Image

പ്രളയത്തിന് മുന്‍പുള്ള നിശബ്ദത !! (ഗംഗ . എസ്)

Published on 04 August, 2018
പ്രളയത്തിന് മുന്‍പുള്ള നിശബ്ദത !! (ഗംഗ . എസ്)
സ്ഥലം :കൊല്ലത്തെ ഒരു ഗ്രാമം
സമയം :26വര്‍ഷങ്ങള്‍ മുമ്പുള്ള ഒരു പകല്‍
സന്ദര്‍ഭം :മരണാനന്തര കര്‍മവേദി
പരേതന്‍ :പുരുഷന്‍ 65വയസ്സ്
കര്‍മം ചെയ്യുന്നത് :പരികര്‍മി ആശാന്‍ (താത്കാലിക പേര് )
കര്‍മം അന്ത്യ ഘട്ടത്തിലേക്ക്.ചിത തീ കൊളുത്താറായി. പുരുഷന്മാര്‍ ചിതയുടെ ഏറ്റവും അടുത്ത വലയത്തില്‍. പുറമ്പോക്കിലായി (കുറച്ചു അകന്ന് എന്നര്‍ത്ഥം )സ്ത്രീകള്‍
അശരീരി "ഇനി താമസിക്കണ്ട "
പോയിട്ട് അത്യാവശ്യം ഉള്ള ഒരു അക്ഷമനാണ് അശരീരിയുടെ ഉപജ്ഞാതാവ്.
പരികര്‍മി :ഇനി മരണപ്പെട്ടയാളിന്റെ ആണ്‍മക്കള്‍ മുന്നോട്ടു വരിക
അശരീരി :ഇല്ല

പ്രളയത്തിന് മുന്‍പുള്ള നിശബ്ദത !!
പുറം പോക്കിലായി പരേതന്റെ കാല്‍ ഡസന്‍ പെണ്മക്കള്‍ നില്പുണ്ട്. (31നും 22നും ഇടക്ക് പ്രായം ). മക്കളെന്നു മാത്രം കേള്‍ക്കാന്‍ ആഗ്രഹിച്ച, ഒരു പക്ഷെ അങ്ങനെ കേട്ട മകള്‍ ഒരു ചുവടു മുന്നോട്ട് വയ്ക്കാന്‍ തുടങ്ങിയതും... ആ ചുവട് .
അടിയില്‍ ഭൂമിയിലെ പെണ്‍ഹൃദയങ്ങള്‍ മുഴുവനും അളക്കപ്പെട്ടേനെ. അത് സംഭവിച്ചില്ല. മുന്നോട്ടാഞ്ഞ കാല്‍ പിന്നോട്ട് വലിച്ചു നീക്കിയ ചങ്ങലയുടെ പേരെന്ത്?

മുന്‍കൂട്ടി തയാറാക്കപ്പെട്ട തിരക്കഥ അരങ്ങേറി... പരേതനുമായി രക്ത ബന്ധംഉണ്ടെങ്കിലും ആത്മ ബന്ധം ഇല്ലാത്ത ജേഷ്ഠന്റെ മകനും, രക്ത ബന്ധവും ആത്മബന്ധവും ഇല്ലാത്ത മരുമകനും കൂടി ചിതയ്ക്ക് തീ കൊളുത്തലും, അനന്തര ചടങ്ങുകളും അസ്ഥി ഒഴുക്കല്‍ വരെ നിര്‍വഹിച്ചു.
പരേതന്റെ 6വയസുള്ള ആണ്‌പേരക്കുട്ടിക്ക് ക്ഷണം കിട്ടിയെങ്കിലും പുരുഷാവകാ ശത്തെ പ്പറ്റി ബോധ്യം ആവേണ്ട പ്രായം അല്ലാത്തതിനാല്‍ അവന്‍ അത് നിരസിച്ചുമാത്രമല്ല കരഞ്ഞു പ്രതിക്ഷേധിച്ചു. പരേതന്റെ പെങ്ങളുടെ ആണ് മക്കള്‍ക്കു ക്ഷണം കിട്ടിയില്ല എന്നൊരു വിവാദവും കുട്ടത്തില്‍ ഇടിച്ചു കയറി വന്നു... ആണുങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള വേദി !
പൂവിട്ടു തൊഴല്‍, കുളി തുടങ്ങി ചെറുകിട ചടങ്ങുകള്‍ പെണ്ണുങ്ങള്‍ക്ക് കിട്ടി.
പക്ഷെ ഒരു സൗജന്യം കിട്ടി ഭാര്യക്ക് ആണ്ടു ബലി ഇടാം. പിന്നീട് കേട്ടു പെണ്മക്കള്‍ക്കും ആണ്ടു ബലി ഇടാം പക്ഷേ ഇപ്പോഴും ആണ്ടു ബലി കുടുംബത്തിലെ പുരുഷന്‍
മാര്‍ ചെയ്യുന്നു പരേതനെ ഒരിക്കലും കണ്ടിട്ടില്ലാത്ത മറ്റൊരു മരുമകനും പഴയ ആറു വയസുകാരനും അവരുടെ ബന്ധുക്കള്‍ക്ക് ബലി ഇടുന്ന കുട്ടത്തില്‍ ചേര്‍ത്ത് വായിക്കുന്നു.

ഇതില്‍ ഞാന്‍ എവിടെ എന്നൊരു സംശയം വായനക്കാരില്‍ മുളയ്ക്കുന്നുണ്ടോ? എങ്കില്‍ ഇതിലെ പരേതന്‍ എന്റെ അച്ഛന്‍... 3പെണ്‍ മ
ക്കളില്‍ നടുവിലെ ഖണ്ഡം ഞാന്‍. .

സംശയങ്ങള്‍
1, പരേതന്റെ ആണ്‍മക്കള്‍ മുന്നോട്ട് വരൂ എന്ന വാക്യം കഴിഞ്ഞ 26വര്‍ഷമായി ഞാന്‍ തിരിച്ചും പിരിച്ചും മറിച്ചും, കമഴ്ത്തി
കിടത്തിയും,, മണപ്പിച്ചും നോക്കി. ഉണ്ട് !ഒരു സ്ത്രീ വിരുദ്ധത മണക്കുന്നില്ലേ? ഉണ്ട്. സ്ത്രീ പക്ഷ വാദികള്‍ കത്തിക്കാന്‍ കൊള്ളിയുമായി വന്നേക്കാം.
വരിയിലെ ആദ്യ വാക്ക് പരേതന്‍ പുരുഷന്‍. 3പെണ്‍ മക്കളുടെ അച്ഛന്‍ സ്ത്രീ വിരുദ്ധത ഇല്ല. (നിലപാടില്‍ 50%ഉണ്ടായിരുന്നു ). ആണ് മക്കള്‍ തനിച്ചു നിന്നാല്‍ വാക്കില്‍ സ്ത്രീ വിരുദ്ധത ഇല്ല. പക്ഷെ മുന്നോട്ടു വരിക എന്ന് ക്രിയ വരുമ്പോള്‍ മേല്‍ പ്പറഞ്ഞ സംഗതി ഉണ്ട്. ആ ശേഷക്രിയക്ക് പിന്നില്‍ പെണ്‍ മക്കള്‍ പിന്നോട്ട് നില്ക്കു എന്നൊരു ആജ്ഞ തറ്റുടുത്തു നില്കുന്നു. ശരി യല്ലേ?

2, ആണ് വര്‍ഗം കൊള്ളി വച്ചാലേ ഒരാളിന്റെ ആത്മാവിനു മോക്ഷവും ഗതിയും കിട്ടൂ? പെണ്‍വര്‍ഗം ചെയ്താല്‍ എന്താണ് കുഴപ്പം?

3. നിങ്ങള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും കര്‍മഫലം നിങ്ങളെ തേടി വരും എന്ന് അര്‍ത്ഥമുള്ള വരി ഗീതയിലുണ്ട് എന്നാണറിവ്.. അപ്പോള്‍ കര്‍മ്മം അനുസരിച്ചു അല്ലേ മോക്ഷവുംശാന്തിയും
? ദുഷ്ക്കര്‍മ്മിക്കും ആണ് തരികള്‍ കൊള്ളി വച്ചാല്‍ ശാന്തി കിട്ടുമോ? സല്‍ കര്മി ആയാലും പെണ്‍ തരികള്‍ കൊള്ളി വയ്പ്പിനു തുനിഞ്ഞാല്‍ അശാന്തം ആകുമോ പരേതാത്മാവിന്റ ഗതി?
3, സംഭവത്തിന് 26വര്‍ഷം പഴക്കം ഉള്ളത് കൊണ്ട് കാലിക പ്രസക്തി ഇല്ലേ? സ്ത്രീ പക്ഷ വാദം, സ്ത്രീ വിരുദ്ധത തുടങ്ങിയ സംഗതികള്‍ ആരംഭിച്ചത് അതിനു ശേഷമുള്ള കാലഘട്ടത്തില്‍ എന്ന് പറഞ്ഞു എന്റെ സംശയത്തിന്റെ വായ് അടപ്പിക്കുമോ?

4, ചിതയില്‍ ചാടി സതി അനുഷ്ടിക്കുമോ എന്ന് പേടിച്ചിട്ടാണോ പരേതന്റെ ഭാര്യയെ സമീപപ്രദേശത്തേക്ക് അടുപ്പിക്കാത്തത്?

5,മീശ പോലെ വല്ല വിവാദ സംഗതിയും ഇതിലുണ്ടോ? ഈ സംഭവം ഭാവിയില്‍ എന്റെ ആത്മകഥാംശമുള്ള നോവലില്‍ ചേര്‍ത്താല്‍ എന്റെ ആത്മാവിനെ ജീവനോടെ കത്തിക്കുമോ?

6,ഇത്രയും ഞാന്‍ എഴുതിയത് സ്ത്രീ വിരുദ്ധമോ സ്ത്രീ പക്ഷത്തോ?

പരികര്‍മി ആശാന് 26വര്‍ഷം മുന്നേ തന്നെ നല്ല പ്രായം ഉണ്ടായിരുന്നത് കൊണ്ട് ആളിപ്പോള്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ് എന്നാലും ആളിന്റെ അനന്തര തലമുറക്കാരുടെ മുന്നില്‍ ചെന്ന് ഗ്വാ ഗ്വാ വിളിച്ചാലോ എന്ന് വച്ച് ആളിനെ വെളിപ്പെടുത്തുന്നില്ല.

(വ്യക്തിപരമായി ഞാന്‍ ഇത്തരം കര്‍മങ്ങളില്‍ അത്ര വിശ്വസിക്കുന്നില്ല എങ്കിലും.. വിശ്വാസികളായ സ്ത്രീകള്‍ക്കു
വേണ്ടി... )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക