Image

പ്രേക്ഷകര്‍ സ്വീകരിക്കും ഈ മറഡോണയെ

Published on 03 August, 2018
  പ്രേക്ഷകര്‍ സ്വീകരിക്കും ഈ മറഡോണയെ
മറഡോണ എന്ന പേരു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക മൈതാനത്തിന്റെ ഒത്ത നടുക്കു നിന്നും കാലില്‍ പന്തും കൊരുത്തുകൊണ്ട്‌ എതിര്‍ ഗോള്‍മുഖത്തേക്കു കുതിച്ചു പായുന്ന അര്‍ജന്റീനയുടെ എക്കാലത്തെയും ഹീറോയായ ഡിയേഗോ മറഡോണയെയാണ്‌. എന്നാല്‍ വിഷ്‌ണു നാരായണന്‍ എന്ന സംവിധായകന്റെ കന്നി സംരംഭത്തില്‍ പിറന്ന മറഡോണ എന്ന ചിത്രം ഒരു അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ്‌. ത്രില്ലര്‍ മൂഡിലുള്ള ഒരു സര്‍വൈവല്‍ ചിത്രം. ജീവിതം ഒരു നൂല്‍പാലത്തിലൂടെ കടന്നു പോകുന്നത്ര അപകടസന്ധികള്‍ നേരിടേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്റെയും അത്തരം പ്രതിസന്ധികളെ അയാള്‍ അതിജീവിക്കുന്നതുമാണ്‌ ചിത്രം പറയുന്നത്‌.

ചില രംഗങ്ങളിലെങ്കിലും മായാനദിയിലെ മാത്തനെ ഓര്‍മ്മിപ്പിക്കുന്ന ഒരു കഥാപാത്രം. ടൊവീനോ അവതരിപ്പിക്കുന്ന മറഡോണയും മുതലാളി എന്നു വിളിക്കുന്ന സുഹൃത്തും ഒരിക്കല്‍ ബാംഗ്‌ളൂരില്‍ വച്ച്‌ ഒരു കെണിയിലകപ്പെടുന്നു. മറഡോണ ഒന്നാന്തരമൊരു ക്രിമിനലാണ്‌.

ചിത്രം തുടങ്ങുന്നതു തന്നെ അങ്ങനെയൊരു രംഗം അവതരിപ്പിച്ചുകൊണ്ടാണ്‌. ചിക്‌മംഗ്‌ളൂരില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന്‌ മറഡോണയെ ആക്രമിക്കാന്‍ വേട്ടനായ്‌ക്കളെ പോലെ പിന്നാലെ പായുന്നു. അയാള്‍ അതില്‍ നിന്നും രക്ഷപെട്ട്‌ ഓടുന്നു. അപ്പോള്‍ തന്നെ ചിത്രത്തിന്റെ മൊത്തത്തിലുള്ള മൂഡ്‌ എന്തായിരിക്കുമെന്ന്‌ സംവിധായകന്‍ ഒരു സൂചന നല്‍കുന്നുണ്ട്‌.

ഇങ്ങനെ ഒരു ക്രൈമിനെ തുടര്‍ന്ന്‌ അയാള്‍ക്ക്‌ പരിക്കേല്‍ക്കുന്നു. പിന്നീട്‌ രക്ഷപെടാനായി അയാള്‍ ബാംഗ്‌ളൂരിലുളള ഒരു ഫ്‌ളാറ്റില്‍ വന്ന്‌ ഒളിവില്‍ താമസിക്കുന്നു. തന്റെ ജീവിതത്തില്‍ അക്രമങ്ങളും അതിന്റെ തിരിച്ചടികളുമൊന്നും ഒരു പുത്തരിയല്ലാത്ത ആളാണ്‌ മറഡോണ. ആരോടും ക്രൂരത കാട്ടാന്‍ അയാള്‍ക്കു മടിയില്ല. വെട്ടും കുത്തുമൊന്നും അയാള്‍ക്ക്‌ പ്രശ്‌നമല്ല. അയാള്‍ ഒരിക്കലും ഇരയാകുന്നില്ല.

പതിയിരുന്ന്‌ ആക്രമിക്കുക മാത്രം ചെയ്യുന്നു. പക്ഷേ ഇത്തവണ അയാള്‍ ഈ ഫ്‌ളാറ്റില്‍ കുടുങ്ങി പോവുകയാണ്‌. അങ്ങനെ കുറേ നാളത്തേക്ക്‌ അയാള്‍ വേറൊന്നും ചെയ്യാനില്ലാതെ അയാള്‍ നിസഹായനായി പോവുകയാണ്‌. ക്രിമിനല്‍ സ്വഭാവമുള്ള മറഡോണയില്‍ നിന്നും ഒരു പുതിയ മനുഷ്യനിലേക്കുള്ള അയാളുടെ പരിവര്‍ത്തനമാണ്‌ സിനിമ പറയുന്നത്‌.

എല്ലാ അര്‍ത്ഥത്തിലും പുതുമ നിറച്ചുകൊണ്ട്‌ സിനിമയെടുക്കാനാണ്‌ സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്‌. ഞാനൊരു ക്രമിനലാണ്‌ എന്നു നായികയുടെ മുഖത്തു നോക്കി നായകനെ കൊണ്ടു പറയിക്കുന്നതും ഈ വ്യത്യസ്‌തത കൊണ്ടു വരാനുള്ള ശ്രമമായിരുന്നിരിക്കണം. മറഡോണയുടെ ഫ്‌ളാഷ്‌ ബാക്കുമായി ചേര്‍ത്ത്‌ കൂട്ടിക്കലര്‍ത്തി കഥ പറഞ്ഞു പോകുന്ന രീതിയാണ്‌ സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്‌.

ഇടവേളയ്‌ക്കു മുമ്പു തന്നെ നായകന്‍ വേട്ടയാടപ്പെടുന്ന ആദ്യ സീനിന്റെ പശ്ചാത്തലം എന്തായിരുന്നുവെന്ന്‌ മനസിലാകും. മറഡോണയെ പിന്തുടര്‍ന്നെത്തുന്ന അക്രമി സംഘത്തിന്റെ കൈകളില്‍ നിന്നും അയാള്‍ രക്ഷപെടാന്‍ നടത്തുന്ന നീക്കങ്ങളും നായികയുമായി ചേര്‍ന്നുള്ള പുതിയ ബന്ധവും പുതിയ മനുഷ്യനിലേക്കുള്ള മാറ്റവും അതിനിടയില്‍ നേരിടുന്ന വെല്ലുവിളികളുമാണ്‌ കഥയില്‍ പറയുന്നത്‌.

ചിത്രത്തിന്‌ ചടുലത പകരുന്നത്‌ മറഡോണയുടെ വില്ലന്‍ കഥാപാത്രത്തിന്റെ ജീവിതവും അയാളെ വേട്ടയാടാന്‍ ചെമ്പന്‍ വിനോദിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണങ്ങളുമാണ്‌. വളരെ റിയലിസ്റ്റിക്കായി തന്നെ അത്‌ കാട്ടിത്തരുന്നുണ്ട്‌ സംവിധായകന്‍. ഞാന്‍ തിരിച്ചു വരും എന്ന്‌ കിതച്ചു കൊണ്ടു പറയുന്ന പുരുഷ ശബ്‌ദം അതാരുടേതാണെന്ന്‌ മനസിലാക്കി തരുന്നത്‌ ഇടവേളയ്‌ക്ക്‌ ശേഷമുള്ള ആദ്യ സീനുകളും അതിന്റെ പശ്ചാത്തലവുമാണ്‌.
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രങ്ങളില്‍ നായകനും വില്ലനും പഞ്ച്‌ ഡയലോഗുകള്‍ ഉരുവിടുന്ന പതിവ്‌ ഈ ചിത്രത്തില്‍ കാണാനാകില്ല. ഫ്‌ളാറ്റില്‍ ഒളിച്ചു താമസിക്കുന്ന മറഡോണയുടെ ജീവിതം ഒരു പതിഞ്ഞ താളത്തിലാണ്‌. അയാളുടെ ഭൂതകാലം, അതായത്‌ അയാള്‍ ആരെന്നു വ്യക്തമാക്കുന്ന രംഗങ്ങളിലാണ്‌ ചിത്രം ത്രില്ലര്‍ മൂഡു കൈവരിക്കുന്നത്‌.

മറഡോണയായി എത്തുന്ന ടോവീനോയാണ്‌ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. നായകനായും പ്രതിനായകനായും ഒരു പോലെ തിളങ്ങിയ ചിത്രമാണിത്‌. ഒരു പക്ഷേ വില്ലന്‍ ച്ഛായയുള്ള മികച്ച ഒരു കഥാപാത്രം ടൊവീനോ അവതരിപ്പിക്കുന്നതും ഇതാദ്യമായിട്ടായിരിക്കും. നായകനും നായികയും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങള്‍ തികച്ചും സാധാരണ പോലെ തോന്നുന്ന വിധത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്‌.

ആശയെന്ന കഥാപാത്രത്തെ പുതുമുഖ നായിക ശരണ്യ മികച്ചതാക്കി. ചെമ്പന്‍ വിനോദാണ്‌ കഥയില്‍ തിളങ്ങിയ മറ്റൊരു താരം. ചെമ്പന്‍ വിനോദ്‌, ടിറ്റോ വില്‍സണ്‍, ലിയോണ ലിഷോയ്‌ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി. ദീപക്കിന്റെ ഛായാഗ്രഹണവും സുശിന്‍ ശ്യാമിന്റെ സംഗീതവും എടുത്തു പറയേണ്ടതാണ്‌. വിഷ്‌ണു നാരായണന്റെ ആദ്യ ചിത്രം ഒരു പ്രതിഭയുള്ള സംവിധായകന്‍ കൂടി മലയാള സിനിമയ്‌ക്ക്‌ ലഭിച്ചിരിക്കുന്നു എന്നു വ്യക്തമാക്കുന്നു. ഒരു കാര്യം ഉറപ്പാണ്‌. ഇടയ്‌ക്ക്‌ വളരെ ചുരുക്കം രംഗങ്ങളില്‍ കളി മറന്നു പോകുന്നുണ്ടെങ്കിലും ആദ്യന്തം പ്രേക്ഷകര്‍ക്കിഷ്‌ടപ്പെടുന്ന ചിത്രമാണ്‌ മറഡോണ.











.





















































































































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക