെ ജോര്‍ജിന്റെ പക്ഷത്താണ്.

ഇടതുപക്ഷത്ത് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായിരിക്കും മത്സരിക്കാനുള്ള സാധ്യത. പത്തനതിട്ട മുന്‍ ഡിസിസി പ്രസിഡണ്ട് ഫിലിപ്പോസ് തോമസ് ആയിരുന്നു കഴിഞ്ഞ വര്‍ഷം ഇടതു പിന്തുണയോടെ മത്സരിച്ചത്. ഇപ്രാവശ്യം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ ശോഭന ജോര്‍ജിന്റെ പേരും പരിഗണനയിലുണ്ട്. പി സി ജോര്‍ജിന്റെ രാഷ്ട്രീയ തന്ത്രങ്ങളും ബിജെപിയുടെ ശക്തമായ പ്രചാരണ സംവിധാനങ്ങളും ക്രോഡീകരിച്ച് വിജയം ഉറപ്പാണെന്നാണ് ഇവരുടെ പ്രതീക്ഷ.

കോട്ടയത്ത് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയായി ഷോണിനെ രംഗത്തിറക്കുവാനും ആലോചനയുണ്ട്. നിഷയുടെ പുസ്തകത്തിലെ വിവാദം പരാമര്‍ശങ്ങള്‍ ഷോണിനെ ഉദ്ദേശിച്ചുള്ളതായിരുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് അങ്കത്തില്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഷോണ്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക