Image

വിദ്യാര്‍ത്ഥിയുടെ പിതാവിന് വൃക്കദാനം ചെയ്ത് അദ്ധ്യാപിക മാതൃക കാട്ടി

പി.പി.ചെറിയാന്‍ Published on 30 March, 2012
വിദ്യാര്‍ത്ഥിയുടെ പിതാവിന് വൃക്കദാനം ചെയ്ത് അദ്ധ്യാപിക മാതൃക കാട്ടി
ലൂയിസ് വില്ല (ടെക്‌സസ്): ഹൈലാന്റ് വില്ലേജ് എലിമെന്ററി സ്‌ക്കൂള്‍ കിന്റര്‍ ഗാര്‍ട്ടന്‍ അദ്ധ്യാപിക സ്വന്തം ക്ലാസ്സിലെ അഞ്ചു വയസ്സുകാരന്‍ വിദ്യാര്‍ത്ഥിയുടെ പിതാവിന് വൃക്കദാനം ചെയ്ത് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.

സീന്‍ എന്ന വിദ്യാര്‍ത്ഥി സ്‌ക്കൂളില്‍ വൈകി എത്തിയതിന് കാരണം കണിച്ച് മാതാവ്, അദ്ധ്യാപിക മേരി ബെല്ലിന് അയച്ച കത്താണ് വൃക്കദാനം ചെയ്യുന്നതിന് അദ്ധ്യാപികയെ പ്രേരിപ്പിച്ചത്.

നാലു മണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്നുദിവസം ഡയാലിസിന് വിധേയനായി ക്ഷീണിതനായി കഴിഞ്ഞിരുന്ന സീനിന്റെ പിതാവ് സ്മിത്ത് എട്ടുമക്കളുടെ പിതാവായിരുന്നു.

സ്മിത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കി മേരി ബെല്‍ സ്വന്തം പണം ചെലവിട്ട് മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയയായി തന്റെ വൃക്ക സ്മിത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും മാര്‍ച്ച് 27 ചൊവ്വാഴ്ച ഡാളസ് ബെയ്‌ലര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ശസ്ത്രക്രിയയിലൂടെ വൃക്ക സ്മിത്തില്‍ വെച്ചു പിടിപ്പിക്കുകയും ചെയ്തു.

തന്റെ മക്കള്‍ക്ക് പിതാവായി തുടരുന്നതിന് ഒരു പുതിയ ജീവിതം പ്രദാനം ചെയ്ത അദ്ധ്യാപികയോടു നന്ദി പറയുവാന്‍ വാക്കുകള്‍ ഇല്ലാതെ വിതുമ്പുന്ന സ്മിത്തും, വൃക്കദാനം ചെയ്തതിലൂടെ ആത്മസംതൃപ്തി കണ്ടെത്തിയ മേരി ബെല്ലും ആശുപത്രിയുടെ സമീപ മുറികളില്‍ സുഖം പ്രാപിച്ചു വരുന്നു.

ജാതിയുടെയും, വര്‍ണ്ണത്തിന്റെയും, വര്‍ഗ്ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സാമൂഹ്യ വ്യവസ്ഥിതികള്‍ക്കെതിരെ ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചിലരെങ്കിലും സമൂഹത്തിലൂണ്ടെന്നാണ് വെളുത്ത വര്‍ഗ്ഗത്തില്‍പ്പെട്ട അദ്ധ്യാപിക കറുത്തവര്‍ഗ്ഗക്കാരനായ സ്വന്തം വിദ്യാര്‍ത്ഥിയുടെ പിതാവിന് വൃക്കദാനം ചെയ്തതിലൂടെ നല്‍കുന്ന വലിയ സന്ദേശം.
വിദ്യാര്‍ത്ഥിയുടെ പിതാവിന് വൃക്കദാനം ചെയ്ത് അദ്ധ്യാപിക മാതൃക കാട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക