Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-11: സാംസി കൊടുമണ്‍)

Published on 05 August, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-11: സാംസി കൊടുമണ്‍)
മനുഷ്യന്‍ പ്രവചനാതീതരാകുന്ന ഒരു കാലം. ആര്‍ക്കും ആരുടെയും മനസ്സറിയാന്‍ പറ്റുന്നില്ല. വായിച്ചറിഞ്ഞതൊക്കെയും ഉപരിതലത്തിലെ കുഞ്ഞോളങ്ങളായിരിക്കാം. ആഴക്കടലില്‍ രൂപപ്പെടുന്ന വന്‍ തിരകള്‍ ആരും അറിയുന്നില്ല. തോമസ്സിന്റെ മനസ്സില്‍ രൂപം കൊണ്ട ചുഴികളെ വായിച്ചെടുക്കാന്‍ അമ്മിണിക്കു കഴിഞ്ഞില്ല. മറ്റെല്ലാവരെയുംപോലെ അമ്മിണിയും കുടിയേറ്റ ഭൂമിയില്‍ നന്നായി കഷ്ടപ്പെട്ടു. തോമസ് നാട്ടില്‍ നിന്നു വന്നപ്പോഴൊക്കെ പിടിച്ചു നില്‍ക്കാനുള്ള വക കരുതി. തോമസ് ചെറു ജോലികളില്‍ ഉറയ്ക്കാതെ ബിസിനസ്സെന്ന ആശയത്തില്‍ മനസ്സിനെ ഉറപ്പിച്ചു. ഒരു ഗ്രോസറിക്കട. കച്ചവടം തരക്കേടില്ലായിരുന്നു. പക്ഷേ അമ്മിണിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. രണ്ട ു പെണ്‍കുട്ടികള്‍. തോമസ് രാവും പകലും കച്ചവടത്തിന്റെ പുറകെ ആയിരുന്നു. വളരുവാനുള്ള മോഹമായിരുന്നു. അമ്മിണിക്ക് താന്‍ അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍. പിന്നീട് കുറ്റങ്ങള്‍ കണ്ട ുപിടിക്കാനായി അവളുടെ ശ്രമം.

കുടുംബം സദാ തീയും പുകയുമുള്ള ഒരു അടുപ്പുപോലെ നീറിക്കൊണ്ട ിരുന്നു. ചീറ്റലും പൊട്ടിത്തെറിയും പതിവായി. സംശയം ഒരു രോഗമായി അമ്മിണിയില്‍ വളര്‍ന്നു. ശരീരത്തിന്റെ ബലഹീനതകള്‍ അതിനാക്കം കൂട്ടി. അമ്മിണിയ്ക്കു നിരാശയുടെ കാലമായിരുന്നു. ആ കാലത്താണ് അവള്‍ സുവിശേഷത്തിന്റെ വഴികള്‍ കണ്ടെ ത്തിയത്. ഇതുവരെ ആരാധിച്ച രീതികളില്‍ പിഴവുകള്‍ കണ്ടെ ത്തി. സത്യത്തിലും ആത്മാവിലും ആരാധിക്കാന്‍ അവള്‍ ഉച്ചത്തില്‍ ഹല്ലേലുയ്യയും സ്‌തോത്രവും പറഞ്ഞു. വചനങ്ങള്‍ തെളിമയോടവള്‍ കണ്ട ു. ഇന്നലെവരെ വായിച്ച അതേ വേദഭാഗങ്ങള്‍, ഇന്നവള്‍ ഒരു പുതിയ വെളിച്ചത്തില്‍ വായിച്ചു. അപ്പോള്‍ വചനങ്ങളുടെ പൊരുളും മാറിക്കൊണ്ടേ യിരുന്നു. പൊരുള്‍ തിരിച്ചു കൊടുക്കാന്‍ ദൈവദാസന്‍ കോശിയും ഉണ്ട ായിരുന്നു. ജോലിയില്‍ കൂട്ടുദാസി ദീനാമ്മയോടു ചേര്‍ന്ന് ഒഴിവു സമയങ്ങളില്‍ അവര്‍ വചനം പഠിച്ചു.

ക്രിസ്തുവിനെ കണ്ട ുമുട്ടിയ അമ്മിണി സന്തോഷത്താല്‍ പുതുക്കപ്പെട്ടവളായി മാറുകയായിരുന്നു. പാസ്റ്റര്‍ ചില വേദഭാഗങ്ങള്‍ വായിക്കുമ്പോള്‍ അവള്‍ സന്തോഷം കൊണ്ട ് നിലവിളിക്കുകയും ആത്മാവില്‍ ആനന്ദിക്കുകയും ചെയ്തു. തോമസ് വല്ലാത്ത സമ്മര്‍ദ്ദത്തിലായിരുന്നു. പാസ്റ്ററുടെ വീടു സന്ദര്‍ശനവും വചനങ്ങളുടെ വ്യാഖ്യാനവും. ഈ കാലത്ത് പൊയ്‌ക്കൊണ്ട ിരുന്ന പള്ളിയിലും ചില പ്രശ്‌നങ്ങള്‍. വൈദികന്റെ സദാചാരത്തില്‍ ചില അല്പ വിശ്വാസികള്‍ക്കു സംശയം. മനസ്സാകെ മടുത്തിരിക്കുന്ന ഒരു കാലം. ഈ പ്രതിസന്ധിയിലാണ് പാസ്റ്റര്‍ കോശി തോമസിനെ ബൈബിളില്‍ നവസാക്ഷരനാക്കിയത്. വലിയ എതിര്‍പ്പുകളൊന്നുമില്ലാതെ തോമസ്സും രക്ഷയുടെ വഴിയിലേക്കു വന്നു. എങ്കിലും ശീലം മറക്കാന്‍ വയ്യാത്തതുകൊണ്ട ് കിടക്കുന്നതിനു മുമ്പ് ഒരല്പം കഴിക്കും. അമ്മിണി അതു കണ്ട ില്ലെന്നു നടിച്ചു.

രണ്ട ാം നിരക്കാരുടെ വരവ് അപ്പോഴേക്കും തുടങ്ങിയിരുന്നു. ദീനാമ്മയുടെ അനുജത്തി വന്നിട്ട് കുറെനാളായി. താമസം ദീനാമ്മയുടെ കൂടെത്തന്നെ. മുപ്പതു കടന്നെങ്കിലും അമേരിക്കയില്‍ വന്നിട്ട് കല്യാണം എന്നു പറഞ്ഞ് അവിവാഹിതയായി തുടര്‍ന്നു. പരീക്ഷ പാസ്സാകുന്നതുവരെ ദീനാമ്മയ്‌ക്കൊരു സഹായം. ഭര്‍ത്താവിന്റെ അനുജത്തിയോടുള്ള അതിരുകടന്ന സ്വാതന്ത്ര്യം ദീനാമ്മയെ അലോസരപ്പെടുത്താറുണ്ടെ ങ്കിലും അറിഞ്ഞതായി നടിച്ചില്ല. പകല്‍ താന്‍ ജോലിക്കു പോകുന്ന സമയത്ത് അവള്‍ ഒറ്റയ്ക്കാവുന്നത് നന്നല്ലെന്നു ദീനാമ്മ ഓര്‍ത്തു. ഒരു പരിഹാരമായിട്ടാണ് തോമസ്സിന്റെ കടയില്‍ ക്യാഷറായി ഏലമ്മയെ നിര്‍ത്തിയത്. അതില്‍ പാസ്റ്റര്‍ കോശിയുടെ ഉപദേശവും ദീനാമ്മ തേടിയിരുന്നു. പക്ഷേ കാര്യങ്ങള്‍ എങ്ങനെ ഒക്കെ ആയി.... ഒരു ദിവസം തോമസ്സും ഏലമ്മയുംകൂടി എങ്ങോട്ടോ പോയി. കട മറ്റാര്‍ക്കോ വിറ്റു. ബാങ്കിലെ ജോയിന്റ് അക്കൗണ്ട ില്‍ നിന്നും ഉണ്ട ായിരുന്നതൊക്കെ അമ്മിണി അറിയാതെ എടുത്തുകൊണ്ട ാണ് സ്ഥലം വിട്ടത്.

തോമസ്സില്‍ നിന്നും അങ്ങനെയൊന്ന് അമ്മിണി പ്രതീക്ഷിച്ചിരുന്നില്ല. നാണക്കേടുകൊണ്ട ് തല ഭൂമിയോളം താണു. എല്ലാം ഉള്‍ക്കൊള്ളുവാന്‍ കുറെ സമയം എടുത്തു. അവള്‍ തന്റെ കടമ കരുതി ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ, അപ്പനമ്മമാരെയും സഹോദരങ്ങളെയും കൊണ്ട ുവന്നു. എല്ലാവരും ഒരോ സ്ഥാനങ്ങളില്‍ ഉറച്ചപ്പോള്‍, വേണ്ട പ്പെട്ടവരുടെ കണ്ണില്‍ കരടാകുന്നു എന്നു തോന്നിയപ്പോള്‍ തന്റേതെന്നു പറയാവുന്ന വളര്‍ന്നു വരുന്ന രണ്ട ു പെണ്‍കുട്ടികളുമായി ചിക്കാഗോയില്‍ പറിച്ചു നട്ടു. തോമസ്സിനെ കാണണമെന്നായിരിക്കാം അമ്മിണി പറഞ്ഞത്. ഇപ്പോഴും അവള്‍ അയാളെ സ്‌നേഹിക്കുന്നുണ്ട ാകാം. ഒരു തലമുറ അവസാന ലാപില്‍ എത്തിയിരിക്കയാണ്. ഏതു സമയത്തും ട്രാക്ക് വിട്ടു പോകേണ്ട വര്‍. അമ്മിണിയുടെ മനസ്സിലും അതൊക്കെയായിരിക്കും ചിന്ത. ഡല്‍ഹി മുതലുള്ള ഒരു നല്ല കൂട്ടുകാരി. തിരക്കുകളില്‍ എപ്പോഴോ പരസ്പരം മറന്നു പോയര്‍. ആലീസ് സോഫയില്‍ ചാരിയിരുന്നു.

എന്താണു ജീവിതത്തിന്റെ അര്‍ത്ഥം? വ്യര്‍ത്ഥം....മായ.... ഇന്നലെ ഉണ്ട ായിരുന്നതും ഇന്നുള്ളതും നാളെ ഉണ്ട ാകാനുള്ളതും ഒക്കെ മായ. ജ്ഞാനികളുടെ രാജാവ് ശലോമോന്‍ എത്രയോ മുമ്പേ പറഞ്ഞിരിക്കുന്നു. ശരിയല്ലേ....?

ഇന്നലെ ജോണി എന്ന ഒരുവന്‍ ഇവിടെ ജീവിച്ചിരുന്നു. ഇന്നവന്‍ എവിടെയാണ്? ആകാശത്തിലെ മഴവില്ലുപോലെ അവന്‍ എങ്ങോട്ടാണു മറഞ്ഞത്. അവന്‍ മായ ആയിരുന്നുവോ? ഇനി അവനെ ഒന്നു തൊടുവാന്‍ കഴിയില്ലേ? “ആലീസേ... എന്നൊന്നു വിളിക്കില്ലേ? എല്ലാം കഴിഞ്ഞു പോയിരിക്കുന്നു. എന്റെ പ്രിയപ്പെട്ടവന്‍ ഓര്‍മ്മയായിരിക്കുന്നു. സോഫയുടെ ഈ കോണില്‍ അവന്‍ ഇരുന്നിരുന്നു. വലിയ വായിലെ അട്ടഹസിച്ചു കൊണ്ട ് ഫോണില്‍ കൂട്ടുകാരോടു സംവദിച്ചിരുന്നവനെ ഇന്നാര്‍ക്കെങ്കിലും കാണാമോ? രാത്രിയുടെ യാമങ്ങള്‍ തീരുന്നതറിയാതെ, ഹാങ്ങൗട്ടിനു പോയ മക്കള്‍ക്കായി അവന്‍ കാത്തിരുന്നില്ലേ. പ്രഭാതത്തിലെ ഉറക്കച്ചടവോടെ തനിക്കുവേണ്ട ി വാതില്‍ തുറന്നു കാത്തുനിന്നിട്ടില്ലേ? ഇതൊക്കെ മായയായിരുന്നുവോ? ഇന്നലെ പെയ്ത മഞ്ഞുപോലെ അവന്‍ എങ്ങോട്ടോ ഒലിച്ചു പോയി. അവന്‍ പറയാറുള്ള സങ്കട കടലില്‍ തന്നെ അവന്‍ എത്തിയിട്ടുണ്ട ാകും. അവന്‍ ഒരു തമാശക്കാരനായിരുന്നുവല്ലോ. സങ്കടങ്ങള്‍ ഏറുമ്പോള്‍ അവന്‍ പറയും എനിക്കു ചുറ്റുമുള്ളവര്‍ക്ക് അവന്‍ സങ്കടങ്ങളുടെ അരുവികളും ചെറുതോടുകളും പുഴകളുമല്ലേ കൊടുത്തുള്ളൂ. എന്നാല്‍ എനിക്കോ നീന്തിത്തുടിയ്ക്കുവാന്‍ ഒരു സങ്കടക്കടല്‍ തന്നെ തന്നില്ലേ.’

“”മമ്മി....’’

എബി... എന്തെ..... ഇപ്പോള്‍ രാവിലെ ഒന്‍പതു മണിയല്ലേ ആയുള്ളൂ. എന്തിനിത്ര നേരത്തെ എഴുന്നേറ്റു. ഇവിടെ വിശേഷങ്ങള്‍ വല്ലതുമുണ്ടേ ാ. നിന്റെ വേണ്ട പ്പെട്ടവരാരെങ്കിലും മരിച്ചുപോയോ.... അല്ലെങ്കില്‍ നിനക്കു വേണ്ട പ്പെട്ടവരാരെങ്കിലും ഈ വീട്ടില്‍ ഉണ്ടേ ാ.... കുഞ്ഞമ്മ പിറക്കാത്ത മക്കള്‍ക്കായി വിലപിക്കുന്നു. ഇവിടെ മക്കള്‍ എന്ന കുരിശിനായി വിലപിക്കുന്നു. ആലീസ് മകനെ നോക്കി ഓരോന്നോര്‍ത്തു.

“”മമ്മി, എനിക്കിന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല. രാത്രി പന്ത്രണ്ട ു മണിക്ക് ഡാഡി എന്നെ വിളിച്ചില്ല. ഞാന്‍ സെല്‍ഫോണ്‍ നോക്കി.’’ അവന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ മമ്മിയോടു ചേര്‍ന്നിരുന്നു. ആലീസ് വിങ്ങി.... ഇവന്‍ എന്താണു പറയുന്നത്. ഇവന്‍ ഏതു ലോകത്താണ്. അവള്‍ അവന്റെ മുടിയില്‍ തലോടി. അവന്‍ കരയുകയാണ്. അവന്‍ ഇതുവരെയും കരഞ്ഞില്ല. അവള്‍ ഓര്‍ത്തു. അവന്‍ തിരിച്ചറിയുകയാണോ. അവന്റെ തലയില്‍ നിന്നും ലഹരി ഇറങ്ങുകയാണോ?

“”മോനേ.... ഭ’ അവള്‍ വിളിച്ചു. എത്രയോ നാളുകളായി മറന്നു കിടന്ന ഒരു വികാരം അവളില്‍ ആവേശിച്ചു. അവളും കരഞ്ഞു.

“”ഡാഡി ഈസ് നോ മോര്‍....’’ അവള്‍ പറഞ്ഞു. അവള്‍ സ്വയം ബോദ്ധ്യപ്പെടുത്തുക കൂടിയായിരുന്നു.

“”ഞാന്‍ ഡാഡിയെ സ്‌നേഹിച്ചിരുന്നു. എനിക്ക് ഒരിക്കലും അതു ഡാഡിയോടു പറയാന്‍ കഴിഞ്ഞില്ല. നൗ ഇറ്റീസ് ടു ലേറ്റ്, അല്ലെ മമ്മി....’’ അവന്റെ സ്വരത്തിലെ ആത്മാര്‍ത്ഥത അവളെ തൊട്ടു. അവനെ തലോടി അവള്‍ ആശ്വസിപ്പിച്ചു. ഓരോരുത്തര്‍ക്കും തിരിച്ചറിവിന്റെ കാലം വ്യത്യസ്തമല്ലേ. അവള്‍ സ്വയം പറഞ്ഞു.

“”ഇനി ഞാന്‍ എന്താ മമ്മി ചെയ്യേണ്ട ത്?’’ അവന്‍ ഒരു കൊച്ചു കുട്ടിയാകുകയായിരുന്നു.

“”എനിക്കറിയില്ല മോനേ. ഇവിടെ നമ്മുടെ അവസ്ഥ വളരെ മോശമാണ്. അതു നീ അറിയണം. മോന്‍ എവിടെയെങ്കിലും പോയി ഒരു ജോലി കണ്ട ുപിടിക്കണം. പാര്‍ട്ട് ടൈം ആയി പഠിച്ച് ഡിഗ്രി പൂര്‍ത്തിയാക്കണം. നമ്മുടെ ഡാഡിയെ ഓര്‍ത്ത് നീ ഒരു നല്ല ജീവിതം നയിക്കണം.’’

“”ഐ പ്രോമിസ് മമ്മി.’’ അവന്‍ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. അവളുടെ ഉള്ളില്‍ ഒരു കുളിര്‍ കാറ്റ്.

അപ്പന്റെ രക്തം.... അതു വീണ്ടെ ടുപ്പിന്റെ രക്തമാകുകയാണ്. ഇതു തന്നെയായിരിക്കാം ക്രിസ്തു ശരീര രക്തങ്ങളെക്കുറിച്ചു പറഞ്ഞതും.

ഹെലനും തിരിച്ചറിയുന്നുണ്ട ാവാം. അവളുടെ സ്വരത്തിലും അനുതാപത്തിന്റെ നനവു—ണ്ട ായിരുന്നില്ലേ....?

രണ്ട ു കുട്ടികള്‍. അവര്‍ക്ക് കുറവുകള്‍ ഒന്നും ഉണ്ട ാവാന്‍ പാടില്ല. തന്റെ ബാല്യത്തിലെ ഇല്ലായ്മകളും, അവഹേളനങ്ങളും ഇവരെ ബാധിക്കാന്‍ പാടില്ല. അത് ജോണിച്ചായന്റെ വാശിയായിരുന്നു. അവര്‍ക്ക് ഏറ്റവും മികച്ച ഉടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങും പോക്കറ്റു മണിയും കൊടുക്കും.

മിഠായി ഭരണിയിലേക്കു നോക്കി നിരാശനായി നടന്ന ആ കാലം മറവിക്ക് വിട്ടുകൊടുത്തില്ല. ഉടുതുണിക്ക് മറു തുണിയില്ലാതെ, മൊത്തത്തില്‍ പിഞ്ചിക്കീറിയ കാക്കി നിക്കര്‍, ഇനി ഇടാന്‍ നിവൃത്തിയില്ലാതെ, അച്ചാച്ചന്‍ തോളിലിടുന്ന രണ്ട ാം മുണ്ട ും ഉടുത്ത് നാലാം ക്ലാസ്സിലെത്തിയവന്റെ അപകര്‍ഷത. വെളിക്കു വിട്ടപ്പോള്‍ കൂട്ടുകാര്‍ ആര്‍പ്പുവിളിയോടെ മുണ്ട ും ഉരിഞ്ഞ്, അതിനടിയിലുണ്ട ായിരുന്ന കോണക വാലില്‍ പിടിച്ചുള്ള ആര്‍പ്പുവിളികള്‍. അപമാനത്തിന്റെ മായാത്ത മുദ്രകള്‍. നിറയാത്ത വയറിന്റെ നിലവിളികള്‍. ശപിക്കപ്പെട്ട ബാല്യം. ഇതൊന്നും പറഞ്ഞു കരയാത്ത ദിവസങ്ങള്‍ കുറവായിരുന്നു. എന്നും എന്തിനിങ്ങനെ ഉരുവിടുന്നു എന്നു ചോദിച്ചാല്‍ പറയും “”ഇതു പ്രാര്‍ത്ഥനയാണ്. മന്ത്രമാണ്, മറക്കാതിരിക്കാനും, അഹങ്കരിക്കാതിരിക്കാനുമുള്ള സ്വയം ഓര്‍മ്മപ്പെടുത്തല്‍.”

പന്ത്രണ്ട ു വയസ്സുവരെ ഹെലന്‍ കിടക്കാന്‍ പോകുന്നതിനുമുമ്പ് ഡാഡിക്ക് ഗുഡ്‌നൈറ്റു പറഞ്ഞ് കിസ്സു കൊടുക്കുമായിരുന്നു. ഒരു ദിവസം അവള്‍ ഗുഡ്‌നൈറ്റ് പറഞ്ഞ് അവളുടെ മുറിയില്‍ കയറി കതകടച്ചു.

“”എന്താ മോളേ ഡാഡിക്കു കിസ്സു തന്നില്ലല്ലോ’’ ജോണി വിളിച്ചു ചോദിച്ചു. രാവിലെ ജോണി ആലീസിനോടു പറഞ്ഞു “”മോളിന്നലെ എനിക്കു കിസ്സു തന്നില്ല. എന്താ അവള്‍ പിണക്കത്തിലാണോ?’’

ആലീസ് ഒരു നിമിഷത്തെ മൗനത്തിനുശേഷം, ഒരു തിരിച്ചറിയല്‍ പോലെ പറഞ്ഞു.

“”ങാ... ഇനി അതു വേണ്ട .’’

ഒന്നും മനസ്സിലാകാതെ ജോണി ആലീസിനെ നോക്കി.

“”ഹേ.... മനുഷ്യാ.... അവള്‍ ഒരു പെണ്ണായിരിക്കുന്നു. അവള്‍ക്കു നാണം കാണും.’’

അവന്‍ ചിരിച്ചു. അവന്റെ മനസ്സില്‍ ചില ഓര്‍മ്മകള്‍. തെരണ്ട ു കല്യാണം! ഉണ്ണിയപ്പം! കേശവന്‍ ചാന്നാന്റെ വീട്ടില്‍ ഒരു ദിവസം ആരെല്ലാമോ കുരവയിടുന്നു. സരള നിലവിളക്കിനു മുന്നില്‍ ഉടുത്തൊരുങ്ങി ഇരിയ്ക്കുന്നു. സരളയുടെ അനുജന്‍ ഒരു വാഴ ഇലയില്‍ കുറച്ച് ഉണ്ണിയപ്പം വീട്ടില്‍ കൊണ്ട ുവന്നു. പിറ്റെ ദിവസം കുളിക്കടവില്‍ സരളയെ ഒറ്റയ്ക്കു കണ്ട പ്പോള്‍ ചോദിച്ചു. സരളയുടെ കല്യാണം കഴിഞ്ഞോ? സരള അവനെ പതിമൂന്നു വയസ്സിന്റെ കൗതുകത്തോടെ നോക്കി. എന്നിട്ട് നാണത്തോടെ പറഞ്ഞു. “”എന്റെയെങ്ങും കഴിഞ്ഞില്ല.’’

“”പിന്നെന്തിനാ ഉണ്ണിയപ്പം കൊടുത്തയച്ചത്. വീട്ടില്‍ പറയുന്നതു കേട്ടു കൊച്ചിന്റെ തെരണ്ട ു കല്യാണമായിരുന്നെന്ന്.’’ അവള്‍ അവന്റെ മുഖത്തു നോക്കാന്‍ നാണിച്ച് വെള്ളത്തിലേക്കു നോക്കി നിന്നു. അവന്‍ സ്കൂളില്‍ കൂട്ടുകാരോടെല്ലാം ഉണ്ണിയപ്പത്തിന്റെ കഥ പറഞ്ഞു. സരളയെ കാണുമ്പോള്‍ എല്ലാവരും ചേര്‍ന്ന്, ഉണ്ണിയപ്പം എന്നു ഉറക്കെ വിളിച്ചു കളിയാക്കി. അവള്‍ കരഞ്ഞു. പിന്നെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അവളും എല്ലാവര്‍ക്കും ഒപ്പം ചിരിച്ചു. ഇപ്പോള്‍ സരള എവിടെ ആണോ ആവോ? “ഉണ്ണിയപ്പം’ അവന്‍ അല്പം ഉറക്കെ പറഞ്ഞ് ആലീസിനെ നോക്കി.

“”കള്ളന്‍.... സരളയെ മറന്നിട്ടില്ല.’’ അവള്‍ ചിരിക്കൊപ്പം കൂട്ടിച്ചേര്‍ത്തു. അത് കൗതുകങ്ങളുടെ പ്രായം. എല്ലാം തൊട്ടറിയുവാന്‍ കൊതിക്കുന്ന കാലം. എന്റേതും നിന്റേതുമെന്നു തിരിയ്ക്കുന്ന കാലം. ആലീസ് അവനെ സ്വന്തമെന്നുറപ്പിച്ച കാലം. പക്ഷേ ആലീസിനെ മറ്റു പലരും സ്വന്തമെന്നു കരുതിയിരുന്നു. കൂടുതല്‍ ശക്തനായവന്‍ അതിജീവിക്കുകയും സ്വന്തമാക്കുകയും ചെയ്യുമെന്നുള്ള പ്രകൃതി നിയമം ബലപ്പെടുത്താനെന്നപോലെ അവന്‍ പൊരുതി. രവിയുടെ തല കല്ലില്‍ ചേര്‍ത്തിടിച്ചു. ചോരയൊലിക്കുന്ന അവന്റെ തലയിലേക്കു നോക്കി അവന്‍ വിജയം ആഘോഷിച്ചു.

“”ആലീസേ.... നീ ഓര്‍ക്കുന്നുണ്ടേ ാ രവിയെ....?’’

“”നിന്നെ സംബന്ധിക്കുന്ന എന്താണ് ഞാന്‍ മറന്നിട്ടുള്ളത്.’’ അവള്‍ മനസ്സില്‍ പറഞ്ഞു എന്നിട്ട് ഒന്നും ഓര്‍ക്കാത്തതുപോലെ അവനെ നോക്കി.

“”എന്തിനാ അടിയുണ്ട ാക്കിയതെന്നറിയാമോ? അവനു നിന്നെ വേണമെന്ന്. നിന്നില്‍ വേറൊരാള്‍ അവകാശം സ്ഥാപിക്കുന്നത് അന്നായാലും ഇന്നായാലും എനിക്കു സഹിക്കില്ല. അവന്‍ തരളിത ഹൃദയനാകുന്നതവള്‍ അറിഞ്ഞു. അവന്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവള്‍ അവന്റെ ഭാവപ്പകര്‍ച്ച നന്നേ ആസ്വദിച്ചെങ്കിലും അനിഷ്ടം ഭാവിച്ച് പറഞ്ഞു.’’

“”പിള്ളേര് അപ്പുറത്തുണ്ട ്.... ഞാന്‍ യൂണിഫോം മാറി കുളിക്കട്ടെ. കുട്ടികള്‍ക്ക് ലഞ്ച് ഉണ്ട ാക്കിയോ?’’

അവന്‍ ഒന്നും പറയാതെ അവളുടെ കണ്ണുകളിലേക്കു നോക്കി. അവിടെ സ്‌നേഹത്തിന്റെയും, അതില്‍ നിന്നും കത്തി പടരുന്ന കാമത്തിന്റെയും കനലുകള്‍ എരിയുന്നുണ്ട ായിരുന്നു.

“”രാത്രി നക്ഷത്രങ്ങള്‍ ആകാശത്തു തെളിയുമ്പോള്‍ അതു വിശ്രമത്തിനുള്ള സമയം എന്നറിയുവിന്‍’’ അതു വചനം. ഇവിടെ രാത്രിയും പകലും തിരിച്ചറിയാന്‍ കഴിയാത്ത നാഗരികതയുടെ പൊയ്മുഖത്ത് ഒറ്റയ്ക്ക് കിടക്കയുടെ ഓരം ചേര്‍ന്ന് കിടന്ന് മോഹങ്ങളെ നെടുവീര്‍പ്പുകളാക്കി, ഒരവധി ദിവസത്തെയും സ്വപ്നം കണ്ട ് കഴിയാനാണ് വിധി. അതൃപ്തമായ മനസ്സിനെ കടിഞ്ഞാണിട്ട് അയാള്‍ കുട്ടികളെ സ്കൂളിലാക്കാന്‍ പോയി വന്ന്, ഒരുങ്ങി ജോലിയ്ക്കു പോയി.

9

ജീവിതം എന്നും തിരക്കിലായിരുന്നു. തിരക്കുകള്‍ക്കിടയില്‍ ഹെലനിലുണ്ട ാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെട്ടോ? അടച്ചിട്ട മുറിയില്‍ അവള്‍ ഒറ്റയ്ക്കിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രായം ആവശ്യപ്പെടുന്ന സ്വപ്നങ്ങള്‍ കാണട്ടെയെന്നു കരുതി. സ്കൂളില്‍ നിന്നു വരാന്‍ വൈകിയാല്‍ എന്തെങ്കിലും സ്കൂള്‍ വര്‍ക്കുകള്‍ കാണും എന്നു സമാധാനിച്ചു. അവള്‍ പല സ്കൂള്‍ ക്ലബ്ബുകളിലും ചേര്‍ന്നിട്ടുണ്ട ായിരുന്നുവല്ലോ. ഞാന്‍ നടന്നു വന്നുകൊള്ളാം, പിക്ക് ചെയ്യാന്‍ ചെല്ലണ്ട ാന്നു പറഞ്ഞപ്പോള്‍, ഒരു പതിനഞ്ചുകാരിയുടെ കൂട്ടുകാരോടൊപ്പം പറഞ്ഞാലും പറഞ്ഞാലും തീരാത്ത വര്‍ത്തമാനങ്ങളില്‍ നീന്തിത്തുടിക്കാനാണെന്നേ കരുതിയുള്ളൂ.

പക്ഷേ ഹെലന്‍ വല്ലാത്ത കൂട്ടുകെട്ടിന്റെ പടു കുഴിയിലേക്കു വീണിരുന്നു. ഡ്രഗ്‌സ്, പുകവലി, മദ്യം അവള്‍ ഓരോന്നും ശീലിക്കുകയായിരുന്നു. ഗോപാലന്‍ നായരുടെ മകന്‍ ഗോപന്‍, രണ്ട ് ഇസ്പാനിക്ക് പെണ്‍കുട്ടികള്‍, രണ്ട ു കറുത്ത വര്‍ക്ഷക്കാരായ ആണ്‍കുട്ടികള്‍, പിന്നെ വടക്കേ ഇന്ത്യക്കാരായ രണ്ട ് പെണ്‍കുട്ടികള്‍, അവര്‍ എട്ടുപേര്‍ അടങ്ങുന്ന ഗ്യാങ്ങ്.

സ്കൂളില്‍ നിന്നും പ്രിന്‍സിപ്പലിന്റെ അടിയന്തിര ഫോണ്‍ വന്നു ചെന്നു കാണണമെന്ന്. പല ദിവസങ്ങളിലും സ്കൂളില്‍ എത്തിയിട്ടില്ല. ക്ലാസ്സുകള്‍ കട്ടുചെയ്യുന്നു. വളരെ മോശം ഗ്രെയിഡ്. കുറ്റാരോപണങ്ങളുടെ നീണ്ട പട്ടികയ്ക്കു മുന്നില്‍ പകച്ചു നിന്നു. ഇനി അവിടെ തുടരാന്‍ പറ്റില്ലത്രേ.

മക്കളെക്കുറിച്ചഭിമാനിച്ചിരുന്ന ഒരപ്പന്റെ ഹൃദയം ആരോ വരഞ്ഞ് അതില്‍ ഉപ്പു പുരട്ടിക്കൊണ്ടേ യിരിക്കുന്നു.

കരഞ്ഞു പറഞ്ഞു. അറിയില്ലായിരുന്നു ഒരവസരം കൂടി. തിരുത്താന്‍ ഒരവസരം കൂടി. പ്രിന്‍സിപ്പള്‍ ഉദാരമതിയാകുകയായിരുന്നു.

വീട്ടില്‍ കൂസലില്ലാതെ നില്‍ക്കുന്ന ഹെലന്‍. പറ്റിപ്പോയ തെറ്റില്‍ അവള്‍ പശ്ചാത്തപിക്കുന്നതായി തോന്നുന്നില്ല. അവളുടെ കണ്ണുകളിലെ തീഷ്ണത ഭയപ്പെടുത്തുന്നു. ഇതിനു മുമ്പൊരിക്കല്‍ അവളുടെ കണ്ണുകളില്‍ ഈ തീ കണ്ട ിട്ടുണ്ട ്. മാത്തുക്കുട്ടിയും കുടുംബവും ഇവിടെ താമസിക്കുന്ന കാലം. അവള്‍ അന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. മൂന്നു മാസമായി എബിയുടെ കൂടെ അവള്‍ മുറി പങ്കുവയ്ക്കുന്നു. ഒരു ദിവസം അവളുടെ അതൃപ്തി എല്ലാം കൂടി പുറത്തു ചാടി. നാലു വയസ്സുള്ള മാത്യു, അവളുടെ എന്തോ സാധനത്തില്‍ തൊട്ടു. അവള്‍ അലറി. “”ഗറ്റൗട്ട് ഫ്രം ഹിയര്‍.... ദിസ് ഈസ് മൈ ഹൗസ്....” മാത്യുക്കുട്ടിയോടു കണ്ണീരോടെ ക്ഷമ ചോദിച്ചു. “”അനുജാ നമ്മള്‍ വളര്‍ന്നപോലെ സ്‌നേഹത്തിന്റെ പാനപാത്രം ഇവരുടെ കയ്യില്‍ ഇല്ല. നീ ക്ഷമിക്ക്.... മോളി മറ്റൊന്നും വിചാരിയ്ക്കരുത്.” അവന്‍ പിണങ്ങിയില്ല. അവനു കൂടി ഒരു ജോലിയാകും മുമ്പെ അവര്‍ അപ്പാര്‍ട്ടുമെന്റെടുത്തു മാറി.

അന്ന് ബന്ധങ്ങള്‍ നല്‍കുന്ന സാന്ത്വനത്തെക്കുറിച്ചവളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഞാന്‍ മാത്രം. ചുറ്റും അതാണു കാണുന്നത്. ദിവസത്തിന്റെ മുക്കാല്‍ പങ്കും അവരുടെ സഹവാസം ശിഥിലബന്ധങ്ങളുടെ ഇരകളുമായല്ലേ? പുതിയ നാടിന്റെ സംസ്കാരം അവളിലേക്കിറങ്ങുകയായിരുന്നു. അവളുടെ വളര്‍ച്ചയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അവള്‍ ഒരു കയത്തിലാണ്. എങ്ങനെ രക്ഷപെടുത്തും? കരഞ്ഞും സ്‌നേഹിച്ചും അവളെ ബോധ്യപ്പെടുത്താം എന്ന വഴി അവള്‍ എന്നേ നിരാകരിച്ചിരിക്കുന്നു. ഇപ്പോള്‍ അവളുടെ ഹൃദയം കല്ലാണ്. ഇനി അടുത്ത വഴി ദണ്ഡനമാണ്. ഇതു വരെയും അവളെ തല്ലിയിട്ടില്ല. നോവിക്കാന്‍ മനസ്സു വരുന്നില്ല. അവള്‍ ശരിയാകും. പ്രായത്തിന്റെ ചാപല്യമാണ്. അവര്‍ പരസ്പരം സമാധാനിപ്പിച്ചു.

നാലു മണിയായപ്പോള്‍ കൂട്ടുകാര്‍ വീടിനു ചുറ്റും വട്ടം കറങ്ങുന്നു. ഹെലന്‍ സ്കൂളില്‍ വന്നില്ല. കാണാഞ്ഞിട്ട് തിരക്കി വന്നിരിക്കയാണ്. സ്‌നേഹമുള്ള കൂട്ടുകാര്‍. ആരോ ബെല്ലടിച്ചു. ഗോപന്‍.

“”അങ്കിള്‍ ഞങ്ങള്‍ക്ക് ഹെലനെ കാണണം.’’ അവന്റെ സ്വരത്തില്‍ അല്പം ആധികാരികത ഉണ്ട ായിരുന്നു.

“”ഗോപന്‍! ഹെലനെ ഇപ്പോള്‍ കാണാന്‍ പറ്റില്ല.’’ അയാള്‍ തറപ്പിച്ചു പറഞ്ഞു.

ഗോപന്‍ തിരിഞ്ഞു നടന്നു.

“”എനിക്ക് വെളിയില്‍ പോകണം.’’ കൂട്ടുകാരുടെ മുന്നില്‍ ചെറുതാക്കപ്പെട്ടവളുടെ അസഹ്യതയോടെ ഹെലന്‍ പറഞ്ഞു. അവള്‍ കതകു തുറക്കാനുള്ള ശ്രമത്തിലായിരുന്നു.

“”ഹെലന്‍ പോ അകത്ത്.’’ ജോണിയുടെ സ്വരം ഇതിനു മുമ്പൊന്നും ഇത്ര ഉച്ചത്തില്‍ ആരും കേട്ടിട്ടില്ല. അടുക്കളയില്‍ മോള്‍ക്കു വേണ്ട ി ഫിഷ് കട്‌ലറ്റ് ഉണ്ട ാക്കിക്കൊണ്ട ിരുന്നആലീസ് പുറത്തേക്കു വന്നു.

“”നോ..... എനിക്കു പോകണം.’’ അവളുടെ സ്വരം ഉറച്ചതായിരുന്നു. ജോണിയുടെ നിയന്ത്രണം ആകെ നഷ്ടമായി. അയാള്‍ അവളെ തല്ലി. നെടുകെയും കുറുകയും തല്ലി. കുറെ നാളായി നെഞ്ചില്‍ പുകഞ്ഞുകൊണ്ട ിരുന്ന എല്ലാ വേദനകളും അയാളെക്കൊണ്ട ് അത് ചെയ്യിക്കുകയായിരുന്നു. ഹെലന്‍ കരഞ്ഞില്ല. വാശിയുടെ കനലായിരുന്നു അവളുടെ കണ്ണുകളില്‍. തടസ്സം പിടിക്കാന്‍ ചെന്ന ആലീസിന്റെ കവിളിലും അവന്റെ കൈ ആദ്യമായി പതിഞ്ഞു. അയാള്‍ക്കു ഭ്രാന്തായിരുന്നു. എല്ലാം തകര്‍ക്കുവാനുള്ള ഭ്രാന്ത്.

“”അപ്പനും മോള്‍ക്കും ഭ്രാന്തു പിടിച്ചോ?’’ ആലീസ് സ്വയം ചോദിച്ചു. ഹെലന്‍ “ഞാന്‍ കാണിച്ചു തരാം’ എന്ന പല്ലവിയുമായി അവളുടെ ബഡ്‌റൂമിലേക്ക് തുള്ളിച്ചാടിപ്പോയി. പെട്ടെന്ന് ഫോണെടുത്ത് “നയന്‍ വണ്‍ വണ്‍’ വിളിച്ചു.

“”മോളെ നീ എന്താ ഈ ചെയ്യുന്നത്’’ ആലീസ് ഓടിച്ചെന്ന് ഫോണ്‍ അവളുടെ കൈയ്യില്‍ നിന്നു പിടിച്ചു വാങ്ങുന്നതിനു മുമ്പായി അവള്‍ പറഞ്ഞു. “”ഐ നീഡ് ഹെല്‍പ്പ്’’ ഹെലന്‍ ഒരു പ്രതിമ കണക്കെ നിന്നു.

നാലു മിനിട്ട്. പോലീസ് വണ്ട ിയുടെ നിലവിളി. വീടിനു ചുറ്റും നാലു പോലീസ് വണ്ട ികള്‍ ആദ്യം വന്ന ഓഫീസറോടു തന്നെ ഹെലന്‍ പറഞ്ഞു.

“”ഹി ട്രൈ ടു റേപ്പ് മി’’

“”എന്റെ ദൈവമേ.....’’ ആലീസ് തലയ്ക്കു കൈ വച്ച് ഉറക്കെ നിലവിളിച്ചു. ജോണി കേട്ട വാക്കുകളെ ഓര്‍ത്തു നടുങ്ങി, ചലനം അറ്റവനെപ്പോലെ അവന്‍ നിന്നു. എല്ലാം വെന്തു വെണ്ണീറായെങ്കില്‍..... ആലീസ് അയാളെ കെട്ടിപ്പിടിച്ചു. “”പൊറുക്കണം. നമ്മുടെ മോള്‍ അങ്ങനെ പറഞ്ഞിട്ടില്ല. അവള്‍ക്കു ഭ്രാന്താണ്. സമനില തെറ്റിയവള്‍.. എന്റെ ജോണിച്ചായാ നമ്മുടെ മോള്‍...’’

“”ഇവിടെ നാടകമൊന്നും വേണ്ട ഭ’ ഓരോഫീസര്‍ ആലീസിനെ രൂക്ഷമായി നോക്കി പറഞ്ഞു. മറ്റൊരുവന്‍ ജോണിയെ കൈവിലങ്ങിടുവിച്ചു. അവര്‍ അവനെ കാറില്‍ കയറ്റി കൊണ്ട ുപോവുകയാണ്. ഹെലനെ മറ്റൊരു കാറിലും. പോകുന്നതിനുമുമ്പ് പ്രീസന്റ് നമ്പരും, ഓഫീസറുടെ പേരും അടങ്ങുന്ന ഒരു കാര്‍ഡ് ആലീസിന്റെ കയ്യില്‍ കൊടുത്തു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആലീസ് മരവിച്ചു നിന്നു. ലൈറ്റിട്ട് ചീറിപ്പാഞ്ഞു പോകുന്ന പോലീസ് വണ്ട ികള്‍ നിത്യവും കാണാറുണ്ട ്. പക്ഷേ ഒരിക്കല്‍പ്പോലും അവരോടിടപെടേണ്ട ി വന്നിട്ടില്ല. ഇനി എന്താ ചെയ്യുക. ആദ്യ ജാതയെ അവള്‍ ഉള്ളു നൊന്തു ശപിച്ചു. പെട്ടെന്നോര്‍ത്തിട്ടെന്നപോലെ അവള്‍ പള്ളീലച്ചനെ വിളിച്ചു. മാത്തുക്കുട്ടിയെ വിളിച്ചു. മറ്റാരെയൊക്കെയോ വിളിച്ചു. അവനെ പോലീസുകാര്‍ ഉപദ്രവിക്കുമോ? മകള്‍ കൊടുത്ത സമ്മാനം താങ്ങാനാവനു കരുത്തുണ്ടേ ാ? ആലീസ് വെരുകിനെപ്പോലെ ആയിരുന്നു.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക