Image

ശിഷ്യ, നീ ആകുന്നു ഗുരു (പകല്‍ക്കിനാവ്- 112: ജോര്‍ജ് തുമ്പയില്‍)

Published on 03 August, 2018
ശിഷ്യ, നീ ആകുന്നു ഗുരു (പകല്‍ക്കിനാവ്- 112: ജോര്‍ജ് തുമ്പയില്‍)
മഹിഷ പിതാമഹാ, ഞാന്‍ അങ്ങയെ ഓര്‍ക്കുന്നു. അങ്ങയുടെ മുതുകില്‍ വിരിച്ച കരിന്തൊലി കൊണ്ട് അങ്ങ് ഒപ്പിയെടുത്ത ദുഷ്കൃതം ഞാന്‍ ഓര്‍ക്കുന്നു; എന്നാല്‍, ഇന്ന് അങ്ങെനിക്ക് പകര്‍ന്നുതന്ന പൊരുള്‍ എന്റെ അകങ്ങളെ നിറച്ചെങ്കിലും അത് എന്നെക്കവിഞ്ഞ് ഒഴുകിപരന്ന് എങ്ങോ ലയിച്ചു; അറിവില്ലാത്തവനായിത്തന്നെ ഞാന്‍ ഈ കാതങ്ങളത്രയും നടന്നെത്തി.
(ഗുരുസാഗരം)

ഒവി വിജയന്റെ ഗുരുസാഗരം എന്ന നോവലില്‍ ഉടനീളം ഗുരുസാന്നിദ്ധ്യങ്ങള്‍ കടന്നുവരുന്നു. നോവലിന്റെ തലക്കെട്ട് അര്‍ത്ഥമാക്കുന്നതു പോലെ ഒരു മഹാസാഗരം പോലെ ഗുരു ചൈതന്യം പടര്‍ന്നു കിടക്കുന്നു. സര്‍വ്വജീവജാലങ്ങളിലും അതിന്റെ പ്രഭ പരുന്നു. പുല്ലിലും, പൂച്ചയിലും ,മനുഷ്യരിലും ഇവിടെ ഗുരു വെളിപ്പെടുന്നു.. കഴിഞ്ഞയാഴ്ച പെന്‍സില്‍വേനിയയിലെ കലഹാരി കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് ശിഷ്യ, നീ ആകുന്നു ഗുരു എന്ന പേരില്‍ മലങ്കര ഓര്‍ത്തഡോക്‌സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് വേദിയില്‍ ഒരു പരാമര്‍ശമുണ്ടായി. അതാവട്ടെ, ഇരുത്തിച്ചിന്തിപ്പിക്കാന്‍ തക്ക വിധത്തിലുള്ളതുമായിരുന്നു. ഒ.വി.വിജയന്റെ ഗുരുസാഗരം എന്ന നോവലിനെ പരാമര്‍ശച്ചു കൊണ്ട് കീ നോട്ട് സ്പീക്കര്‍ റവ.ഡോ. ജേക്കബ് കുര്യന്‍ നടത്തിയ വികാരതീവ്രമായ പ്രസംഗമണ് പലരുടെയും മനസ്സിനെ സ്പര്‍ശിച്ചത്. ഇതപര്യന്തമുള്ള തന്റെ ജീവിതയാത്രയില്‍ ഇതുപോലെയൊരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞു തുടങ്ങിയ ജേക്കബ് കുര്യന്‍ അച്ചന്‍ ഇതൊരു തീര്‍ത്ഥാടനമായിരുന്നു; വിനോദസഞ്ചാരമായിരുന്നില്ല, അതിലെ ആത്മീയധന്യതയില്‍ മുങ്ങുകയായിരുന്നു എന്നും പറഞ്ഞു. ഈ നാലു ദിവസങ്ങളും ഒരു പ്രത്യേക അനുഭവമായിരുന്നു. വിശ്വാസത്തിന്റെ ഈ വിശുദ്ധദീപ്തി ഇത്ര മനോഹരമായി സൃഷ്ടിച്ചത് സെമിനാരിയില്‍ തന്റെ ശിഷ്യനായിരുന്ന റവ.ഡോ വറുഗീസ് എം. ഡാനിയലായിരുന്നുവെന്നത് തന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഒ.വി. വിജയന്റെ "ഗുരുസാഗരം' എന്ന കൃതി പരാമര്‍ശിച്ച് "ശിഷ്യാ, നീ ആകുന്നു ഗുരു', എന്നു ജേക്കബ് കുര്യന്‍ ഉച്ചന്‍ ഉപമിച്ചത് നിറക്കണ്ണുകളോടെയാണ് വറുഗീസ് അച്ചന്‍ കേട്ടത്. തന്റെ ഗുരുവിന്റെ അഭിനന്ദത്തില്‍ നമ്രശിരസ്കനായി ഏറെ നേരം അദ്ദേഹം വേദിയിലിരുന്നു പോയി. വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു അത്. ജേക്കബ് കുര്യന്‍ അച്ചന്‍ മനസ്സില്‍ തട്ടി പറഞ്ഞതു അത്രമേല്‍ ഹൃദ്യമായി സ്വീകരിച്ച ഒരു ശിഷ്യന്റെ വൈകാരികപ്രകടനത്തിനു കൂടിയാണ് സദസ്സ് സാക്ഷിയായത്. ഒരു ഗുരു തന്റെ ശിഷ്യനെ ഇത്രമേല്‍ പ്രശംസിക്കുന്നതിനും കോണ്‍ഫറന്‍സ് വേദിയായി. കലഹാരി കണ്‍വന്‍ഷന്‍ സെന്ററില്‍ നാലു ദിവസങ്ങളായി നടന്ന ഫാമിലി കോണ്‍ഫറന്‍സിന് കിട്ടിയ ഏറ്റവും വലിയ പ്രശംസയായിരുന്നു "ശിഷ്യാ, നീ ആകുന്നു ഗുരു' എന്ന റവ.ഡോ. ജേക്കബ് കുര്യന്റെ പരാമര്‍ശം. തന്റെ ഗുരുവില്‍ നിന്നും ഇത്തരമൊരു അഭിനന്ദനം ഒരു ശിഷ്യന്‍ ഏറ്റുവാങ്ങുന്നതും ഒരുപക്ഷേ കോണ്‍ഫറന്‍സ് ചരിത്രത്തില്‍ ഇതാദ്യമായിരുന്നിരിക്കണം. കോണ്‍ഫറസ് കോര്‍ഡിനേറ്ററായിരുന്നു റവ.ഡോ വറുഗീസ് എം. ഡാനിയല്‍.

സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുളള സമസ്ത സമ്പര്‍ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്ര സംഭവങ്ങളുമായുളള കൂട്ടായ്മകളില്‍പോലും, ഗുരു അന്തര്‍ലീനനാണ്. പത്രലേഖകനായ കുഞ്ഞുണ്ണി, കുഞ്ഞുണ്ണിയുടെ മകളായ കല്യാണി, അവരുടെ പരീക്ഷിത്ത് എന്ന പൂച്ച, കുഞ്ഞുണ്ണിയുടെ ബംഗാളിയായ ഭാര്യയായ ശിവാനി, ഭാര്യയുടെ സുഹൃത്തായ പിനാകി, എന്നിവരിലൂടെയാണ് വിജയന്റെ നോവലിലെ കഥ പുരോഗമിക്കുന്നത്. കുഞ്ഞുണ്ണിക്ക് മകള്‍ അയക്കുന്ന നൈര്‍മല്യം നിറഞ്ഞ കത്തുകള്‍ കുഞ്ഞുണ്ണി ഒരു നിധിപോലെ സൂക്ഷിക്കുന്നു. കുഞ്ഞുണ്ണി ഭാര്യയില്‍ നിന്നും പിരിഞ്ഞ് ജീവിക്കുന്നു. കല്‍ക്കത്തയിലും ദില്ലിയിലുമായി കഥ പുരോഗമിക്കുന്നു. ബംഗ്ലാദേശ് യുദ്ധവും പ്രാഗ് വസന്തം പോലെയുള്ള അന്താരാഷ്ട്ര സംഘര്‍ഷങ്ങളും നോവലിന് അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒടുവില്‍ കല്യാണിക്ക് കാന്‍സര്‍ ബാധിക്കുന്നു.കല്യാണിയുടെ മരണക്കിടക്കയില്‍ വെച്ച് കല്യാണി കുഞ്ഞുണ്ണിയുടെ മകളല്ല, മറിച്ച് സുഹൃത്തായ പിനാകിയുടെ മകളാണ് എന്ന് ശിവാനി പറയുന്നു. രോഗം ബാധിച്ച് മകള്‍ മരിക്കുന്നു. തന്റെ ഗുരു മകളായിരുന്നു എന്ന് കുഞ്ഞുണ്ണി തിരിച്ചറിയുന്നു. ശിഷ്യ, നീ ആകുന്നു ഗുരു എന്നു ജേക്കബ് കുര്യന്‍ അച്ചനെ പറയാന്‍ പ്രേരിപ്പിച്ചതും ഇത്തരം ചിന്തയില്‍ നിന്നാവണം. ഗുരുവിനേക്കാള്‍ വലുതായി ശിഷ്യന്‍ ഉയരുന്നതും, ആ ശിഷ്യന്റെ മഹത്വങ്ങളില്‍ നിന്നും ഗുരു പാഠങ്ങള്‍ പഠിക്കുന്നതുമൊക്കെ പുതിയ തലമുറയ്ക്കു പോലും വിസ്മയമായിരുന്നു. അത്തരത്തില്‍ ആര്‍ക്കും എവിടെ വേണമെങ്കിലും വലിപ്പചെറുപ്പമില്ലാതെ ഗുരുവിനെ കണ്ടെത്താം. ആ ഗുരുവാണ് തന്റെ വെളിച്ചമെന്നു വിളിച്ചു പറയുന്നിടത്താണ് ഒരു വ്യക്തിയുടെ മഹത്വം ഉയരുന്നതും. ഗുരുസാഗരത്തില്‍ ഇതേറെ വ്യക്തം. ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യത്തിലൂടെയും നിരവധി ദുഃഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട്ടുവീട്ടിലേക്ക് തിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുന്‍പില്‍ ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ ഗുരുകൃപയില്‍ തെളിഞ്ഞു വിളങ്ങുന്നു.

ഒ.വി. വിജയന്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെ പരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകം ആണ് ഗുരുസാഗരം. കരുണാകരഗുരുവിനായി പുസ്തകം സമര്‍പ്പിച്ചിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാഷ നിരാശയുടേതും ധര്‍മ്മപുരാണത്തിന്റെ ഭാഷ തിളയ്ക്കുന്ന ക്ഷോഭത്തിന്റേതുമാണെങ്കില്‍ ഗുരുസാഗരത്തിന്റെ ഭാഷ ശാന്തതയുടേതാണ്. ഒരു സാഗരം പോലെയുള്ള ലോകത്ത് ഗുരുവിനെ കണ്ടെത്തുന്നവര്‍, ഇതെന്റെ ഗുരുവാണെന്നു തുറന്നു സമ്മതിക്കുന്നിടത്താണ് അതിന്റെ പ്രസക്തി. ഫാമിലി കോണ്‍ഫറന്‍സില്‍ കണ്ടത് ഇതാണ്, ഇതായിരുന്നു ഈ ആദ്ധ്യാത്മിക കൂട്ടായ്മയുടെ മഹത്വവും,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക