Image

പത്താമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് തിരിതെളിഞ്ഞു

ഡോ. ജോര്‍ജ് കാക്കനാട്ട് Published on 03 August, 2018
പത്താമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് തിരിതെളിഞ്ഞു
ന്യൂയോര്‍ക്ക്: പത്താമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് സ്റ്റാഫോര്‍ഡ് ഹില്‍ട്ടന്‍ ഹോട്ടലില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ തുടക്കം. സഭയടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സഭയിലെ മറ്റു പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

സഭാ മക്കളുടെ ഒന്നിച്ചുള്ള കൂടിവരവ് പരിശുദ്ധാത്മാവില്‍ നവീകരിക്കപ്പെടുന്നതിനും സഭാ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു യേശുവിന്റെ സാന്നിധ്യം തങ്ങള്‍ ജീവിക്കുന്ന മേഖലകളില്‍ സാക്ഷ്യമാകുവാന്‍ സംഗമം സഹായിക്കട്ടെ എന്നു പിതാവ് ആശംസിച്ചു.

നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത് സുവിശേഷത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനും, അതിലൂടെ ഇന്നലെയും ഇന്നും നാളെയും ജീവിക്കുന്ന യേശുവിന്റെ സാന്നിധ്യം മറ്റുള്ളവരിലേക്ക് പകരുവാന്‍ കണ്‍വന്‍ഷന്‍ ഉപകരിക്കട്ടെ എന്നും പിതാവ് പറഞ്ഞു.

രൂപതാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് ആമുഖ പ്രസംഗം നടത്തി. റവ. ഡോ. പീറ്റര്‍ കോച്ചേരില്‍ സ്വാഗതവും, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് കൃതജ്ഞതയും പറഞ്ഞു.

2018ല്‍ വത്തിക്കാനില്‍ നടക്കുന്ന യുവജന സിനഡിന്റെ ആപ്തവാക്യമായ യൂത്ത്, ഫെയ്ത്ത്, ഡിസേണ്‍മെന്റ് എന്നതുതന്നെയാണ് കണ്‍വന്‍ഷന്‍ മുഖ്യ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്. മോണ്‍. ജയിംസ് മക്ഡൊണാള്‍ഡ്, റവ.ഡോ. റോയ് പാലാട്ട് സി.എം.ഐ, റവ.ഡോ. ഏബ്രഹാം ഒരപ്പാങ്കല്‍, സിസ്റ്റര്‍ ഡോ. ജോസ്ലിന്‍ എസ്.ഐ.ഡി, സിസ്റ്റര്‍ ജോവാന്‍, ഡോ. ആന്റണി റെയ്മണ്ട്, ബ്രയാന്‍ മേഴ്സിയര്‍ എന്നിവര്‍ വിവിധ വിഷങ്ങളില്‍ ക്ലാസുകള്‍ നയിക്കും.

വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷന്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭര്‍ നയിക്കുന്ന മോട്ടിവേഷണല്‍ പ്രഭാഷണം, സഭാധികാരികള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം എന്നിവയ്ക്കൊപ്പം എല്ലാ ദിവസവും ദിവ്യബലിയും അര്‍പ്പിക്കപ്പെടും. കുമ്പസാരം, കൗണ്‍സിലിംഗ് എന്നിവയ്ക്കുള്ള സൗകര്യവുമുണ്ടായിരിക്കും. ബൈബിള്‍, സഭാചരിത്രം, ആരാധനാക്രമം എന്നിവയെ ആസ്പദമാക്കിയുള്ള മെഗാ ക്വിസ് മത്സരമാണ് മറ്റൊരു സവിശേഷത.

അമേരിക്കയിലെ സീറോ മലങ്കര മക്കളുടെ സഭാത്മക കൂട്ടായ്മകളില്‍ ഏറ്റവും ശ്രദ്ധേയമാണ് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കണ്‍വന്‍ഷന്‍. സീറോ മലങ്കര സഭാ പൈതൃകവും മൂല്യങ്ങളും അമേരിക്കയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ ധ്യാന, പഠനങ്ങള്‍ക്ക് വിഷയമാക്കാനും ഈ മൂല്യങ്ങള്‍ സഭാ കൂട്ടായ്മയില്‍ ആഘോഷിക്കാനുമുള്ള വേദികൂടിയാകും കണ്‍വന്‍ഷനുകള്‍. നോര്‍ത്ത് അമേരിക്കന്‍ സീറോ മലങ്കര ബിഷപ്പ് ഡോ. ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് ചെയര്‍മാനും, വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി വൈസ് ചെയര്‍മാനുമായ 100 അംഗ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പത്താമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് തിരിതെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക