Image

ജബ്ബാര്‍ വധം: ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും

Published on 30 March, 2012
ജബ്ബാര്‍ വധം: ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും
കൊച്ചി: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പെര്‍ള ടൗണ്‍ സെക്രട്ടറിയായിരുന്ന ജബ്ബാറിനെ വധിച്ച കേസില്‍ പ്രതികളായ സിപിഎം പെര്‍ള ഏരിയാ സെക്രട്ടറിയടക്കം ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 നവംബര്‍ മൂന്നിനാണ് ജബ്ബാര്‍ കൊല്ലപ്പെട്ടത്.

കേസില്‍ രാഷ്ട്രീയ, ഗുണ്ടാ, മാഫിയ ബന്ധങ്ങള്‍ ഉള്ളതിനാല്‍ പ്രതികളുടെ 14 വര്‍ഷത്തെ തടവു ശിക്ഷയില്‍ ഇളവ് നല്‍കരുതെന്ന് കോടതി പ്രത്യേകം നിര്‍ദേശിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും ഒരു സാധാരണ കൊലപാതകമായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

സിപിഎം പെര്‍ള ഏരിയാ സെക്രട്ടറി സുധാകര എന്ന സുധാകര മാസ്റ്റര്‍, കാസര്‍ഗോഡ് ബദിയടുക്കയിലെ ഗുണ്ടാനേതാവ് മൊയ്തീന്‍ കുഞ്ഞി എന്ന മൊയ്‌നി, പെര്‍ള അബ്ദുല്ലകുഞ്ഞി എന്ന നടുബയില്‍ അബ്ദുല്ല, മംഗല്‍പാടി രവി എന്ന രവി പഞ്ചംപാല, ബള്ളൂര്‍ അബ്ദുല്‍ ബഷീര്‍ എന്ന ബഷീര്‍, ഗുണ്ടാ സംഘാംഗമായ പൈവെളികയിലെ മഹേഷ്, യശ്വന്ത്കുമാര്‍ എന്ന യശ്വു എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇവരെ ഇന്നലെ കുറ്റക്കാരെന്ന് കോടതി കണ്‌ടെത്തിയിരുന്നു.

കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നത്. സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ജബ്ബാറിനെ രാത്രി പത്തേമുക്കാലോടെ മറ്റൊരു വാഹനത്തിലെത്തിയ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. എല്‍ക്കാന റോഡില്‍ ഉക്കിനടുക്കയില്‍ വെച്ചായിരുന്നു സംഭവം. ജബ്ബാര്‍ നല്‍കിയ മരണമൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് 2010 ജൂണ്‍ ഒന്‍പതിനാണ് സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടത്.

തെളിവുകളുടെ അഭാവത്തില്‍ കേസിലെ പ്രതികളായിരുന്ന പൈവെളിക അബ്ദുല്‍ അസീസ് എന്ന ബൈക്കട്ട അസീസ്, സുബൈക്കട്ട ഉമ്മര്‍ ഫറൂഖ് എന്ന ഫറൂഖ് മുണ്ണൂര്‍, പൈവെളിക കിട്ടു എന്ന രാധാകൃഷ്ണ, പൈവെളിക ഗോപാല എന്ന രാജഗോപാല, പെര്‍ളയിലെ പി. ഷദീര്‍ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക