Image

ബ്രിട്ടന്‍ ഇമിഗ്രേഷന്‍ പരിഷ്‌കരണം: വിദേശ നഴ്‌സുമാര്‍ മടങ്ങേണ്‌ടി വരും; മലയാളികള്‍ ആശങ്കയില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 30 March, 2012
ബ്രിട്ടന്‍ ഇമിഗ്രേഷന്‍ പരിഷ്‌കരണം: വിദേശ നഴ്‌സുമാര്‍ മടങ്ങേണ്‌ടി വരും; മലയാളികള്‍ ആശങ്കയില്‍
ലണ്‌ടന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക്‌ വരുമാനം 35,000 പൗണ്‌ടില്‍ കുറവാണെങ്കില്‍ യുകെയില്‍ സെറ്റില്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന നിബന്ധന ഏപ്രില്‍ ആറിനു നടപ്പാകും.

എന്നാല്‍, ഈ നീക്കത്തിനെതിരേ ശക്തമായ വിമര്‍ശനം രാജ്യത്തു തുടരുകയാണ്‌. നഴ്‌സുമാരെയാണ്‌ ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇതു സ്വാഭാവികമായും രാജ്യത്തിന്റെ ആരോഗ്യ രംഗത്ത്‌ കടുത്ത പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും ചൂണ്‌ടിക്കാണിക്കപ്പെടുന്നു.

അസംസ്‌കാരികമായ കുടിയേറ്റ നിയമങ്ങളാണ്‌ ഇതൊക്കെയെന്നും, വിദേശ നഴ്‌സുമാരില്‍ പകുതിയും ഇതു നടപ്പാകുന്നതോടെ യുകെ വിടാന്‍ നിര്‍ബന്ധിതരാകുമെന്നും പറയുന്നു.

നഴ്‌സുമാരുടെ എണ്ണം നൂറു കണക്കിനോ ആയിരക്കണക്കിനോ കുറയാന്‍ ഇതിടയാക്കുമെന്ന്‌ സര്‍ക്കാര്‍ കണക്കുകളില്‍നിന്നു തന്നെ വ്യക്തമാകുന്നുണ്‌ട്‌. സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ 433 മില്യന്‍ പൗണ്‌ടിന്റെ നഷ്‌ടമാണ്‌ പത്തുവര്‍ഷം കൊണ്‌ട്‌ ഇതുണ്‌ടാക്കാന്‍ പോകുന്നത്‌.

ഇംപാക്ട്‌ അസസ്‌മെന്റ്‌ റിപ്പോര്‍ട്ട്‌ എന്ന ഓമനപ്പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പകുതി നഴ്‌സുമാര്‍ക്കു പുറമേ, 37 ശതമാനം പ്രൈമറി സ്‌കൂള്‍ അധ്യാപകരും 35 ശതമാനം ഐടി ജീവനക്കാരും ഒന്‍പതു ശതമാനം സെക്കന്‍ഡറി ടീച്ചര്‍മാരും രാജ്യം വിടേണ്‌ടി വരും. യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരാണ്‌ പ്രത്യേകിച്ച്‌ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരും ഫിലിപ്പിനികളും കൂട്ടത്തോടെ ബ്രിട്ടനില്‍ നിന്ന്‌ പുറത്താക്കപ്പെടും.

ഇതോടൊപ്പം സ്റ്റുഡന്റ്‌ ഇമിഗ്രേഷന്‍ ഭേദഗതികളും യുകെയില്‍ പ്രാബല്യത്തിലാക്കും. സ്റ്റുഡന്റ്‌ ഇമിഗ്രേഷന്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ കൂട്ടായ്‌യായ യുകെ നാഷണല്‍ യൂണിയന്‍ ഓഫ്‌ സ്റ്റുഡന്റ്‌്‌സ്‌ (എന്‍യുഎസ്‌) ഓണ്‍ലൈനില്‍ പ്രചരണമാരംഭിച്ചു കഴിഞ്ഞു. ടിയര്‍ വണ്‍ പോസ്റ്റ്‌ സ്റ്റഡി വര്‍ക്ക്‌ വീസ റൂട്ട്‌ നിറുത്തലാക്കുന്നതും വിദ്യാര്‍ഥി വീസാ ആഗ്രഹിക്കുന്നവര്‍ക്കുള്ള തിരിച്ചടിയായി മാറും.

ഏപ്രില്‍ ആറിന്‌ നിലവില്‍ വരുന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്ന മലയാളികളെ ഏറെ ബാധിക്കും. ഇനിയെങ്ങോട്ട്‌ എന്ന ചോദ്യവുമായി മലയാളി സമൂഹം തികഞ്ഞ ആശങ്കയിലും വീര്‍പ്പുമുട്ടലിലുമാണ്‌.
ബ്രിട്ടന്‍ ഇമിഗ്രേഷന്‍ പരിഷ്‌കരണം: വിദേശ നഴ്‌സുമാര്‍ മടങ്ങേണ്‌ടി വരും; മലയാളികള്‍ ആശങ്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക