Image

യമനിലെ സൗദി ഡെപ്യൂട്ടി കോണ്‍സലിനെ തട്ടിക്കൊണ്ടുപോയി

Published on 30 March, 2012
യമനിലെ സൗദി ഡെപ്യൂട്ടി കോണ്‍സലിനെ തട്ടിക്കൊണ്ടുപോയി
റിയാദ്‌: യമനിലെ സൗദി കോണ്‍സുലേറ്റ്‌ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ അബ്ദുല്ല അല്‍ഖാലിദിയെ സായുധരായ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. റാഞ്ചിയ സംഘത്തെക്കുറിച്ച്‌ ഇനിയും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റാഞ്ചലിന്‌ പിന്നില്‍ ആര്‌ എന്നതിനെക്കുറിച്ച അഭ്യൂഹങ്ങള്‍ വിവിധ കോണുകളില്‍നിന്ന്‌ ഉയര്‍ന്നുതുടങ്ങി. അതിനിടയില്‍, സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാള്‍ പിടിയിലായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു

അല്‍ഖാഇദയുടെ പോഷക ഗ്രൂപ്പായ അന്‍സാറുശരീഅയാണ്‌ സംഭവത്തിന്‌ പിന്നിലെന്നും അതല്ല ദക്ഷിണ യമന്‍ സൈനിക ഗ്രൂപ്പിലെ അംഗങ്ങളാണെന്നും സംശയമുണ്ട്‌.

തട്ടിക്കൊണ്ടുപോകലിന്‍െറ ഉത്തരവാദിത്തം ഇതുവരെയും ഒരു ഗ്രൂപ്പും ഏറ്റെടുത്തതായി വിവരമില്ല. ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ ബംഗ്‌ളാദേശ്‌ തലസ്ഥാനമായ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ വധിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം പൂര്‍ത്തിയാകും മുമ്പ്‌ മറ്റൊരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയത്‌ സൗദി വിദേശ കാര്യാലയത്തെ ഞെട്ടിച്ചിരിക്കയാണ്‌. നാല്‌ മാസം മുമ്പ്‌ ഏദനിലെ താമസ സ്ഥലത്ത്‌്‌ ഖാലിദിയുടെ കാര്‍ തട്ടിയെടുത്തതിന്‍െറ പിന്നില്‍ റാഞ്ചല്‍ സംഘം തന്നെയാണോ എന്ന സംശയവുമുണ്ട്‌. രാവിലെ ഏദനിലെ താമസ സ്ഥലത്ത്‌ നിന്ന്‌ ജോലിസ്ഥലത്തേക്ക്‌ പുറപ്പെടാന്‍ തയാറെടുക്കുന്നതിനിടയിലാണ്‌ അജ്ഞാത സംഘം തോക്കുചൂണ്ടി ഡെപ്യൂട്ടി കോണ്‍സല്‍ ജനറലിനെ തട്ടിക്കൊണ്ടുപോയത്‌. കാറിന്‍െറ ഡോര്‍ തുറന്നു കിടന്നതും ഖാലിദി ധരിച്ചിരുന്ന കണ്ണട പൊട്ടിക്കിടന്നതും ശ്രദ്ധയില്‍പെട്ട അയല്‍വാസിയാണ്‌ സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചത്‌.

അന്വേഷണത്തില്‍ യമന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നതായും വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നും യമന്‍ സൗദി കോണ്‍സല്‍ ജനറല്‍ മുഹമ്മദ്‌ അലി അല്‍ഹംദാന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക