Image

കാര്‍വാന്‍: ബന്ധങ്ങളുടെ വില തേടുന്ന യാത്ര

Published on 05 August, 2018
കാര്‍വാന്‍: ബന്ധങ്ങളുടെ വില തേടുന്ന യാത്ര
ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാര്‍വാന്‍. ഒപ്പം സ്വാഭാവിക അഭിനയത്തിന്റെ ഉസ്താദായ ഇര്‍ഫാന്‍ ഖാനും. ആകാശ് ഖുറാന സംവിധാനം ചെയ്ത ചിത്രം പതിവു ബോളിവുഡ് ചിത്രങ്ങളുടെ ഫോര്‍മുലയില്‍ നിന്നു മാറിയുള്ള അവതരണ ഭംഗി കൊണ്ട് ഏറെ ഹൃദ്യമാണ്.

ബെംഗളുരുവിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവാണ് അവിനാശ്. അയാള്‍ക്ക് ആ ജോലിയില്‍ യാതൊരു താല്‍പര്യവുമില്ല. വെറുതേ ഓരോ ദിവസവും അയാള്‍ അവിടെ തള്ളിനീക്കുകയാണ്. ഒരു ദിവസം അച്ഛന്‍ മരിച്ചു എന്നറിയിച്ചു കൊണ്ട് അവിനാശിന് പാഴ്‌സല്‍ കമ്പനിയില്‍ നിന്നും ഒരു കോള്‍ വരുന്നു. സുഹൃത്തായ ഷൗക്കത്തു(ഇര്‍ഫാന്‍ ഖാന്‍)മായാണ് അയാള്‍ യാത്ര തുടങ്ങുന്നത്. പാഴ്‌സല്‍ കമ്പനിയില്‍ നിന്നും അച്ഛന്റെ മൃതദേഹമടങ്ങിയ ശവപ്പെട്ടിയുമായി വരുന്ന അവിനാശ് പിന്നീട് മൃതദേഹം മാറിപ്പോയി എന്നറിയുന്നു. അപ്പോഴാണ് അച്ഛന്റെ മൃതദേഹം കൊച്ചിയിലാണെന്ന് അറിയുന്നത്. അയാള്‍ ഷൗക്കത്തിനെയും കൂട്ടി അങ്ങോട്ടു പോകുന്നു. വഴിയില്‍ തികച്ചും യാദൃശ്ചികമായാണ് അവര്‍ താനിയ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ പരിചയപ്പെടുന്നത്. അവര്‍ക്ക് അവളെ കൂടി തങ്ങള്‍ക്കൊപ്പം കൂട്ടേണ്ടി വരികയാണ്. ഒടുവില്‍ ആ യാത്ര അയാളെ ബന്ധങ്ങളുടെ മൂല്യം എത്രയാണെന്നു മനസിലാക്കിക്കൊടുക്കുന്ന ഒരു സാഹചര്യത്തില്‍ എത്തിക്കുന്നു. പക്ഷേ അത് ചില വലിയ നഷ്ടങ്ങളും അവിനാശിന് സമ്മാനിക്കുന്നു. എല്ലാം തിരിച്ചറിയുമ്പോള്‍ ഏറെ വൈകിപ്പോയി എന്നു തോന്നുന്ന ചില സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാം. അവിനാശും അതാണ് നേരിടുന്നത്.

പ്രത്യേകിച്ച് ഒന്നിലും താല്‍പര്യമില്ലാത്ത, വിരസതയും മടുപ്പും സദാ സ്ഫുരിക്കുന്ന മുഖവുമായി ജീവിക്കുന്ന അവിനാശിനെ ദുര്‍ഖര്‍ സല്‍മാന്‍ ഗംഭീരമാക്കി. മിതത്വമുള്ള അഭിനയമാണ് ദുല്‍ഖറിന്റേത്. കഥാപാത്രം ആവശ്യപ്പെടുത്ത തരത്തിലുള്ള മികവ് അതിന്റേതായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ നേട്ടമാണ്. ബോളിവുഡില്‍ തന്റേതായ ഒരിടം സൃഷ്ടിക്കാന്‍ ദുല്‍ഖറിനു കഴിയുമെന്നു തന്നെയാണ് കാര്‍വാന്‍ നല്‍കുന്ന സൂചന. ഡയലോഗ് ഡെലിവറിയിലും അദ്ദേഹം മികച്ചു നില്‍ക്കുന്നു.

കാര്‍വാന്‍ എന്നത് ഒരു ബോളിവുഡ് മൂവിയാണെങ്കിലും കേരളീയ പശ്ചാത്തലത്തിലാണ് മുക്കാല്‍ ഭാഗവും ചിത്രീകരിച്ചിട്ടുള്ളത്. ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും കുമരകവും ഉള്‍പ്പെടെ മനോഹരമായ ദൃശ്യവിരുന്നാണ് ഈ ചിത്രത്തിലുടനീളം കാണാന്‍ കഴിയുക. ഷൗക്കത്തായി എത്തുന്ന ഇര്‍ഫാന്‍ ഖാന്‍ തന്റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയെന്ന് പറയാതെ വയ്യ. താനിയ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയായി എത്തി മിഥില പാര്‍ക്കറും തന്റെ കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്. മൂന്നു പ്രായക്കാരും മൂന്നു തരത്തിലുള്ള സ്വഭാവക്കാരുമായ ഇവര്‍ ഒരുമിച്ചുള്ള യാത്രയില്‍ സംഭവിക്കുന്ന കാര്യങ്ങളും അതിനിടയിലുണ്ടാകുന്ന വേദനകളും നര്‍മ്മരസങ്ങളുമൊക്കെയാണ് ഈ ചിത്രത്തില്‍ പറയുന്നത്. തന്റെ സ്വാഭാവിക അഭിനയശൈലി കൊണ്ട് ഇര്‍ഫാന്‍ കാണികളുടെ മനം കവരുമെന്നത് തീര്‍ച്ചയാണ്. അമലയുടെ താഹിറ എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കുന്ന ദൃശ്യഭംഗി, ചിലപ്പോഴെങ്കിലും കഥാപാത്രങ്ങളുടെ മനോവികാരത്തിനനുസരിച്ചുള്ള പ്രകൃതിയുടെ ദൃശ്യഭാഷ ഇതെല്ലാം കൊണ്ട് സമ്പന്നമാണ് കാര്‍വാന്‍. അവിനാശ് അരുണ്‍ കായലിന്റെയും കേരളത്തിന്റെ പച്ചപ്പുകളുടെയും ഭംഗിയുള്ള ഏറെ ഫ്രയിമുകള്‍ ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്. കന്നിക്കാരന്റെ പതര്‍ച്ചകളില്ലാതെ ഒരു ചിത്രമൊരുക്കാന്‍ സംവിധായകന്‍ ആകാശ് ഖുറാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ട്രീറ്റ്‌മെന്റിലെ പുതുമ കൊണ്ട് മായ്ച്ചു കളയാവുന്ന പിഴവുകള്‍ മാത്രമേ തിരക്കഥയ്ക്കുള്ളൂ. ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനൊപ്പം നില്‍ക്കുന്നതാണ്. കേരളത്തിന്റെ മണ്ണില്‍ പിറന്ന ബോളിവുഡ് സിനിമ. കാര്‍വാനെ അങ്ങനെ വിശേഷിപ്പിക്കാം. 
കാര്‍വാന്‍: ബന്ധങ്ങളുടെ വില തേടുന്ന യാത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക