Image

തൃശൂര്‍ സെന്റ് തോമസ് കോളേജ് ഇംഗ്ലീഷ് അധ്യാപകന്‍, പ്രൊഫ. എം മുരളീധരന്‍ മാസ്റ്റര്‍ അന്തരിച്ചു

പി പി ചെറിയാന്‍ Published on 03 August, 2018
തൃശൂര്‍  സെന്റ് തോമസ് കോളേജ് ഇംഗ്ലീഷ് അധ്യാപകന്‍, പ്രൊഫ. എം മുരളീധരന്‍ മാസ്റ്റര്‍ അന്തരിച്ചു
തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന  പ്രൊഫ. എം മുരളീധരന്‍ മാസ്റ്റര്‍ (71) അന്തരിച്ചു. ആഗസ്ത് ഒന്ന് ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ തൃശൂര്‍ ദയ ആശുപത്രയിലായിരുന്നു അന്ത്യം. എതാനും കാലമായി അര്‍ബുധബാധിതനായി ചികിത്സയിലായിരുന്നു.സിപിഐ (എം) മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം,
കമ്യുണിസ്റ്റ് നേതാവ്, എകെപിസിടിഎ നേതാവ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ ദീര്‍ഘകാലം തൃശൂരിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്നു.

തൃശൂര്‍ നഗരവികസന അതോറിറ്റി ചെയര്‍മാന്‍, എകെപിസിടിഎ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം , വിയ്യൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, ദക്ഷിണ റെയില്‍വെ യൂസേഴ്‌സ് കണ്‍സല്‍റ്റേറ്റിവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന മുരളീധരന്‍ മാസ്റ്റര്‍ 2002ല്‍ വകുപ്പു മേധാവിയായാണ് വിരമിച്ചത്.

വിയ്യൂര്‍ സെന്റ് ഫ്രാന്‍സീസ് എല്‍പി സ്‌കൂള്‍, തൃശൂര്‍ വിവേകോദയം ബോയ്‌സ് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, തൃശൂര്‍ കേരളവര്‍മ കോളേജ്, എറണാകുളം മഹാജരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി അധികം വൈകാതെ തൃശൂര്‍ സെന്റ് തോമസില്‍ ഇംഗ്ലഷ് അധ്യാപകനായി. 1975ല്‍ സിപിഐ എം അംഗമായി. 2005ല്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം 2006 മുതല്‍ 2010 വരെ തൃശൂര്‍ ഏരിയ സെക്രട്ടറിയായി.

2015ല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി. വിവിധ ട്രേഡ്യൂണിയനുകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. നഗരവികസന അതോറിറ്റി ചെയര്‍മാനായിരിക്കെ തൃശൂര്‍ നഗരത്തിന്റെ വികസനരംഗത്തും ഏറെ സംഭാവനകള്‍ ചെയ്തു. അളവറ്റ ശിഷ്യസമ്ബത്തിന്റെ ഉടമയായ മുരളിമാഷ് കക്ഷിരാഷ്ട്രീയ ഭേദമന്യെ അതിവിശാലമായ സൗഹൃദങ്ങളുും കാത്തുസൂക്ഷിച്ചു.

പരേതരായ വിയ്യൂര്‍ മരുതൂര്‍വീട്ടില്‍ മാലതി അമ്മയുടെയും കെ രാമമാരാരുടെയും മകനാണ്. ഭാര്യ സരള, മകന്‍: ശ്രീശങ്കര്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക